ADVERTISEMENT

കാമുകിയോടു സംസാരിക്കാൻ മലയാളം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട ആന്ധ്രാ സ്വദേശിയിൽനിന്ന് ഇംഗ്ലിഷ് പഠിച്ച രസകരമായ കഥ പങ്കുവയ്ക്കുകയാണ് അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രസന്ന കുമാർ. ഐഎഎസ് എന്ന മോഹം ഭാഷ വശമില്ലാത്തതിനാൽ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചും ടെലഗ്രാമിലെ അക്ഷരപ്പിശക് തന്നെ ‘ഐഎഎസ് ഉദ്യോഗസ്ഥനാക്കിയതിനെ’ക്കുറിച്ചും പ്രസന്ന കുമാർ പറയുന്നു.

 

സ്കൂളിലും കോളജിലും പഠിക്കുമ്പോൾ ഇംഗ്ലിഷ് മീഡിയമല്ലെങ്കിൽ സ്പോക്കൺ ഇംഗ്ലിഷ് എന്നത് ഒരു കീറാമുട്ടിയാണ് നമ്മൾ മലയാളികൾക്ക്. എനിക്കുമങ്ങനെയായിരുന്നു. 25 വയസ്സു വരെ മലയാളം മാത്രമായിരുന്നു സംസാരഭാഷ. ഇംഗ്ലിഷിൽ സംസാരിക്കാൻ പലതവണ സുഹൃത്തുക്കളുമായി ശ്രമിച്ചു നോക്കിയെങ്കിലും രണ്ടുപേർക്കുമറിയാത്ത കാര്യം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞതു കൊണ്ടു മാത്രം അറിവ് കൂടില്ല എന്നു മനസ്സിലായി. ഇംഗ്ലിഷ് നന്നായി സംസാരിക്കാനറിയുന്ന അപൂർവം ചിലർക്കാണങ്കിൽ വലിയ തലക്കനവും.

 

എംഎസ്‌സി കഴിഞ്ഞ ശേഷം ഉടനെയൊന്നും ജോലികിട്ടിയില്ല. ഐഎഎസ് പരിശീലനത്തിനു പോയാലോ എന്നു തോന്നിയപ്പോൾ അതിനായി ശ്രമം തുടങ്ങി. അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷൻ എന്നിങ്ങനെയുള്ള കടമ്പകളെക്കുറിച്ചും സ്പോക്കൺ ഇംഗ്ലിഷ് കൈയിലില്ലാതെ അങ്ങനെയൊരു സ്വപ്നം യാഥാർഥ്യമാകില്ലെന്നും പലരും പറഞ്ഞെങ്കിലും പിന്മാറിയില്ല. പഠിച്ചതൊക്കെ ഉള്ളിൽ നിൽക്കുമല്ലോ എന്നായിരുന്നു ചിന്ത. കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത ആത്മവിശ്വാസം ആദ്യത്തെ ബെംഗളൂരു യാത്രയിൽ തന്നെ തകർന്നു വീണു.

Work Experience Series Career Guru Prasanna Kumar Memoir
പ്രസന്നകുമാർ അടുത്തില (ഫയൽ ചിത്രം)

 

ബെംഗളൂരുവിൽ ജോലി അന്വേഷിക്കുമ്പോൾ ഇംഗ്ലിഷ് സംസാരം നേരെയാക്കാം, ഐഎഎസ് പരിശീലനം നേടാം എന്നൊക്കെയായിരുന്നു മനസ്സിലെ ചിന്ത. നീ ഇത്രയൊക്കെ പഠിച്ചിട്ടും ജോലിയൊന്നും ശരിയായില്ലേ എന്ന നാട്ടുകാരുടെ സങ്കടവും തീർത്തേക്കാം എന്ന ചിന്തയും മനസ്സിലുണ്ടായിരുന്നു. അഭിമുഖം താജ്ഗ്രൂപ്പിൽ ആയിരുന്നു. ഇന്റർവ്യൂ പാനൽ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഉത്തരമറിയാമായിരുന്നെങ്കിലും മുറി ഇംഗ്ലിഷും മുറിമലയാളവും പറഞ്ഞ് ഇന്റർവ്യൂ കുളമാക്കി.

