ADVERTISEMENT

23 ഐഐടികൾ, 31 എൻഐടികൾ, 26 ഐഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി), ശിബ്പുർ ഐഐഇഎസ്ടി, മറ്റ് 33 സെൻട്രലി ഫൺഡഡ് ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂഷൻസ് എന്നിവയടക്കം 114 മികച്ച  സ്‌ഥാപനങ്ങളിലെ ബി ടെക്, ബിഇ, ബി ആർക്, ബി പ്ലാനിങ്, 5വർഷ എംടെക് / എംഎസ്‌സി, 4 വർഷ ബിഎസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തി, സീറ്റുകൾ അലോട്ട് ചെയ്യുന്നതിന്റെ ചുമതല ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിക്കാണ് (https://josaa.nic.in). 6 റൗണ്ട് അലോട്മെന്റുള്ള പ്രക്രിയ സെപ്റ്റംബർ 12 നു തുടങ്ങും. ഒക്ടോബർ 21 വരെ ജോസ തുടരും.

 

ജെഇഇ മെയിനിൽ യോഗ്യത നേടിയവർക്ക് ഐഐടികളൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും (എൻഐടി+) ഒരുമിച്ചു റജിസ്റ്റർ ചെയ്യാം. അലൊക്കേഷൻ പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ രീതിയിലാണ്. ഇതു സംബന്ധിച്ച് സൈറ്റിലുള്ള ‘ബിസിനസ് റൂൾസ്’ ശ്രദ്ധയോടെ പഠിച്ചിട്ടു വേണം റജിസ്റ്റർ ചെയ്യാൻ. ഐഐടി പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് സ്കോർ വേണം. ഒരു പ്രോഗ്രാമും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന കൂട്ടിന് ജോസയിൽ ‘അക്കാദമിക് പ്രോഗ്രാം’ എന്നു പറയും. കേരള എൻട്രൻസിൽ നാം ‘ഓപ്ഷൻ’ എന്നു പറയുന്നതു പോലെ. റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങിനും ഫീസില്ല.

 

അർഹതയുള്ളവർക്ക് ഐഐടികളിലേക്കും അവയോടൊപ്പം എൻഐടി+ കലർത്തിയും ചോയ്സ് ഫില്ലിങ് നടത്താം. സ്ഥാപനങ്ങളെയും പ്രോഗ്രാമുകളെയും സ്വന്തം മുൻഗണന ക്രമപ്രകാരം തരംതിരിച്ചതിന്റെ അടിസ്ഥാനത്തിലാകണം ചോയ്സ് ഫില്ലിങ്. എത്ര ചോയ്സുകളും നൽകാം. പരിധി നിശ്ചയിച്ചിട്ടില്ല. തുടർന്ന് ചോയ്സുകൾ ലോക്ക് ചെയ്യണം. ചെയ്യാത്ത പക്ഷം, സമയം തീരുമ്പോൾ, അവസാനമായി സേവ് ചെയ്തു കിടക്കുന്ന ചോയ്സുകൾ തനിയേ ലോക്ക്ഡാകും.

 

ലോക്ക് ചെയ്ത ചോയ്സുകളുടെ പ്രിന്റെടുത്ത് സൂക്ഷിക്കുക. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകൾ, അടിസ്ഥാനസൗകര്യങ്ങൾ, ഫീസ് നിരക്ക് തുടങ്ങിയ വിവരങ്ങൾ സൈറ്റുകൾ നോക്കി മനസ്സിലാക്കുന്നതു പ്രധാനം.  

 

മുൻഗണനാ നിർണയം ശ്രദ്ധാപൂർവം: ചിലർക്ക് 4 തരം സീറ്റുകളിലേക്കു വരെ അലോട്മെന്റിന് അർഹതയുണ്ടാവാം. 

·∙ മെയിനിലെ 1–ാം പേപ്പർവഴി ബിഇ / ബി ടെക് 

·∙ 2 എ പേപ്പർ വഴി ബി ആർക് 

·∙ 2 ബി പേപ്പർ വഴി ബി പ്ലാനിങ്

∙അഡ്വാൻസ്ഡ് വഴി ഐഐടി

4 തരം സീറ്റുകൾക്കു വരെ അർഹതയുണ്ടെങ്കിലും, ഒരു സീറ്റ് മാത്രമാവും അലോട്‌ ചെയ്യുക. അതിനാൽ അതീവ ശ്രദ്ധയോടെ വേണം മുൻഗണന നിശ്ചയിക്കാൻ. സെപ്റ്റംബർ 18, 20 തീയതികളിൽ വരുന്ന മോക്ക് സീറ്റ്–അലൊക്കേഷനിലെ വിവരങ്ങൾ പഠിച്ച് ചോയ്സുകൾ ആവശ്യമെങ്കിൽ മാറ്റി സമർപ്പിക്കാം.

