ADVERTISEMENT

ജോലികിട്ടാനായി പറഞ്ഞ ചെറിയൊരു കള്ളം വലിയൊരു അബദ്ധത്തിലേക്ക് കൊണ്ടെത്തിച്ച അനുഭവകഥ പങ്കുവയ്ക്കുകയാണ് ബഹ്‌റൈനിൽ ജോലിചെയ്യുന്ന നാസർ മുതുകാട്. വിദേശത്തെത്തിയയുടൻ ഡ്രൈവിങ് ലൈസൻസ് സംഘടിപ്പിച്ച ശേഷം വാഹനം ഓടിച്ച് കൈതെളിയുന്നതിനു മുൻപ് ഡ്രൈവറായി ജോലിക്കു കയറി പുലിവാലു പിടിച്ച കഥ നാസർ പങ്കുവയ്ക്കുന്നതിങ്ങനെ...

 

ഏറെനാളത്തെ  അന്വേഷണത്തിനും  അധ്വാനത്തിനും  ശേഷം പത്തു  പതിനഞ്ചു  വർഷങ്ങൾക്ക് മുൻപ്   എനിക്ക്  ബഹ്റൈനിലേക്കു ഒരു  വിസ  ലഭിച്ചു .കേരളത്തിലെ  ഏതെങ്കിലും  സർവകലാശാലക്കു  കീഴിൽ  എങ്ങനെ  ഗൾഫിൽ  പോകാം  എന്നൊരു  ഗവേഷണ വിഷയമുണ്ടായിരുന്നെങ്കിൽ  എനിക്കതിൽ  എന്നോ  ഡോക്ടറേറ്റ്  ലഭിച്ചേനെ . അത്രയ്ക്കു  കഷ്ടപ്പെട്ടിട്ടുണ്ട്  ഈ  ഊഷരഭൂമികയെ  ജീവിതത്തിന്റെ  ഭാഗമാക്കുവാൻ. അങ്ങനെ  കടം വാങ്ങിയ പണം കൊണ്ട്  എങ്ങനെയൊക്കെയോ  ഒരു  വിസ  കിട്ടി .കുറേ  കഷായമണവും  സമം ചേർത്ത  യൗവന  നെടുവീർപ്പുകളും  കുറെ  കണ്ണീരുമ്മകളും  ചേർത്തുപൊതിഞ്ഞൊരു  ഭാണ്ഡവുമായി  ഒരു  ആകാശവാഹനം  എന്നെയും  വഹിച്ചു  ബഹ്റൈനിൽ  പറന്നിറങ്ങി. വന്ന  ഉടനെ  ഒരു  കമ്പനിയിൽ  ചെറിയ  ശമ്പളത്തിൽ താൽക്കാലിക  ജോലിക്കു  കയറി.

 

ഡ്രൈവിങ് ലൈസൻസെടുത്താൽ  കുറച്ചുകൂടി  മെച്ചപ്പെട്ട  ജോലി  ലഭിച്ചേക്കും  എന്ന്  പലരും  പറഞ്ഞതു  കൊണ്ട് പിന്നെ  അതിനായി  എന്റെ  ശ്രമം. അന്നൊക്കെ  ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ്  ലൈസൻസ്  ലഭിക്കുക എന്നത്   അത്ര  എളുപ്പമുള്ള കാര്യമല്ല. അങ്ങനെ  എന്റെ  നിരന്തരമായ  പരിശ്രമത്തിനൊടുവിൽ  മൂന്നാമത്തെ ശ്രമത്തിൽ  ഞാൻ വിജയിക്കുക  തന്നെ  ചെയ്തു. സുഹൃത്തുക്കൾക്കൊക്കെ  വലിയ  പാർട്ടിയൊക്കെ  കൊടുത്തു  സംഭവം  കളറാക്കി. 

 

രണ്ടു  ദിവസം  കഴിഞ്ഞപ്പോൾ  നല്ല  രീതിയിൽ നടക്കുന്ന  ബഹ്‌റൈനിലെ  വലിയൊരു  കാറ്ററിങ്  കമ്പനിയിൽ  ജോലി കിട്ടി. അവർക്കു  ഡ്രൈവർ അത്യാവശ്യമായതു കൊണ്ടും  വഴിയൊക്കെ  അറിയാം  എന്ന്  ഞാൻ  പറഞ്ഞതുകൊണ്ടും അവർ  കൂടുതലൊന്നും  ചോദിച്ചില്ല. എനിക്ക്  ജോലി അത്യാവശ്യമായിരുന്നല്ലോ. ബഹ്‌റൈനിലെ റോഡുകളെ ക്കുറിച്ചൊന്നും  അപ്പോൾ  എനിക്ക്  ഒരു ഐഡിയയും  ഉണ്ടായിരുന്നില്ല. ആകെ അറിയാവുന്നത് ജോലി  സ്ഥലവും ഡ്രൈവിങ്  സ്കൂൾ  പരിസരവുമാണ്. ലീവില്ലാത്ത  ജോലിയായതു കൊണ്ട്  റോഡുകൾ  മനസിലാക്കാൻ  സമയവും  കിട്ടിയിരുന്നില്ല. ലൈസൻസ്  കിട്ടിയിരുന്നെങ്കിലും  വണ്ടിയോടിക്കാൻ  കൂടുതൽ  ധൈര്യം  ആയിട്ടുണ്ടായിരുന്നില്ല. അങ്ങനെ  കമ്പനിയിൽ  ജോയിൻ  ചെയ്ത  ദിവസം തന്നെ  ഹെഡ് ഓഫീസിൽ  എത്തിക്കാനുള്ള  ചെക്കുകളും സുപ്രധാനമായ  കുറേ  രേഖകളുമടങ്ങിയ  ഒരു  പെട്ടി  എന്നെ  ഏൽപ്പിച്ചു കൊണ്ട്  കമ്പനി  സൂപ്പർവൈസർ  രവീന്ദ്രൻ എന്ന  രവിയേട്ടൻ  എന്നോട്  പറഞ്ഞു 

