ADVERTISEMENT

ഒരുപാട് അധ്യാപകർ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില അധ്യാപകർ മാത്രമേ വിദ്യാർഥികളുടെ മനസ്സിൽ ഇടംപിടിക്കാറുള്ളൂ. അത്തരം ചില അധ്യാപകരെക്കുറിച്ചുള്ള ഓർമകൾ ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് ഇർഫാന ഹനീഫ്. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും താങ്ങും തണലുമായി നിന്ന അധ്യാപകരെപ്പറ്റി ഇർഫാന പറയുന്നു... 

 

 

കാലമെത്ര കടന്നുപോയാലും  ഈ മനസ്സിനുള്ളിലുണ്ട് അധ്യാപകരെല്ലാം. ഒന്നാം ക്ലാസ്സിലെ ബാബു മാഷ് മുതൽ കോളജിലെ ജയന്തി മാഡം വരെ. ഓരോരുത്തരുടെയും പേരെടുത്തു പറയാൻ കഴിയാഞ്ഞിട്ടല്ല. എങ്കിലും ചിലരിലൂടെ മാത്രം ഈ എഴുത്ത് കടന്നു പോകും; അവർ നൽകിയ ചില ഓർമകളിലൂടെ.

 

‘കാന്താരി മുളക്’ എന്ന് എന്നെ വിളിച്ചിരുന്ന ഞങ്ങളുടെ ഉമൈമ ടീച്ചറും രമണി ടീച്ചറും. അഞ്ചാം ക്ലാസ്സിൽ ചേർന്നപ്പോൾ ഇനി മുതൽ ‘‘ടീച്ചറെ.. മാഷേ’’ എന്നല്ല ‘സാർ’ എന്നു വിളിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ച അഞ്ച് ഇയിലെ അലവി സാർ.

 

ഉപന്യാസം എന്താണെന്നു പോലും അറിയാതിരുന്ന എന്നെ ആദ്യമായി ആ വാക്ക് പരിചയപ്പെടുത്തിയ, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല അന്നുണ്ടായിരുന്ന ഹിന്ദി പഠിപ്പിച്ചിരുന്ന  മുസ്തഫ മാഷ്. ശാസ്ത്ര മേളയ്ക്ക് ഒരു ശാസ്ത്ര പരീക്ഷണം ഞാൻ ചെയ്യണമെന്ന വാശിയോടെ അതെന്നെ പഠിപ്പിച്ചു തന്ന റഹൂഫ് മാഷ്. ഒപ്പം ശിഹാബ് മാഷും.

 

നാറാണത്ത് പുഴയിലേക്ക് ഞങ്ങൾ നടത്തിയ പഠന  യാത്രയുടെ ഞാനെഴുതിയ കുറിപ്പ്, വളരെ ഭംഗിയുള്ളതും ചിട്ടയുള്ളതുമാക്കി മാറ്റി വളരെ മനോഹരമായ ഒരു കുറിപ്പാക്കി ഒരു മത്സരത്തിന് അയച്ചു കൊടുക്കാൻ വേണ്ടി എന്നെ നിർബന്ധിച്ച് എന്റെ കൈപ്പടയിൽ നല്ലൊരു കടലാസിൽ എഴുതിപ്പിക്കുകയും അയച്ചു കൊടുക്കുകയും ചെയ്ത സാദിഖ് സാർ. പ്രവൃത്തിപരിചയ മേളയ്ക്ക് ബുക്ക് ബൈൻഡിങ്ങിന് കൂടിയപ്പോൾ പേപ്പറാണോ പശയാണോ നൂലാണോ, എന്തൊക്കെയാണ് വേണ്ടത്, എല്ലാം വാങ്ങിത്തരാമെന്നു പറഞ്ഞു ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അന്നത്തെ ഹെഡ് മിസ്ട്രസ്സ് അയിഷാബി ടീച്ചർ.

 

ഒരിക്കൽ ഞങ്ങൾ ശാസ്ത്ര മേള കഴിഞ്ഞ് സ്കൂളിലേക്ക് മടങ്ങുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. അന്ന് സ്കൂളിൽ കറന്റും പോയി. ടീച്ചർ ഒറ്റയ്ക്കായിരുന്നു. എവിടെ നിന്നോ തിരഞ്ഞു പിടിച്ചു കിട്ടിയ ആ മെഴുകുതിരിയും പിടിച്ച്, ട്രോഫിയുമായി സ്കൂളിലേക്ക് മടങ്ങി വരുന്ന ഞങ്ങളെയും കാത്തു നിന്ന ടീച്ചറിന്റെ ആ നിൽപ് ഇന്നും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.

