ADVERTISEMENT

ഒരുപാടു നോവിച്ച അധ്യാപകരെയും ഒരുപാട് സ്നേഹിച്ച അധ്യാപകരെയും പെട്ടെന്നൊന്നും മറക്കാൻ ഒരു വിദ്യാർഥിക്കും കഴിയില്ല. പരിചയപ്പെട്ട ആദ്യകാലത്ത് ഒരുപാട് വേദനിപ്പിച്ച ഒരു അധ്യാപകൻ പിൽക്കാലത്ത് തന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ച അനുഭവമാണ് ഗുരുസ്മൃതി എന്ന പംക്തിയിലൂടെ നാസർ മുതുകാട് പങ്കുവയ്ക്കുന്നത്. ക്ലാസിൽ പരസ്യമായി അപമാനിച്ച അധ്യാപകൻ ഒരു ദിവസം സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് അനുഗ്രഹിച്ച അനുഭവം നാസർ പറയുന്നതിങ്ങനെ :

 

നഴ്‌സറി ക്ലാസ് മുതൽ പഠനം അവസാനിപ്പിക്കുന്നതു വരെയുള്ള ദീർഘമായ കലാലയ കാലയളവിൽ ഒരുപാട് അധ്യാപകർ ഒരു വിദ്യാർഥിയുടെ ജീവിതത്തിലൂടെ കടന്നുപോവാം. പക്ഷേ അതിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് വിദ്യാർഥിയുടെ ഭൗതിക ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ശകാരം കൊണ്ടും ചൂരൽകൊണ്ടും എന്നെ നോവിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് സാന്ത്വനം കൊണ്ടും അനുഗ്രഹം കൊണ്ടും എന്നെ ധന്യനാക്കിയ ഒരു അധ്യാപകനുണ്ടായിരുന്നു.

 

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ സമയത്തിനു ശേഷം അങ്ങാടിയിലെ പലചരക്കു കടയിൽ സഹായിയായും റബർ ഷീറ്റും തേങ്ങയും ചുമക്കാനും ചായക്കടയിൽ വെള്ളം കോരാനും മുതലാളിയുടെ പശുക്കൾക്ക് തീറ്റവാങ്ങാനും മറ്റും ഞാൻ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് സ്കൂൾ പഠന സാമഗ്രികൾക്കും ഫീസിനും മറ്റുമുള്ള വക (പണം തികയില്ല, കാരണം വളരെ ചെറിയ കൂലിയേ കിട്ടിയിരുന്നുള്ളൂ. കുട്ടിയല്ലേ അതുമതി എന്നുവച്ചിട്ടാവാം) ഞാൻ കണ്ടെത്തിയിരുന്നത്. കാരണം കുടുംബത്തിന്റെ അവസ്ഥ ഇത്തിരി പരുങ്ങലിലായിരുന്നു. പത്താംതരത്തിൽ എത്തിയപ്പോഴാണ് ഞാൻ ആ അധ്യാപകന്റെ ക്ലാസിൽ എത്തുന്നത് .അത്യാവശ്യം കലാ സാഹിത്യബോധമൊക്കെയുള്ള ആളായിരുന്നു അദ്ദേഹം.

ആദ്യദിവസം അദ്ദേഹം ഓരോരുത്തരെയായി പരിചയപ്പെട്ടു. കുശലാന്വേഷണം നടത്തി. പരിചയമുള്ള ചിലരുടെ രക്ഷിതാക്കളെ സ്നേഹാന്വേഷണങ്ങളറിയിച്ചു എനിക്ക് മുൻപിലെത്തി.

 

ഞാൻ ഭയഭക്തിബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.

 

‘‘നീയോ. നിന്റെ പേരെന്താ’’

 

അദ്ദേഹം ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു.

 

‘‘നാസർ’’

 

‘‘നീ അങ്ങാടിയിൽ ചുമടൊക്കെ എടുക്കുന്നവനല്ലേ?’’

 

ഞാൻ മറുപടി പറയാതെ ശിരസ്സ് താഴ്ത്തി.

 

‘‘നിങ്ങൾക്കറിയാമോ, ഇവൻ സ്കൂളിൽ പഠിക്കുന്നവനാണെന്നു തന്നെ എനിക്കറിയില്ലായിരുന്നു. ഞാൻ  കാണുമ്പോഴൊക്കെ ഒന്നുകിൽ ഇവന്റെ തലയിൽ തേങ്ങാച്ചാക്കുണ്ടാകും. അല്ലെങ്കിൽ റബർഷീറ്റുണ്ടാകും. അതുമല്ലെങ്കിൽ പിണ്ണാക്കുണ്ടാകും. തലക്കുള്ളിലും അതുതന്നെയാണോന്നു ആർക്കറിയാം’’.

 

ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി.

 

‘‘ഇവനിവിടുത്തെ വിദ്യാർഥിയാണെന്നെനിക്കറിയില്ലായിരുന്നു. പത്തുമൂവായിരം കുട്ടികൾ പഠിക്കുന്ന സ്കൂളല്ലേ? പക്ഷേ ഞാനിവിടുത്തെ അധ്യാപകനാണെന്ന് ഇവനറിയാമല്ലോ. എന്റെ മുൻപിലൂടെ നടന്നുപോകുമ്പോൾ ഇവനുടുത്തിരിക്കുന്ന ലുങ്കി നെഞ്ചൊപ്പം കയറ്റിക്കുത്തിയേ നടക്കൂ. ഒരുമാതിരി തെരുവുഗുണ്ടയെപ്പോലെ’’.

 

ക്ലാസ് മുഴുവൻ കേൾക്കെയാണ് ശകാരം. തലയിൽ ചുമടിരിക്കുമ്പോൾ മുണ്ടഴിച്ചിട്ടു ബഹുമാനിക്കുക എങ്ങനെയാണു സാറേ എന്ന ചോദ്യം ഉള്ളിലുണ്ടായിരുന്നെങ്കിലും ചോദിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. അപമാനഭാരം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു. മുൻപേ കുനിഞ്ഞുപോയ ശിരസ്സ് ഒന്നുകൂടി കുനിഞ്ഞു.

 

‘‘നാസർ ഇവിടെ വരൂ’’

 

അദ്ദേഹം വേഗം ബ്ലാക് ബോർഡിനടുത്തേക്കു നടന്നു കൊണ്ട് പറഞ്ഞു. ഞാൻ മനസ്സില്ലാമനസ്സോടെ, സങ്കോചത്തോടെ, ചൂളിപ്പിടിച്ചു മെല്ലെ ബോർഡിനടുത്തേക്കു ചെന്നു. മുപ്പത്തിമൂന്നു ജോഡി കണ്ണുകൾ എന്റെ തേഞ്ഞു തീരാറായ ഫിഷർ ഹവായ് ചെരുപ്പ് മുതൽ നിരന്തരമായ അലക്കൽ കൊണ്ട് പിഞ്ഞിപ്പൊട്ടാറായ മുണ്ടിലും കോളർ ഉരഞ്ഞു തേഞ്ഞ് രണ്ടുമൂന്നു കുടുക്കുകൾ പൊട്ടിപ്പോയ എന്റെ കുപ്പായവും കടന്ന് അപമാനത്തിന്റെ അപകർഷതയുടെ ദൈന്യതയുടെ കുഴിയിലാണ്ടുപോയ കണ്ണുകളിലുമാണെന്ന് എനിക്കൂഹിക്കാമായിരുന്നു.

 

മാഷ് ചോക്കെടുത്തു കയ്യിൽ തന്നുകൊണ്ടു ചോദിച്ചു.

 

‘‘എഴുതാനറിയാമോ?’’

 

അടുത്ത പരിഹാസം പുതിയ ക്ലാസ് തുടങ്ങി രണ്ടോമൂന്നോ ദിവസമേ ആയിട്ടുള്ളൂ എന്നോർക്കണം. കുട്ടികൾ തമ്മിൽ അടുപ്പമായിത്തുടങ്ങിയിട്ടു പോലുമില്ല. നാണക്കേടുകൊണ്ടു ഞാനൊരു കടുകുമണിയോളം ചെറുതായി.

 

‘‘ഉവ്വ്’’. ഞാൻ തലയാട്ടി.

 

‘‘എങ്കിൽ എഴുതൂ, നാലക്ഷരം വർജ്ജിച്ചാലേ മൂന്നക്ഷരം ലഭിക്കൂ. എന്താണത്?’’

 

ഞാൻ മടിച്ചു നിന്നപ്പോൾ അദ്ദേഹത്തിന്റെ കയ്യിലെ ചൂരൽ ഒന്ന് പുളഞ്ഞു. എന്റെ തുടയിലും കണ്ണിലും ഒരു മിന്നൽപിണറുണ്ടായി .

 

ഞാൻ എഴുതിത്തുടങ്ങി. 

 

അഹങ്കാരം എന്ന് മുഴുവൻ എഴുതുമ്പോഴേക്കും കണ്ണീരുകൊണ്ട് അക്ഷരങ്ങൾ അവ്യക്തമായിരുന്നു. അടുത്തവാക്ക് കുറച്ചുകൂടി വലുതാക്കി എഴുതണം. മാഷിന്റെ കൽപന. ക്ലാസിൽ എവിടെ നിന്നൊക്കെയോ അടക്കിപ്പിടിച്ച ചിരികൾ, സംഭാഷണങ്ങൾ. ഇതിനിടയിൽ പെൺകുട്ടികളിരിക്കുന്ന മൂന്നാമത്തെ ബഞ്ചിൽ രണ്ടാം സ്ഥാനത്തുനിന്ന് ഉയർന്നുവന്ന ഗദ്ഗദം പണിപ്പെട്ടടക്കുന്നുണ്ടെന്ന് എനിക്കൂഹിക്കാമായിരുന്നു.

