‘ഗേറ്റ്’: അപേക്ഷ 30 മുതൽ ; അറിയാം 6 പ്രധാനകാര്യങ്ങൾ

HIGHLIGHTS
  • ‘ഗേറ്റ്’ പ്രവേശനപരീക്ഷയല്ല. യോഗ്യത നിർണയിക്കുന്നതേയുള്ളൂ
  • ലേറ്റ് ഫീ സഹിതം ഒക്ടോബർ 7 വരെയും അപേക്ഷ സ്വീകരിക്കും
Graduate Aptitude Test in Engineering (GATE) 2023 Examination - Apply Now
Representative Image. Photo Credit : Atstock Productions / Shutterstock.com
SHARE

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ‘ഗേറ്റ്’ സ്കോർ പരിഗണിക്കും. കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കുന്നു.

അടുത്ത പരീക്ഷ 2023 ഫെബ്രുവരി 4,5,11,12 തീയതികളിലാണ്. കംപ്യൂട്ടർ അധിഷ്ഠിതമായി രാവിലെയും ഉച്ച തിരിഞ്ഞുമായി രണ്ടു സെഷനുകൾ. പക്ഷേ ഒരു പേപ്പറിന് ഒരു തവണ മാത്രമേ എഴുതാവൂ. കാൻപുർ ഐഐടിയാണു പരീക്ഷ നടത്തുന്നത്; https://gate.iitk.ac.in. മറ്റ് 6 ഐഐടികളുടെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹകരണമുണ്ട്.

‘ഗേറ്റ്’ വെബ്സൈറ്റ്‌ വഴി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീ സഹിതം ഒക്ടോബർ 7 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ ഓൺലൈനായി അടയ്‌ക്കാം. ഒരു പേപ്പറിന് 1700 രൂപ. പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 850 രൂപ. ലേറ്റ്ഫീ സഹിതം ഒക്ടോബർ ഒന്നു വരെ യഥാക്രമം 2200 / 1350 രൂപ. ബാങ്ക് ചാർജ് പുറമേ. വിദേശത്ത് എഴുതാൻ നിരക്കു വേറെ. രണ്ടു പേപ്പറെഴുതാൻ ഇരട്ടി ഫീസ് നൽകണം. പക്ഷേ അപേക്ഷ ഒന്നു മതി. പരീക്ഷാഫലം മാർച്ച് 16ന്.

‘ഗേറ്റ്’ പ്രവേശനപരീക്ഷയല്ല. യോഗ്യത നിർണയിക്കുന്നതേയുള്ളൂ. പ്രവേശനത്തിനും ജോലിക്കും താൽപര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷിക്കണം. സിലബസും അപേക്ഷാരീതിയുമടക്കം പൂർണവിവരങ്ങൾ സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് Chairperson, GATE, Indian Institute of Technology Kanpur – 208016, ഫോൺ: 0512-2597412, gate@iitk.ac.in. അപേക്ഷിക്കുന്ന സോണിലെ ചെയർപഴ്സനിൽനിന്നും ഇമെയിൽ വഴി വിവരങ്ങളറിയാം.

പ്രധാന വിവരങ്ങൾ

∙ എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ് ഇവയൊന്നിലെ ബാച്‌ലർ പ്രോഗ്രാമിന്റെ 3–ാം വർഷമെങ്കിലും പഠിക്കുന്നവർക്കും, ബിരുദം പൂർത്തിയാക്കിയവർക്കും ‘ഗേറ്റ്’ എഴുതാം. ഡെന്റൽ സർജറി, വെറ്ററിനറി സയൻസ്, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി ബാച്‌ലർ ബിരുദധാരികൾക്കും അപേക്ഷിക്കാം.

∙ നിർദിഷ്ട ബാച്‍ലർ ബിരുദത്തിനു തുല്യമെന്നു കേന്ദ്രസർക്കാർ അംഗീകരിച്ച പ്രഫഷനൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ േനടിയവർക്കും അപേക്ഷിക്കാം. എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം.

∙ ആകെ 29 സബ്ജക്ട് പേപ്പറുകൾ.

∙ ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം (മൾട്ടിപ്പിൾ ചോയ്സ് / മൾട്ടിപ്പിൾ സിലക്ട് / ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ 3 രീതികൾ). എല്ലാം 3–മണിക്കൂർ പേപ്പറുകൾ. അഭിരുചി പരിശോധിക്കുന്ന 10 ചോദ്യങ്ങളും ബന്ധപ്പെട്ട വിഷയത്തിലെ 55 ചോദ്യങ്ങളും ഓരോ പേപ്പറിലും ഉണ്ടായിരിക്കും. അഭിരുചി 15, എൻജി. മാത്‌സ് 13, ബന്ധപ്പെട്ട വിഷയം 72 എന്നിങ്ങനെ ആകെ 100 മാർക്ക്. 9 വിഷയങ്ങളിൽ മാത്‌സില്ല; അതിന്റെ മാർക്ക് കൂടി വിഷയത്തിനു നൽകും. മൾട്ടിപ്പിൾ ചോയ്സിൽ തെറ്റിനു മാർക്കു കുറയ്ക്കും. 2007 മുതൽ 2022 വരെ നടന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകൾക്ക് സൈറ്റ് നോക്കാം.

∙ ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടപ്രകാരമെഴുതാം. രണ്ടെങ്കിൽ നിർദിഷ്ട കോംബിനേഷനുകളിൽനിന്നു തിരഞ്ഞെടുക്കണം. ബ്രോഷറിലെ പട്ടിക 4.3ൽ കോംബിനേഷനുകൾ വൈകാതെ പ്രസിദ്ധപ്പെടുത്തും.

∙ അപേക്ഷകർക്കു പ്രായപരിധിയില്ല.

∙ ഫലപ്രഖ്യാപനം മുതൽ 3 വർഷത്തേക്ക് ഗേറ്റ് സ്കോറിനു പ്രാബല്യമുണ്ട്.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

(1) ഐഐഎസ്‌സി ബെംഗളൂരു സോൺ (കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ)

(2) ഐഐടി മദ്രാസ് സോൺ (ആലപ്പുഴ, ആലുവ–എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം). 

ഒരേ സോണിലെ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം. ഇന്ത്യയിലെ പ്രധാനനഗരങ്ങൾക്കു പുറമേ ദുബായ്, സിംഗപ്പൂർ, കഠ്മണ്ഡു, ധാക്ക എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.

Content Summary : GATE 2023 Examination - Apply Now

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}