ADVERTISEMENT

സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ ശ്രദ്ധേയമായ 5 സ്കോളർഷിപ്പുകളാണ് യുജിസി അവതരിപ്പിച്ചത്. ഇക്കൂട്ടത്തിൽ യുവ ഗവേഷകർക്കിടയിൽ ഏറെ ചർച്ചയാകുകയാണ് ഡോ. എസ്.രാധാകൃഷ്ണൻ യുജിസി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. പിഎച്ച്ഡി യോഗ്യതയുള്ള 900 പേർക്കാണ് ഈ ഫെലോഷിപ്പിലൂടെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് അവസരമൊരുങ്ങുന്നത്. 900 സീറ്റുകളിൽ 30% വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് അക്കാദമിക്, ഗവേഷണ മേഖലകളിൽ വലിയ സ്വാധീനമുണ്ട്. 

 

റിസർച് ഗൈഡിന്റെ മാർഗനിർദേശത്തോടെ ഗവേഷണം ചെയ്യുന്ന പിഎച്ച്ഡി വിദ്യാർഥി എന്ന തലത്തിൽനിന്നു സ്വതന്ത്ര ഗവേഷകൻ എന്ന തലത്തിലേക്കുയരാൻ പോസ്റ്റ് ഡോക്ടറൽ റിസർച് സഹായിക്കുന്നു. വിദേശരാജ്യങ്ങ ളിലും മറ്റും പോസ്റ്റ് ഡോക്ടറൽ തലത്തിൽ മതിയായ പ്രവൃത്തിപരിചയമുള്ളവർക്കാണ് ഗവേഷണ, അക്കാദമിക് മേഖലകളിലെ തസ്തികകളി‍ലേക്കു പ്രഥമ പരിഗണന നൽകുന്നത്. ഭാവിയിൽ ഗവേഷണ, അക്കാദമിക് മേഖലകളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് നിർബന്ധിത യോഗ്യതയാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

സയൻസിനും അപ്പുറം

 

സയൻസ്, എൻജിനീയറിങ് മേഖലകളിൽ താരതമ്യേന കൂടുതൽ ഗവേഷണ അവസരങ്ങൾ വിദ്യാർഥികൾക്കു ലഭിക്കുമ്പോൾ സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് (ഭാഷാപഠനമുൾപ്പെടെ) രംഗങ്ങളിൽ ഈ സ്ഥിതിയല്ല. ഡോ. എസ്.രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഗവേഷകർക്കു മാത്രമുള്ളതല്ല. സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ പി എച്ച്ഡി ബിരുദധാരികൾക്കും അപേക്ഷിക്കാം. രാജ്യത്ത് സോഷ്യൽ സയൻസിലും ഹ്യുമാനിറ്റീസിലും പിഎച്ച്ഡി ചെയ്യുന്നവർ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനായി വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനും ഈ ഫെലോഷിപ് വഴിയൊരുക്കും.

 

സാധ്യതകൾ

 

ഇന്ത്യയിൽ വരുംനാളുകളിൽ ഉന്നതവിദ്യാഭ്യാസ രംഗത്തു വൻ കുതിച്ചുചാട്ടമാണു പ്രതീക്ഷിക്കുന്നത്. മികവുറ്റ സ്വകാര്യ സർവകലാശാലകൾ ഉൾപ്പെടെ കളം നിറയുന്നതിനാൽ ഉയർന്ന യോഗ്യതയുള്ള ഒട്ടേറെ അധ്യാപകർ ആവശ്യമായിവരും. ഗവേഷണരംഗത്തും വലിയ പദ്ധതികൾ വരുന്നത് ഗവേഷകർക്ക് അവസരങ്ങൾ സൃഷ്ടിക്കും.

ഇൻസ്പയർ, എൻപിഡിഎഫ് (നാഷനൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്), ഡോ. ഡി.എസ്.കോത്താരി എന്നിവ പോലെ പ്രധാന പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പദ്ധതിയാണ് ഡോ. രാധാകൃഷ്ണൻ ഫെലോഷിപ്. അതിനാൽത്തന്നെ ഈ ഫെലോഷിപ് നേടുന്നത് ഉദ്യോഗാർഥികൾക്ക് റെസ്യൂമെ കൂടുതൽ ശക്തമാക്കാൻ ഉപകരിക്കും. മാസം തോറും 50,000 രൂപ സ്‌കോളർഷിപ്പായും പ്രതിവർഷം 50,000 രൂപ കണ്ടിൻജൻസി ഫണ്ടായും ഗവേഷകർക്ക് ഈ ഫെലോഷിപ്പിലൂടെ ലഭിക്കും.

 

ഗ്രാന്റുകൾ ഇനിയും

 

ഗവേഷകർക്കു സഹായകമാകുന്ന മറ്റു ഗ്രാന്റുകളും അധ്യാപകദിനത്തിൽ യുജിസി അവതരിപ്പിച്ചിരുന്നു. കുടുംബത്തിലെ ഒറ്റപ്പെൺകുട്ടികൾക്കായുള്ള സാവിത്രി ജ്യോതിറാവു ഫുലെ ഫെലോഷിപ് പിഎച്ച്ഡി തലം വരെ ധനസഹായവും പ്രോത്സാഹനവും നൽകുന്നതാണ്. 5 വർഷ കാലാവധിയുള്ള ഈ ഫെലോഷിപ്പിന് നിർദിഷ്ട സ്ലോട്ടുകളല്ല ഉള്ളത്.വിരമിച്ച അധ്യാപകർക്കു ഗവേഷണത്തിൽ ഏർപ്പെടാൻ അവസരം നൽകുന്ന ഫെലോഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. 100 സ്ലോട്ടുകളാണ് ഇതിനുള്ളത്. സർവീസിലുള്ള അധ്യാപകർക്കായുള്ള റിസർച് ഗ്രാന്റും പുതുതായി നിയമിതരായ അധ്യാപകർക്കുള്ള ഡോ. ഡി.എസ്.കോത്താരി റിസർച് ഗ്രാന്റും യുജിസിയുടെ പ്രഖ്യാപനത്തിലുണ്ട്.

 

Content Summary : Dr. S. Radharkrishnan Post Doctoral Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT