ADVERTISEMENT

പുതുതായി വാങ്ങിയ തത്ത അക്ബർ ചക്രവർത്തിക്കു വളരെ പ്രിയപ്പെട്ടതായിരുന്നു. തത്തയ്ക്ക് അപകടമൊന്നും സംഭവിക്കരുതെന്ന കർശന നിർദേശവും കൊട്ടാരജീവനക്കാർക്കു നൽകി. തത്ത ചത്തെന്ന് ആരെങ്കിലും വന്നു പറഞ്ഞാൽ അയാളെ തൂക്കിലേറ്റുമെന്നും ഉത്തരവിറക്കി. ഒരു ദിവസം തത്ത ചത്തു. ചക്രവർത്തിയോട് ആ വിവരം പറയാൻ ധൈര്യമില്ലാത്തതുകൊണ്ട് കൊട്ടാരവാസികൾ ബീർബലിനെ സമീപിച്ചു. ബീർബൽ ചക്രവർത്തിയുടെ മുന്നിലെത്തി പറഞ്ഞു: പ്രഭോ, ഒരു ദുഃഖവാർത്തയുണ്ട്. അങ്ങയുടെ തത്ത ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. ഒരു മിനിറ്റ് നിശ്ശബ്ദമായശേഷം ബീർബൽ പറഞ്ഞു: ഒന്നും സംസാരിക്കുന്നില്ല, കണ്ണും തുറക്കുന്നില്ല. അക്ബർ ദേഷ്യത്തോടെ ചോദിച്ചു: എങ്കിൽപിന്നെ തത്ത ചത്തെന്നു നേരിട്ടു പറഞ്ഞാൽ പോരേ. ബീർബൽ പറഞ്ഞു: ആ വാക്ക് ഞാൻ പറഞ്ഞിട്ടില്ല; അതുകൊണ്ട് എന്നെ തൂക്കിലേറ്റരുത്. 

 

ഉള്ളത് ഉള്ളതുപോലെ പറയുന്നതിനെക്കാൾ പ്രധാനമാണ് വേണ്ടതു വേണ്ടതുപോലെ പറയുന്നത്. എല്ലാകാര്യങ്ങളും എല്ലാവരോടും പറയാനാകില്ല. ചില കാര്യങ്ങൾ ആരോടും പറയാനാകില്ല. ചില കാര്യങ്ങൾ മധുരത്തിൽ പൊതിഞ്ഞേ പങ്കുവയ്ക്കാനാകൂ. സംസാരശേഷി നാവിന്റെ കഴിവാണ്. വിനിമയശേഷി ഹൃദയത്തിന്റെയും ബുദ്ധിയുടെയും മികവും. എല്ലാം വെട്ടിത്തുറന്നു പറയുന്ന ധീരത ചിലപ്പോൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. എല്ലാം ഒളിച്ചുവയ്ക്കുന്ന ശീലവും അങ്ങനെതന്നെ. എന്തു സംസാരിക്കുന്നു എന്നതും ആരോടു സംസാരിക്കുന്നു എന്നതും തിരിച്ചറിഞ്ഞാകണം ഓരോ സംഭാഷണവും. കേൾക്കുന്നവരുടെ മനോനിലയ്ക്കനുസരിച്ചാകണം വർത്തമാനം ഉടലെടുക്കാൻ.

 

സന്തോഷത്തിലും സങ്കടത്തിലും കേൾക്കുന്ന വാർത്ത ഒന്നാണെങ്കിലും പ്രതികരണം രണ്ടാകും. പറയുന്നതിന്റെ ഉള്ളടക്കത്തെക്കാൾ പ്രധാനമാണ് കേൾക്കുന്നവന്റെ ഉള്ള്. പ്രകൃതമനുസരിച്ചു പെരുമാറാനറിയുന്നവരാണ് ആളുകളുടെ ഹൃദയം കീഴടക്കുക. 

 

നയതന്ത്രജ്ഞത ദേശങ്ങൾ തമ്മിൽ മാത്രമല്ല, മനസ്സുകൾ തമ്മിലും പ്രസക്തമാണ്. തലച്ചോറുകൊണ്ടും ഹൃദയംകൊണ്ടും സംവദിക്കാം. യുക്തിയും സാമർഥ്യവും പ്രകടമാക്കേണ്ടിടത്ത് തലച്ചോർ പ്രവർത്തനക്ഷമമാകുമ്പോൾ, പരസ്പരധാരണയും സഹവർത്തിത്വവും വേണ്ടിടത്ത് ഹൃദയം  ഇടപെടണം.

 

Content Summary : Consider others' feelings before speaking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com