സൈക്കിൾ ആക്സിഡന്റും പയ്യന്റെ നിർത്താതെയുള്ള കരച്ചിലും; നന്ദി പ്രേമ മിസ്സ്, പ്രയാസങ്ങളിലും അനുഗ്രഹങ്ങൾ തേടാൻ പഠിപ്പിച്ചു തന്നതിന്

HIGHLIGHTS
  • പിള്ളേരെല്ലാം ചുറ്റും വളഞ്ഞു. വീണ പയ്യനും എനിക്കും സൈക്കിളിനും കാര്യമായി ഒന്നും പറ്റിയിട്ടില്ല. 
  • ഞങ്ങളുടെ ധൈര്യം കർക്കശക്കാരിയായ ഹെഡ്മിസ്ട്രസ്സിന്റെ മുന്നിൽ ചോർന്നു പോയി. 
guru-smrithi-dr-jaffar-basheer
ഡോ. ജാഫർ ബഷീർ
SHARE

അപ്രതീക്ഷിതമായി മോശം കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ അവനവന്റെ ദുഃഖത്തിലേക്ക് മാത്രം മുഖം പൂഴ്ത്താതെ അന്യന്റെ സങ്കടങ്ങൾ കൂടി പരിഗണിക്കണമെന്ന് കുട്ടിക്കാലത്തു പഠിപ്പിച്ചു തന്ന പ്രേമ എന്ന അധ്യാപികയെക്കുറിച്ചുള്ള ഓർമകളാണ് ഗുരുസ്മൃതി എന്ന പംക്തിയിലൂടെ ഡോ. ജാഫർ ബഷീർ പങ്കുവയ്ക്കുന്നത്.  ആരോഗ്യരംഗത്ത് മികച്ച ജോലിയുമായി മുന്നോട്ടുപോകാൻ പ്രചോദനമായ അധ്യാപികയെക്കുറിച്ച് ഡോ. ജാഫർ പറയുന്നതിങ്ങനെ...

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനും എന്റെ സുഹൃത്ത് അരവിന്ദും ജില്ലാതല ക്വിസ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽനിന്നു 3 കിലോമീറ്റർ അപ്പുറം ദയപുരം സ്കൂളിൽ വെച്ച് ആണ് മൽസരം. രാവിലെ അറ്റൻഡൻസ് കൊടുത്ത് പ്രിൻസിപ്പൽ പ്രേമ മിസ്സിന്റെ (ഞങ്ങളുടെ സ്കൂളിൽ എല്ലാ ടീച്ചർമാരെയും മിസ്സ് എന്നാണ് വിളിക്കുക) ആശീർവാദത്തോടെ ഞങ്ങൾ രണ്ടു പേരും സൈക്കിളുകൾ എടുത്തു മൽസര സ്ഥലത്തേക്ക് പുറപ്പെട്ടു .

വാശിയേറിയ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ഞങ്ങൾ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ ആഹ്ലാദത്തിൽ സൈക്കിൾ പറപ്പിച്ച് ഞങ്ങൾ തിരിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു. രണ്ട് സ്കൂളുകൾക്കിടയിലുള്ള വഴിയിൽ ആണ് REC ഗവ. ഹൈസ്കൂൾ. ലഞ്ച് ബ്രേക്ക് സമയം ആയതു കൊണ്ട് വഴിയിൽ മുഴുവന് വിദ്യാർഥികൾ.  ഇറക്കം ഇറങ്ങി വന്ന ഞങ്ങളുടെ മുന്നിലേക്ക് പെട്ടെന്ന് ഒരു പയ്യൻ റോഡ് ക്രോസ് ചെയ്തു. എന്റെ സുഹൃത്ത് വെട്ടിച്ചുവെങ്കിലും തൊട്ടു പുറകെ വന്ന ഞാനും സൈക്കിളും പയ്യനും റോഡിലേക്ക്  മറിഞ്ഞു.

ബാക്കി പിള്ളേരെല്ലാം ചുറ്റും വളഞ്ഞു. വീണ പയ്യനും എനിക്കും സൈക്കിളിനും കാര്യമായി ഒന്നും പറ്റിയിട്ടില്ല. എന്നിട്ടും ആ പയ്യൻ നിർത്താതെ കരയുന്നു. ഇതു കണ്ട് ആ പയ്യനെ മൊത്തം പരിശോധിച്ചു. കുപ്പായവും ട്രൗസറും റോഡിൽ ഉരഞ്ഞ് കീറിയതൊഴിച്ച് ശരീരത്തിൽ പരുക്കുകൾ ഒന്നും ഇല്ല. 

കുട്ടി നിർത്താതെ കരയുന്നത് കൊണ്ട് ഞങ്ങളെ പോകാൻ സമ്മതിക്കാതെ വിദ്യാർഥി നേതാക്കൾ എന്ന് തോന്നുന്ന രണ്ടു പേർ മാന്യമായി എന്നാൽ അൽപം കാർക്കശ്യത്തോടെ ആ സ്കൂളിലെ ഹെഡ്മിസ്ട്രസ്സിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. 

പൊതുവേ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചൂളി പോകുന്ന ഞാനും അപകടത്തിൽ പങ്കില്ലാഞ്ഞിട്ടും സുഹൃത്തിനെ കൈവിടാതെ കൂടെ നിന്ന അരവിന്ദും അത്രയും സമയം എവിടുന്നോ കിട്ടിയ ധൈര്യവുമായി ഓഫിസിന് മുന്നിൽ നിന്നു. പക്ഷേ ഞങ്ങളുടെ  പ്രിൻസിപ്പലിന്റെ ചിരിക്കുന്ന മുഖം മാത്രം കണ്ട് പരിചയമുള്ള ഞങ്ങളുടെ ധൈര്യം കർക്കശക്കാരിയായ ഹെഡ്മിസ്ട്രസ്സിന്റെ മുന്നിൽ ചോർന്നു പോയി.  ബാക്കി ഉള്ള ധൈര്യം വച്ച് ഞങ്ങൾ ഏതു സ്കൂളിൽനിന്ന് ആണെന്നും സംഭവിച്ചത് എന്താണെന്നും വിറയലോടെ പറഞ്ഞ് അവതരിപ്പിച്ചു. 

ഉടനെ ലാൻഡ് ഫോണിൽ ഞങ്ങളുടെ പ്രേമ മിസ്സുമായി കുറച്ചു നേരം സംസാരിച്ച എച്ച്എം ഫോൺ വച്ചതിനു ശേഷം അതു വരെയുള്ള ഗൗരവം വെടിഞ്ഞ് ഒരു പുഞ്ചിരിയോടെ ഞങ്ങളോട് പോയിക്കൊള്ളാനും എല്ലാം പ്രേമ മിസ്സിനോട് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു. ക്വിസ് മത്സരം ജയിച്ച സന്തോഷം എല്ലാം ആവിയായി. ഒന്നും മിണ്ടാതെ പതുക്കെ സൈക്കിൾ ഓടിച്ചു ഞങ്ങളുടെ സ്കൂളിൽ എത്തി. 

ഭയത്തോടെ പ്രിൻസിപ്പൽ റൂമിൽ കയറിയ ഞങ്ങളെ ഒരു പുഞ്ചിരിയിൽ എല്ലാ വിഷമവും മായ്ച്ച് കളഞ്ഞു പ്രേമ മിസ്സ് : ‘‘First tell me the good news’’എന്നു പറഞ്ഞു. സിലക്‌ഷൻ കിട്ടിയ വിവരം പറഞ്ഞപ്പോൾ രണ്ടു പേർക്കും കൈ തന്ന് അനുമോദിച്ചു. എന്നിട്ട് അരവിന്ദിനോടു ക്ലാസ്സിൽ പോകാൻ പറഞ്ഞു. അതുവരെ മസിൽ പിടിച്ചു നിന്ന ഞാൻ ഒറ്റയ്ക്കായപ്പോൾ പൊട്ടിക്കരയാൻ തുടങ്ങി. 

എന്നെ ചേർത്ത് പിടിച്ച മിസ്സ്, എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ സ്കൂളിനും മിസ്സിനും മാനഹാനി വരുത്തി എന്ന കുറ്റബോധവും ഒരു പാവം പയ്യനെ കരയിപ്പിച്ച വേദനയും എല്ലാം കൂടുതൽ കണ്ണീരായി അണപൊട്ടി ഒഴുകി.

