എച്ചിൽമേശ തുടയ്ക്കുന്നതിനിടെ ചെന്നുപെട്ടത് അന്നു പരിചയപ്പെട്ട അധ്യാപികയുടെ മുന്നിൽ; ഓർമകളിങ്ങനെ...

HIGHLIGHTS
  • ക്ലാസ്സ് കഴിഞ്ഞാൽ ആദ്യം ചെല്ലുന്നത് വീടിനടുത്തെ കൂൾബാറിലേക്കാണ്.
  • ഒരുമണിക്കൂറോളം സപ്ലെയറുടെ ജോലിയോ കൗണ്ടറിലെ ജോലിയോ ചെയ്ത് അവിടെ നിൽക്കും.
guru-smrithi-rafees
റഫീസ് മാറഞ്ചേരി
SHARE

ഒരു കയ്യിൽ ഭക്ഷണശാലയിലെ എച്ചിൽപ്പാത്രവും മറുകൈയിൽ ഭക്ഷണമേശ വൃത്തിയാക്കാനുള്ള തുണിക്കഷ്ണവുമായി നിന്നപ്പോൾ അന്നാദ്യമായി ക്ലാസിലെത്തിയ അധ്യാപികയെ കണ്ടുമുട്ടിയതിനെക്കുറിച്ചും തുടർന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുമാണ് ഗുരുസ്മൃതിയിൽ റഫീസ് മാറഞ്ചേരി പറയുന്നത്.

മാറഞ്ചേരി സ്‌കൂളിൽ പതിനൊന്നാം തരത്തിൽ പഠിക്കാൻ തുടങ്ങിയ ആദ്യ ദിവസങ്ങളിലൊന്ന്. പത്താം തരം തോറ്റാൽ നാടുവിട്ട് തൊഴിലും തേടി ഗൾഫിൽ പോകേണ്ടി വരുമെന്ന ഭയം കൊണ്ട് വീണ്ടുമെഴുതി മാർക്കിരട്ടിപ്പിച്ച് എട്ടാം തരം മുതൽ പത്തുവരെ പഠിച്ച മാറഞ്ചേരി സ്‌കൂളിൽത്തന്നെ ചേർന്നതാണ്. ക്ലാസ്സ് കഴിഞ്ഞാൽ ആദ്യം ചെല്ലുന്നത് വീടിനടുത്തെ കൂൾബാറിലേക്കാണ്. ലഘു ഭക്ഷണത്തിനായല്ല, ലഘുവായ ഒരു ജോലിക്ക് വേണ്ടിയാണ്. ഒരുമണിക്കൂറോളം സപ്ലെയറുടെ ജോലിയോ കൗണ്ടറിലെ ജോലിയോ ചെയ്ത് അവിടെ നിൽക്കും. ഞാൻ ചെന്നാലുടൻ  ഫുൾടൈം ജോലിക്കാരൻ വിശ്രമത്തിനും പ്രാർഥനയ്ക്കുമായി പോകും. അതിന്റെ കൂലിയായി കിട്ടിയിരുന്നത് ഇഷ്ടപ്പെട്ട ജ്യൂസോ അന്ന് അത്ര വ്യാപകമായി ഞങ്ങളുടെ നാട്ടിൽ ലഭ്യമല്ലാതിരുന്ന പഫ്‌സോ കട്‌ലറ്റോ ഒക്കെ ആയിരുന്നു. വീട്ടിലാണെങ്കിൽ റസ്‌കും കട്ടൻ ചായയുമേ കാണൂ. അതു തന്നെ കിട്ടാക്കനിയായവർക്കു മുൻപിൽ ഇതൊരു ആർഭാടമാണെന്ന സത്യം വിസ്മരിക്കുന്നില്ല.

