ആദ്യ കാഴ്ചയിൽ ഇഷ്ടം തോന്നാത്ത അധ്യാപകൻ ജീവിതം മാറ്റിമറിച്ചു, അവതാരകയെ മക്ബെത്തിലെ മന്ത്രവാദിനിയാക്കി

HIGHLIGHTS
  • വഴികാട്ടിയ അധ്യാപകനെ / അധ്യാപികയെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാം.
  • ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കൂ.
guru-smriti-teen-maria-george
ടീൻ മരിയ ജോർജ്
SHARE

ആദ്യ കാഴ്ചയിൽത്തന്നെ ആളുകളെ വിലയിരുത്തുന്നതു തെറ്റാണെന്ന് ജീവിതം കൊണ്ടു കാട്ടിത്തന്ന അധ്യാപകന്റെ കഥയാണ് ഗുരു സ്മൃതി എന്ന പംക്തിയിൽ അധ്യാപിക കൂടിയായ ടീൻ മരിയ ജോർജ് പങ്കുവയ്ക്കുന്നത്. പഠനകാലത്ത് വ്യക്തിത്വത്തെയും കഴിവുകളെയും ഏറ്റവും മികച്ചതാക്കാൻ സഹായിച്ച അധ്യാപകനെക്കുറിച്ച് ടീൻ പറയുന്നു:

രണ്ടാം വർഷ ബിരുദവിദ്യാർഥിയായിരുന്ന കാലം. എല്ലാവർക്കും പ്രിയപ്പെട്ട, സുന്ദരനായ ജെറോം സർ കോളജിൽനിന്നു സ്ഥലം മാറിപ്പോയി. പകരം മറ്റൊരു സർ വന്നിട്ടുണ്ട് എന്ന വാർത്ത കേട്ടാണ് അന്നത്തെ ദിവസം തുടങ്ങിയത്. പുതിയ അധ്യാപകൻ ഡിപ്പാർട്മെന്റിലുണ്ട്. രാവിലെ ഡിപ്പാർട്മെന്റിൽ പോയി വരുന്നവർ സാറിനെപ്പറ്റി പറയുന്നതു കേൾക്കാൻ ചെവിയോർത്തു. കാര്യമായി ഒന്നുംതന്നെ പിടികിട്ടാത്തതു കൊണ്ടും കൗതുകം കൊണ്ടും എന്നാൽപ്പിന്നെ ആളെ ഒന്നു നേരിട്ടു കാണാമല്ലോ എന്നു കരുതി ഡിപ്പാർട്മെന്റിന്റെ ജനാലയിലൂടെ എത്തിനോക്കി. ഗൗരവത്തിൽ ഒരാൾ അവിടെ ഇരിക്കുന്നതു കണ്ടു. ക്ലാസ്സിൽ ചെന്ന് ഞാൻ വിധി എഴുതി: ‘‘ഓ.. എനിക്കെങ്ങും ഇഷ്ടപ്പെട്ടില്ല’’. നമുക്ക് ഊഹിച്ചെടുക്കാൻ കഴിയാത്ത സ്വഭാവമുള്ള ആളുകളെ പറ്റി ചുമ്മാ എന്തെങ്കിലും ഒക്കെ പറയണമല്ലോ. അന്നുണ്ടായിരുന്ന ആ മെനകെട്ട സ്വഭാവം ഞാൻ പുറത്തു കാണിച്ചു.

അങ്ങനെയിരിക്കെ സർ ഞങ്ങളെ പഠിപ്പിക്കാനെത്തി. ആദ്യമായി വരുന്ന അധ്യാപകരെ നമ്മൾ ആകാംക്ഷയോടെ നോക്കിയിരിക്കുമല്ലോ, ഇയാൾ എന്തോന്നാണാവോ പറയാൻ പോകുന്നതെന്ന്. അന്ന് എന്റെ അടുത്തിരുന്ന ഏയ്ഞ്ചലിനെക്കൊണ്ട് സർ എന്തോ വായിപ്പിച്ചു. ‘‘സാർ തരക്കേടില്ല.’’ ഞാൻ അഭിപ്രായം ഒന്ന് മെച്ചപ്പെടുത്തി. പിന്നീട് എപ്പോഴോ സർ ക്ലാസ്സിൽ വന്ന് എന്റെ പേര് വിളിച്ചു. അധ്യാപകർ പേരു പഠിക്കുന്നതിലും വലിയ സന്തോഷമുണ്ടോ?. ‘‘ഹാ.. ജോർജ് സാറിന് എന്റെ പേര് അറിയാം’’. ഏതോ ഒരു പരിപാടിക്ക് കോംപെയർ ചെയ്യാൻ വിളിച്ചതാണ്. പിന്നീടങ്ങോട്ട് ഇടയ്ക്കൊക്കെ എന്തെങ്കിലും പരിപാടിക്ക് വിളിക്കും. 