 

വലുതാക്കി ഗുരുത്വം എന്ന വാക്കുകൂടി ആ കറുത്ത ബോർഡിൽ എഴുതിച്ചേർത്ത് എന്റെ സ്ഥാനത്ത് വന്നിരുന്നു. ഞാൻ എന്റെ വെട്ടാത്ത കാൽനഖങ്ങളെ നോക്കിയിരുന്നു. ശിരസ്സുയർത്താൻ ഞാൻ അശക്തനായിരുന്നു. പിന്നീട് ഒരു കാരണവുമില്ലാതെ അദ്ദേഹം എന്നെ അവഗണിച്ചുകൊണ്ടേയിരുന്നു. എന്നോട് ചോദ്യം  ചോദിക്കില്ല. ഹോംവർക്ക്  ചെയ്തോ എന്ന് ചോദിക്കില്ല. കടുത്ത അവഗണന. ദോഷം പറയരുതല്ലോ, അപൂർവം ചിലപ്പോഴൊക്കെ പരിഗണിച്ചിരുന്നു; ചൂരൽ പ്രയോഗത്തിലൂടെ. അദ്ദേഹത്തെ വേണ്ടവണ്ണം ബഹുമാനിക്കാത്തതും അവഗണിച്ചതുമാവാം ഈ പെരുമാറ്റത്തിന് കാരണമെന്നാ എനിക്കൂഹിക്കാമായിരുന്നു.

 

അങ്ങനെയിരിക്കുമ്പോഴാണ് സ്കൂൾ കലോത്സവം എത്തുന്നത്. ഒരേയൊരു മത്സരത്തിനഗ മാത്രമാണ് ഞാൻ പേര് കൊടുത്തത്. കഥാരചനയ്ക്ക്. ഇഷ്ടപ്പെട്ട വിഷയമായതുകൊണ്ടു വളരെ ആത്മവിശ്വാസത്തോടെയാണ് എഴുതാനിറങ്ങിയത്. സ്കൂളിന്റെ സാഹിത്യജീവിയും ബുദ്ധിജീവിയുമൊക്കെ അദ്ദേഹമായതു കൊണ്ട് സ്വാഭാവികമായി ജൂറിയും അദ്ദേഹം തന്നെ ആയിരിക്കുമല്ലോ. അതുകൊണ്ടുതന്നെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച നിസ്സംഗതയോടെയാണ് ഫലപ്രഖ്യാപനത്തിനു കാത്തത്.

 

ഒടുവിൽ ഫലം വന്നു. കഥാരചന ഒന്നാം സ്ഥാനം നാസർ മുതുകാട്. ഒരു നിമിഷം ഞാൻ സ്തബ്ധനായി . പെട്ടെന്നാണ് ക്ലാസ് ലീഡർ അടുത്തുവന്നു ചെവിയിൽ പറഞ്ഞത്. 

 

‘‘നിന്നോട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു സാറ്’’

 

വിറച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മുൻപിൽ ചെന്നത്. പത്തിൽ പഠിക്കുന്നൊരു പതിനാറുകാരന്റെ നെഞ്ചിടിപ്പിന്റെ വ്യാപ്തി ഊഹിക്കാമല്ലോ. അദ്ദേഹം എന്റെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

 

‘‘അഭിനന്ദനങ്ങൾ നാസർന നിനക്ക് എഴുതാനുള്ള സിദ്ധിയുണ്ട് ഒരുപാട് ഉയരങ്ങളിലെത്തട്ടെ’’. അദ്ദേഹം തലയിൽ കൈവച്ചനുഗ്രഹിച്ചു. എന്റെ കണ്ണ് നിറഞ്ഞു. അതുവരെ അദ്ദേഹത്തോട് ഞാൻ വച്ചുപുലർത്തിയ എല്ലാ വിദ്വേഷവും പകയും അലിഞ്ഞു തീരുകയായിരുന്നു അവിടെ. ഒരുപക്ഷേ അദ്ദേഹത്തിന്റെ അനുഗ്രഹമാകാം പിൽക്കാലത്ത് അത്യാവശ്യം കുറച്ചുപേർക്ക് അറിയാവുന്നൊരു എഴുത്തുകാരനാവാൻ എനിക്ക് കഴിഞ്ഞതും പല ആനുകാലികങ്ങളിലും കഥകൾ  എഴുതാൻ കഴിഞ്ഞതും. എന്റെ പ്രഥമ നോവലിന് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം ഉൾപ്പടെയുള്ള മൂന്നാലു പുരസ്‌കാരങ്ങൾ എന്നെത്തേടിയെത്തിയതും എന്ന് ഞാൻ വിശ്വസിക്കുന്നു.

അദ്ദേഹം എവിടെയെങ്കിലുമിരുന്ന് ഇതു വായിച്ചേക്കാം. അദ്ദേഹത്തിന് എന്റെ സ്നേഹാദരങ്ങൾ.

 

Content Summary : Career-Guru Smrithi Nazer Muthukad Talks About His Teacher 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT