ADVERTISEMENT

അഞ്ചാം ക്ലാസിൽ വച്ച് പ്രിയപ്പെട്ട അധ്യാപകൻ കാട്ടിത്തന്ന വഴിയിലൂടെ സഞ്ചരിച്ച് കരിയർ കണ്ടെത്തിയ അനുഭവ കഥയാണ് ഗുരുസ്മൃതി എന്ന പംക്തിയിലൂടെ ഇ.കെ ജയൻ പാടൂർ പറയുന്നത്. നിമിഷ പ്രസംഗവും കഥാപ്രസംഗവും പറഞ്ഞു പഠിച്ച കുട്ടിക്കാലത്തിൽനിന്ന്, മൽസര പരീക്ഷകൾ‌ക്ക് ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന കരിയർ കണ്ടെത്താൻ തന്നെ സഹായിച്ച അധ്യാപകനെക്കുറിച്ചും അദ്ദേഹം നൽകിയ അമൂല്യമായൊരു സമ്മാനത്തെക്കുറിച്ചും ജയൻ പറയുന്നു.

 

ജിഎം യുപി സ്കൂൾ, അലീമുൽ ഇസ്‌ലാം ഹൈസ്കൂൾ, ശ്രീ കേരളവർമ കോളജ് എന്നിവിടങ്ങളിലായിരുന്നു ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ എന്റെ പഠനം. എല്ലാ ഗുരുക്കൻമാർക്കും പ്രണാമം അർപ്പിച്ചു കൊണ്ട് ഓർമകളുടെ ജാലക വെട്ടത്തിലൂടെ ഞാനൊരു യുപി സ്കൂൾ വിദ്യാർഥി ആവുകയാണ്. 

ഇപ്പോൾ ജീവിതത്തിൽ മുന്നോട്ടു പോകാൻ തുണയാകുന്ന വാക്ചാതുര്യവും ആത്മവിശ്വാസവും ആദ്യം ലഭിച്ചത് ഗവ. മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എന്ന ജിഎം യുപി സ്കൂളിൽ നിന്നാണ്.

 

e-k-jayans-teacher

ചെറിയ ക്ലാസുകളിൽ മിടുക്കനായി പഠിച്ചിരുന്ന എന്നോട് അധ്യാപകർക്കെല്ലാം വലിയ സ്നേഹമായിരുന്നു; എനിക്ക് അവരോടും. എങ്കിലും വാക്കും വാചാലതയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്ന എന്റെ ജീവിതത്തിൽ ഇതിനൊക്കെ അടിത്തറയിട്ട ഒരു ഗുരുവുണ്ട്. അതാണ് എന്റെ അദ്രാ മാഷ്, ബ്ലോക്കിന്റെ അവിടെനിന്നു വന്നിരുന്ന അബ്ദുറഹിമാൻ മാഷ്, കേട്ടെഴുത്ത് പരീക്ഷയിടുമ്പോൾ പുസ്തകം മാഷിനെ കാണിക്കുവാൻ മടിക്കുന്ന കുട്ടികളോട് ‘‘കുണ്ടാടാ, ഇങ്ങ്ട് കുണ്ടാടാ’’ എന്ന് പറയുന്ന മാഷിനെ കുട്ടികൾ കുണ്ടാടൻ മാഷ് എന്ന് ഇരട്ടപ്പേരിട്ടു വിളിച്ചു. പക്ഷേ മാഷ് ഒരു സംഭവം തന്നെയാണ്.