സ്‌കൂളിലെ യൂണിഫോമിൽത്തന്നെ പണി തുടങ്ങി. ജ്യൂസ്, മുട്ട പഫ്സ്, പൊടിച്ചായ അങ്ങനെ അങ്ങനെ ഓർഡർ പ്രകാരം സാധനങ്ങൾ കൗണ്ടറിൽനിന്ന് ടേബിളിലേക്കെത്തിച്ചു. ഒന്നിനു പിറകെ ഒന്നായി ആളുകൾ വന്നും പോയുമിരുന്നു. ഒരു സ്ത്രീയും പുരുഷനും ടേബിളിനിരുവശത്തായി വന്നിരുന്നു. മുൻപേ കഴിച്ചു പോയവർ ആ ടേബിളിൽ അവശേഷിപ്പിച്ച ഭക്ഷണങ്ങളുടെ അവശിഷ്ടം തുടച്ച് ഗ്ലാസ്സും പാത്രവും എടുത്തുമാറ്റുന്നതിനിടയിൽ ഞാൻ ലഭ്യമായ വിഭവങ്ങളെക്കുറിച്ച് അവരുടെ മുഖത്തേക്ക് നോക്കാതെ തന്നെ ചെറിയൊരു വിവരണം നടത്തി. 

‘‘ഷാർജ, ചിക്കു, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, ബട്ടർ, ലൈം, ചായ, ഐസ്ക്രീം, പഫ്സ് എഗ്ഗ്, ചിക്കൻ, കട്‌ലറ്റ് വെജ്, ചിക്കൻ, കേക്ക്സ്’’.

വാചാലതയ്‌ക്കൊടുവിൽ വലതു കയ്യിൽ ഒഴിഞ്ഞ പ്ലേറ്റും തുടയ്ക്കുന്ന തുണിയും വലതു കയ്യിലെ വിരലുകളാൽ ചേർത്തു പിടിച്ച ഗ്ലാസുകളും ടേബിളിൽ നിന്നുയർത്തിയാണ് കസേരകളിലിരിക്കുന്നവരുടെ മുഖത്തേക്ക് നോക്കിയത്. അതുവരെ വാതോരാതെ വാക്കുകൾ പൊഴിച്ചവൻ കുറച്ചു നിമിഷങ്ങൾ സ്തംബ്ധനായി നിന്നു. ഇന്നാദ്യമായി ഇക്കണോമിക്‌സ്‌ സബ്ജക്ടിന് ക്ലാസ്സെടുക്കാൻ വന്ന അതേ ടീച്ചറും മറ്റൊരു സ്‌കൂളിൽ അധ്യാപകനായ അവരുടെ ഭർത്താവുമാണ് മുന്നിൽ ഇരിക്കുന്നത്. യൂണിഫോമിലായതിനാൽ എന്നെ കണ്ടപ്പോൾ ടീച്ചർക്ക് സംശയമൊന്നുമുണ്ടായില്ല.

‘‘നീയല്ലേ സി വൺ ക്ലാസിലുണ്ടായിരുന്നത്?’’ ഓർഡർ തരുന്നതിനു മുൻപായി ടീച്ചർ ചോദിച്ചു.

‘‘അതേ, ടീച്ചറെ’’

‘‘അപ്പോൾ ഇവിടെ?’’ 

‘‘വീട് ഇതിന്റെ പുറകിലാണ്. അവധി ദിവസവും ക്ലാസ് കഴിഞ്ഞു വന്നാൽ കുറച്ചു സമയവും ഇവിടെ സഹായത്തിന് നിൽക്കും’’. ഇരിപ്പിടങ്ങൾക്ക് പിന്നിൽ അടുക്കളയുടെ ഭാഗത്തുള്ള കിളിവാതിൽ ചൂണ്ടി ഞാൻ പറഞ്ഞു.

‘‘ഗുഡ്, ഗുഡ്, അധ്വാനശീലം നല്ലതാ’’

അതുവരെ പ്രത്യേക ശൈലിയിൽ കിച്ചണിലേക്ക് ഓർഡർ കൊടുത്തും കാശ് കൗണ്ടറിലേക്ക് ഉച്ചത്തിൽ ബിൽ തുക വിളിച്ചു പറഞ്ഞും സജീവമായിരുന്ന ഞാൻ ക്ലാസ്മുറിയിലെന്ന പോലെ നിശബ്ദനായി. കുരുത്തക്കേട് കാണിച്ചപ്പോൾ അടുത്തേക്ക് വിളിച്ച പോലെ ഓർഡർ ചെയ്ത സാധനങ്ങളുമായി ഭവ്യയോടെ ടീച്ചറിന്റെ അരികിലേക്ക് ചെന്നു. അപ്പോഴവിടെ വന്നവർക്കും പോയവർക്കും ആ ഭവ്യത അനുഭവിക്കാനും പറ്റി.