 

‘‘നാസറെ...  മുഹറഖ് ഹൈവേ  റോഡ്  ബസ്റ്റോപ്പിൽ  മോഹനേട്ടൻ (അദ്ദേഹം  ഹെഡ് ഓഫീസ്  സീനിയർ സ്റ്റാഫാണ് ) കാത്തിരിപ്പുണ്ട്  അദ്ദേഹത്തിന്  ഈ  പെട്ടി കൊടുത്തു  ഹെഡ്  ഓഫീസിൽ  ഇറക്കിക്കൊടുക്കണം....’’ – ഞാൻ  ഭവ്യതയോടെ  തലകുലുക്കി  പെട്ടിയുമായി  പോയി  വണ്ടിയിൽ  കയറി.

 

ഹൈവേയിൽ  കയറിയപാടെ  ഞാനാകെ  പരിഭ്രമിച്ചു. എങ്ങോട്ടു  നോക്കിയാലും  അലറിക്കുതിച്ചു  പാഞ്ഞുപോകുന്ന വാഹനങ്ങൾ. എനിക്ക്  റോഡാകെ തെറ്റിപ്പോയി. കുറേനേരം  അലഞ്ഞു  തിരിയുമ്പോഴേക്കും ഫോണിലേക്കു  തുരുതുരാ  കോളുകൾ  വന്നുകൊണ്ടേയിരുന്നു. ഡ്രൈവിങ്ങിന്റെ  ശ്രദ്ധ  മാറിപ്പോകാതിരിക്കാൻ  ഫോണും  എടുക്കാൻ  കഴിയുന്നില്ല. ഫാസ്റ്റ്  ട്രാക്കിൽ  പരിഭ്രമത്തിൽ  ട്രാക്ക്  മാറ്റിക്കൊടുക്കാതെ  ഞാൻ  അറുപത്  എഴുപതിൽ  അങ്ങനെ പൊയ്ക്കൊണ്ടിരുന്നു. 

 

ബഹ്‌റൈനിലെ ഏറ്റവും വാഹന സാന്ദ്രതയേറിയ സൗദി മനാമ ഹൈവേ ആണെന്നോർക്കണം. (ഗൾഫ്  രാജ്യങ്ങളിൽ  ആ  വേഗത  ഏറ്റവും കുറവാണല്ലോ ). പിറകിൽ നൂറ്റിയിരുപതിലും നൂറ്റി നാൽപ്പതിലും  അലറിക്കുതിച്ചു  വരുന്ന  വാഹനങ്ങൾ  ലൈറ്റടിച്ചും  ഹോൺ  മുഴക്കിയും  അവരുടെ  പ്രതിഷേധമറിയിച്ചിട്ടും  എനിക്ക്  ട്രാക്  മാറ്റിക്കൊടുക്കാൻ  കഴിയുന്നുണ്ടായിരുന്നില്ല. എന്റെ വാഹനം പുതിയതായിരുന്നെങ്കിലും ഞാൻ അങ്ങനയേ പോകുമായിരുന്നുള്ളൂ. കാരണം ഞാൻ ഡ്രൈവിങിലും പുതിയ ആളായിരുന്നല്ലോ. ഒടുവിൽ  ഹൈവേയിൽ നിന്ന്  മാറി ശാന്തമായൊരിടത്ത്  വാഹനമൊതുക്കിയതിനു  ശേഷം  ഞാൻ  ഫോണെടുത്തു.

 

‘‘നാസർ  ഇപ്പോൾ  എവിടെയുണ്ട്?’’ – രവിയേട്ടൻ ചോദിച്ചു.

 

‘‘എനിക്കറിയില്ല  രവിയേട്ടാ...’’

 

‘‘പരിസത്തുള്ള  ഏതെങ്കിലും  കെട്ടിടത്തിന്റെ  പേര്  പറയാമോ?’’

 

‘‘ഇവിടെ കെട്ടിടമൊന്നും  ഇല്ല  രവിയേട്ടാ’’

 

പിന്നെ  എന്ത്  കുന്തമാടോ  അവിടെയുള്ളത്?  മൂപ്പർ ആകെ  കലിപ്പിലാണ്. 

