ADVERTISEMENT

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ രാജ്യമെങ്ങുമുള്ള കേന്ദ്രീയ സർവകലാശാലകളിലെ അണ്ടർ ഗ്രാജുവേറ്റ് പ്രവേശനത്തിനുള്ള പൊതുപ്പരീക്ഷ (CUET–UG: Common University Entrance Test) 2022ലാണ് ഏർപ്പെടുത്തിയത്. പരീക്ഷ നടത്തുന്നതു നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in). മറ്റു പല പ്രമുഖ സർവകലാശാലകളും പ്രവേശനത്തിന് സിയുഇടി സ്കോർ സ്വീകരിക്കുന്നു. ഇന്ത്യയിലും ഗൾഫ് അടക്കം വിദേശരാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റിന് പല ദിവസങ്ങളിൽ രാവിലെയും ഉച്ചകഴിഞ്ഞും 2 സ്ലോട്ട് വീതം ഏർപ്പെടുത്തുന്നു. (www.nta.ac.in/cuet.samarth.ac.in). ഇക്കൊല്ലത്തെ സിയുഇടി–യുജി പരീക്ഷാനടപടികൾ പൂർത്തിയായെങ്കിലും അടുത്ത വർഷം എഴുതുന്നവർക്കു നേരത്തേ തയാറെടുക്കാൻ ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താം. 

 

+2 എഴുതുന്നവർക്കും അപേക്ഷിക്കാം 

പല സർവകലാശാലകളിലെ യുജി പ്രവേശനത്തിന് ഒറ്റപ്പരീക്ഷ എന്നത് വിദ്യാർഥികൾക്ക് സൗകര്യമാണ്. ഓരോ സർവകലാശാലയിലെയും കോഴ്സ്‌ വിവരങ്ങൾക്ക് ബന്ധപ്പെട്ട സൈറ്റ് നോക്കുക. പ്രവേശനയോഗ്യത ഉൾപ്പെടെ മനസ്സിലാക്കിയശേഷം cuet.samarth.ac.in എന്ന സൈറ്റ്‌ വഴി അപേക്ഷിക്കണം. 12 ജയിച്ചവർക്കും 12ലെ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രായപരിധിയില്ല. എന്നാൽ, സർവകലാശാലയ്ക്കു വിശേഷനിബന്ധനകളുണ്ടെങ്കിൽ അവ പാലിക്കണം. സംവരണവ്യവസ്ഥകൾ അതതു സർവകലാശാലകളുടേതാണ്.

 

പരീക്ഷയുടെ ഘടന മനസ്സിലാക്കുക 

IA, IB, II, III എന്നിങ്ങനെ 4 വിഭാഗങ്ങളായി പരീക്ഷയെ വിഭജിച്ചിരിക്കുന്നു. എല്ലാം മൾട്ടിപ്പ്ൾ ചോയ്സ് ചോദ്യങ്ങൾ. ഒരു ചോദ്യത്തിന് 5 മാർക്ക്. തെറ്റൊന്നിന് ഒരു മാർക്ക് കുറയ്ക്കും.

ഓരോ വിഭാഗത്തിലെയും വിവരങ്ങൾ: 

 

എല്ലാ പരീക്ഷയും എഴുതണമെന്നില്ല 

II, III വിഭാഗങ്ങളിലെ ചോദ്യങ്ങൾ 2 ഭാഷയിൽ–ഇംഗ്ലിഷിലും 13 ഭാഷകളിൽനിന്നു തിരഞ്ഞെടുക്കുന്ന ഭാഷയിലും. തർക്കം വന്നാൽ ഇംഗ്ലിഷ് വേർഷൻ സ്വീകരിക്കും. IA, IB വിഭാഗങ്ങളിലെ ചോദ്യങ്ങൾ അതതു ഭാഷകളിൽ മാത്രം. 4 വിഭാഗങ്ങളിൽനിന്നും വിഷയം തിരഞ്ഞെടുക്കണമെന്നില്ല. പരമാവധി 3 ഭാഷ തിരഞ്ഞെടുക്കാം. പക്ഷേ, മൂന്നാമത്തെ ഭാഷ IIലെ 6 വിഷയങ്ങളിലൊന്നിനു പകരമായിരിക്കണം. ഏറ്റവും കൂടിയത് 9 ടെസ്റ്റുകൾ വരെയാകാം. (എ) 2 ഭാഷ+6 വിഷയം+ജനറൽ ടെസ്റ്റ്, അല്ലെങ്കിൽ (ബി) 3 ഭാഷ+5 വിഷയം+ജനറൽ ടെസ്റ്റ്. 

 

ഇത്രയേറെ ടെസ്റ്റുകളെഴുതണമെന്നു നിർബന്ധമില്ല. ഓരോരുത്തർക്കും താൽപര്യമുള്ള സർവകലാശാലകൾ/പഠനവിഷയങ്ങൾ തിരഞ്ഞെടുത്ത് അതനുസരിച്ചുള്ള ടെസ്റ്റുകൾ എഴുതിയാൽ മതി. ഓരോ കോഴ്സിനും ഏതെല്ലാം ടെസ്റ്റുകൾ വേണമെന്ന് പങ്കെടുക്കുന്ന സർവകലാശാലകൾ അവയുടെ സൈറ്റുകളിൽ നിർദേശിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മുംബൈ ടിസ്സിലെ ബാച്‌ലർ ഓഫ് സോഷ്യൽ വർക്കിന് IAയിലെ ഇംഗ്ലിഷും IIIലെ ജനറൽ ടെസ്റ്റും മാത്രമാണു വേണ്ടത്.

 

12–ാം ക്ലാസുകാർക്കു പ്രയാസമില്ലാതെ എഴുതാവുന്ന നിലവാരത്തിലായിരിക്കും ചോദ്യങ്ങൾ. 12ൽ പഠിച്ച ഭാഷകളും വിഷയങ്ങളുമാണു സാധാരണഗതിയിൽ തിരഞ്ഞെടുക്കേണ്ടത്. പക്ഷേ ഇക്കാര്യത്തിൽ ഇളവു നൽകുന്ന സർവകലാശാലകളിലേക്ക് അന്യവിഷയങ്ങളും തിരഞ്ഞെടുക്കാം. ലഭ്യമായ 27 വിഷയങ്ങളിൽപ്പെടാത്ത വിഷയം പഠിക്കേണ്ടവർക്ക്, അതിനോട് അടുപ്പമുള്ള വിഷയം തിരഞ്ഞെടുക്കാം. 

 

ഈ പരീക്ഷയിൽ സ്കോർ നേടിയതുകൊണ്ടുമാത്രം പ്രവേശനം കിട്ടില്ല. താൽപര്യമുള്ള സർവകലാശാലയിൽ വേണ്ടതുപോലെ അപേക്ഷിക്കണം.  പോസ്റ്റ്–ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലെ  പ്രവേശനത്തിനുമുണ്ട് പൊതുപ്രവേശനപ്പരീക്ഷ: CUET-PG (https://cuet.nta.nic.in)  

 

Content Summary : To Know Everything About CUET UG 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com