ADVERTISEMENT

വെറുതേയിരുന്ന് ശമ്പളം വാങ്ങുക. നമ്മളില്‍ പലരും ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും അത്തരമൊരു ജോലി കിട്ടിയിരുന്നെങ്കില്‍ എന്ന്. അത്തരത്തിലൊരു ഭാഗ്യവാനാണ് ജപ്പാനിലെ ടോക്യോയിലുള്ള ഷോജി മോറിമോട്ടോ. ആളുകളുടെ കൂടെ ഒരു പണിയും ചെയ്യാതെ വെറുതെ നടക്കുന്നതിനും ഒപ്പം ഇരുന്ന് കാപ്പി കുടിക്കുന്നതിനും  ഈ 38 കാരന് ലഭിക്കുന്നത് മണിക്കൂറിന് 10,000 യെന്‍ (5666 രൂപ) ആണ്. 

 

japanese-man-earns-living-doing-nothing-reuters-kim-kyung-hoon
Shoji Morimoto. Photo Credit : Kim Kyung-Hoon / Reuters

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള 4000 സെഷനുകളിലെങ്കിലും ഷോജി പങ്കെടുത്തിട്ടുണ്ടാകും. ക്ലയന്‍റുകള്‍ക്ക് നിശ്ചിത തുക നല്‍കി നിശ്ചിത സമയത്തേക്ക് ഷോജിയെ വാടകയ്ക്ക് എടുക്കാം. ചിലപ്പോള്‍ അത് ഏതെങ്കിലും പാര്‍ക്കില്‍ പോയിരുന്ന് ക്ലയന്‍റിന്‍റെ ഒപ്പം സീ സോ കളിക്കാനാകാം. ചിലപ്പോഴത് ക്ലയന്‍റ് ട്രെയിന്‍ കയറി പോകുമ്പോൾ വെറുതേ നിന്ന് ഒരു ബന്ധുവിനെപ്പോലെ ടാറ്റാ കാണിക്കാനാകാം. ചിലപ്പോഴത് വെറുതെ ഏതെങ്കിലും റസ്റ്ററന്‍റില്‍ പോയിരുന്ന് വര്‍ത്തമാനം പറഞ്ഞ് കാപ്പി കുടിക്കാനാകാം. 

 

shoji-morimoto-japanese-man-earns-living-doing-nothing-reuters-kim-kyung-hoon
Shoji Morimoto. Photo Credit : Kim Kyung-Hoon / Reuters

വാടകയ്ക്കെടുത്തു എന്ന് കരുതി എന്തും ചെയ്യാന്‍ ഷോജി അനുവദിക്കും എന്ന് കരുതരുത്. ലൈംഗികമായ യാതൊരു ആവശ്യങ്ങള്‍ക്കും ഷോജി വഴങ്ങില്ല. ഫ്രിജോ ഫര്‍ണിച്ചറോ പോലെ ഭാരമുള്ള സാധനങ്ങള്‍ നീക്കി വയ്ക്കാനോ ഭാരം എടുക്കാനോ പറ്റില്ല. നാടു വിട്ട് പോകാനും പറയരുത്. 

japanese-man-earns-living-doing-nothing-reuters-kim-kyung-hoon-shoji-morimoto
Shoji Morimoto. Photo Credit : Kim Kyung-Hoon / Reuters

 

കഴിഞ്ഞയാഴ്ച ഷോജിയെ വാടകയ്ക്കെടുത്തത് 27 കാരി ഡേറ്റ അനലിസ്റ്റ് അരുണ ചിദ ആയിരുന്നു. ഇന്ത്യന്‍ സാരിയുടുത്ത് അരുണയ്ക്ക് ഒരു പൊതുസ്ഥലത്ത് പോകണം. എന്നാല്‍ അതിന് സുഹൃത്തുക്കളെ വിളിച്ചാല്‍ അവര്‍ക്ക് അതില്‍ എന്തെങ്കിലും നാണക്കേട് തോന്നുമോ എന്ന് കരുതിയ അരുണ ഷോജിയെ വാടകയ്ക്കെടുത്തു. ഒരു റസ്റ്ററന്‍റില്‍ പോയിരുന്ന് ഇരുവരും ചായയും കേക്കുമൊക്കെ കഴിച്ച് പിരിഞ്ഞു. ‘‘സുഹൃത്തുക്കളെ വിളിച്ചാല്‍ അവരോട് സംസാരിക്കുകയും അവര്‍ക്ക് വേണ്ടി സമയം നീക്കി വയ്ക്കുകയുമൊക്കെ വേണം.പക്ഷേ വാടകയ്ക്കെടുത്ത ആളോട് ഒന്നും സംസാരിച്ചില്ലെങ്കിലും പ്രശ്നമില്ല’’ – അരുണ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 

ഈ കംപാനിയന്‍ഷിപ്പ് ജോലിക്കു മുന്‍പ് ഷോജി ഒരു പബ്ലിഷിങ് സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ വച്ച് പലപ്പോഴും ഒന്നും ചെയ്യാതിരിക്കുന്നതിന് ഷോജിക്ക് വഴക്ക് കേള്‍ക്കുമായിരുന്നു. അങ്ങനെയാണ് തന്‍റെ ഈ സ്വഭാവം ഒരു സേവനമാക്കി മാറ്റാന്‍ യുവാവ് തീരുമാനിക്കുന്നത്. ഇപ്പോള്‍ ഇത് മാത്രമാണ് ഷോജിയുടെ വരുമാനമാര്‍ഗ്ഗം. ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ നോക്കാന്‍ ഈ ജോലി മതിയാകുമെന്ന് യുവാവ് പറയുന്നു. ദിവസം ഒന്നോ രണ്ടോ ക്ലയന്‍റുകള്‍ക്കാണ് സമയം നല്‍കുക. ട്വിറ്ററില്‍ നിരവധി ഫോളോവേഴ്സുള്ള ഷോജിക്ക് അവിടെ നിന്നാണ് പല ക്ലയന്‍റുകളെയും ലഭിക്കുന്നത്. ചില ക്ലയന്‍റുകള്‍ വീണ്ടും വാടകയ്ക്ക് ഷോജിയെ എടുക്കാറുണ്ട്. 

 

ഉത്പാദനക്ഷമതയെ വാഴ്ത്തുകയും ഉപയോഗശൂന്യതയെ ഇകഴ്ത്തുകയും ചെയ്യുന്ന സമൂഹത്തിന്‍റെ മനോഭാവത്തെ തന്‍റെ കംപാനിയന്‍ ബിസിനസിലൂടെ ഷോജി വെല്ലുവിളിക്കുന്നു. അധ്വാനശീലത്തിന്‍റെ പേരില്‍ പ്രശസ്തരാണ് ജപ്പാന്‍കാര്‍. എന്നാല്‍ അവര്‍ക്കിടയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാതെയും ജീവിക്കാം എന്ന് തെളിയിക്കുകയാണ് ഈ വ്യത്യസ്തനായ മനുഷ്യന്‍.

 

Content Summary : Shoji Morimoto, the Japanese man who gets paid to do nothing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com