ADVERTISEMENT

പരീക്ഷയിൽ ലഭിച്ച രണ്ടു മാർക്കും അപമാനഭാരത്താൽ കുനിഞ്ഞ അധ്യാപകന്റെ മുഖവും സ്വന്തം പിതാവിന്റെ കണ്ണീരും ആത്മവിശ്വാസം നൽകിയ ട്യൂഷൻ ചേച്ചിയും കുടുംബവും ചേർന്ന് തന്റെ അക്കാദമിക ജീവിതത്തിന്റെ തലവര മാറ്റിയ അനുഭവമാണ് പ്രവാസിയായ അജി കമാൽ ‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്.

 

ജീവിതം മാറ്റി മറിക്കാൻ പരീക്ഷകളിൽ അൻപതിൽ അൻപതും വാങ്ങണമെന്നില്ല. അൻപതിൽ രണ്ടു മാർക്ക് വാങ്ങിയാലും അത് നിഷ്പ്രയാസം സാധിക്കുമെന്ന് അനുഭവത്തിലൂടെ തെളിയിച്ച ഒരാളാണ് ഞാൻ. എ.കെ.ജെ.എം സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയം. ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ വിതരണം ചെയ്യുകയായിരുന്നു ജോസ് മാത്യു സാർ. എന്റെ പേര് വിളിച്ചപ്പോൾ, തോറ്റു എന്ന് അദ്ദേഹം പറയും മുൻപേ എനിക്ക് അറിയാമായിരുന്നു. കാരണം ഓർഗാനിക് കെമിസ്ട്രി, പീരിയോഡിക് ടേബിൾ, H2O, സൾഫ്യൂരിക് ആസിഡ്, മെർക്കുറി, ഹീലിയം ഇതൊന്നും അന്ന് എന്റെ തലയിൽ കയറിയിരുന്നില്ല. ആകെ അറിയാവുന്നത് പൊട്ടാസ്യം സയനൈഡ് കഴിച്ചാൽ മരിച്ചു പോകുമെന്നും സൾഫ്യൂരിക് ആസിഡ് ജലദോഷത്തിന് നല്ലതാണെന്നുമാണ്.

 

കെമിസ്ട്രിക്ക് പത്തു മാർക്കെങ്കിലും പ്രതീക്ഷിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അൻപതിൽ രണ്ടു മാർക്ക് എന്നെഴുതിയ ഉത്തരക്കടലാസ് ജോസ് മാത്യു സാർ എനിക്കു നീട്ടി. ഇവനെ ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് കരുതിയിട്ടാകും, സാറ് ആകെ പറഞ്ഞത് പിതാവിനെ വിളിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്നാണ്. പന്ത്രണ്ട് വിഷയത്തിൽ ഒൻപതിനും പൊട്ടിപ്പാളീസായി നിന്നിരുന്ന എനിക്ക് അത് അത്ര പ്രശ്നമായി തോന്നിയില്ല. കാരണം കുറേ നാളായി ഈ പ്രക്രിയ ആവർത്തിച്ച് പിതാവിനും ബോറടിച്ചു തുടങ്ങിയിരുന്നു.

 

പിറ്റേ ദിവസം സ്കൂളിൽ വന്ന പിതാവിനോട് വളരെ കാര്യമായിത്തന്നെ ജോസ് മാത്യു സാർ സംസാരിച്ചു. ഇവനെ ഇങ്ങനെ വിട്ടാൽ പത്താം ക്ലാസിലേക്ക് ജയിപ്പിക്കില്ലെന്നും ടിസി തന്ന് പറഞ്ഞു വിടുമെന്നും പറഞ്ഞു. സാറിന്റെ അധ്യാപന ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു വിദ്യാർഥി കെമിസ്ട്രിക്ക് അൻപതിൽ രണ്ടു മാർക്ക് വാങ്ങുന്നതെന്നും ഇത് അദ്ദേഹത്തിന് വളരെ അപമാനമായി എന്നും വേദനയോടെ പറഞ്ഞു.