 

‘‘ഇവിടെ  മൈതാനമാണ്  രവിയേട്ടാ...’’ –  ഞാൻ  പരിഭ്രമത്തോടെ വീണ്ടും  പറഞ്ഞു

.

Work Experience Series Career Guru Nazer Muthukad Memoir
നാസർ മുതുകാട്

‘‘ഒന്നുകൂടി  സൂക്ഷിച്ചു  നോക്ക്. എന്തെങ്കിലും  കാണാതിരിക്കില്ല...’’ – രവിയേട്ടൻ ദേഷ്യംകൊണ്ട്  പല്ലിറുമ്മുന്നതിന്റെ ശബ്ദം  ഞാൻ  വ്യക്തമായി  കേട്ടു. 

 

‘‘പെട്ടെന്നാണ്  ഞാനത്  കണ്ടത്’’.

 

‘‘രവിയേട്ടാ,,, ഇവിടെ  കുറച്ചു  മൺകലം  വിൽപ്പനയ്ക്ക്  വച്ചിട്ടുണ്ട്’’.

 

ദൈവമേ! ഹമദ് ടൗൺ. രവിയേട്ടന്റെ  ആശ്വാസ ശബ്ദം  ഫോണിൽ. (ബഹ്‌റൈനിൽ  മൺപാത്രങ്ങൾ വിൽക്കുന്നത്  ഹമദ് ടൗണിൽ  മാത്രമാണത്രെ... (അൽ ആലിയിലും  കുറച്ചൊക്കെ  ഉണ്ട്  അത്  ഹൈവേ  സൈഡല്ല) 

 

‘‘നാസറിന്  മനാമയിൽ ഏതൊക്കെ സ്ഥലങ്ങളറിയാം?’’

 

‘‘നമ്മുടെ  ഓഫിസ്....  അറിയാം.ഞാൻ  പറഞ്ഞു’’

 

‘‘എങ്കിൽ  പരിഭ്രമിക്കാതെ സാവധാനം  തിരിച്ചു  വന്നോളൂ. രവിയേട്ടൻ  ഫോൺ  വച്ചു’’

 

ഞാൻ ആശ്വാസത്തോടെ ഫോൺ വച്ചതിനു ശേഷം വളരെ  ശ്രദ്ധയോടു  കൂടി  വണ്ടിയിൽ  കയറി  സ്റ്റാർട്ട്  ചെയ്തു. കാറോടിച്ച് ഹൈവേയിൽ  കയറി. ഇത്തവണ ഏറ്റവും  വേഗത കുറഞ്ഞ ട്രാക്കിലാണ്‌  ഞാനുണ്ടയിരുന്നത്‌. ക്ഷീണിച്ചും പരിഭ്രമിച്ചും  ഓഫിസിലെത്തിയപ്പോൾ  ഉദ്ഘാടനം ചെയ്യാനെത്തുന്ന  മന്ത്രിയെ  സ്വീകരിക്കാൻ  നിൽക്കുന്നതുപോലെ ഓഫിസ്  മൊത്തം  മുറ്റത്തുണ്ട്. ഞാൻ  സങ്കോചത്തോടെ  വണ്ടിയിൽ  നിന്നിറങ്ങി  പകച്ചു  ചുറ്റും  നോക്കി. പെട്ടെന്ന് ജനറൽ  മാനേജർ  അവിടേക്കു  വന്നപ്പോൾ  എല്ലാവരുടെയും  ചിരിയടങ്ങി. 

 

അദ്ദേഹം  എന്നെയും  കാത്തു നിൽക്കുകയായിരുന്നെന്നു  തോന്നി. ദൈവമേ! പണി  പോയല്ലോ. എന്റെ  നെഞ്ചു  പടാപടാന്നു  മിടിച്ചു. ഭ

 

യങ്കര  ഗൗരവക്കാരനാണ് ജിഎം. അദ്ദേഹം  എന്നെ  ശകാരിക്കുന്നത്  പ്രതീക്ഷിച്ചു  നിൽക്കുകയാണ്  എല്ലാവരും. കനത്ത നിശ്ശബ്ദത. 

 

ഇംഗ്ലിഷുകാരനായ  അദ്ദേഹം  എന്റെ  അടുത്തെത്തി  വളരെ  ഗൗരവത്തിൽ  എന്നെയൊന്നു   നോക്കി. പെട്ടെന്ന്  എനിക്ക് ഷെയ്ക് ഹാൻഡ്  തന്നുകൊണ്ടു പറഞ്ഞു – അഭിനന്ദനങ്ങൾ  നാസർ   ഞാൻ  ബഹ്റൈനിൽ വന്നിട്ട്   ഇരുപത്  വർഷമായി. എനിക്കിതുവരെ  ഹമദ് ടൗൺ കാണാൻ  കഴിഞ്ഞിട്ടില്ല. നാസർ വന്ന  ദിവസം  തന്നെ  അതു  സാധിച്ചു !

 

അതുപറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിച്ചു. ഉടനെ ആ  ചിരി  എല്ലാവരിലേക്കും  പടർന്നു. ഒടുവിൽ എന്നിലേക്കും.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Nazer Muthukad Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com