ADVERTISEMENT

മുതലാളിയെ തൊഴിലാളിയെന്നു തെറ്റിദ്ധരിക്കുകയും പിന്നീടുള്ള അയാളുടെ പ്രവൃത്തികൾ കണ്ട് കസേരയിൽനിന്ന് അറിയാതെ എഴുന്നേൽക്കുകയും ചെയ്ത അനുഭവ കഥ പങ്കുവയ്ക്കുകയാണ് ബാങ്കുദ്യോഗസ്ഥനായ റാഷിദ് ഹമദ്.

 

ലഞ്ചിനോടടുത്ത സമയം, വിശപ്പിന്റെ  തുടങ്ങിയ നേരത്താണ് മുഷിഞ്ഞ ധോത്തിയും ഉടുത്ത് ചെളി പുരണ്ട ദേഹവുമായി ഒരാൾ കയറി വന്നത്. വിയർപ്പിന്റെ തുള്ളികൾ മുഖത്ത് അങ്ങിങ്ങായി കാണാമായിരുന്നു.

 

‘‘ഹരേ ഭായ്, ഹമാരാ പൈസ നഹീ മിലാ, ധോടാ ദേഖോ ക്യാ മുഷ്കിൽ ഹൈ’’ (എന്റെ പൈസ കിട്ടിയില്ല, എന്താണ് പ്രശ്നം എന്ന് നോക്കാമോ?)

 

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഏതെങ്കിലും ലേബർ തൊഴിലാളി ആയിരിക്കണം. ശമ്പളം വന്നു കാണില്ല. അറിയാവുന്ന ഹിന്ദി എല്ലാം പുറത്തെടുത്തു ചോദിച്ചു.

 

‘‘ആപ്കാ ബാഡ്ജ് നമ്പർ ക്യാ ഹൈ? കോൻസാ സെക്‌ഷൻ മേ കാം കർത്താ ഹേ’’? (താങ്കളുടെ ഐഡി നമ്പർ തരൂ. ഏതു സെക്‌ഷനിൽ ആണ് ജോലി ചെയ്യുന്നത്)

 

എന്റെ മുറി ഹിന്ദി കേട്ടിട്ടോ മറ്റോ, പതിയെ ചിരിച്ചു കൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.

 

‘‘മേം ആപ്കാ കമ്പനി മേം കാം നഹീ കർത്താഹേ, കമ്പനി കേലിയെ സബ് കോൺട്രാക്ട് കർത്താ ഹേ’’ (ഞാൻ ഇവിടെ ജോലി ചെയ്യുന്ന ആള്‍ അല്ല, കരാറുകാരൻ ആണ്)

 

അതു ശരി! ഏതോ കരാറുകാരൻ മുതലാളി തന്റെ  പേയ്മെന്റ് ചോദിക്കാൻ വേണ്ടി സൈറ്റിലുള്ള ഏതോ തൊഴിലാളിയെ പറഞ്ഞു  വിട്ടതാണ്. മനഃപൂർവം അപമാനിക്കാൻ ആണെന്ന് ഉറപ്പ്.എനിക്ക്‌ അരിശം വന്നു. ഒരൽപം സ്വരം ഉയർത്തി തന്നെ ചോദിച്ചു 

 

‘‘ആപ്കാ കമ്പനി കാ മുദീർ കാ നമ്പർ ദേദോ’’ (തന്റെ കമ്പനി മാനേജരുടെ നമ്പർ തരൂ)

work-experience-series-rashid-hameed-memoir-author-image
റാഷിദ് ഹമദ്

 

എന്റെ സ്വരം മാറിയത് കൊണ്ടായിരിക്കാം.അയാൾ ഒന്നു വിരണ്ടത് പോലെ പതിയെ, സ്വരം താഴ്ത്തി പറഞ്ഞു.

 

‘‘മേം കമ്പനി കാ അർബാബ് ഹേ, ബോലോ ക്യാ ചാഹിയെ ആപ്കാ?’’ (ഞാൻ കമ്പനി മുതലാളിയാണ്, പറയൂ താങ്കൾക്ക് എന്താണ് ചോദിക്കാനുള്ളത്)

 

ഞാൻ അത് ഗൗനിച്ചില്ല. കുറച്ച് ആൾക്കാരുള്ള ഏതെങ്കിലും തുക്കടാച്ചി കമ്പനി ആയിരിക്കണം.  ഏതായാലും കമ്പനി പേര് ചോദിച്ചു സിസ്റ്റം തുറന്ന് നോക്കി.

 

ഞാൻ ഒന്ന് ഞെട്ടി. കോടികളുടെ ബിസിനസ് ഇടപാടാണ്. എന്റെ ഒരു നിലവാരം അനുസരിച്ച് ഇരുന്ന കസേരയിൽ നിന്ന് താനേ എഴുന്നേറ്റ് പോയോ എന്നൊരു സംശയം.

 

‘‘ആപ് ഖാന ഖാലിയാ? മേം അച്ഛാ ഫുഡ് ഓർഡർ കരേഗ’’ (താങ്കൾ ഭക്ഷണം കഴിച്ചില്ലെന്ന് തോന്നുന്നു, ഞാൻ ലഞ്ച് അറേഞ്ച് ചെയ്യാം)

 

മരവിച്ചതു പോലെയുള്ള എന്റെ ഇരുപ്പ് കണ്ടിട്ട്, വിശന്നതു കൊണ്ടായിരിക്കണം എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചോ ആവോ? എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അദ്ദേഹം പോക്കറ്റിൽനിന്ന് പഴയ ഒരു നോക്കിയ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു ഫുഡ് ഓർഡർ ചെയ്തു. അൽപ സമയത്തിന് ഉള്ളിൽ രണ്ടു പേർ വലിയ ഒരു തളികയിൽ പൊതിഞ്ഞു മിക്സഡ് ഗ്രിൽ ബിരിയാണി കൊണ്ടു വന്നു. ആടും കോഴിയും കാടയും താറാവും ബീഫും ഒക്കെ അതിൽ ഉണ്ടായിരുന്നു.

 

സാർ എന്ന് വിളിക്കാൻ എന്റെ നാവ് പൊന്തിയതാണ്. അപ്പോഴേക്കും ഭാഗ്യത്തിന് അയാൾക്ക്  ഒരു ഫോൺ വന്നു.  അയാൾ തിടുക്കത്തിൽ പുറത്തേക്ക് പോയി. 10 പേർക്കുള്ള ഭക്ഷണം ഉണ്ടായിരുന്നു. അത് എല്ലാവരും കൂടി കഴിച്ചു. കുറെ ഓഫിസ് ബോയ്, ക്ലീനർ, ഗേറ്റ് കീപ്പർ തുടങ്ങിയവർക്കും കൊടുത്തു.

 

അവസാനം ബാക്കി വന്ന തളിക ഒരു സമ്മാനമായി പെണ്ണൊരുത്തിക്ക് കൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ എന്റെ ടൈ ഊരി പോക്കറ്റിൽ ഇട്ടു!

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Rashid Hameed Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com