ADVERTISEMENT

മാർക്കിലാണ് എല്ലാം എന്നു പറയുന്ന അധ്യാപകരിൽനിന്ന് വ്യത്യസ്തനായ ഒരു അധ്യാപകനെക്കുറിച്ചുള്ള ഓർമയാണ് ജാഫർ ജമാൽ എന്ന പ്രവാസി ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്. ‘സായിബേ’ എന്നുള്ള മാഷിന്റെ നീട്ടിവിളി ഏറെയിഷ്ടമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ജാഫർ പ്രിയ അധ്യാപകനെ ഓർക്കുന്നതിങ്ങനെ... 

 

ആറാം ക്ലാസ്സിലെ ആദ്യ ദിനം. ക്ലാസ് ടീച്ചറിന്റെ പരിചയപ്പെടലിനു ശേഷം രണ്ടാമത്തെ പീരീഡിൽ ഇംഗ്ലിഷ് ക്ലാസ് എടുക്കാനെത്തിയ അധ്യാപകനെക്കണ്ട് ഞാനൊന്ന് ചെറുതായി ഞെട്ടി. പിറകിലെ ബെഞ്ചിൽ അദ്ദേഹത്തിന് പെട്ടെന്ന് പിടികൊടുക്കാൻ പറ്റാത്ത രീതിയിൽ ഞാൻ മറഞ്ഞിരിക്കാൻ ശ്രമിച്ചു. വിദ്യാർഥികളെ ഓരോരുത്തരെയായി പരിചയപ്പെട്ട് അവസാനം പിറകിലെ ബെഞ്ചിലേക്കെത്തിയതോടെ മനസ്സില്ലാ മനസ്സോടെ ഞാനും എഴുന്നേറ്റുനിന്നു. സ്വയം പരിചയപ്പെടുത്താനുള്ള അവസരം എനിക്ക് നിഷേധിച്ചുകൊണ്ട് ആ അധ്യാപകൻ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു ‘‘ഹാ, സായിബ് ഇവിടേം ഉണ്ടോ. കഴിഞ്ഞ കൊല്ലത്തെപ്പോലെ കളികളൊക്കെ ഇവിടേം ഉണ്ടാകുമോ?’’

കൈമുട്ടുകൾക്ക് മേലെ  തെറുത്തു വെച്ച  വെള്ള ഷർട്ടിൽ മെല്ലെ തലോടി മുഖത്തെ കുസൃതി ഒളിപ്പിച്ച ചിരിമായ്ക്കാതെ എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. മുൻവശത്തിരുന്ന പഠിപ്പിസ്റ്റുകളും  നടുഭാഗത്തുള്ള സെമിപഠിപ്പിസ്റ്റുകളും നാണം  നിറഞ്ഞ മുഖത്തോടെയിരുന്ന എന്നെ നോക്കി ‘മാഷുമായി ഇത്ര പരിചയമുള്ള ഇവനാരെട’ എന്ന മട്ടിൽ ആശ്ചര്യംകൊണ്ടു. 

 

അഞ്ചാംതരത്തിലെ  ക്ലാസ് ടീച്ചർ, കണക്ക് അധ്യാപകൻ എന്ന നിലയിലാണ്  കെ.ജെ.ജോസ്മാസ്റ്ററുമായുള്ള എന്റെ പരിചയം തുടങ്ങുന്നത്. ഉയരക്കൂടുതൽ കൊണ്ട് പിൻബെഞ്ചിലായിരുന്നു എപ്പോഴും സ്ഥാനം. പഠിപ്പിൽ ശരാശരിക്കാരനും. പക്ഷേ പ്രായത്തിന്റെ ഒത്തിരി കുസൃതികൾ കൊണ്ട് മാഷിന്റെ കയ്യിൽനിന്ന് ഇത്തിരി അടികൾ വാങ്ങിയിട്ടുണ്ട്. ആ പരിചയത്തിലാണ് ആറാം ക്ലാസ്സിലെ ആദ്യദിനത്തിൽ അദ്ദേഹമെന്നോട് സംസാരിച്ചതെന്ന്  ഞാനാരോടും പറഞ്ഞില്ല. സായിബേ എന്ന് എന്നെ അഭിസംബോധന ചെയ്ത ആദ്യത്തെ അധ്യാപകനും ജോസ് മാഷ് ആയിരുന്നു. ആറാം ക്ലാസിനു ശേഷം അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല പക്ഷേ എപ്പോൾ കണ്ടാലും സ്നേഹവാത്സല്യത്തോടെ ‘നന്നായി പഠിക്കണട്ടാ’ എന്ന് എന്നോട് പറയുമായിരുന്നു.

 

സ്കൂൾ ജീവിതം കഴിഞ്ഞുള്ള കാലങ്ങളിലും പലപ്പോഴായി പലയിടത്തും വെച്ച് മാഷെ കണ്ടു. അപ്പോഴെല്ലാം ഒട്ടും ചോരാത്ത സ്നേഹത്തോടുകൂടി അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. കഴിഞ്ഞ അവധിക്കാലത്ത് മാഷിനെ കണ്ടു മുട്ടിയപ്പോൾ എന്റെ മകളും ഒപ്പം ഉണ്ടായിരുന്നു. അവളോട്‌ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം ‘‘നന്നായി പഠിക്കണട്ടാ. ഉപ്പയെപ്പോലെ നല്ല കുട്ടിയായി പഠിക്കണം’’ എന്ന്  അവളെ ഉപദേശിച്ചത് കേട്ട് നാണം നിറഞ്ഞൊരദ്ഭുതത്തോടെ മാഷെ നോക്കി നിന്ന എന്റെ അടുത്തുവന്ന് ‘നന്നായി പഠിക്കുക എന്ന് വച്ചാൽ കൊറേ മാർക്ക് വാങ്ങിക്കൂട്ടൽ മാത്രല്ല സായിബേ’ എന്നു പറഞ്ഞ് പതിവ് കുസൃതി ഒളിപ്പിച്ച ചിരിയുമായി എന്റെ തോളത്ത് തട്ടി അദ്ദേഹം നടന്നകന്നു.

 

അധ്യാപനം ഒരു അനുഗ്രഹമാണ്. പാഠപുസ്തകങ്ങളിലെ വരികൾക്കപ്പുറത്ത് ജീവിതപാഠങ്ങളും പകർന്ന് നൽകാൻ കഴിയുന്ന അധ്യാപകരെ ലഭിക്കുന്ന ശിഷ്യർ അനുഗൃഹീതരുമാണ്.

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

 

Content Summary : Career Guru Smrithi Jaffer Jamal talks about his favorite teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com