ADVERTISEMENT

ജീവിതത്തിൽ അപ്രതീക്ഷിതമായ തോൽവികളുണ്ടാകുമ്പോൾ കാലിനടിയിലെ മണ്ണുപോലും ചോർന്നു പോകുന്നതുപോലെ ഒരക്ഷിതാവസ്ഥയിലൂടെ പലരും കടന്നു പോകാറുണ്ട്. വിജയിച്ചവന്റെ കഥ ലോകം ആഘോഷിക്കുമ്പോൾ പരാജയപ്പെട്ടവന്റെ കണ്ണീരിന് സാക്ഷിയാകാൻ അവനവൻ മാത്രം ബാക്കിയാകുന്ന ഒരവസ്ഥയിലൂടെ പലപ്പോഴും നമ്മളോരോരുത്തരും കടന്നു പോയിട്ടുണ്ടാകും. പലവട്ടം തോറ്റുപോയിട്ടും തളരാതെ വിജയത്തെ കൈപ്പിടിയിലൊതുക്കിയ കഥ തോറ്റവർക്കു വേണ്ടി പങ്കുവയ്ക്കുകയാണ് കൊല്ലം എഴുകോണ്‍ ഇ.എസ്.ഐ.സി ഹോസ്പിറ്റല്‍ ജനറല്‍ വിഭാഗം ഡോക്ടറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡോ.മെജോ ലൂക്കോസ്.

 

ചരിത്രം എന്നും വിജയിച്ചവരുടെ കൂടെയാണ്. തോറ്റു പോയവർക്കും ഒരുപാടു കഥകൾ പറയുവാൻ ഉണ്ടാവും. ഇതെന്റെ തോൽവികളുടെ കഥയാണ്. ഇത് വിജയിച്ചവർക്കോ വിജയിക്കാൻ പോകുന്നവർക്കോ വേണ്ടിയല്ല.. തോറ്റുപോയവർക്കായി Dr. Mejo Lukose എഴുതുന്നത് എന്ന മുഖവുരയോടെ സമൂഹമാധ്യമത്തിലൂടെ അദ്ദേഹം പങ്കുവച്ച ജീവിതകഥയിങ്ങനെ :- 

 

 

എന്റെ തോൽവികളുടെ കഥ

 

 

പത്താം ക്ലാസ്സ് കഴിഞ്ഞ ശേഷം രണ്ടു വർഷം എൻട്രൻസ് പരിശീലിച്ചു. 2012 ൽ ആദ്യ തവണ ദയനീയമായി പരാജയപ്പെട്ടു. ഒരു വർഷം കളഞ്ഞു ഒരിക്കൽകൂടി ശ്രമിച്ചാൽ കിട്ടുമെന്ന് ഉറപ്പായിരുന്നു. ഹോസ്റ്റലിൽ നിന്ന് രാപകൽ ഇല്ലാതെ പഠിച്ചു. ശ്രമിച്ചു. ജനറൽ കാറ്റഗറിയിൽ കേരളത്തിൽ എംബിബിഎസ് കിട്ടാൻ ഭാഗ്യം കൂടെ വേണം എന്ന് തിരിച്ചറിഞ്ഞ വർഷം. ഒരിക്കൽ കൂടെ സ്വപ്നങ്ങൾ തകർന്നു വീണു. 

 

പിന്നൊരു ഒളിച്ചോട്ടമായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ തല കുനിച്ച് ജീവിക്കേണ്ട എന്ന് തീരുമാനിച്ച് നടത്തിയ ഒളിച്ചോട്ടം എത്തിയത് ഉക്രൈനിലാരുന്നു. 2014 ൽ നടന്ന റഷ്യ - ഉക്രൈൻ യുദ്ധം ആയിരുന്നു ഇത്തവണ സ്വപ്നങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തിയത്. സർട്ടിഫിക്കറ്റുകൾ ഇല്ലാതെ കൈയിൽ ജീവൻ മാത്രമായി തിരികെ എങ്ങനെയോ പറന്നു ഇറങ്ങി. പിന്നീട് തിരികെ പോയതുമില്ല.

 

ഡിഗ്രിയും ജോലിയും ഇല്ലാത്തവന് ആളുകൾക്ക് മുൻപിൽ ഉത്തരവും ഉണ്ടാവില്ലെന്ന് ഞാൻ മനസ്സിലാക്കി.

പ്ലസ്‌ വൺ കഴിഞ്ഞ് ഏകദേശം 3 വർഷം ആയിരുന്നു. ഒരിക്കൽ കൂടെ എൻട്രൻസ് പരിശീലനം തേടി പോയി. വീണ്ടും പാലാ ബ്രില്ല്യന്റിലേക്ക് .അഡ്മിഷൻ കിട്ടാൻ സാധ്യത വളരെ കുറവാണ് എന്ന് അറിഞ്ഞു. പഠിച്ചതോക്കെ ഞാനും മറന്നു തുടങ്ങിയിരുന്നു. കൂടെ സ്വപ്നങ്ങളും. തിരികെ തല താഴ്ത്തി ഞാൻ നടന്നു തുടങ്ങി. പണ്ട് പഠിപ്പിച്ച സജിത്ത് സാർ കണ്ടപ്പോൾ കാര്യങ്ങൾ തിരക്കി . ഇവൻ ക്ലാസിലെ ഏതേലും ബെഞ്ചിന്റെ ഒരു മൂലയ്ക്ക് ഇരുന്നൊള്ളും ഒരു അവസരം കൂടെ കൊടുക്കണം എന്ന് പറഞ്ഞു അഡ്മിഷൻ ശരിയാക്കി തന്നു. സാർ തന്ന ആത്മവിശ്വാസത്തിൽ ആറ് മാസം നന്നായി പഠിച്ചു. പരീക്ഷ എഴുതി. സീറ്റു ഉറപ്പിച്ചു വിശ്രമം തുടങ്ങി. മറക്കാൻ ആഗ്രഹിച്ച മൂന്ന് വർഷങ്ങൾ.