 

എല്ലാം കേട്ട് ഒന്നും മിണ്ടാതെ പിതാവ് എന്നെയും കൂട്ടി വീട്ടിലേക്കു തിരിച്ചു വന്നു. പാറത്തോട് കവലയിൽ ബസ് ഇറങ്ങിയ ഉടനെ പിതാവ് എന്നെയും കൂട്ടി കൃഷ്ണൻകുട്ടി ചേട്ടന്റെ ബാർബർ ഷോപ്പിലേക്ക് കയറുകയായിരുന്നു. അന്നത്തെ ഇറ്റലിയുടെ ഫുട്ബോൾ സൂപ്പർസ്റ്റാർ റോബർട്ടോ ബാജിയോയെ അനുകരിച്ച് ഞാൻ നീട്ടിവളർത്തിയ മുടി മുറിക്കുകയായിരുന്നു ലക്ഷ്യം. എതിർക്കാൻ ശ്രമിച്ച എന്നെ കടുപ്പിച്ചൊന്നു നോക്കുക മാത്രമാണ് പിതാവ് ചെയ്തത്. ഭയപ്പെട്ടു പോയ ഞാൻ മനസ്സില്ലാ മനസ്സോടെ മുടി വെട്ടാൻ സമ്മതിച്ചു.

 

മൊട്ടയടിച്ചതിനു സമാനമായി പറ്റെ വെട്ടിയ മുടിയുമായിട്ടാണ് ഞാൻ അന്ന് വീട്ടിലെത്തിയത്. എന്റെ പോണി ടെയ്ൽ മുടി പോയ വിഷമത്തിൽ റൂമിൽ കിടന്നിരുന്ന എന്നോട് അമ്മച്ചിയാണ് വന്നു പറഞ്ഞത് പിതാവ് വരാന്തയിലുരുന്ന് കരയുകയാണ്, അത്താഴം കഴിക്കാനും വരുന്നില്ലായെന്ന്. പിതാവ് കരയാനുള്ള കാരണമെന്താണെന്ന് അമ്മച്ചിയെന്നോടു ചോദിച്ചു.

 

എന്റെ മുടി വെട്ടിയതിന് ആൾക്ക് ഇത്ര സങ്കടമോയെന്ന് ആലോചിച്ച് വരാന്തയിലേക്ക് ചെന്ന എനിക്ക് പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി. മുടിയല്ല, അമ്പതിൽ രണ്ടാണ് പ്രശ്നമെന്ന്. അന്നും ഇന്നും പിതാവിനോട് ഞാൻ ചോദിച്ചിട്ടില്ല, എന്തിനാണ് ആ രാത്രി കരഞ്ഞതെന്ന്. പക്ഷേ പറയാതെ തന്നെ ആ കണ്ണീരിൽ എല്ലാം അടങ്ങിയിരുന്നു. പിറ്റേ ദിവസം ഞാൻ ആദ്യം ആവശ്യപ്പെട്ടത് കെമിസ്ട്രിക്കും കണക്കിനും ഹിന്ദിക്കും എനിക്ക് ട്യൂഷൻ വേണം എന്നാണ്.

 

അങ്ങനെയാണ് അയൽവാസിയും പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളിന്റെ അന്നത്തെ ഹെഡ്മാസ്റ്ററുമായിരുന്ന രാഘവൻപിള്ള സാറിന്റെ മകൾ ദീപ ചേച്ചിയുടെ അടുക്കൽ ട്യൂഷന് വിടുന്നത്. സെന്റ് ഡൊമിനിക്സ് കോളേജിൽ അന്ന് കെമിസ്ട്രിക്ക് രണ്ടാംവർഷം ബിരുദത്തിന് പഠിച്ചിരുന്ന ദീപ ചേച്ചി നല്ലൊരു അധ്യാപികയും കൂടിയായിരുന്നു.

ആ വീട്ടിൽ മൊത്തം മൂന്ന് അധ്യാപകരെ എനിക്ക് കിട്ടി. രാഘവൻപിള്ള സാറും സാറിന്റെ മക്കളായ ദീപ ചേച്ചിയും ബിന്ദു ചേച്ചിയും. മൂന്നു പേരും ഇടവും വലവും നിന്ന് എന്നെ പഠിപ്പിക്കാൻ തുടങ്ങി. പ്രധാന അധ്യാപിക ദീപ ചേച്ചി തന്നെ.

 

കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ ഞാൻ ആ വീട്ടിലെ ഒരു അംഗത്തെ പോലെയായി. സമയം നോക്കിയല്ല അവിടെ പഠിത്തം നടക്കുന്നത്. തോന്നുമ്പോൾ എല്ലാം പഠിത്തമാണ്. ഞങ്ങളുടെ സാധാരണ സംസാരത്തിനിടയിൽ പോലും സിലബസുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളായിരിക്കും പറയുക. ക്രിസ്മസ് പരീക്ഷയുടെ സ്റ്റഡി ലീവുകളിൽ അവിടെത്തന്നെയായി ഊണും ഉറക്കവും. മകനെപ്പോലെ സ്നേഹിച്ച് ചേച്ചിമാരുടെ അമ്മ സമയാസമയങ്ങളിൽ ഭക്ഷണം തന്നു. സാധനങ്ങൾ വാങ്ങാൻ ചേച്ചിമാർക്ക് കൂട്ടു പോയും അമ്മയ്ക്ക് കൂട്ടാൻ ചക്കയും കപ്പളങ്ങയും ഇട്ടു കൊടുത്തും ഞാനും ആ കുടുംബത്തിലെ ഒരാളായി.

 

ക്രിസ്മസ് പരീക്ഷ എത്തിയപ്പോൾ, ആത്മവിശ്വാസത്തോടെ ഒരു എക്സാം ആദ്യമായി ഞാൻ എഴുതി. പരീക്ഷാ ഫലം വന്നപ്പോൾ പന്ത്രണ്ടിൽ പന്ത്രണ്ട് വിഷയവും ഫസ്റ്റ് ക്ലാസിലുമധികം മാർക്കോടെ ഞാൻ ജയിച്ചു. ഓണപ്പരീക്ഷക്ക് അമ്പതിൽ രണ്ട് കിട്ടിയ കെമിസ്ട്രി പരീക്ഷയ്ക്ക് ക്രിസ്മസ് പരീക്ഷ ആയപ്പോൾ അമ്പതിൽ മുപ്പത്തിയെട്ട്. ദീപ ചേച്ചിയുടെ നിറഞ്ഞ ചിരിയും എന്റെ പിതാവിന്റെ തെളിഞ്ഞ മുഖവും ഒന്ന് കാണേണ്ടതായിരുന്നു. കെമിസ്ട്രിയുടെ ഉത്തരക്കടലാസ് തന്ന ജോസ് മാത്യു സാർ എന്റെ തോളിൽത്തട്ടി അഭിനന്ദിച്ചു.

 

എപ്പോഴും വളരെ ഗൗരവക്കാരനായി കാണപ്പെട്ട സാറിനെ അമിത ആഹ്ലാദങ്ങൾ പുറത്തു കാണിക്കാതെ മറച്ചു പിടിക്കാൻ സഹായിച്ച വലിയ മീശയുടെ അടിയിൽ വിരിഞ്ഞ ഒരു ചെറു പുഞ്ചിരി മതിയായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം മനസ്സിലാക്കാൻ. എന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ കാരണമായ ആ രണ്ടു മാർക്ക് തന്ന അധ്യാപകനെ, എന്നും സ്നേഹത്തോടെ കൂടെ മാത്രമേ ഓർക്കാൻ കഴിയൂ. ഒപ്പം പത്താം ക്ലാസ് ജയിക്കില്ലെന്ന് എല്ലാവരും തള്ളിപ്പറഞ്ഞ എന്നോട് ഇതൊക്കെ നിസ്സാരം, എല്ലാം സാധിക്കും അജിക്ക് നല്ല ബുദ്ധിയുണ്ട് എന്നു പറഞ്ഞ് ആത്മവിശ്വാസം തന്ന ദീപ ചേച്ചിയെയും സ്നേഹത്തോടെ ഓർക്കുന്നു. 

 

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career Gurusmrithi Series - Aji Kamal Talks About His Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com