ADVERTISEMENT

സ്വയം ചികിൽസ പലർക്കും ഒരു ദൗർബല്യമാണ്. അസുഖം വന്നാൽ ആശുപത്രിയിൽപ്പോയി ചീട്ടെടുക്കാനും ഡോക്ടറെ കാണാൻ കാത്തിരിക്കാനുമുള്ള മടികൊണ്ടാണ് പലരും സ്വയം ചികിൽസ നടത്തുന്നത്. അനുദിനം പുതിയ വൈറസുകളും ബാക്റ്റീരിയകളും ഉണ്ടാക്കുന്ന പലവിധത്തിലുള്ള അസുഖങ്ങൾക്ക് സ്വയം ചികിൽസ തേടുന്നത് വലിയ വിപത്തിനെ വലിച്ചു തലയിൽ വയ്ക്കുന്നതിനു തുല്യമാണെന്ന് ഓർമിപ്പിക്കുകയാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ മറുവഞ്ചേരി. അസുഖമില്ലാത്ത കുട്ടിക്ക് മുൻകൂട്ടി മരുന്നുവാങ്ങാനായി തന്നെ സമീപിച്ച മാതാപിതാക്കളെപ്പറ്റി പറഞ്ഞുകൊണ്ട് വിചിത്രമായ കരിയർ അനുഭവം ഡോക്ടർ പങ്കുവയ്ക്കുന്നതങ്ങനെ...

മഴ ചാറി നിന്ന ഒരു സായാഹ്നത്തിൽ പരിശോധനാ മുറിയുടെ വാതിൽക്കൽ തെല്ലൊരു സംശയത്തോടെയാണ് ആ യുവതിയും യുവാവും വന്നത്. അകത്തേക്ക് കടന്നിരിക്കുവാൻ ഞാൻ ആംഗ്യം കാണിച്ചു. അവർ കടന്നിരിക്കാനൊരുങ്ങുമ്പോഴും ഞാൻ പിന്നാലെ ഒരു കുട്ടിയുണ്ടാകുമല്ലോ എന്ന പ്രതീക്ഷയോടെ നോക്കി.

കുട്ടികളെയൊന്നും കൊണ്ടുവന്നിട്ടില്ലല്ലോ. അപ്പോൾ ആർക്കാണ് അസുഖം . എന്നെ കാണാൻ തന്നെയാണോ?

പുറത്തെ ചെറിയ ചാറ്റൽ മഴയ്ക്കൊപ്പം എന്റെ മനസ്സിൽ സംശയങ്ങളുടെ പെരുമഴ.

സംശയങ്ങൾക്ക്  വിരാമമിട്ട് മുഖവുര കൂടാതെ ആ സ്ത്രീ കാര്യം അവതരിപ്പിച്ചു.

‘‘അതേ ഡോക്ടറെ, ഞങ്ങൾ കുറച്ച് മരുന്ന് എഴുതി വാങ്ങുവാൻ വന്നതാണ്’’

‘‘ആർക്ക്? ആരാണ് രോഗി? എന്താണ് അസുഖം’’

നേരെ മരുന്നെഴുതി വാങ്ങാൻ വന്നവരോട് മിനിമം ചോദിക്കേണ്ട കുറച്ച് ചോദ്യങ്ങൾ ഒറ്റയടിക്ക് എന്റെ വായിൽനിന്ന് പുറത്ത് ചാടി.

‘‘കുട്ടിക്കാണ്. കുട്ടിയെ കൊണ്ടുവന്നിട്ടില്ല’’.

അവർ മടിച്ചുമടിച്ച് പറഞ്ഞു തുടങ്ങി. രോഗിയെ കാണിക്കാതെ ‘വിവരം  പറഞ്ഞ്’ മരുന്നു വാങ്ങുന്ന പുതിയ ചികിത്സാ സമ്പ്രദായത്തിന്റെ കാലമാണല്ലോ. രോഗീപരിശോധനയിലെ ദർശനം, സ്പർശനം, പ്രശ്നം എന്നീ അടിസ്ഥാന വിവരശേഖരണ രീതികൾ ഒന്നുമില്ലാതെ രോഗ ചികിത്സ നടത്തുവാൻ ഒരു പഴയ ചികിത്സാ രേഖയെങ്കിലും കിട്ടിയെങ്കിലെന്ന് മോഹിച്ച് ഞാൻ ചോദിച്ചു.