 

ശരിയായ ഇംഗ്ലിഷ് വാക്കുകളും ഗ്രാമറും നാവിലൊത്തുവരാതെ ബുദ്ധിമുട്ടിയ അവസ്ഥയിൽ പാനലിലെ ഒരു മാഡത്തെ സർ എന്ന് അഭിസംബോധന ചെയ്തത് അവിടെ ചിരി പടർത്തി. എന്റെ തൊലിയുരിഞ്ഞു. ഇനി കേരളത്തിൽ മതി ജീവിതം എന്നുറപ്പിച്ച് നാട്ടിലേക്കു മടങ്ങി. ഐഎഎസ് സ്വപ്നവും അതോടെ അടങ്ങി. താജ് ഹോട്ടലിലെ ഇന്റർവ്യുവിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കാത്ത ഞാനെങ്ങ‍നെ ഐഎഎസ് ഇന്റർവ്യൂവിൽ പങ്കെടുക്കും. അങ്ങനെ ആ മോഹം ഉപേക്ഷിച്ച് നാട്ടിൽ ചെറിയൊരു ജോലി സമ്പാദിച്ചു. അങ്ങനെ പുറത്തേക്കെവിടെയുമില്ല എന്നു തീരുമാനിച്ച് മനസ്സുമടുത്ത് നാട്ടിൽ ജോലിചെയ്യുമ്പോഴാണ് കേരളത്തിൽ ആദ്യത്തെ കംപ്യൂട്ടർ സയൻസ് കോഴ്സ് തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്നത്. ഞാൻ അപേക്ഷ അയച്ചു. സംസ്ഥാന തലത്തിൽ  പതിനായിരങ്ങൾ പങ്കെടുത്ത എഴുത്തുപരീക്ഷയിൽ ഞാൻ ഒന്നാം റാങ്ക് നേടി കോഴ്സിന് ചേർന്നു. (ഗുണപാഠം - Never give up on your dreams, never stop trying. Think who is going to stop you?)

 

കണ്ണൂരിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സിലായിരുന്നു എനിക്കന്ന് ജോലി. അന്ന് കംപ്യൂട്ടറിനെക്കുറിച്ചും കംപ്യൂട്ടറിന്റെ സാധ്യതകളെക്കുറിച്ചും ആളുകൾ അറിഞ്ഞു വരുന്നതേയുണ്ടായിരുന്നുള്ളൂ. ‘‘നാട്ടിലെ സർക്കാർ ജോലികളഞ്ഞ് ആരെങ്കിലും ഒരു ധാരണയുമില്ലാത്ത കംപ്യൂട്ടർ പഠനത്തിനുപോകുമോ?...’’ എന്നൊക്കെയുള്ള വിമർശനങ്ങൾ കേട്ടപ്പോൾ ജോലിയിൽ നിന്ന് ഒരുവർഷം ലീവെടുത്ത് പഠിക്കാൻ തീരുമാനിച്ചു.

Career Work Experience Series - Prasanna Kumar Memoir
പ്രസന്നകുമാർ അടുത്തില

 

കംപ്യൂട്ടർ സയൻസ് പുതിയ കോഴ്സായതുകൊണ്ട് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ താമസം ശരിയായില്ല. അതുകൊണ്ട് കരമനയിൽ ഒരുകൂട്ടം ഫാർമസി സ്റ്റുഡൻസിന്റെ കൂടെയായിരുന്നു താമസം. അന്നത്തെ ഡിപ്പാർട്ട്മെന്റ് മേധാവി പ്രഫ. എം ആർ കൈമൾ സാറിന്റെ ശ്രമഫലമായി പേരിന് ഒരു മുറി മാത്രം അനുവദിച്ചു കിട്ടി.