എന്റെ മുഖം രണ്ടു കയ്യും കൊണ്ട് കവിളിൽ പിടിച്ചു ഉയർത്തി വിരലുകൾ കൊണ്ട് കണ്ണീർ തുടച്ചു കൊണ്ട് എന്നോട് പറഞ്ഞു.

‘‘മോനൂ, ഇങ്ങനെയുള്ള സംഭവങ്ങളാണ് ഒരു വ്യക്തിയെ വാർത്തെടുക്കുന്നത്. See it as a blessing in disguise. 

ആ വീണ പയ്യൻ പരിക്ക് ഇല്ലാഞ്ഞിട്ടും നിർത്താതെ കരഞ്ഞത് എന്തിനാണെന്ന് അറിയോ?’’

അപകടം നടന്നത് മുതൽ എന്റെ മനസ്സിൽ ഉള്ള ചോദ്യം ആയിരുന്നു അത്.

ഇല്ല എന്ന് ഞാൻ തലയാട്ടി. 

‘‘എന്നാ കരച്ചിൽ നിർത്തി മോനു ശ്രദ്ധിച്ചു കേട്ടോ’’

ടവൽ കൊണ്ട് കണ്ണ് തുടച്ചു ഞാൻ ആകാംഷയോടെ കേട്ടു.

‘‘ ആ കുട്ടിക്ക് ഈ വർഷത്തേക്ക് ആകെ ഒരു ജോഡി ഡ്രസ്സ് മാത്രമേ ഉള്ളൂ. അത് കീറിപ്പോയി. അവന് അച്ഛനില്ല. വീട്ടിൽ പോയാൽ അമ്മയോട് എന്തു പറയും എന്ന് പേടിച്ചാണ് അവൻ കരഞ്ഞത്. മോന്റെ ഉപ്പാനോട് പറഞ്ഞ് അവന്  ഒരു ജോഡി ഡ്രസ്സ് വാങ്ങിച്ചു കൊടുക്ക്’’.

ഉപ്പാനോട് പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് ഒന്നിന് പകരം മൂന്ന് ജോഡി യൂണിഫോം ഡ്രസ്സ് വാങ്ങിച്ചു കൊടുത്തപ്പോൾ ആ പയ്യന്റെ മുഖത്തു കണ്ട സന്തോഷം ഞാൻ ഇന്നും ഞാൻ മറന്നിട്ടില്ല. ജീവിതത്തിൽ എല്ലാ പ്രയാസങ്ങളിലും blessings in disguise കാണാൻ പ്രേമ മിസ്സ് എന്നെ പഠിപ്പിച്ചു. ആ സ്കൂളിലെ ആദ്യ ബാച്ച് ആയ ഞങ്ങളെ എല്ലാവരെയും മോനു, മോളു എന്നല്ലാതെ നീ എന്ന് പോലും വിളിച്ചിട്ടില്ല മാതൃതുല്യയായ ഞങ്ങളുടെ അധ്യാപിക.

എത്ര ശ്രമിച്ചിട്ടും കയ്യക്ഷരം നന്നാവാത്തതിൽ പരിതപിച്ച എന്നോട് നല്ല കയ്യക്ഷരത്തിലല്ല, നല്ല മനസ്സ് ഉണ്ടാകുന്നതിൽ ആണ് കാര്യം എന്നാണ് ഞാൻ കണ്ട ഏറ്റവും ഭംഗിയുള്ള കയ്യക്ഷരത്തിനും മനസ്സിനും ഉടമയായ പ്രേമ മിസ്സ് എന്നെ പഠിപ്പിച്ചത്.  മോശം കയ്യക്ഷരത്തോടെ തന്നെ വിജയകരമായി  കേരള ആരോഗ്യ വകുപ്പിലെ മോശമല്ലാത്ത ഒരു ഹൃദ്രോഗ വിദഗ്ധനിലേക്ക്  ഞാൻ വളർന്നതിൽ എന്റെ പ്രേമ മിസ്സിനുള്ള പങ്ക് വളരെ വലുതാണ്. എന്റെ ആദരവിന്റെയും സ്നേഹത്തിന്റെയും റോസാപ്പൂക്കൾ പ്രേമ മിസ്സിനും മറ്റു നല്ലവരായ എല്ലാ അധ്യാപകർക്കും  സമർപ്പിക്കുന്നു.

Content Summary : Career Guru Smrithi Dr. Jaffer Basheer Talks About His Favorite Teacher

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}