ADVERTISEMENT

പ്രസ്താവന ചോദ്യങ്ങളും ശരിയായ ജോടി തിരഞ്ഞെടുക്കലും ഇപ്പോൾ പിഎസ്‍സി പരീക്ഷയിൽ കൂടുതലായി വരുന്ന ചോദ്യങ്ങളാണ്. സാധാരണ രീതിയിൽ ഉത്തരമെഴുതുന്നതിനെക്കാൾ കൂടുതൽ സമയം ഇത്തരം ചോദ്യങ്ങൾക്ക് ആവശ്യമായി വരും എന്നതു പ്രത്യേകം ഓർക്കണം. പ്രത്യേകിച്ചു ചരിത്രം പോലെയുള്ള വിഷയങ്ങളിൽ ചോദ്യം പൂർണമായും ചോദിച്ച് ഉത്തരത്തിലെത്താൻ കൂടുതൽ സമയമെടുക്കും. ഇത്തരം ചോദ്യങ്ങളിൽ ചില വാക്കുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും ‘‘ശരിയായ പ്രസ്താവന’’, ‘‘തെറ്റായ പ്രസ്താവന’’, ‘‘ശരിയായത്’’, ‘‘തെറ്റായത് ’’, ‘‘കൂട്ടത്തിൽ പെടാത്തത്’’ എന്നിങ്ങനെ ചോദ്യത്തിൽ ഏതു വാക്കാണ് പ്രയോഗിച്ചിരിക്കുന്നത് എന്നു നോക്കണം. അവ ആദ്യം തന്നെ അടിവരയിട്ടു വയ്ക്കുക. അല്ലെങ്കിൽ ഓപ്ഷൻ വായിച്ചു വരുമ്പോഴേക്കും ‘‘ശരിയാണോ’’ ‘‘തെറ്റാണോ’’ ചോദിച്ചത് എന്ന ആശയക്കുഴപ്പമുണ്ടാകുകയും വീണ്ടും ചോദ്യം വായിക്കേണ്ടി വരികയും ചെയ്യും. ഇത് ഒഴിവാക്കാൻ ആദ്യം തന്നെ ചോദ്യത്തിലെ ഇത്തരം വാക്ക് അടിവരയിട്ട ശേഷം ഓപ്ഷൻ വായിക്കുന്ന രീതിയാണു പരിശീലിക്കേണ്ടത്.

 

ഇത്തരം ചോദ്യങ്ങൾ നിരന്തരം ചെയ്തു പഠിക്കുക എന്നതാണ് ഏറ്റവും മികച്ച വഴി. ചില ചോദ്യങ്ങൾ നോക്കാം.

1. പോർച്ചുഗീസുകാർ കേരളത്തിലേക്ക് വരുന്ന സമയത്ത് കേരളത്തിൽ ഉണ്ടായിരുന്ന സങ്കേതങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. 

 

(1) ദേവസ്വങ്ങൾക്ക് സവിശേഷ പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഓരോ ക്ഷേത്രത്തിന്റെയും അധികാര പരിധിക്കുള്ളിൽ സുനിർണീതമായ വിസ്തൃത ദേശങ്ങൾ സങ്കേതം എന്ന പേരിൽ ഊരാളന്മാരുടെ ഭരണത്തിൻ കീഴിൽ ഉണ്ടായിരുന്നു 

 

(2)‘ഒരു ഭരണകൂടത്തിനുള്ളിലുള്ള മറ്റൊരു ഭരണകൂടം’ എന്ന പോലെയാണ് സങ്കേതങ്ങൾ പ്രവർത്തിച്ചിരുന്നത് 

 

(3) രാജാക്കന്മാരുടെ ഫലപ്രദമായ കടുത്ത നിയന്ത്രണങ്ങൾ ഇവർക്കുമേൽ ഉണ്ടായിരുന്നു 

 

