മരണചിന്തയിൽനിന്ന് രക്ഷിച്ച ‘മാലാഖ’, സർക്കാർ ജോലി എന്ന സ്വപ്നം സഫലമാക്കിയ പ്രിയ അധ്യാപിക

HIGHLIGHTS
  • വഴികാട്ടിയ അധ്യാപകനെ / അധ്യാപികയെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാം.
  • ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കൂ.
gurusmruthi-leena
ലീന
SHARE

മരണചിന്തയിൽനിന്ന് രക്ഷിച്ച്, എല്ലാ സങ്കടങ്ങളിൽനിന്നും കരകയറാനായി നല്ലൊരു ജോലി നേടാൻ സഹായിച്ച അധ്യാപികയെക്കുറിച്ചുള്ള ഓർമകളാണ് കൊല്ലം സ്വദേശിനി ലീന പങ്കുവയ്ക്കുന്നത്. സർക്കാർ ജോലി എന്ന സ്വപ്നം പല കടമ്പകൾ താണ്ടി തനിക്ക് സഫലമാക്കാൻ കഴിഞ്ഞത് അധ്യാപികയായ ആശ ബിനീഷ് കാരണമാണെന്നു പറഞ്ഞുകൊണ്ട് ഗുരുസ്മൃതി എന്ന പംക്തിയിലൂടെ തന്റെ പ്രിയ ഗുരുവിനെ ഓർക്കുകയാണ് ലീന.

എന്റെ പേര് ലീന. കൊല്ലം പാരിപ്പള്ളിയാണ് സ്വദേശം. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത, ജീവിതാവസാനം വരെ എന്റെ അമ്മയുടെ ഓർമകൾക്കൊപ്പം ചേർത്തു വയ്ക്കാൻ കൊതിക്കുന്ന, ഞാൻ ആരാധിക്കുന്ന. എന്റെ എല്ലാമെല്ലാമായ പ്രിയ അധ്യാപിക ആശ ബിനീഷിനെകുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. സർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർഥികൾക്കായി  ഓൺലൈൻ പരിശീലന സ്ഥാപനം നടത്തുകയാണ് ടീച്ചർ. എന്നെപ്പോലെ ആയിരക്കണക്കിന് ഉദ്യോഗാർഥികളെ ഊണിലും ഉറക്കത്തിലും പഠിപ്പിച്ചും മോട്ടിവേഷൻ നൽകിയും പരിശീലനം തുടരുന്ന ടീച്ചറിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.

516/2019Lpsa എക്സാം നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ അപേക്ഷ നൽകിയ ശേഷം ഒരു കോച്ചിങ് സെന്ററിൽ ചേർന്നു. ആദ്യ ക്ലാസ് കഴിഞ്ഞു. ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ തൃശ്ശൂരിൽ സ്ഥിരീകരിച്ചെന്ന വാർത്ത കേട്ടുകൊണ്ടാണ് പിറ്റേന്ന് ഉണർന്നത്. അധികം വൈകാതെ ലോക്ഡൗൺ വന്നു. ആ ലോക്ഡൗൺ ഞങ്ങളുടെ ജീവിതത്തെ കൂടിയാണ് ലോക്ക് ആക്കിയത്. എന്റെ ഭർത്താവ് മുദ്ര ലോൺ എടുത്തു പുതിയ പ്രസ് തുടങ്ങിയതേയുള്ളൂ, വീടിന്റെ അടിത്തറയാകട്ടെ പകുതിയേ കെട്ടിത്തീർന്നിട്ടുള്ളൂ. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് ഒരു പിടിയുമില്ല. പ്രസ് ആറു മാസം അടച്ചിടേണ്ടിവന്നു. ലോക്ഡൗൺ ഇളവ് കിട്ടുന്ന ദിവസം തുറന്നാലും ഒരു നേട്ടവും ഇല്ലാത്ത അവസ്ഥ. ആദ്യ മൊറട്ടോറിയം എടുത്തു. ബാങ്ക് അടവ് മുടങ്ങി. എങ്ങനെ മുന്നോട്ട് പോകുമെന്നറിയില്ല. നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടി. 

