ADVERTISEMENT

മൂന്നു പ്രതിമകൾ നിരത്തിവച്ചിട്ട് വിൽപനക്കാരൻ പറഞ്ഞു: ആദ്യത്തേതിന് ഒരു ലക്ഷം രൂപയും രണ്ടാമത്തേതിനു പതിനായിരം രൂപയും മൂന്നാമത്തേതിനു നൂറു രൂപയുമാണ്. പ്രതിമകൾ തമ്മിൽ വ്യത്യാസം കാണാതിരുന്നതുകൊണ്ട് രാജാവും പരിവാരങ്ങളും ചിന്താക്കുഴപ്പത്തിലായി. വിൽപനക്കാരൻ ഒരു കുഴൽ ആദ്യപ്രതിമയുടെ ചെവിക്കുള്ളിലൂടെ ഇട്ടപ്പോൾ അത് വായ് തുറന്ന് എന്തൊക്കെയോ പറയാൻ ശ്രമിച്ചു. രണ്ടാമത്തെ പ്രതിമയുടെ ചെവിക്കുള്ളിലൂടെ കുഴലിട്ടപ്പോൾ അതു മറ്റേ ചെവിയിലൂടെ പുറത്തുവന്നു. മൂന്നാമത്തെ പ്രതിമയിൽ കുഴൽ ആമാശയത്തിനുള്ളിലെത്തി. ഒരു തവണ മാത്രം അതു വായ് തുറന്നു. വിൽപനക്കാരൻ വിശദീകരിച്ചു: ആദ്യപ്രതിമ കേൾക്കുന്നതെല്ലാം വിളിച്ചുപറയും. രണ്ടാം പ്രതിമ കേട്ടതെല്ലാം പുറത്തുകളയും. മൂന്നാം പ്രതിമ എല്ലാം മനസ്സിലാക്കി ഉറപ്പുവരുത്തിയവ മാത്രം പുറത്തുപറയും. അതാണു വില വ്യത്യാസം. 

 

കേൾക്കുന്ന ശബ്ദങ്ങൾ നിയന്ത്രിക്കാനാകില്ല. പക്ഷേ, പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ നിയന്ത്രിക്കാനാകും. താൽപര്യമില്ലാത്ത കാര്യങ്ങൾക്കു ചെവികൊടുക്കേണ്ടി വരും. നല്ലതുമാത്രം അരിച്ചെടുക്കാൻ കഴിയുന്ന ചെവിക്കനുയോജ്യമായ അരിപ്പകൾ  കണ്ടുപിടിക്കപ്പെട്ടിട്ടില്ല. കാതിനുള്ളിൽ എന്തൊക്കെ പ്രവേശിക്കുന്നു എന്നതിനെക്കാൾ കാതിനുള്ളിൽ എത്തിയവയ്ക്ക് എന്തു രൂപാന്തരം സംഭവിക്കുന്നു എന്നതിലാണു കേൾവിക്കാരന്റെ സ്വഭാവ സവിശേഷത വ്യക്തമാകുന്നത്. 

 

പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അപഖ്യാതി കേൾക്കുന്നതിനെക്കാളിഷ്ടം ശത്രുക്കളെക്കുറിച്ചുള്ളതു കേൾക്കാനാണ്. പ്രചാരണ പ്രക്രിയയിലും ഇതേ മനോഭാവം തുടരും. കേട്ട ഒരു കാര്യം മറ്റൊരാളോടു പറയുന്നതിനു മുൻപു കടന്നുപോകേണ്ട ചില വിലയിരുത്തൽ തലങ്ങളുണ്ട്. 

 

കേട്ടതു ശരിയോ തെറ്റോ, ശരിയെങ്കിലും തെറ്റെങ്കിലും അതു പ്രചരിക്കുമ്പോൾ ആരോപണവിധേയരാകുന്നവരുടെ മാനസികനില എന്തായിരിക്കും, ബലിയാടാകുന്നവരോടു സംസാരിച്ചാൽ കേട്ടകാര്യങ്ങളുടെ മറുവശംകൂടി വ്യക്തമാകില്ലേ... ചെയ്ത തെറ്റിന്റെ ഗൗരവത്തെക്കാൾ തെറ്റിലൂടെ വന്നുചേർന്ന അപമാനത്തിന്റെ ആഴംകൊണ്ടാണു പലരും നാടുവിട്ടോടുന്നത്. ഒരാളുടെ സംസാരവിഷയം എന്തൊക്കെ എന്നറിഞ്ഞാൽ അയാളുടെ ബൗദ്ധിക നിലവാരവും മാനസികനിലയും പിടികിട്ടും. കയ്യിൽ ഉച്ചഭാഷിണിയുമായി നടക്കുന്നവർ വൈകാരിക സുഖം നൽകുന്ന കാര്യങ്ങൾ മാത്രമല്ല, കഴമ്പുള്ള ശരികളെക്കുറിച്ചുകൂടി വിവരിക്കണം.

 

Content Summary : Understanding the Impact of Rumors and Gossip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com