 

അഞ്ചാം ക്ലാസിൽ ഒരു സാഹിത്യ സമാജ ദിവസമാണ് ഞാൻ മാഷിന്റെ ശ്രദ്ധയിൽപ്പെടുന്നത്. എൽസി ടീച്ചർ എഴുതിത്തന്ന പ്രസംഗം ഞാൻ അന്നവിടെ അവതരിപ്പിച്ചിരുന്നു. മൈക്കും എന്റെ ശബ്ദവും തമ്മിലുള്ള സ്നേഹ ബന്ധം എന്റെ പ്രസംഗത്തെ വേറിട്ടതാക്കി. പിന്നെ എന്നെ പ്രസംഗം പഠിപ്പിക്കുന്ന ജോലി മാഷ് ഏറ്റെടുത്തു. ഉപജില്ലാ കലോത്സവത്തിൽ നിമിഷ പ്രസംഗത്തിന് സമ്മാനം കിട്ടിയപ്പോൾ മാഷ് പറഞ്ഞു. ‘‘നീ അടുത്ത തവണ കഥാപ്രസംഗം അവതരിപ്പിക്കണം’’. വീട്ടിൽ കലയുമായി ബന്ധമുണ്ടായിരുന്ന ചേട്ടൻ അപ്പോഴേക്കും സൗദിയിൽ പോയിരുന്നു. മാഷ് തന്നെ കഥാപ്രസംഗം പഠിപ്പിക്കാൻ തുടങ്ങി. ക്ലാസ് വിട്ട് ഉച്ചതിരിഞ്ഞ് മാഷ് പുളിക്കക്കടവിൽ പോയി ബീഡി വലിച്ചു വന്ന് എന്നെ കഥാപ്രസംഗം പഠിപ്പിക്കും. അപ്പോൾ മാഷുടെ കൈയിലുള്ള പൊതിയിൽ എനിക്കു കഴിക്കാൻ വേണ്ടി പഴവും ഉണ്ടാകും. വൈകിട്ട് ആറരയ്ക്ക് മാഷിന്റെ സ്കൂട്ടറിൽ എന്നെ വീട്ടിൽ കൊണ്ടു വിടും. വണ്ടി കയറാത്ത എന്റെ വീട്ടിലേക്കുള്ള വഴിയുടെ സമീപം മാഷ് കാത്തുനിൽക്കും; ഞാൻ വീടിനടുത്തെത്തിയാൽ പുറപ്പെടുവിക്കുന്ന ഞൊട്ടയിടലിന്. ആ ശബ്ദം കേട്ടാൽ മാത്രമേ കാദർകുട്ടിക്കാടെ പടിക്കൽനിന്ന് മാഷിന്റെ സ്കൂട്ടർ സ്റ്റാർട്ടായി പോകൂ. 

 

ആ വർഷം കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഫസ്റ്റും കഥാപ്രസംഗത്തിൽ സെക്കൻഡുമാണ് കിട്ടിയത്. വിഷമിച്ചു നിൽക്കുന്ന എന്നോട് മാഷ് ചോദിച്ചു. ‘‘എന്താടാ നിനക്കൊരു വിഷമം?’’. ഞാൻ പറഞ്ഞു: ‘‘കഥാപ്രസംഗത്തിനും എനിക്ക് ഫസ്റ്റ് കിട്ടുമായിരുന്നു. പക്കമേളമില്ലാത്തതുകൊണ്ടാ എനിക്ക് ഫസ്റ്റ് കിട്ടാതിരുന്നത്.’’ ഇതു കേട്ട മാഷ് പറഞ്ഞു: ‘‘നീ ജോറാക്കിയിട്ടുണ്ട് ബാക്കി നമുക്ക് ആനിവേഴ്സറിക്ക് ശരിയാക്കാം’’. ആനിവേഴ്സറി ദിനത്തിൽ താളമേളത്തോടെ എന്റെ പൂമാതേയി എന്ന കഥാപ്രസംഗം തിമിർത്താടി. കേട്ടവരും കണ്ടവരും അഭിനന്ദനങ്ങളറിയിച്ചു.