എക്സാമിനു വേണ്ടി ഓൺലൈൻ കോച്ചിങ് ക്ലാസുകളൊക്കെ വീണ്ടും തുടങ്ങിയ സമയം. ഒരു കോച്ചിങ് ക്ലാസ്സിലും ചേരാൻ പണമില്ലാത്തുകൊണ്ട് സ്വന്തമായി പഠിക്കാൻ തുടങ്ങി. സൈക്കോളജിയൊക്കെ കടു കട്ടി. ടിടിസി കഴിഞ്ഞിട്ട് 8 കൊല്ലം കഴിഞ്ഞ് ആദ്യമായെഴുതുന്ന പരീക്ഷയാണ്. അതിന്റെ ടെൻഷനുണ്ട്. പറ്റുന്ന രീതിയിലൊക്കെ പഠിച്ചു. ഓരോ ദിവസവും കടം വാങ്ങിയും ചോറും മുളകു പൊടിയും എണ്ണയും ഉപ്പും ഒഴിച്ച് ഭക്ഷണം കഴിക്കണ്ടേ അവസ്ഥ. ഒടുവിൽ എന്റെ അമ്മയുടെ പരിചയത്തിൽ ഒരു ചേട്ടന്റെ കയ്യിൽനിന്ന് പൈസ പലിശയ്ക്ക് വാങ്ങി ഒരു തട്ടുകട തുടങ്ങി. കൊല്ലം പാരിപ്പള്ളി ദേശീയപാതയ്ക്കു സമീപം രാത്രിയിൽ കട നടത്തും. പാചകം എല്ലാം ഞാൻ, ചേട്ടൻ സഹായത്തിനുo. പിജി കഴിഞ്ഞ ഒരു പെണ്ണ് എച്ചിൽ പാത്രം എടുക്കാൻ നടക്കുന്നു എന്ന് പറഞ്ഞ് പലരും കളിയാക്കി, പുച്ഛിച്ചു. ഒന്നും മനസ്സിൽ വയ്ക്കാതെ മുന്നോട്ട് പോയി. ഇടയ്ക്ക് കിട്ടുന്ന സമയം പഠിച്ചു. ഉറക്കം വളരെ കുറച്ചു മാത്രം. ഒരു മെന്റർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് വളരെ വലുതായിരുന്നു. 

സിലബസ് കൃത്യമായി പിന്തുടരാൻ സാധിക്കുന്നില്ല, റിവിഷൻ ചെയ്യാൻ പറ്റുന്നില്ല, തട്ടുകടയിൽനിന്നു വരുമാനമില്ല. ഒടുവിൽ ബാധ്യത കൂടിക്കൂടി വന്നപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു, ഒരുമിച്ചു മരിക്കാം. ഇനി മുന്നോട്ടു പോകാൻ വഴികൾ ഇല്ല. നിന്നെ ഈ കടത്തിൽ ഒറ്റയ്ക്ക് തള്ളിയിട്ടിട്ട് ഞാൻ മരിക്കില്ല എന്ന്. ഒരു നിമിഷം പകച്ചു പോയി. ഉടൻ ഒരു ജോലി കിട്ടില്ല എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ചേട്ടനെ അശ്വസിപ്പിക്കാൻ ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു, എനിക്ക് ജോലി കിട്ടും, ഈ പരീക്ഷ ഞാൻ എഴുതിയെടുക്കും എന്നൊക്കെ. അങ്ങനെയിരിക്കെ യുപിഎസ്എ എക്സാം കഴിഞ്ഞ് ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ ഒരു ഓൺലൈൻ കോച്ചിങ് സെന്ററിനെക്കുറിച്ച് പറഞ്ഞു. നല്ല കോച്ചിങ് ആണ് പക്ഷേ ഫീസ് വളരെ കൂടുതലാണ്. അവരുടെ യുട്യൂബ് ക്ലാസുകൾ ഒന്നു കണ്ടു നോക്കൂവെന്ന് പറഞ്ഞു. കണ്ടു തുടങ്ങിയപ്പോൾ വളരെ നല്ല രീതിയിൽ പഠിപ്പിക്കുന്നു. എങ്ങനെയെങ്കിലും അവരുടെ എൽപി കോഴ്സിൽ ചേരണം എന്നാഗ്രഹിച്ചു. പക്ഷേ കൈയിൽ പണമില്ല. എന്തും വരട്ടെ എന്ന് വിചാരിച്ച് അവരുടെ കോൺടാക്റ്റ് നമ്പറിലേക്ക് വിളിച്ചു. വളരെ ചെറിയ പൈസയ്ക്ക് അവരുടെ രണ്ടാഴ്ചത്തെ എൽപിഎസ്എ കാപ്സ്യൂൾ കോഴ്സ് ഞാൻ തിരഞ്ഞെടുത്തു. വെളുപ്പിന് 5.45 മുതൽ 7.15 വരെ ഗൂഗിൾ മീറ്റിൽ ക്ലാസ്സ്‌. അതു കഴിഞ്ഞു 12 മണിക്ക് ഒരു ലൈവ് സെഷൻ, വൈകുന്നേരം ഒരു ക്ലാസ്സ്‌. എല്ലാം മുടങ്ങാതെ കണ്ടു. തട്ടുകടയിലെ തിരക്കു പിടിച്ച ജോലിക്കിടയിലും ലൈവ് സെഷൻ മുടങ്ങാതെ കണ്ടു. എപ്പോഴെങ്കിലും ഒന്ന് മനസ്സു മടിച്ചാൽ അപ്പോൾത്തന്നെ ആശ മിസ്സിന്റെ നല്ല പവർ ഫുൾ മോട്ടിവേഷൻ കിട്ടും. 