‘‘മുൻപ് ചികിത്സിച്ച കടലാസെന്തെങ്കിലും’’ അവർ ബാഗ് തുറക്കുന്നു. പഴയ ചീട്ടെടുക്കുന്നു. നീട്ടുന്നു. മരുന്നുകൾ തുടരണോ എന്ന് ചോദിക്കുന്നു എന്നൊക്കെ പ്രതീക്ഷിച്ചിരുന്ന എന്നെ സ്തബ്ധനാക്കി കൊണ്ട് അവർ മൊഴിഞ്ഞു.

‘‘അല്ല ഡോക്ടറെ, കുട്ടിക്ക് ഇപ്പോളസുഖമൊന്നുമില്ല’’.

‘‘പിന്നെ ?’’

‘‘ഞങ്ങൾ നാളെ ലണ്ടനിലേക്ക് പോകുകയാണ് . അവന് പനിയോ മറ്റോ വന്നാൽ കൊടുക്കാനായിട്ട്’’

പനി വന്നാൽ പാരസെറ്റമോൾ കൊടുക്കണം. ഒട്ടും സമയം കളയാതെ അവിടെ ഡോക്ടർമാരെ ആരെയെങ്കിലും കാണിക്കണം. എന്ത് പനിയാണെന്ന് അറിയണ്ടേ?. അതല്ലേ അതിന്റെയൊരു ശരി എന്ന മട്ടിൽ ഞാനവരുടെ മുഖത്ത് നോക്കി.

‘‘പാരസെറ്റമോൾ മാത്രമല്ല ഡോക്ടറെ, ഛർദ്ദിക്കും ചുമക്കും ഒക്കെയുള്ള മരുന്നുകൾ വേണം. പിന്നെ രണ്ട് മൂന്ന് ആന്റിബയോട്ടിക്കുകളും എഴുതണം’’.

ഒരു പലചരക്ക് കടയിൽ  സാധനങ്ങൾക്ക് ലിസ്റ്റ് നൽകുന്ന പോലെ അവർ ആവശ്യമുളള മരുന്നുകളുടെ ഒരു ലിസ്റ്റ് തന്നെ പറഞ്ഞു. പണ്ടു പഠിച്ച ഫാർമക്കോളജി ടെക്സ്റ്റ് ബുക്കിലെ ഓരോ അധ്യായത്തിലൂടെയും എന്റെ മനസ്സൊന്ന് പര്യടനം നടത്തി.

‘‘അല്ല, നിങ്ങൾ നഴ്സാണോ?’’ ഇത്രയും കേട്ടപ്പോൾ മനസ്സിൽ തോന്നിയ സ്വാഭാവിക സംശയം ഞാൻ ചോദിച്ചു.

‘‘ ഡോക്ടറെ ഞങ്ങൾ അവിടെ ഐടി ഫീൽഡിലാണ്’’ അവർ ഒട്ടും ഗമ വിടാതെ പറഞ്ഞു.

‘‘ ഇത്രയും മരുന്നുകളൊക്കെ കൊണ്ടുവച്ചിട്ട് ഏതു മരുന്ന് കൊടുക്കണമെന്നൊക്കെ എങ്ങനെ അറിയുമെന്നോർത്ത് ചോദിച്ചതാ’’.

‘‘അതേ ഡോക്ടറെ, അവിടെ ഡോക്ടർമാരെ കാണാൻ കുറെ ചട്ടങ്ങളാ. സ്‌പെഷലിസ്റ്റുകളെയൊന്നും നേരെ ചെന്ന് കാണാൻ പറ്റില്ല. എമർജൻസിയിലും ചിലപ്പോൾ കാത്തിരിക്കേണ്ടി വരും. അപ്പോൾ നാട്ടീന്ന് ആന്റിബയോട്ടിക്കടക്കം കുറച്ചു മരുന്നൊക്കെ കൊണ്ടുപോയാൽ അത്യാവശ്യത്തിന് നൽകിയിട്ട് കുറഞ്ഞില്ലെങ്കിൽ അവിടെ ഡോക്ടറെ കാണിച്ചാൽ പോരെ’’.