 

അമ്മയ്ക്കും ചേച്ചിക്കുമൊപ്പം  വീട്ടിൽപ്പോകാൻ തയാറെടുക്കുമ്പോഴാണ് സ്റ്റേജിനു പുറകിലേക്കു ചെല്ലാൻ പറഞ്ഞുകൊണ്ടുള്ള അനൗൺസ്മെന്റ് കേട്ടത്. അവിടെത്തിയ എന്നെ എന്റെ മാഷ് സ്നേഹത്തോടെ ചേർത്തു പിടിച്ചു. അവിടെ നിന്ന വിമല ടീച്ചറിനോടും അംബിക ടീച്ചറിനോടും എൽസി ടീച്ചറിനോടും മാഷ് ചോദിച്ചു. ‘‘നമ്മുടെ ചെക്കൻ കലക്കീല്ലേ’’. മാഷിന്റെ മുഖത്തെ അന്നത്തെ സന്തോഷത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണിപ്പോഴും നിറയുന്നു. ആനിവേഴ്സറി ദിവസം അംബിക ടീച്ചർ ട്രോഫികൾ അടുക്കി വയ്ക്കുമ്പോൾ ഞങ്ങൾ കുട്ടികൾ വട്ടം കൂടി ഞങ്ങൾക്കുള്ള കപ്പുകൾ ഏതാണെന്ന് ചോദിച്ചു. എനിക്കൊരു കപ്പ് കുറവായിരുന്നു. അപ്പോൾ ടീച്ചർ പറഞ്ഞു. ‘‘ ജയന് അദ്രാ മാഷിന്റെ പ്രത്യേക സമ്മാനം ഉണ്ട്’’. സമ്മാനം എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു.

 

അതൊരു വാച്ച് ആയിരുന്നു. ജീവിതത്തിലാദ്യമായി എന്റെ കൈത്തണ്ടയിൽ കെട്ടാൻ അക്കങ്ങൾ വരുന്ന ഇലക്ട്രോണിക് വാച്ച് തരുമ്പോൾ മാഷ് പറഞ്ഞു. ‘‘നിമിഷ പ്രസംഗത്തിന് സമയം നോക്കി പ്രസംഗിക്കണം’’. ആദ്യമായി കപ്പലിൽ കയറിയത് മാഷിന്റെ കൂടെയാണ്. കൊച്ചിയിലേക്ക് സ്കൂളിൽനിന്ന് ടൂറ് പോയപ്പോൾ ആയിരുന്നു അത്. പിരിയുമ്പോൾ മാഷ് പറഞ്ഞിരുന്നു വലിയ പ്രസംഗകൻ ആകണമെന്ന്. ഒന്നുമായില്ല മാഷേ. പക്ഷേ ജീവിതത്തിൽ കുറേ നഷ്ടങ്ങൾ ഉണ്ടായാലും ഒന്നു മാത്രം ഇതുവരെ നഷ്ടമായിട്ടില്ല. വാക്കുകൾ കൂട്ടി ചേർത്ത് വാചാലമായി സംസാരിക്കുന്ന വാക്ചാരുത.

 

സ്കൂളിലെ ക്ലാസുമുറികളിൽ അങ്ങ് പരിശീലിപ്പിച്ച വാക്സരണികൾ ഇന്നെന്റെ ഊർജ്ജവും ജീവിതവുമാകുമ്പോൾ ഒരിക്കൽക്കൂടി ഒന്നു വന്ന് കാണാൻ തോന്നുന്നു. മാഷെ, ഒരിക്കലും നടക്കാത്ത ആഗ്രഹമാണെങ്കിലും മനസ്സ് വല്ലാതെ തുടിക്കുന്നു. ഇന്ന് ജീവിത യാഥാർഥ്യങ്ങളുടെ പൊള്ളുന്ന കനലുകളിൽ വാക്കുകൾ കൊണ്ട് പോരാടി അതിജീവനത്തിന്റെ പുത്തൻ കഥ പറയാൻ ഊർജ്ജം തന്ന എന്റെ പ്രിയ ഗുരുനാഥന് ആയിരം പ്രണാമം.

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career Gurusmrithi Series - EK Jayan padoor Talks About His Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com