 

‘എഡിറ്റർക്ക് വിജയാശംസകൾ’.. എന്ന് ഓട്ടോഗ്രാഫിൽ കുറിച്ചിട്ട അനീഷ് മാഷ്. പിന്നെ ഈയിടെ മരണപ്പെട്ട ഞങ്ങളുടെ ഉർദു മാഷ്. അങ്ങനെ ഒരുപാടു പേർ. ഹൈസ്കൂളിൽ എത്തിയപ്പോൾ ഞാൻ ഒരുപാട്  ഒതുങ്ങിക്കൂടിയിരുന്നു. തീരെ ആക്ടീവ് അല്ലായിരുന്ന കാലം. എന്നിരുന്നാലും അന്നത്തെ ഞങ്ങളുടെ ഇംഗ്ലിഷ് ടീച്ചേഴ്സ് ആയ ദിവ്യ ടീച്ചറും അനുപമ ടീച്ചറുമൊക്കെ Word building, English Quiz തുടങ്ങി ചുരുക്കം ചില പ്രോഗ്രാമുകൾക്ക് മാത്രം പങ്കെടുപ്പിച്ചതിന്റെയും പ്രൈസ് കിട്ടിയതിന്റെയും ഓർമകൾ.

 

കണക്കായിരുന്നു എന്നും പാട്. നൂറിൽ ഇരുപത്തിനാല് മാർക്ക് കൃത്യം വാങ്ങിച്ച് ജസ്റ്റ് പാസ്സായ എന്നോട് സുകുമാരൻ സാർ അന്ന് പറഞ്ഞത് വളരെ ചിരിയോടെ ‘‘കുഞ്ഞോളേ.. നീ തോറ്റില്ലല്ലോടീ’’.. എന്നാണ് (തിരുവനന്തപുരം സ്റ്റൈൽ). കണക്ക് ശ്രദ്ധിക്കണം എന്ന് സാർ എപ്പോഴും പറയുമായിരുന്നെങ്കിലും സാറിനെയും കണക്കിനെയും അന്ന് പേടിയായിരുന്നു. പിന്നെ സാർ മറ്റൊരു സ്കൂളിലേക്ക് ട്രാൻസ്ഫർ ആയിപ്പോയി. പകരം വന്ന ഷക്കീല ടീച്ചർ വളരെ കുറച്ചു കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കണക്കിനെ ഞങ്ങൾക്ക് എളുപ്പമാക്കി തന്നു. ടീച്ചറും പോയതോടെ കണക്കിനോടുള്ള പേടി പഴയ പടിയായി. പിന്നീട് അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്താൻ സഹായിച്ചത് ക്ലാസ്സ്‌ ടീച്ചർ മുഹമ്മദ്‌ മാഷ് ആയിരുന്നു.

 

That's none of our business എന്നു പറയാറുള്ള സന്തോഷ്‌ സാർ. മാഷിതെത്ര കണ്ടതാ എന്നു പറഞ്ഞിരുന്ന യൂസുഫ് മാഷ്. ഒരമ്മയെ പോലെ കൂടെയുണ്ടായിരുന്ന ജ്യോതി ടീച്ചർ. ഒരു ഇത്താത്തയുടെ സ്നേഹം മുഴുവനും ഞങ്ങളിലേക്ക് പകർന്നു തന്ന ഷബാന ടീച്ചർ. അവസാന വർഷ പരീക്ഷയ്ക്കിടയിൽ വന്ന വയ്യായ്മകളെ മറികടന്ന് പരീക്ഷ നന്നായി എഴുതാൻ കൂടെ നിന്ന ജയന്തി മാം.

 

പ്രിയപ്പെട്ട അധ്യാപകരേ... 

 

നിങ്ങൾ പഠിപ്പിച്ചു തന്ന അറിവുകളേക്കാൾ ഞങ്ങൾ ഓർക്കുന്നത് നിങ്ങൾ പകർന്നു തന്ന ജീവിതപാഠങ്ങളും ജീവിതാനുഭവങ്ങളുമാണ്. ഒരിക്കലും മായാതെ ആ ഓർമകൾ എന്നും ഞങ്ങളുടെ മനസ്സുകളിൽ ജീവിക്കും.

 

Content Summary : Career Gurusmrithi Irfana Talks About Her Favorite Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com