അവരുടെ  പ്ലാനിങ് കണ്ട് ഞാനദ്ഭുതപ്പെട്ടു. സ്വയം ചികിത്സ, അതും സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ നടത്തുവാനുള്ള അവരുടെ ധൈര്യം കണ്ട് ഞാൻ തെല്ലൊന്ന് ഉത്കണ്ഠപ്പെടാതിരുന്നില്ല. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ ചൊറി കാണിക്കാൻ വന്ന് അഞ്ച് മിനിറ്റ് കാത്ത് നിൽക്കേണ്ടി വന്നതിൽ മനം നൊന്ത് ഒപി ടിക്കറ്റ് കീറിയെറിഞ്ഞ് അരിശം തീർത്ത നാട്ടുകാരനെ ഞാനറിയാതെ ഓർക്കുകയും ചെയ്തു. അവനെങ്ങാനും ഇംഗ്ലണ്ടിൽ പോയാലെന്താകുമെന്നോർത്ത് ഞാനാശങ്കപ്പെട്ടിരിക്കുമ്പോൾ ആ സ്ത്രീ വീണ്ടുമോർമിപ്പിച്ചു.

‘‘ഡോക്ടറെ ആന്റിബയോട്ടിക് വേണം ട്ടാ’’

ഉവ്വ്, ഇംഗ്ലണ്ടിൽ പോകാൻ പോകുന്ന നിങ്ങളുടെ കൊച്ചിന് അവിടെ വച്ച് അടുത്ത ആറു മാസക്കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള പനി, ചുമ ,തലവേദന, ഛർദ്ദി ഇത്യാദി അസുഖലക്ഷണങ്ങൾക്കും, അവ അണുബാധ മൂലമാണോ എന്നും  ഇവിടെയിരുന്ന് കവടി നിരത്തി വൈറസോ ഫംഗസോ ബാക്ടീരിയയോ എന്നൊക്കെയും മുൻകൂട്ടി പ്രവചിച്ച്, അതിനനുസരിച്ചുള്ള മരുന്നുകളും ഞാൻ ഇന്ന് എന്റെ ലെറ്റർഹെഡ്ഡിലെഴുതി തരണം. കൊള്ളാം നടക്കുന്ന കാര്യം തന്നെ. ഞാൻ മനസ്സിലോർത്തു.

‘‘ബുദ്ധിമുട്ടാണല്ലോ. ഇപ്പോൾ ഉള്ള  അസുഖങ്ങൾക്കുള്ള മരുന്നല്ലേ തരാൻ പറ്റൂ. ഒരസുഖവുമില്ലാത്ത കുട്ടിക്ക് ഫാർമക്കോളജി ടെക്സ്റ്റ് ബുക്കിൽ പറഞ്ഞ മരുന്നുകളെല്ലാം ഒരു പ്രിസ്ക്രിപ്ഷനിൽ എഴുതി തരാൻ പറഞ്ഞാൽ നിയമപരമായി സാധ്യമല്ല’’. ഞാൻ തറപ്പിച്ചു പറഞ്ഞു.

അവർ എന്നെ തറപ്പിച്ച് നോക്കി എഴുന്നേറ്റ് നടന്നു. മനഃസാക്ഷിയില്ലാത്ത ഡോക്ടർ, ഇയാളാരാ?. എന്നൊക്കെ അവർ മനസ്സിൽ വിളിച്ചെന്ന് തോന്നുന്നു. ഇതിലും വലിയ തെറിവിളികൾ നിത്യേനയെന്നോണം കേൾക്കേണ്ടി വരുന്നതു കൊണ്ട്, ഇംഗ്ലണ്ടിലല്ല കേരളത്തിലാണ് എന്ന ബോധ്യത്തിൽ ഞാനാശ്വാസം കൊണ്ടു.

Work Experience Series Career Guru Dr Praveen Maruvanchery Memoir Office Prank
ഡോ. പ്രവീൺ മറുവഞ്ചേരി

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Dr Praveen Maruvanchery Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com