(4) യുദ്ധമോ ആഭ്യന്തര സമരമോ ഉണ്ടാകുമ്പോൾ രാജാക്കന്മാരുടെ സുരക്ഷിതമായ അഭയകേന്ദ്രങ്ങളായി ഈ സങ്കേതങ്ങൾ വർത്തിച്ചു 

A. (1), (2), (3), (4) എന്നിവ 

B. (2), (3), (4) എന്നിവ 

C. (1), (2) എന്നിവ 

D. (1), (2), (4) എന്നിവ

 

2. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനം എവിടെയായിരുന്നു : 

A. പൊന്നാനി 

B. ഫറോക്ക് 

C. ആതവനാട് 

D. കൊടുങ്ങല്ലൂർ 

 

3. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. 

(1) ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യ മാർഗം കണ്ടുപിടിക്കാനും പൗരസ്ത്യ ദേശങ്ങളുമായുള്ള വാണിജ്യം വികസിപ്പിക്കാനുമായിരുന്നു പോർച്ചുഗൽ രാജാവ് ഡോം മാനുവൽ വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ചത് 

 

(2) വാണിജ്യ വികസനമായിരുന്നു പോർച്ചുഗീസുകാരുടെ ലക്ഷ്യമെങ്കിലും കാലക്രമേണ തദ്ദേശീയ രാജാക്കന്മാരെ കീഴൊതുക്കി ഇന്ത്യയിൽ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള ആഗ്രഹമവർക്കുണ്ടായി 

 

(3) കോഴിക്കോട് വച്ച് സാമൂതിരിയിൽ നിന്ന് പോർച്ചുഗീസുകാർക്ക് ലഭിച്ച സ്നേഹ ശൂന്യമായ സ്വീകരണവും കപ്പിത്താൻമാർക്കുണ്ടായ അസുഖകരമായ അനുഭവങ്ങളും അവരെ കൊച്ചി രാജാവിനോട് അടുപ്പിച്ചു 

 

(4) പോർച്ചുഗീസ് ആക്രമണത്തിനെതിരെ കേരള സ്വാതന്ത്ര്യത്തിന്റെ സംരക്ഷകനെന്ന നിലയിലേക്ക് കോലത്തിരി ഉയർന്നു 

 

A. (1), (3) എന്നിവ 

B. (1), (2), (4) എന്നിവ 

C. (1), (2), (3) എന്നിവ 

D. (1), (2), (3), (4) എന്നിവ 

 

4. 1498 ഓഗസ്റ്റിൽ കോഴിക്കോട് വിട്ട വാസ്കോഡ ഗാമ ആരുടെ ക്ഷണം അനുസരിച്ചാണ് കണ്ണൂരിൽ എത്തിയത് : 

A. കൊച്ചി രാജാവ് 

B. കോലത്തിരി 

C. സാമൂതിരി 

D. വടക്കുംകൂർ രാജാവ് 

 

5. താഴെ തന്നിരിക്കുന്ന പോർച്ചുഗീസ് സംഘത്തിന്റെ നേതാക്കളെ അവർ കേരളത്തിലേക്ക് വന്നതിന്റെ കാലഗണന ക്രമത്തിൽ എഴുതുക. 

(1) ജാവോഡാനോവ 

(2) വാസ്കോഡ ഗാമ 

(3) ഫ്രാൻസിസ്കോ അൽബുക്കർക്ക് 

(4) കബ്രാൾ 

 

A. 2-4-1-3 

B. 2-1-4-3 

C. 2-3-4-1 

D. 2- 4-3-1 

 

6. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ട: 

A. അഞ്ചുതെങ്ങ് കോട്ട 

B. സെന്റ് അഞ്ചലോ കോട്ട 

C. തലശ്ശേരി കോട്ട 

D. മാനുവൽ കോട്ട 

 

ഉത്തരങ്ങൾ: 1. D, 2.C, 3.C, 4.B, 5.A, 6.D

 

Content Summary : How To Deal With New Pattern Questions - PSC Tips By Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com