അങ്ങനെയങ്ങനെ ഫൈനൽ ഇയർ ആയി. തലക്കകത്ത് ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് പ്രോജക്ട് ചെയ്യണ്ടത്. ജോർജ് സാറിനെ ഗൈഡ് ആയി കിട്ടിയ ഒരാൾ എന്റെ അടുത്തു വന്ന് ഒരു എക്സ്ചേഞ്ച് ഓഫർ വച്ചു. സാറിന്റെ ലെവലിന് നിൽക്കാൻ പറ്റില്ലെന്നായിരുന്നു കാരണം. ‘‘അപ്പോൾ ഞാനോ’’ എന്നൊരു നോട്ടം ഞാൻ നോക്കി. പിന്നെ ബോധോം വിവരോം ഒന്നും ഇല്ലെങ്കിലും പേടിയില്ലാത്തതു കൊണ്ട് ഞാൻ സമ്മതിച്ചു. (പേടിക്കാനും ഒരു മിനിമം ബോധം വേണമെന്നാണല്ലോ). അങ്ങനെ സർ എന്റെ ഗൈഡ് ആയി. മൂന്നുപേർ കൂടി സാറിന്റെ ഒപ്പം ഉണ്ടായിരുന്നു. പ്രോജക്ടിന് എന്തു വിഷയം എടുക്കണം എന്ന്‌ ചോദിക്കാൻ ചെന്നപ്പോഴാണ് ഞാൻ അദ്ഭുതപ്പെട്ടത്‌. എന്റെ താൽപര്യങ്ങൾ എന്തൊക്കെയാണെന്ന് സർ കൃത്യമായി പറയുന്നു. ആ വർഷം ഏറ്റവും ഹാപ്പിയായി പ്രോജക്ട് ചെയ്തത് ഞാനാവും എന്ന് ഇടയ്ക്ക് ഞാൻ വിചാരിക്കാറുണ്ട്.

എന്റെ ‘ലെവൽ’ മനസ്സിലാക്കിയിട്ടും സാർ വഴക്കു പറഞ്ഞില്ല. വായിപ്പിക്കുകയും എഴുതിപ്പിക്കുകയും പറഞ്ഞുതരുകയും ഒക്കെ ചെയ്തു. സർ യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്ന് പുസ്തകം എടുത്തു തന്നപ്പോൾ ക്ലാസ്സിൽ കൊണ്ടുപോയി ഷോഓഫ്‌ ചെയ്തതും എല്ലാവരും എന്നെ നോക്കി അസൂയപ്പെട്ടതും ഞാൻ ഓർക്കുന്നു. (അത് തിരിച്ചു കൊടുക്കാൻ താമസിച്ചതിന് ഫൈൻ അടയ്ക്കേണ്ടി വന്നപ്പോൾ എന്നോട് കണക്കു പറഞ്ഞതും). അങ്ങനെ എല്ലാ അർഥത്തിലും സർ ഞങ്ങൾക്ക് ഒരു ‘‘ഗൈഡ്’’ആയി. ചെറിയ തമാശകൾ പറയുന്ന, കളിയാക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു മെന്റർ. വൈകിട്ട് നോക്കിത്തന്ന പ്രോജക്ടിലെ എന്തെങ്കിലും ഭാഗത്തെപ്പറ്റി ഓർമ വരുമ്പോൾ സർ അത് പറയുമായിരുന്നു. എന്റെ പ്രോജക്ടിനെപ്പറ്റി ഞാൻ പോലും ഇത്രേം ചിന്തിക്കാറില്ലല്ലോ എന്നൊക്കെ അപ്പോൾ ഞാൻ ഓർത്തിട്ടുണ്ട്. വൈവ എക്സാമിന് മുൻപും അതിനു ശേഷവും നിറഞ്ഞ മനസ്സോടെ സാറിനെ വിളിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. സ്വന്തം എന്ന് പറയാൻ ഒരു പ്രോജക്ട് ചെയ്യിപ്പിച്ചതിന്റെ നന്ദിയും. 