 

∙ ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ്: അലോട്മെന്റ് കിട്ടുന്ന മുറയ്ക്ക് ‘പ്രൊവിഷനൽ സീറ്റ്–അലൊക്കേഷൻ െലറ്റർ’‍‍ ഡൗൺലോഡ് ചെയ്ത്, സീറ്റ് സ്വീകരിക്കണം. ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊരു ഓപ്ഷൻ സമർപ്പിക്കണം (ഫ്രീസ്: കിട്ടിയ സീറ്റിൽ പൂർണതൃപ്തി. ഇനി മാറ്റമേ വേണ്ട, ഫ്ലോട്ട്: ഇപ്പോൾ കിട്ടിയത് സ്വീകരിക്കുന്നു. പക്ഷേ ഏതെങ്കിലും സ്ഥാപനത്തിൽ മുൻഗണനയിൽ മുന്നിലുള്ളത് വരുംറൗണ്ടുകളിൽ കിട്ടുന്നതിൽ താൽപര്യമുണ്ട്. മാറ്റം സ്വീകരിക്കും, സ്ലൈഡ്: മാറ്റത്തിൽ താൽപര്യമുണ്ട്. പക്ഷേ ഇപ്പോൾ കിട്ടിയ സ്ഥാപനത്തിലെ മറ്റു പ്രോഗ്രാകളിലേക്കു മാത്രം. ഈ മൂന്നിലേതാണ് നിങ്ങൾ സ്വീകരിക്കുന്നത് എന്നതനുസരിച്ചായിരിക്കും തുടർന്നുള്ള റൗണ്ടുകളിൽ പങ്കെടുക്കേണ്ടത്. ആദ്യ ചോയ്സ് തന്നെ കിട്ടിയവർക്ക് ഫ്ലോട്ട് / സ്ലൈഡ് ഇല്ല).

 

തുടർന്നു ഫീസടയ്ക്കണം. ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ 35,000 രൂപ. ഭിന്നശേഷിക്കും പട്ടികവിഭാഗത്തിനും 15,000 രൂപ. യുപിഐ, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, എസ്ബിഐയുടെ ഇ–ചലാൻ ഇവയിലൊന്നുപയോഗിച്ചു പണമടയ്ക്കാം. ഇതെത്തുടർന്നു റിപ്പോർട്ടിങ് കേന്ദ്രത്തിൽ രേഖകളെല്ലാം ശരിയെന്ന് ഓൺലൈനായി ഉറപ്പു വരുത്തണം. നിർദിഷ്ട എൻഐടിയോ ഐഐടിയോ ആയിരിക്കും റിപ്പോർട്ടിങ് കേന്ദ്രം. നിർദിഷ്ട സമയത്തിനകം ഓൺലൈൻ റിപ്പോർട്ടിങ് നടത്തിയില്ലെങ്കിൽ, അലോട്മെന്റ്‌ വ്യവസ്ഥയിൽ നിന്നു പുറത്താകും. 

 

∙ ഇരട്ട റിപ്പോർട്ടിങ്: ഐഐടിയല്ലാത്ത സ്ഥാപനത്തിൽ നിന്ന് ഐഐടിയിലേക്കു മാറ്റം വന്നാൽ രേഖകളെല്ലാം ശരിയെന്ന് ഐഐടിയിൽ ബോധ്യപ്പെടുത്തണം. ഐഐടിയിൽ നിന്ന് ഐഐടിയല്ലാത്ത സ്ഥാപനത്തിലേക്കാണു മാറ്റമെങ്കിൽ, മാറിയെത്തുന്ന വിഭാഗത്തിലെ സ്ഥാപനത്തിൽ രേഖകളുടെ കാര്യം ഉറപ്പിക്കണം. അതായത്, ഇത്തരം മാറ്റങ്ങൾ വരുത്തുന്നവർ വ്യത്യസ്ത സ്ഥാപനങ്ങളിലായി 2 തവണ ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടി വരും. ഒരിക്കൽ സീറ്റ് സ്വീകരിച്ചുകഴിഞ്ഞാലും, സ്വീകരിച്ച സീറ്റിൽ നിന്ന് അഞ്ചാം റൗണ്ടിൽ വരെ പിന്മാറാം.

 

 

ജോസ 2022 സമയക്രമം

 

സെപ്റ്റംബർ 12 രാവിലെ 10: റജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് തുടങ്ങും. 

18 രാവിലെ 11.30: മോക്ക് സീറ്റ് അലൊക്കേഷൻ; 17ന് വൈകിട്ട് 8 വരെയുള്ള ചോയ്സ് നോക്കി.

20 രാവിലെ 10: മോക്ക് സീറ്റ് അലൊക്കേഷൻ; 19ന് വൈകിട്ട് 5 വരെയുള്ള ചോയ്സ് നോക്കി. ചോയ്സുകൾ ലോക് ചെയ്യാം.

21 വൈകിട്ട് 5: ചോയ്സ് ഫില്ലിങ് അവസാനിക്കും; ചോയ്സുകൾ തനിയെ ലോക്ഡ് ആകും.

23 രാവിലെ 10: ഒന്നാം റൗണ്ട് അലൊക്കേഷൻ

23ന് വൈകിട്ട് 5 മുതൽ 26 വരെ: ഓൺലൈൻ റിപ്പോർട്ടിങ്, ഫീസടയ്ക്കൽ, രേഖകളുടെ പരിശോധന. 

28ന് വൈകിട്ട് 5: രണ്ടാം റൗണ്ട് സീറ്റ് അലൊക്കേഷൻ

തുടർന്ന് 3, 4, 5, 6 റൗണ്ടുകൾ.

 

Content Summary : JoSAA 2022 counselling and choice filling process will begin on September 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com