 

ആന്ധ്രാപ്രദേശിൽനിന്ന് ഔട്ട് ഓഫ് സ്റ്റേറ്റ് ക്വാട്ടയിൽ കോഴ്സിനു തിരഞ്ഞെടുക്കപ്പെട്ട സിരീഷ് റെഡ്‌ഡി എന്റെ പരിചയക്കാരനായി. അവനു മലയാളം ഒട്ടുമറിയില്ല. നല്ല സ്ഫുടമായ ഇംഗ്ലിഷിലായിരുന്നു സംസാരം. അവന് ഞങ്ങളുടെ ക്ലാസിലെ ഒരു പെൺകുട്ടിയോട് പ്രണയം മുളച്ചു. പക്ഷേ ഇംഗ്ലിഷ് കേൾക്കുമ്പോൾ അവൾ പേടിച്ചോടും. അവനടുത്തു ചെല്ലുമ്പോൾ വഴിമാറി നടക്കും. കുറേ ദിവസങ്ങളിങ്ങനെ കഴിഞ്ഞപ്പോൾ അവനെന്നോട് മലയാളം പഠിപ്പിക്കുമോ എന്ന് ചോദിച്ചു. അതിനു പ്രതിഫലമെന്നപോലെ ഞാനവനോട് എന്നെ ഫ്ലുവന്റായി ഇംഗ്ലിഷ് സംസാരിക്കാൻ പഠിപ്പിക്കണമെന്നും കരാറാക്കി. അവളോട് ചോദിക്കേണ്ട കാര്യങ്ങൾ സിരീഷ് എന്നോട് പറയും. ഞാനത് മലയാളത്തിലാക്കി അവനെ പറയാൻ പഠിപ്പിക്കും. സിനിമകളിൽ പലപ്പോഴും കണ്ടുരസിച്ച തമാശകളും നൂതനമായ ഭാഷാ അനുഭവങ്ങളും കൊണ്ട് സമ്പന്നമായ കാലമായി അതു മാറി. എനിക്കനുവദിച്ചുകിട്ടിയ ഹോസ്റ്റൽ മുറിയിൽ അനൗദ്യോഗികമായി കൂടെ താമസിക്കാൻ ഞാൻ അവനെ ക്ഷണിച്ചു. സിരിഷിന്റെ ബൈക്കിലായിരുന്നു കറക്കം. അങ്ങനെ സിരീഷും ഞാനും പിന്നെ ആ പെൺകുട്ടിയും അവളുടെ സുഹൃത്തും ഔട്ട് ഓഫ് സ്റ്റേറ്റ് ക്വോട്ട യിൽ വന്ന ഡൽഹിക്കാരിയായ ശാലിനി എന്ന പെൺകുട്ടിയും ഇംഗ്ലിഷും മലയാളവും ഒരുപോലെ അനായാസം സംസാരിക്കുന്ന ഒരു ഗ്രൂപ്പായി മാറി. 

 

സിരീഷ് എനിക്കും മുൻപേ ഉപരിപഠനത്തിന് അഡ്മിഷൻ നേടി അമേരിക്കയിലെത്തി. 1988 ൽ. ഞാൻ വന്നത് 90 കളിലാണ്. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ എനിക്ക് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സൂപ്പർ കംപ്യൂട്ടർ റിസർച്ച് സെന്ററിലേക്ക് നടത്തിയ നാഷണൽ ലെവൽ ടെസ്റ്റിലും അഭിമുഖത്തിലും ഒന്നാം റാങ്ക് കിട്ടി. ആ വിവരം ടെലിഗ്രാമായാണ് തിരുവനന്തപുരത്ത് എത്തിയത്. എന്റെ ഐഎഎസ് സ്വപ്നം ഞാൻ പലരോടും പറഞ്ഞിരുന്നു.

 

വളരെ രസകരമായകാര്യം പ്രസന്നകുമാറിന് ഐഎഎസ് കിട്ടി എന്നത് ക്യാംപസിൽ ന്യൂസായി പരന്നതാണ്.

ടെലിഗ്രാമിൽ Selected to ഐഐഎസ് (IIS) എന്നത് തെറ്റി ഐഎഎസ് (IAS) എന്നാണ് വന്നത്. ഐഎഎസ് കിട്ടുന്നതിലും വലിയ സന്തോഷമാണ് ആ വാർത്ത എനിക്ക് സമ്മാനിച്ചത്. അത് പിന്നെ എന്റെ തലവരയും ജീവിതവും മാറ്റി വരച്ചു.

 

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Prasanna Kumar Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com