അമിതമായ വിധിവിശ്വാസം ജീവിതത്തിന്റെ കർമചൈതന്യം ചോർത്തിക്കളയും. എല്ലാം മുൻകൂട്ടി തീരുമാനിക്കപ്പെട്ടെങ്കിൽ മനുഷ്യന്റെ ബുദ്ധികൊണ്ടും അധ്വാനംകൊണ്ടും സ്ഥിരോത്സാഹംകൊണ്ടും എന്തു ഫലം?.
കുറേക്കാലം മുൻപ്, ഞാൻ ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന കാലം. സ്ഥാപനം നഷ്ടത്തിലായിരുന്നെങ്കിലും (പിന്നീടതു പൂട്ടിപ്പോയി) കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്തിരുന്നു.
ഓഡിറ്ററെ ഞാൻ അഭിനന്ദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞങ്ങൾക്ക് ഇവിടെ കുറച്ചു ജോലിയേ ഉള്ളൂ. അക്കൗണ്ട്സിലെ ആ അസിസ്റ്റന്റ് ഉണ്ടല്ലോ (നമുക്കയാളെ ജോൺ എന്നു വിളിക്കാം), അയാൾ ഞങ്ങളുടെ സ്റ്റാഫിനേക്കാൾ മിടുക്കനാണ്. ചോദിക്കുംമുൻപേ സകല രേഖകളും റെഡിയാക്കി വച്ചിരിക്കും. ജോണിനെയാണ് അഭിനന്ദിക്കേണ്ടത്’.
ജോണിനെ എനിക്കത്ര പരിചയമുണ്ടായിരുന്നില്ല. ഞാൻ ജോണിനെ വിളിപ്പിച്ചു. അയാളുടെ അച്ഛൻ തടിമില്ലിൽ കണക്കെഴുത്തുകാരനായിരുന്നു. ബികോം പൂർത്തിയാക്കിയ ജോണിനു ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നാണ് ആഗ്രഹം. പക്ഷേ, സാമ്പത്തികസ്ഥിതി മോശം. കുടുംബത്തിൽ കുറേ കടമുണ്ട്, രോഗിയായ അമ്മയുണ്ട്. ഓഡിറ്റർ പറഞ്ഞതു ഞാൻ ജോണിനെ അറിയിച്ചു. സിഎ പഠിക്കാൻ തയാറെടുപ്പു നടത്തണമെന്നു പറഞ്ഞു. ‘തീർച്ചയായും അതു ചെയ്യും’ എന്നു പറഞ്ഞ് ജോൺ പോയി.
വൈകാതെ ഞാൻ സ്ഥലം മാറിപ്പോയി. വർഷങ്ങൾക്കുശേഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സമ്മേളനം ഉദ്ഘാടനത്തിനിറങ്ങുമ്പോൾ സ്റ്റൈലായി വസ്ത്രധാരണം ചെയ്ത, അൽപം നര കയറിയ ഒരാൾ വന്നു വിസിറ്റിങ് കാർഡ് നൽകി. ഒരു ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ. ‘ഞാൻ സാറിന്റെ സ്റ്റാഫ് ആയിരുന്നു’ എന്നു പരിചയപ്പെടുത്തി. അതു ജോണായിരുന്നു. എല്ലാം ഒരു സിനിമപോലെ എന്റെ മനസ്സിലൂടെ കടന്നുപോയി. ഇച്ഛാശക്തികൊണ്ടും ശുഭാപ്തി വിശ്വാസംകൊണ്ടും തന്നിലുള്ള വിശ്വാസംകൊണ്ടും ആഗ്രഹിച്ചിടത്ത് എത്താൻ ജോണിനു കഴിഞ്ഞു.
എല്ലാവരിലുമുണ്ട് ഒരു ജോൺ. സ്വന്തം വിധിയുടെ തിരക്കഥ രചിക്കാൻ പ്രാപ്തിയുള്ള ഒരാൾ. അയാളെ തടസ്സപ്പെടുത്തുന്ന മനോഭാവങ്ങളും വിശ്വാസങ്ങളും മാറ്റിവച്ച് പ്രതീക്ഷയുടെ സൂര്യപ്രകാശത്തിലേക്ക് ഇറങ്ങണം. നമ്മുടെ വിജയപരാജയങ്ങളുടെ ശിൽപി നാം തന്നെയെന്നു തിരിച്ചറിയണം. സ്വാമി വിവേകാനന്ദന്റെ പ്രസിദ്ധമായ ഒരു വാക്യമുണ്ട്: ‘വിധി എന്നൊന്നില്ല. നിങ്ങളുടെ സ്വഭാവം; അതുതന്നെയാണു വിധി’. എത്ര അർഥസമ്പുഷ്ടമായ നിരീക്ഷണം!
ജീവിതത്തിൽ എന്തു സംഭവിച്ചാലും അതു വിധിയാണെന്നു കരുതുന്നത് ഇന്ത്യക്കാർക്കു ശീലമാണ്. അമിതമായ വിധിവിശ്വാസം ജീവിതത്തിന്റെ കർമചൈതന്യം ചോർത്തിക്കളയും. എല്ലാം മുൻകൂട്ടി തീരുമാനിക്കപ്പെട്ടെങ്കിൽ മനുഷ്യന്റെ ബുദ്ധികൊണ്ടും അധ്വാനംകൊണ്ടും സ്ഥിരോത്സാഹംകൊണ്ടും എന്തു ഫലം?. നമ്മുടെ സ്വഭാവമാണ് നമ്മുടെ ജീവിതത്തിലെ വിജയപരാജയങ്ങൾ നിർണയിക്കുന്നത്.
‘സ്വഭാവം’ എന്നത് ഉള്ളിൽ ഉറച്ചുപോയ ചില വിശ്വാസങ്ങളും മനോഭാവങ്ങളുമാണ്. അതിന്റെ അടിസ്ഥാനത്തിൽ നമ്മൾ തീരുമാനങ്ങളെടുക്കുന്നു. ആ തീരുമാനങ്ങൾ വിജയത്തിലേക്കോ പരാജയത്തിലേക്കോ, ദുഃഖത്തിലേക്കോ സന്തോഷത്തിലേക്കോ, നേട്ടങ്ങളിലേക്കോ നഷ്ടങ്ങളിലേക്കോ നയിക്കുന്നു. മനോഭാവങ്ങൾ പലപ്പോഴും നമ്മൾതന്നെ അറിയാതെ, നമ്മുടെ ബോധപൂർവമുള്ള അനുമതിയില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതു ശീലങ്ങളാവുന്നു. ആ ശീലങ്ങളെ നിയന്ത്രിക്കുന്ന സഹജമായ ചില മനോഭാവങ്ങളും വിശ്വാസങ്ങളുമുണ്ടാകും. അവയെ കണ്ടെത്തി റിപ്പെയർ ചെയ്യാൻ സാധിച്ചാൽ തീരുമാനങ്ങൾ കൂടുതൽ ധീരവും പ്രതീക്ഷാപൂർണവുമാകും, തീർച്ച.
Content Summary : Why do people blame destiny to deal with failure - Vazhivilakku - Column By K.Jayakumar