ADVERTISEMENT

സംസ്ഥാനത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ ബാച്‌ലർ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ഓപ്‌ഷൻ സമർപ്പണം 19ന് രാവിലെ 10 വരെ. ആദ്യ അലോട്മെന്റ് 21ന്. ഫീസ് 26ന് ഉച്ചകഴിഞ്ഞ് നാലിനുള്ളിൽ അടയ്ക്കണം.

കോഴ്‌സും കോളജും സംബന്ധിച്ച താൽപര്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നത് നിർണായക കൃത്യമാണ്. മികച്ച ഓപ്‌ഷനുകൾ നൽകുന്നത് കൂടാതെ കുറഞ്ഞ റാങ്ക് മതിയാകുന്ന ഓപ്‌ഷനുകളും സമർപ്പിക്കണം. 

 

∙കോളജുകൾ

 

G – സർക്കാർ, എയ്ഡഡ്, സർവകലാശാല

N – കോസ്റ്റ് ഷെയറിങ് (സർക്കാരും രക്ഷിതാക്കളും ചെലവ് പങ്കിടുന്ന കോളജുകൾ)

S – സ്വകാര്യ സ്വാശ്രയ കോളജുകൾ

ഈ 3 തരം സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ ശ്രദ്ധിക്കുക. കോസ്റ്റ്–ഷെയറിങ് കോളജുകൾ തമ്മിൽ സീറ്റ് വകയിരുത്തുന്നതിലും ഫീസ് നിരക്കുകളിലും വ്യത്യാസമുണ്ട്.

 

എൻട്രൻസ് പരീക്ഷാ കമ്മിഷണർ അലോട്മെന്റ് നൽകുന്ന കോഴ്സുകളെ 3 സ്ട്രീമുകളായി തിരിച്ചിട്ടുണ്ട്.

1.എൻജിനീയറിങ് – പ്രോസ്പെക്ടസിലെ 1.3.1 & 1.3.2 കോഴ്സുകൾ

2. മെഡിക്കൽ – 1.3.3 മുതൽ 1.3.6 വരെ

3. ഫാർമസി – ബിഫാം ഇപ്പോൾ ഓപ്ഷനുകൾ നൽകുന്നത് എൻജിനീയറിങ്, ആർക്കിടെക്ടർ കോഴ്സുകളിലേക്കു മാത്രമാണ്. മറ്റു കൈവഴികളിലേക്കുള്ള വിജ്ഞാപനം പിന്നീടു വരും. സ്വാശ്രയ ആർക്കിടെക്ചർ കോളജുകൾ സംബന്ധിച്ച സർക്കാർ ഉത്തരവു കിട്ടാത്തതിനാൽ അവ ഇപ്പോഴത്തെ ഓപ്ഷൻ സമർപ്പണത്തിൽ ഉൾപ്പെട്ടിട്ടില്ല.

ആദ്യം സൈറ്റിൽ നൽകുന്ന ഓപ്‌ഷനുകൾ എത്ര തവണ വേണമെങ്കിലും തിരുത്തി സമർപ്പിക്കാം.അവസാനനിമിഷം വരെ കാത്തിരിക്കരുത്. തിരക്കു കാരണം സൈറ്റിൽ കയറാൻ പ്രയാസം വരാം.

 

എൻജിനീയറിങ്ങിനും ആർക്കിടെക്ചറിനും ഒന്നിലേക്കു മാത്രം ശ്രമിക്കുന്നവർക്ക് അതനുസരിച്ച് ഓപ്‌ഷനുകൾ ക്ലിക് ചെയ്‌ത് ചേർക്കാം. രണ്ടിലേക്കും ശ്രമിക്കുന്നവർക്ക് ഓപ്‌ഷനുകൾ ഇടകലർത്തി നൽകാം.        

 

∙ പടവുകളിങ്ങനെ

 

1. കോഴ്‌സുകളുടെയും സ്‌ഥാപനങ്ങളുടെയും കോഡുകളുമായി പരിചയപ്പെടുക. എൻജിനീയറിങ് കോഴ്‌സുകളുടെ കോഡുകൾ പ്രോസ്‌പെക്‌റ്റസിന്റെ 118-ാം പുറത്തുണ്ട്.

