ADVERTISEMENT

കുട്ടികളോടും സ്കൂളിനോടുമുള്ള ഇഷ്ടം കാരണം, കോളജ് അധ്യാപികയുടെ ജോലി ഉപേക്ഷിച്ച് സ്കൂളിലേക്കു തിരികെയെത്തിയ അധ്യാപികയുടെ കഥയാണ് ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ കവിത എസ്. മേനോൻ പറയുന്നത്. എട്ടാം ക്ലാസ് മുതൽ പ്രിയ അധ്യാപികയെ ക്ലാസ് ടീച്ചറായി ലഭിക്കാത്തതിന്റെ നിരാശ മറച്ചു വയ്ക്കാതെ, സ്നേഹമയിയായ അധ്യാപികയെക്കുറിച്ച് കവിത പറയുന്നു:

 

ഒരാളുടെ ജീവിതത്തിലെ സെക്കൻഡ് ഹോം എന്ന് വിദ്യാലയങ്ങളെ വിശേഷിപ്പിക്കാറുണ്ട്. സ്കൂൾ വിദ്യാഭ്യാസം നന്നായാൽ ജീവിതത്തിനൊരു അടക്കും ചിട്ടയും വരുമെന്നും ചിലർ പറയാറുണ്ട്. ഞാൻ പഠിച്ചത് പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലും തുടർന്ന് ശ്രീശാരദ ഗേൾസ് ഹൈ സ്കൂളിലും ആണ്. 5–ാം ക്ലാസിൽ ശാരദയിൽ വരുമ്പോൾ വലിയ കോളജ് കുമാരിയുടെ ഭാവം ആയിരുന്നു എനിക്ക്. പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ, കൂടാതെ പുതിയ യൂണിഫോം വെള്ളയും നീലയും. പല സ്കൂളിൽ നിന്നുള്ള തരുണീമണികൾ അവിടെ ഒരുമിച്ചു ചേർന്നു. ഒരു വല്ലാത്ത വായാടിക്കൂട്ടം. സ്കൂൾ തുറക്കുന്ന ദിവസം ഉച്ചവരയേ ക്ലാസ്സ്‌ ഉള്ളൂ. അതാണ് അന്നത്തെ പതിവ്. 

 

അങ്ങനെ ഞങ്ങളുടെ ക്ലാസ്സിലേക്ക് വളരെ സുന്ദരിയായ ഒരു ടീച്ചർ കടന്നു വന്നു. ഹോ! എല്ലാർക്കും വളരെ ആശ്വാസം. ടീച്ചറുടെ പേര് പാർവതിയെന്നാണ്. ഞങ്ങളെ ഓരോരുത്തരെയായി ടീച്ചർ പരിചയപ്പെട്ടു. ടീച്ചറിനെ ഞങ്ങൾക്കൊക്കെ വളരെ ഇഷ്ടമായി. ടീച്ചറിനെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്. ഒരു ടീച്ചർ ആരായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നൊക്കെ ടീച്ചറെ കണ്ടിട്ടാണ് ഞങ്ങളിൽ പലരും പഠിച്ചത്.

 

പാവം ടീച്ചർ ഞങ്ങൾക്കു വേണ്ടി എല്ലാവരോടും വക്കാലത്ത്‌ പറയും. ടീച്ചർക്ക്‌ ഞങ്ങൾ കാരണം ഹെഡ്മിസ്ട്രസ്സിന്റെ മുറിയിൽനിന്ന് ഇറങ്ങാൻ നേരമുണ്ടായിരുന്നില്ല. എങ്കിലും ഒരിക്കൽ പോലും ഞങ്ങളോട് മുഖം കറുത്ത് ഒരു വാക്ക് പറഞ്ഞിട്ടില്ല. അങ്ങനെ ടീച്ചർ തന്നെ ഞങ്ങളുടെ 5, 6, 7, 8 ക്ലാസുകളിലെ ക്ലാസ്സ്‌ ടീച്ചർ ആയി. ഞങ്ങൾ സ്വന്തം അമ്മയെ കാണുന്നതിനേക്കാൾ കൂടുതൽ സമയം ടീച്ചറിനെ കാണാൻ തുടങ്ങി. ടീച്ചറും ഞങ്ങളിൽ ഒരാളായി. വലിയ കണ്ണുകൾ ആയിരുന്നു ഞങ്ങളുടെ ടീച്ചറിന്. ആ കണ്ണൊന്ന് ഉരുട്ടിയാൽ ഞങ്ങൾ അടങ്ങും. അതാണ് പവർ ഓഫ് കൺട്രോളിങ്. ആ കാലയളവിൽ ഞങ്ങൾ വേറൊരു ഇംഗ്ലിഷ് ടീച്ചറിനെ കണ്ടിട്ടു പോലുമില്ല.