റിസൽറ്റ് ഒഫിഷ്യൽ ആയി വരുന്നതിനു മുൻപ് എനിക്ക് എ പ്ലസ് ഉണ്ടെന്ന് രഹസ്യമായി പറഞ്ഞപ്പോൾ എന്റെ സന്തോഷമാണോ സാറിന്റെ സന്തോഷമാണോ വലുതെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇപ്പോൾ ജോർജ് സാറിന്റെ കൂടെയാണ് പ്രോജക്ട് ചെയ്യുന്നത് എന്ന്‌ ആരെങ്കിലും പറഞ്ഞാൽ. ‘‘ഓ! നല്ല പ്രോജക്ട് ചെയ്യാലോ. എ പ്ലസ് കിട്ടൂലോ’’ എന്നൊക്കെയാണ് ആദ്യം എല്ലാവരും പറയുക. സോഷ്യൽ കഴിഞ്ഞ് ഞാനും മനീഷും സാറിനെ കാണാൻ പോയി. ഒരുപാട് കാര്യങ്ങൾ ചെയ്യാനും പഠിക്കാനും പലയിടങ്ങളിൽ പോകാനും സർ പറഞ്ഞു. അന്ന് എടുത്ത ഒരേയൊരു സെൽഫിയായി ചുരുങ്ങും സാറിന്റെ ഓർമകൾ എന്ന്‌ കരുതിയ എനിക്ക് തെറ്റി. തമാശയ്ക്കാണെങ്കിലും ‘‘താൻ പിജി ഇവിടെ ചെയ്യ്’’ എന്ന് സർ പറഞ്ഞത് ഞാൻ സീരിയസ് ആയിത്തന്നെ എടുത്തു. ആർട്സ് ക്വോട്ടയിൽ ആപ്ലിക്കേഷൻ കൊടുക്കാൻ പറഞ്ഞതും ആർട്സിൽത്തന്നെ കിട്ടിയപ്പോൾ ആദ്യം വിളിച്ചറിയിച്ചതും സർ തന്നെ.

എന്തായാലും ഞാൻ അവിടെത്തന്നെ എത്തി. അപ്പോഴാണ് ന്യൂമാൻ വീടായത്. ഒരുപാട് ഇഷ്ടം തോന്നുന്ന അധ്യാപകർ (ജെറോം സർ വീണ്ടും സ്ഥലം മാറി ന്യൂമാനിൽത്തന്നെ എത്തിയെന്നു കൂടി ഓർമിപ്പിക്കട്ടെ). ഒരു കുടുംബം പോലെ എന്ന് ഒട്ടും അതിശയോക്തി ഇല്ലാതെ പറയാൻ പറ്റുന്ന ഒരു ക്ലാസ്. കാഴ്ചപ്പാടുകളൊക്കെ മാറ്റിമറിക്കുന്ന നല്ല ഒന്നാന്തരം പഠനഭാഗങ്ങൾ, ക്ലാസുകൾ. അവിടെയും കോംപയർ ചെയ്തു നടന്നിരുന്ന എന്നെ ആദ്യമായി നാടകത്തിലേക്ക് ക്ഷണിച്ചതും ജോർജ് സർ ആണ്. ജീവിതത്തിലിന്നു വരെ ഒരു നാടകത്തിൽ പോലും അഭിനയിക്കാത്ത എന്നെ മക്‌ബെത്തിലെ വിച്ച് ആക്കിയതിന് ഞാൻ എന്നും സാറിനോട് കടപ്പെട്ടിരിക്കും.