ആ സംഭവത്തോടെ ടീച്ചർക്കൊപ്പം മറ്റു അധ്യാപകരുമെന്നെ ശ്രദ്ധിച്ചു തുടങ്ങി. കഥാപുസ്തക വായനയും എന്തെങ്കിലും എഴുതാനുള്ള ത്വരയുമല്ലാതെ പഠിത്തത്തിൽ ശരാശരിക്കാരനാവാൻ പോലും കഴിയാതിരുന്നവന് ആ കരുതൽ നല്ലൊരു പ്രചോദനമായിരുന്നു. മനസ്സിലായില്ലെങ്കിലും മനഃപാഠമാക്കിയെങ്കിലും വിജയിക്കാനുള്ള ഒരു ഊർജം എവിടെ നിന്നോ കൈവന്നു. 

മാറഞ്ചേരി സ്‌കൂളിൽനിന്ന് പടിയിറങ്ങിയത് പ്ലസ്‌ടു സർട്ടിഫിക്കറ്റിനൊപ്പം കാഴ്ച എന്ന അച്ചടി രൂപത്തിൽ ഇറക്കിയിരുന്ന സ്‌കൂൾ പത്രം നൽകിയ അനുഭ സമ്പത്തു കൊണ്ടായിരുന്നു. പിന്നീട് പ്രാദേശിക തലത്തിൽ ദർപ്പണം എന്നൊരു വാർത്താ പത്രം തുടങ്ങാനുള്ള ഊർജം അതായിരുന്നു. ശേഷം സ്‌കൂൾ ഓർമയിൽ കാഴ്ച എന്ന ആദ്യ കഥാ സമാഹാരം, പരാജിതൻ, നെല്ലിക്ക, ചെക്കൻ, നാലുവരക്കോപ്പി തുടങ്ങി കഥകളും നോവലുമൊക്കെയായി എട്ടോളം പുസ്തകങ്ങൾ. ആനുകാലികങ്ങളിലെ അച്ചടി മഷി പുരണ്ട രചനകൾ. അവയിൽ പലതും ടീച്ചർമാർക്ക് പലപ്പോഴായി സമ്മാനിച്ചു. അപ്പോഴും ഉള്ളിലൊരു ഭയം ബാക്കി നിന്നു. എഴുതിയത് ശരിയായോ എന്ന് ശങ്കിച്ച് നടുമടക്കി നൽകിയ ഉത്തരക്കടലാസ് പോലെ..

അന്നങ്ങനെ കൂൾബാറിൽ പ്രീതി ടീച്ചറുമായി അവിചാരിതമായ ആ കൂടിക്കാഴ്ച നടന്നില്ലായിരുന്നെങ്കിൽ, പശ്ചാത്തലമറിഞ്ഞ് മനോബലം നൽകാനും അഭിരുചിയറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും അശോകൻ മാഷ് ഉൾപ്പെടെയുള്ള അധ്യാപകർ ഇല്ലായിരുന്നെങ്കിൽ എത്രയെത്ര വാക്കുകൾ പുറം ലോകം കാണാതെ ഒടുങ്ങിയേനേം.  അച്ചടി മഷി പുരട്ടാതെ എത്രയെത്ര കണ്ടതും കേട്ടതും കൊണ്ടതും ഉള്ളിൽ തന്നെ കൊണ്ടു നടക്കേണ്ടി വന്നേനേം. കുറിക്കുന്ന ഓരോ വാക്കും സ്‌മൃതിയാണ്. ഉള്ളമറിഞ്ഞവർക്ക് ഉള്ളറിഞ്ഞ് നൽകുന്ന സ്‌മൃതി.

Content Summary : Career Gurusmrithi Rafees Maranchery Talks About His Favorite Teacher

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}