കോളജ് കോഡുകളും പ്രോസ്‌പെക്‌റ്റസിലുണ്ട്. കോഴ്‌സ്–കോഡിനു രണ്ടക്ഷരവും കോളജ്–കോഡിന് മൂന്നക്ഷരവുമാണ്. ഉദാ: EE ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്

AR ആർക്കിടെക്ചർ

TVE കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം

CDP കോളജ് ഓഫ് ഡെയറി സയൻസ് & ടെക്നോളജി, പൂക്കോട് 

2. പ്രോസ്പെക്ടസിലും (പേജ് 68–79) വെബ് സൈറ്റിലുമുള്ള നിർദേശങ്ങൾ ആദ്യംതന്നെ വായിക്കുക.

3. അർഹതയുള്ള സ്ട്രീമിലേക്കു മാത്രമേ ഓപ്‌ഷൻ റജിസ്‌റ്റർ ചെയ്യാൻ കഴിയൂ. ഒരു കോഴ്സും കോളജും ചേർന്നതാണ് ഒരു ഓപ്ഷ‌ൻ. ME-TCR, CH-TCR എന്നിവ രണ്ടും ഒരേ കോളജിലേക്കുള്ളതാണെങ്കിലും, അവ വ്യത്യസ്ത ഓപ്ഷനുകളാണ്.

4. നിങ്ങളുടെ റാങ്ക്, പഠിക്കാൻ താൽപര്യമുള്ള പഠനശാഖകൾ, ആ ശാഖകൾക്ക് ജോലി വിപണിയിലെ വില, ഫീസ് കൊടുക്കാനുള്ള ശേഷി, സംവരണ സാധ്യത, സ്‌ഥാപനങ്ങളുടെ മികവ്, ക്യാംപസ് റിക്രൂട്മെന്റ് സൗകര്യം, സ്‌ഥാപനത്തിലേക്കു വീട്ടിൽ നിന്നുള്ള ദൂരം തുടങ്ങിയവയെല്ലാം പരിഗണിച്ച്, ഏത് ക്രമത്തിൽ ഓപ്‌ഷനുകൾ നൽകണമെന്ന് തീരുമാനിക്കുക.

5. നിങ്ങളുടെ റോൾ നമ്പർ (ആറക്കം), ആപ്ലിക്കേഷൻ നമ്പർ (ഏഴക്കം), ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ഉപയോഗിച്ച പാസ്‌വേഡ് എന്നിവ കൃത്യമായി എഴുതിവയ്‌ക്കുക. ഇവയെല്ലാം രഹസ്യമാക്കി വയ്‌ക്കുന്നതു പ്രധാനം. 

6. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ KEAM 2022-Candidate Portal ലിങ്കിൽ ക്ലിക് ചെയ്ത് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും സൈറ്റിൽ കാണുന്ന ആക്സസ് കോഡും (കാപ്ച) നല്കുക. Option Registration ലിങ്ക്‌ വഴി ഓപ്ഷൻ റജിസ്ട്രേഷൻ പേജിലെത്താം.

7. നിങ്ങൾക്കു പ്രവേശനാർഹതയുള്ള എല്ലാ സ്ട്രീമുകളിലെയും എല്ലാ കോഴ്സ്, കോഡ് കോംബിനേഷനുകളും ഈ പേജിൽ തെളിയും. തുടർന്ന് സൈറ്റിലെ നിർദേശം പാലിച്ച് ഓപ്ഷൻസ് സമർപ്പിക്കാം. താൽപര്യമുള്ള കോഴ്സ്, കോളജ് കോംബിനേഷനുകളുടെ നേർക്ക് നിങ്ങളുടെ മുൻഗണനയനുസരിച്ച് 1,2,3 എന്നിങ്ങനെ ക്ലിക്ക് ചെയ്ത് നമ്പറിട്ടു പോകാം. സമർപ്പിച്ച ഓപ്ഷനുകൾ ഇടയ്ക്കിടെ സേവ് ചെയ്യണം. 

8. തിരഞ്ഞെടുത്ത ലിസ്റ്റിലെ ഓരോ കോംബിനേഷന്റെയും മുൻഗണന കൂട്ടാനും കുറയ്ക്കാനും സൗകര്യം ലഭിക്കും. വേണ്ടാത്തവ ഡിലീറ്റ് ചെയ്യാനും കഴിയും. 

9. ഓപ്ഷൻ സമർപ്പണം കഴിഞ്ഞ് പ്രിന്റെടുത്തു സൂക്ഷിക്കുന്നതു നന്ന്. തുടർന്ന് ലോഗ്ഔട് ചെയ്യുന്നതു പ്രധാനം. 

10. ഏറ്റവും ഒടുവിൽ സേവ് ചെയ്‌ത വിവരം നമ്മുടെ ഓപ്‌ഷൻ ലിസ്‌റ്റായി സിസ്‌റ്റത്തിൽ കിടക്കും. പിന്നീട് നമുക്ക് ഇത് പരിഷ്‌കരിക്കണമെങ്കിൽ ആദ്യം ചെയ്‌തപോലെ സൈറ്റിൽ കയറി, ഓപ്‌ഷനുകൾ മാറ്റാം. സിസ്‌റ്റത്തിലുള്ള ഓപ്‌ഷനുകൾ എൻട്രൻസ് കമ്മിഷണർ മരവിപ്പിക്കുന്നതു വരെ ഇത്തരം മാറ്റങ്ങൾ വരുത്താം. 

11. പ്രോസ്പെക്ടസിലെ 11.5.10 പ്രകാരം 18നു നടത്തുന്ന ‘ട്രയൽ അലോട്‌മെന്റ്’ നിങ്ങൾക്കു കിട്ടാവുന്ന സിലക്‌ഷനെപ്പറ്റി ഏകദേശരൂപം നൽകും.

12. ഉയർന്ന ഏതെങ്കിലും ഓപ്‌ഷൻ അനുവദിച്ചാൽ, അതിൽനിന്നു താഴെയുള്ള ഓപ്‌ഷനുകളിലേക്ക്‌ മാറ്റം കിട്ടില്ല. 

13. ചോദിക്കാത്ത കോഴ്‌സിലോ കോളജിലോ ഒഴിവുണ്ടെങ്കിൽ, നമുക്ക് അതിന് അർഹതയുണ്ടെങ്കിലും പ്രവേശനം കിട്ടില്ല.

14. കോസ്റ്റ് ഷെയറിങ് കോളജുകളിലെ സർക്കാർ സീറ്റും മാനേജ്‌മെന്റ് സീറ്റും വ്യത്യസ്‌ത ഓപ്‌ഷനുകളായി കരുതണം. ഫീസ് കൂടുതലായ മാനേജ്‌മെന്റ് സീറ്റുകളിലേക്കും ഈ ഓപ്‌ഷൻ വ്യവസ്‌ഥ വഴിയാണ് സിലക്‌ഷൻ. സ്വകാര്യ സ്വാശ്രയ കോളജുകളിലെ സീറ്റുകളിൽ വ്യത്യസ്ത ഫീസ് ഘടനയുണ്ട്. 

15. മുന്നു സർവകലാശാലകളിലെ ഫുഡ് ടെക്നോളജി കോഴ്സുകളിൽ 8 മടങ്ങോളം ഫീസ് ‌വ്യത്യാസമുള്ളതു ശ്രദ്ധിക്കുക. 

 16. ഓപ്‌ഷൻ സമർപ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞ് കമ്മിഷണർ വെബ് പേജ് മരവിപ്പിക്കുകയും, തുടർന്ന് ഓരോരുത്തർക്കും അനുവദിക്കാവുന്ന ഏറ്റവും മികച്ച ഓപ്‌ഷൻ അനുവദിച്ചുനൽകുകയും ചെയ്യും. അതനുസരിച്ചുള്ള സിലക്‌ഷൻ ലിസ്‌റ്റ് വെബ്‌സൈറ്റിൽ വരും.നിങ്ങൾക്കു കിട്ടിയ സിലക്‌ഷൻ പ്രകാരം നൽകേണ്ട ഫീസ് 26ന് വൈകിട്ട് 4 വരെ പോസ്റ്റ് ഓഫിസിലോ ഓൺലൈൻ വഴിയോ അടയ്‌ക്കാം. ഫീസടയ്‌ക്കാത്തവരെ ആ സ്‌ട്രീമിലെ പ്രവേശനത്തിനു പിന്നീട് പരിഗണിക്കില്ല.

17. ഇനി രണ്ടാമത്തെ അലോട്‌മെന്റാണ്. കൃത്യമായി ഫീസടയ്‌ക്കാത്തതിനാൽ കുറെ പേരുകൾ വെട്ടിപ്പോകും. ഇതുവഴിയുണ്ടാകുന്ന ഒഴിവുകളിൽ അർഹതയുള്ളവർക്ക് ഹയർ ഓപ്‌ഷൻപ്രകാരം കയറ്റം നൽകും. ഇതനുസരിച്ച് ചിലപ്പോൾ കൂടുതൽ ഫീസ് അടയ്‌ക്കേണ്ടിവന്നേക്കാം. അത് നിർദേശാനുസരണം അടയ്‌ക്കുക. നേരത്തേ അടച്ച തുക കൂടുതലായിപ്പോയെങ്കിൽ അധികത്തുക പ്രവേശനം തീർന്നതിനുശേഷം തിരികെക്കിട്ടും. 

കുറെപേർക്ക് കയറ്റം കിട്ടുമെന്നു മാത്രമല്ല, ആദ്യലിസ്‌റ്റിൽപ്പെടാതിരുന്ന ചിലർക്ക് പുതുതായി സിലക്‌ഷൻ കിട്ടുകയും ചെയ്യും. ഈ പ്രക്രിയ പ്രവേശനം പൂർത്തിയാക്കുന്നതുവരെ തുടരും. 

18. അലോട്‌മെന്റ് പ്രകാരം നിർദ്ദിഷ്‌ട ദിവസം ഒറിജിനൽ രേഖകളുമായി കോളജിൽ ചെന്നുചേരാം. ഈ ഘട്ടംവരെ ഒറിജിനലുകൾ പരിശോധിച്ചിട്ടില്ലാത്തതിനാൽ ചിലരുടെ കാര്യത്തിൽ പോരായ്‌മകളുണ്ടാകുകയും പ്രവേശനം കിട്ടാതെ വരുകയും ചെയ്യാം.

  പ്രവേശനത്തിന് നിർേദശാനുസരണം ഹാജരാകാതിരുന്നാൽ ബന്ധപ്പെട്ട സ്ട്രീമിലെ പേരു നീക്കം ചെയ്യും.

19. ആദ്യ അലോട്‌മെന്റിനു ശേഷം, അടുത്ത തവണ പരിഗണിക്കേണ്ട ഉയർന്ന ഓപ്ഷനുകളുള്ളവർ ഹോം പേജിലെത്തി, Confirm ബട്ടൺ ക്ലിക് ചെയ്യണം. ഇങ്ങനെ കൺഫർമേഷൻ ചെയ്‌തതിനു ശേഷം മാത്രമേ നിലനിൽക്കുന്ന ഉയർന്ന ഓപ്‌ഷനുകളിൽ വേണ്ടാത്തവ റദ്ദു ചെയ്യാനോ അവയുടെ ക്രമം മാറ്റിക്കൊടുക്കാനോ കഴിയൂ. കൺഫർമേഷൻ ചെയ്യാത്തവരുടെ ഉയർന്ന ഓപ്‌ഷനുകൾ നഷ്‌ടപ്പെടും. അടുത്ത അലോട്‌മെന്റിൽ അവ പരിഗണിക്കില്ല. 

 പക്ഷേ, കിട്ടിയ ഓപ്ഷൻ നിലനിൽക്കും. തുടർന്നുള്ള അലോട്‌മെന്റുകളിലും ഈ നിബന്ധനയുണ്ടാവും. (പ്രോസ്പെക്റ്റസ്: 11.6.4)

20. ഓപ്‌ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ, പണമടയ്ക്കാവു‍ന്ന പോസ്റ്റ് ഓഫിസുകൾ എന്നിവ വെബ്സൈറ്റിൽ നിന്നറിയാം. തനിയെ ഓപ്ഷൻസ് സമർപ്പിക്കാൻ പ്രയാസമുളളവരെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സൗജന്യമായി സഹായിക്കും. 

 ആപ്ലിക്കേഷൻ നമ്പറോ പാസ്‌വേ‍ഡോ മറന്നുപോയാൽ അവ കണ്ടെത്താൻ കാൻഡിഡേറ്റ്  പോർട്ടലിൽ ലിങ്കുകളുണ്ട്. 

22. വിവരങ്ങൾക്ക് https://cee-kerala.org എന്ന സൈറ്റിലെ KEAM 2022 ലിങ്കും നോക്കാം. സംശയപരിഹാരത്തിനു ഫോൺ: 0471-2525300. 

 

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 

∙ഓപ്ഷനു പരിഗണിക്കുന്ന കോളജുകളുടെ ലിസ്റ്റും ഓരോ വിഭാഗത്തിൽപെട്ട കോളജുകളിലെ ഫീസ്നിരക്കുകളും ഓപ്ഷൻ വിജ്ഞാപനത്തിലുണ്ട്. ഓരോ കോളജിലെയും  കോഴ്സുകൾ പ്രോസ്പെക്ടസിലുണ്ട്. 

∙ഇഷ്ടപ്പെട്ട കോളജിൽ ഇഷ്ടപ്പെട്ട കോഴ്സില്ല എന്ന സ്ഥിതിയുണ്ടെങ്കിൽ കോളജിനാണോ കോഴ്സിനാണോ മുൻഗണന നൽകേണ്ടത് എന്നത് നന്നായി ആലോചിച്ചു വേണം ഓപ്ഷനുകൾ തീരുമാനിക്കാൻ.

∙തീരുമാനത്തിൽ രക്ഷിതാക്കൾ പങ്കെടുക്കണം. താങ്ങാനാവാത്ത ഫീസ് നൽകേണ്ട

 ഓപ്‌ഷൻ മുൻഗണനയിൽ ആദ്യം കൊടുത്ത്, അതിൽനിന്നു മാറാനാവാതെ വരുന്ന പ്രയാസം ഒഴിവാക്കണം

∙ഏതു കോളജിലാണ് സില‌ക്‌ഷനെന്നതും പ്രധാനം. എല്ലാ കോളജുകൾക്കും അംഗീകാരമുണ്ടെങ്കിലും ഗുണനിലവാരത്തിലും ഫീസുനിരക്കുകളിലും വ്യത്യാസങ്ങളുണ്ട്.

∙അപേക്ഷയിലെ  അപാകതകൾ മൂലം ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ സമർപ്പിക്കാം. 18ന് രാവിലെ 10 മണിക്കകം പോരായ്മകൾ പരിഹരിക്കുന്നപക്ഷം ഇവരെ അലോട്മെന്റിനു പരിഗണിക്കും.

∙എൻട്രൻസ് കമ്മിഷണറുടെ പുതിയ അറിയിപ്പുകൾ സൈറ്റിലും പത്രങ്ങളിലും വരുന്നതു നിരന്തരം ശ്രദ്ധിക്കുക.

 

സമയക്രമം

 

ഓപ്ഷൻ സമർപ്പണം 19 ന് രാവിലെ 10 വരെ

 

ട്രയൽ അലോട്മെന്റ്– 18 ന്

 

ആദ്യ അലോട്മെന്റ്– 21 ന്

 

ഫീസ് അടയ്ക്കൽ 26 ന് വൈകിട്ട് 4 വരെ

 

എൻട്രൻസ്ഫലം തടഞ്ഞു വയ്ക്കപ്പെട്ടവർ പോരായ്മകൾ പരിഹരിക്കേണ്ടത്– 18 ന് രാവിലെ 10 മണി.

 

Content Summary : KEAM 2022 counselling: Option registration window opens 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com