അങ്ങനെ എൽപി എക്സാം കഴിഞ്ഞു. തെറ്റില്ലാത്ത രീതിയിൽ എക്സാം അറ്റൻഡ് ചെയ്യാൻ കഴിഞ്ഞു. ലിസ്റ്റിൽ ഉണ്ടാകും എന്ന് ഉറപ്പായിരുന്നു. പെട്ടന്ന് ഒരുദിവസം പ്രൊഫൈലിൽ മെസ്സേജ് വന്നു, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ചെല്ലണം എന്നു പറഞ്ഞ്. അപ്പോൾത്തന്നെ ഉറപ്പിച്ചു ലിസ്റ്റിൽ എവിടെയോ ഞാനും ഉണ്ടെന്ന്. വെരിഫിക്കേഷൻ കഴിഞ്ഞ് വൈകാതെ ഷോർട്ട് ലിസ്റ്റ് വന്നു. ഞാൻ ലിസ്റ്റിൽ ഉണ്ട്. സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു. അമ്മയെ വിളിച്ച ശേഷം ഞാൻ മിസ്സിനെ ആണ് വിളിച്ചത്. അപ്പോഴേക്കും ഇന്റർവ്യൂ കോഴ്സ് ഒക്കെ അവർ തുടങ്ങിക്കഴിഞ്ഞിരുന്നു. പൈസ ഇല്ലാത്തതു കൊണ്ട് സ്വന്തമായി ഞാൻ പരിശീലിക്കുകയായിരുന്നു.  ലിസ്റ്റിൽ ഉണ്ട് എന്നു പറഞ്ഞു കഴിയും മുൻപ് ‘‘നീ എനിക്ക് പൈസ ഒന്നും തരണ്ട, ജോലി കിട്ടിയിട്ട് ഇഷ്ടം ഉണ്ടേൽ തന്നാൽ മതി. എത്രയും വേഗം ഇന്റർവ്യൂ ബാച്ചിൽ ജോയിൻ ചെയ്യൂ’’ എന്ന് പറഞ്ഞു. മിസ്സ്‌ ഇത്‌ എന്നോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഫോണിൽ ഒരു മെസ്സേജ് വന്നു. നോക്കിയപ്പോൾ അവരുടെ ഇന്റർവ്യൂ ബാച്ചിൽ എന്നെയും ആഡ് ചെയ്തിരിക്കുന്നു. പിന്നീടങ്ങോട്ട് എങ്ങനെയും ജോലി നേടിയെടുക്കണം എന്ന വാശിയിൽ പഠിച്ചു.