 

അങ്ങനെയിരിക്കെയാണ് ടീച്ചർ ടൗണിലുള്ള കോളജിലേക്ക് ജോലി കിട്ടി പോകുന്നത്. അതു ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഞങ്ങളിൽ പലർക്കും സങ്കടം കൊണ്ട് പനി പിടിച്ചു. പലരും ആഴ്ചകളോളം ലീവ് ആയി. എന്റെ ഓർമയിൽ അതൊരു ജനുവരി മാസം ആയിരുന്നു. ആ സങ്കടം എങ്ങനെയൊക്കെയോ ഞങ്ങൾ തരണം ചെയ്തു. ഞങ്ങൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മറ്റൊരു

ട്വിസ്റ്റ് നടക്കുന്നത്. ജൂൺ മാസം കോരിച്ചൊരിയുന്ന മഴയത്ത് പുത്തൻ യൂണിഫോം ഇട്ട് പുതിയ കുറേ വാഗ്ദാനങ്ങൾ അമ്മയ്ക്കു നൽകി (അത് എല്ലാ കൊല്ലത്തെയും ചടങ്ങ് ആണ്. ) മനസ്സില്ലാ മനസ്സോടെ സ്കൂളിലേക്ക് ചെന്നു. അവിടെ അതാ സുസ്മേര വദനയായി ടീച്ചർ നിൽക്കുന്നു. (പോയ കോളജ് ഇഷ്ടപ്പെടാതെ തിരിച്ചു വന്നതാണ് എന്നൊക്കെ പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്).

 

ഞങ്ങൾ എല്ലാവരും ഓടി ടീച്ചറിന്റെ അടുത്തെത്തി. ടീച്ചർ ഞങ്ങൾക്കു തന്നെ ക്ലാസ് ടീച്ചറാകും എന്ന് ഞങ്ങൾ ഉറപ്പിച്ചു. കുറേ കഴിഞ്ഞപ്പോൾ 8–ാം ക്ലാസിലെ കണക്ക് ടീച്ചർ വന്നു. ടീച്ചർ റജിസ്റ്റർ എടുത്ത് പേര് വിളിക്കാൻ തുടങ്ങി. ഞങ്ങൾക്ക് മെല്ലെ കാര്യത്തിന്റെ കിടപ്പുവശം പിടികിട്ടി. ഫസ്റ്റ്, സെക്കൻഡ് പീരിയഡ് കഴിഞ്ഞാൽ ഇന്റർവെൽ ആണ്. എല്ലാരും കൂടി പാർവതി ടീച്ചറിനെ പൊതിഞ്ഞു. ‘‘ടീച്ചർ എന്തു പണിയാ കാണിച്ചത്’’ പാവം ടീച്ചർ  അപ്പോഴേക്കും ഞങ്ങളുടെ അനിയത്തിമാരുടെ ടീച്ചർ ആയി കഴിഞ്ഞിരുന്നു. അന്നത്തെ ഗുരുശിഷ്യ ബന്ധങ്ങൾക്ക് വല്ലാത്തൊരു അടുപ്പം ആയിരുന്നു. പേടിയും ബഹുമാനവും എല്ലാം. അങ്ങനെ ഞങ്ങൾ 10 പാസ്സായി പോരുമ്പോൾ, ടീച്ചറിന്റെ റിട്ടയർമെന്റ് ഒരു സംഭവം ആക്കണം എന്ന മോഹം ടീച്ചറിനോടു പോലും പറയാതെ ഉള്ളിൽവച്ചു.

 

2013 ൽ ടീച്ചർ റിട്ടയർ ചെയ്തപ്പോൾ ഞങ്ങൾ അന്നത്തെ 1992 ബാച്ചുകാരെല്ലാം അവിടെ പോവുകയും റിട്ടയർമെന്റ് ഒരു ആഘോഷം ആക്കുകയും ചെയ്തു. ഇന്നും സന്തോഷം വന്നാലും സങ്കടം വന്നാലും ഞാൻ ആദ്യം വിളിക്കുന്നത് എന്റെ ടീച്ചറിനെയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ടീച്ചർ തന്നെയാണ്. ഇത്രയും പോസിറ്റീവ് ആയി എന്തിനെയും കാണാൻ കഴിവുള്ള ഒരാളെ എന്റെ ജീവിതത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല. ഇതൊക്കെ വായിക്കുമ്പോൾ ടീച്ചറിന്റെ മനസ്സ് എനിക്ക് കാണാം. ‘‘അങ്ങനെ ഒന്നും പറയാനുള്ളത് ഞാൻ ചെയ്തിട്ടില്ല കവിത’’ എന്ന പുഞ്ചിരിയായിരിക്കും ടീച്ചറിന്റെ മുഖത്ത്.

 

ഒന്നുറപ്പാണ് ടീച്ചർ. ടീച്ചർ പഠിപ്പിച്ച ആരോടും ചോദിച്ചോളൂ, എല്ലാർക്കും ഒന്നേ പറയാനുണ്ടാകൂ. ഇനിയൊരു ജൻമം ഉണ്ടെങ്കിൽ പാർവതി ടീച്ചറിന്റെ ശിഷ്യയാകണം എന്ന്.

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career Gurusmrithi Series - KAVITHA. S. MENON Talks About Her Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com