 

വിജയിച്ചു തുടങ്ങി എന്ന് നിങ്ങളെ പോലെ ഞാനും കരുതി. ചോദ്യപേപ്പർ ചോർന്നു. പരീക്ഷ അസാധുവാക്കി. കണ്ണുനീരിൽ പുസ്തകങ്ങൾ കുതിരാതെ വീണ്ടും 3 മാസം പഠിച്ചു. 2015 ൽ എംബിബിഎസ് സീറ്റ് കരസ്ഥമാക്കി. അവസാന വർഷത്തിൽ എത്താൻ കുറെ രാത്രികൾ ഉറങ്ങാതെ ഇരുന്നു. പഠിച്ചു. കൂടെ ഉളളവർ ഒക്കെ മികച്ച ജോലികൾ നേടി. വിവാഹിതർ ആയവരും വിദേശത്ത് ജോലി നേടിയവരും ഏറെ. ഹോസ്റ്റൽ മുറിയും ലൈബ്രറിയും ചെറിയ യാത്രകളും ഒക്കെ ആയി ഞാൻ ഒതുങ്ങി.

 

2019 ൽ നടന്ന അവസാന വർഷ പരീക്ഷ വീണ്ടും എന്നെ തകർത്തു കളഞ്ഞു. ഗൈനക്കോളജിയിൽ 3 മാർക്കിന് ഞാൻ ഡോക്ടർ ആവില്ലെന്ന് ആരോ വിധി എഴുതി. മറ്റു തോൽവികൾ പോലെ ആയിരുന്നില്ല ഇത്. ഞാൻ ആകെ തളർന്നു തുടങ്ങിയിരുന്നു . 10 കിലോയോളം ഭാരം കുറഞ്ഞിരുന്നു. കോടതിയെ സമീപിച്ചു. വീണ്ടും മൂല്യനിണ്ണയം നടത്തി. 3 മാർക്കിന് തോറ്റ എനിക്ക് 12 മാർക്കിന് അധികം യോഗ്യത ഉണ്ടായിരുന്നു എന്ന് യൂണിവേഴ്സിറ്റി തിരിച്ചറിഞ്ഞപ്പോൾ എനിക്ക് നഷ്ടമായത് 8 മാസങ്ങൾ. ഒടുവിൽ ഹൗസ് സർജൻസി. ഉറക്കമില്ലാത്ത രാത്രികൾ പരിചിതമാക്കിയ ഒരു വർഷം അങ്ങനെ കടന്നു പോയി. രജിസ്ട്രേഷൻ നേടി. ഡോക്ടർ ആയി. സേവനവും തുടങ്ങി കുറച്ച് നാളുകളുമായി.

 

ഞാൻ പറഞ്ഞു തീർത്ത ഈ മൂന്ന് പാരഗ്രാഫിന് എന്റെ ജീവിതത്തിലെ 12 വർഷങ്ങളുടെ ദൈർഘ്യമുണ്ട്. കഴുത്തിൽ സ്റ്റെതസ്കോപ്പ് ഇട്ടു മുഖത്ത് ചിരിയുമായി നിൽക്കുന്ന എന്റെ ചില അനുഭവങ്ങൾ ആണ് ഇവിടെ കുറിച്ചത്. ഡോക്ടർമാർക്ക് ഒക്കെ സുഖജീവിതം അല്ലേ എന്ന് ചോദിക്കുമ്പോൾ എന്റെ മുഖത്ത് വിരിയുന്ന ചിരിക്ക് പിന്നിലെ നിങ്ങൾ അറിയാത്ത കഥകൾ ഇതൊക്കെ ആവാം. ഒരുപക്ഷേ ഇത് എന്റെ മാത്രം കഥ ആവണം എന്നില്ല.

എന്നെപോലെ ഉള്ള ഒരുപാട് പേരുടെ കഥ കൂടിയാവാം ഇത്. വീണുപോയവരുടെ കഥ കൂടെ ആവാം.

 

പരീക്ഷകളിൽ പരാജയപ്പെട്ടു പോയവരോടും നീറ്റ് പരീക്ഷ എഴുതി ഇരിക്കുന്ന കുട്ടികൾക്കും വേണ്ടി കുറിക്കുന്നതാണ് ഇത്. കാരണം ഉപദേശിക്കാൻ അറിയില്ല. കഥകൾ പറയാൻ അറിയാം. വീണുപോയേക്കാം. വാണവരേക്കാൾ വീണവരാണ് കൂടതൽ. അവരുടെ കഥകൾ ആരും പറയാറില്ലെന്ന് മാത്രം. കഥകൾ പറയാൻ ബാക്കി വച്ച് പോയി മറഞ്ഞ എത്രയോപേര്..

 

തോൽവികൾ ഇനിയും തേടി വന്നേക്കാം.. പക്ഷേ യാത്രകൾ തുടരുക ആണ്.. മുന്നോട്ട്... മുന്നോട്ട്... 

 

Content Summary : Heart touching ife experience by Dr. Mejo Lukose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com