ഡെമോ ക്ലാസുകൾ എടുത്തു പഠിച്ചു. ഇന്റർവ്യൂ ദിവസം മിസ്സ്‌ ഇങ്ങോട്ടു വിളിച്ച് പ്രാർഥനകൾ അറിയിച്ചു. നല്ല രീതിയിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. അതു കഴിഞ്ഞ് പിന്നീടങ്ങോട്ട്  ആ പരിശീലന സ്ഥാപനം അവരുടെ മിക്ക ഓൺലൈൻ ക്ലാസും എനിക്ക് സൗജന്യമായി തന്നു. LDC, Feild Worker, Women' civil exercise അങ്ങനെ നിരവധി ലിസ്റ്റുകളിൽ എന്റെ പേര് വന്നു. ആശ മിസ്സിന്റെ സന്തോഷം എന്റേതിനേക്കാൾ ഇരട്ടിയായിരുന്നുവെന്ന് എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷകൾ എഴുതാൻ പോകാൻ എനിക്ക് പൈസ അയച്ചു തന്നും നല്ല വസ്ത്രങ്ങൾ എനിക്കില്ല എന്നു മനസ്സിലാക്കി നല്ല ഉടുപ്പുകൾ വാങ്ങി അയച്ചും മിസ്സ്‌ പിന്നെയും പിന്നെയും എന്നെ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ തിരുവനന്തപുരം ജില്ലയിൽ 516/2019 കാറ്റഗറിയിൽ നിന്ന് ആദ്യ അഡ്വൈസ് അയച്ചപ്പോൾ അതിൽ 96 ാമതായി ലീന.എൽ w/o നന്ദുരാജ് എന്ന ഞാനും ഉണ്ട് എന്ന് വിളിച്ചു പറഞ്ഞപ്പോൾ സന്തോഷത്തിൽ മിസ്സിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. എന്താണ് എന്നോട് പറയേണ്ടത് എന്ന് മിസ്സിന് തന്നെ അറിയാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു. എൽപിഎസ്എ റാങ്ക് ഹോൾഡേഴ്സിന്റെ മീറ്റിന് എന്നെ വിളിച്ചപ്പോഴും എന്റെ എല്ലാ ചെലവും മിസ്സ്‌ തന്നെ വഹിച്ചു. എനിക്ക് ഉപഹാരം തന്ന നിമിഷം അമ്മയാണോ ഗുരുവാണോ ദൈവമാണോ എന്റെ മുന്നിൽ നിൽക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള, പോസറ്റീവ് ആയിട്ടുള്ള ഇങ്ങനെ ഒരു അധ്യാപികയെ എനിക്ക് ലഭിച്ചതിൽ എന്നും ഒരായിരം നന്ദി മാത്രം. 

ഞാൻ എങ്ങനെയാകണം എന്ന് ഓരോ നിമിഷവും ചിന്തിക്കുമ്പോൾ ആശ മിസ്സിനെ പോലെയാകണം എന്ന് മാത്രം ആണ് മനസ്സിൽ വരുന്നത്. ആത്മഹത്യയിൽനിന്ന് ഞാൻ എന്റെ ഭർത്താവിനെ പിന്തിരിപ്പിച്ചപ്പോൾ എന്നെ രക്ഷിച്ച് എന്റെ വഴി കാട്ടിത്തന്ന എന്റെ പ്രിയപ്പെട്ട മിസ്സിനെ ഈ അധ്യാപിക ദിനത്തിലും ഉറങ്ങി എഴുന്നേൽക്കുന്ന ഓരോ പ്രഭാതങ്ങളിലും ഓർക്കുന്നു. ഞങ്ങളുടെ കിടപ്പുമുറിയിൽ ഞാൻ മിസ്സിന്റെയും ഭർത്താവ് ബിനീഷ് സാറിന്റെയും ഫോട്ടോ കണ്ടാണ് ഉണരുന്നത്. പറയാൻ വാക്കുകൾ ഇല്ല. ഈ കുറിപ്പ് ഞാൻ എന്റെ മിസ്സിന് സമർപ്പിക്കുന്നു. ഒരു നല്ല അധ്യാപികയായതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

Content Summary : Career Guru Smrithi Leena lissy talks about her favorite teacher

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}