ഒരിക്കലും പ്രത്യേക ഇഷ്ടമൊന്നും വിദ്യാർഥികളോട് കാണിക്കാതെ എല്ലാം നോക്കിയും കണ്ടും മാത്രം സർ നടന്നു. നല്ല കുറേ ക്ലാസുകൾ സമ്മാനിച്ചു. സെൽഫ് ഫാഷിണിങ്ങിൽ തുടങ്ങി, മോഡേണിസത്തിലും പോസ്റ്റ്‌ മോഡേണിസത്തിലും തട്ടിത്തടഞ്ഞ്, കൾച്ചറൽ സ്റ്റഡീസിന്റെ പടികൾ കയറി, ടെക്സ്റ്റ്‌ ആൻഡ് പെർഫോമൻസ് വരെ ഒക്കെ ഞങ്ങൾ എത്തിപ്പെട്ടു. വേസ്റ്റ് ലാൻഡ് എടുത്തു, ടേം പേപ്പറുകൾ എഴുതിപ്പിച്ചു. അവസാനം ഫൈനൽ റിസൽറ്റ് വന്ന ശേഷം ഞങ്ങൾ എല്ലാവരെയും വിളിച്ച് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. അന്നായിരിക്കും എല്ലാവർക്കും സാറിന്റെ സ്നേഹം കുറച്ചെങ്കിലും മനസ്സിലാക്കാനായത്. വളരെ അരഗന്റാണ് താൻ എന്ന്‌ വിശ്വസിക്കുന്ന ആൾ ആണ് സർ എന്നും. ‘‘എന്നിൽനിന്ന് ഇത്രയും സ്നേഹം ജനറേറ്റ് ചെയ്യാൻ പറ്റിയെങ്കിൽ അത് വിദ്യാർഥികളുടെ മെറിറ്റ് ആണ്’’ എന്ന് സർ തുറന്നു സമ്മതിച്ചത് അദ്ഭുതത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ് ഞാൻ കേട്ടത്. ഇത്രയും ഒക്കെ ഉള്ളിൽ വച്ചിട്ടാണോ ഈ മനുഷ്യൻ ഒന്നും മിണ്ടാതെ നടന്നതെന്ന് ആയിരിക്കാം ഞാൻ ഉൾപ്പെടെ എല്ലാവരും ചിന്തിച്ചത്. 

ഹാരി പോട്ടറിലെ സ്നേയ്പ്പിനെപ്പോലെയായിരുന്നു ജോർജ് സാർ എന്ന് അന്നെനിക്ക് മനസ്സിലായി. അതു കൊണ്ടായിരിക്കാം ഇന്ന് ജീവിതത്തിൽ പ്രധാനപ്പെട്ടത് എന്നു തോന്നുന്ന എന്തെങ്കിലും സംഭവിക്കുമ്പോൾ, ഒരു പടം വരയ്ക്കുമ്പോൾ, ക്രാഫ്റ്റ് ചെയ്യുമ്പോൾ, നാലുപേരെ കാണിക്കാൻ കൊള്ളാം എന്നുതോന്നുന്ന എന്തെങ്കിലും എഴുതുമ്പോൾ, ഒരു സമ്മാനം കിട്ടുമ്പോൾ, ഒരു എക്സാം പാസ്സ് ആവുമ്പോൾ, ആദ്യം വിളിച്ച് പറയേണ്ടത് ആരോടാണ് എന്ന് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്ന മുഖങ്ങളിൽ ഒരെണ്ണം ജോർജ് സാറിന്റെതായത്. അധ്യാപക ദിനത്തിൽ ആശംസകൾ പറയുമ്പോൾ എല്ലാവരും ആരുടെയെങ്കിലുമൊക്കെ അധ്യാപകർ ആണെന്നു പറഞ്ഞ് തിരിച്ചും ടീച്ചേഴ്സ് ഡേ വിഷ് ചെയുന്ന ഒരേയൊരു അധ്യാപകനേ എനിക്ക് ഉണ്ടായിട്ടുള്ളൂ.

നന്ദി. പുസ്തകങ്ങൾക്കപ്പുറത്തുള്ള ചില പാഠങ്ങൾ പഠിപ്പിച്ചതിന്, മണ്ടത്തരങ്ങൾ പറയുമ്പോൾ കളിയാക്കാത്തതിന്, ഒരിക്കലും അനുസരിക്കില്ലെന്നറിഞ്ഞിട്ടും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറയുന്നതിന്, ഓരോ സംഭാഷണത്തിലും ഓരോ പുതിയ കാര്യം പറഞ്ഞുതരുന്നതിന്, കഥകൾ പറയുന്നതിന്, ചെറിയ ചെറിയ സങ്കടങ്ങൾ പങ്കുവയ്ക്കാൻ അനുവദിച്ചതിന്, കാപ്പി വാങ്ങിത്തന്നതിന്... കൂട്ടുകൂടിയതിന്... എന്നെങ്കിലും ഒരിക്കൽ സാറിന്റെ പ്രതീക്ഷകൾക്കൊപ്പം ഞാൻ വളരണമേ എന്ന് എനിക്ക് തന്നെ ഒരാശംസ! എല്ലാവരുടെയും ജീവിതത്തിൽ ഒരു ജോർജ് സാർ ഉണ്ടാവട്ടെ!

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

Content Summary : Career Gurusmrithi Series Teen Maria George Talks About His Favorite Teacher

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}