ADVERTISEMENT

മരണം കാത്തുകിടക്കുന്ന വയോധികനോട് അയൽക്കാരനായ യുവാവ് ചോദിച്ചു: എന്തുകൊണ്ടാണ് കല്യാണം കഴിക്കാതിരുന്നത്? അയാൾ പറഞ്ഞു: ഞാൻ കല്യാണത്തിനെതിരല്ല. എല്ലാം തികഞ്ഞ സ്ത്രീയെ നോക്കി നടന്നതാണ്. അതിങ്ങനെയായി. യുവാവ് ചോദിച്ചു: ഇത്രയും വർഷത്തിനിടെ എല്ലാം തികഞ്ഞ ഒരു സ്ത്രീയെപ്പോലും കണ്ടില്ലേ? കണ്ടു. പക്ഷേ, ഒരു കുഴപ്പമുണ്ടായിരുന്നു. അവൾക്കു വേണ്ടത് എല്ലാം തികഞ്ഞ പുരുഷനെയായിരുന്നു.

 

തിരിച്ചറിവുകൾക്കു നേരഭേദമോ പദവിവ്യത്യാസമോ ഇല്ല. അതു കൗമാരത്തിലോ യൗവനത്തിലോ വാർധക്യത്തിലോ ലഭിക്കും. എത്രയധികം കാര്യങ്ങളെക്കുറിച്ച് എത്ര നേരത്തെ ഉൾക്കാഴ്ച ലഭിക്കുമോ അത്രയും ക്രിയാത്മകവും പ്രയോജനപ്രദവുമായിരിക്കും കർമരംഗം. സ്വന്തം അനുഭവങ്ങളിൽനിന്നു മാത്രം പഠിക്കണമെന്ന ദുർവാശിയാണു പലരുടെയും ജീവിതം നഷ്ടത്തിൽ കലാശിക്കുന്നതിനു കാരണം. മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്നുകൂടി പഠിക്കാൻ തയാറാകുന്നവർക്കു മാത്രമാണ് മുൻകരുതലോടെ ജീവിതത്തെ സമീപിക്കാനാകുക. അല്ലാത്തവരെല്ലാം ആത്മബന്ധങ്ങളുടെയും പിഴവുകളുടെയും വൺവേ ട്രാക്കിലൂടെ മാത്രമാകും സഞ്ചരിക്കുക. 

 

തിരിച്ചറിവുകൾ എന്തെങ്കിലും എപ്പോഴെങ്കിലും ഉണ്ടായിട്ടെന്തു കാര്യം? തിരിച്ചു നടക്കാനുള്ള സമയവും കൂടെ ലഭിക്കണ്ടേ. അനുഭവങ്ങളുണ്ടാകണമെങ്കിൽ പലവിധ പാതകളിലൂടെ സഞ്ചരിക്കുകയും പലരുമായും സമ്പർക്കം പുലർത്തുകയും വേണം. ഒരേ തീരത്തിരുന്ന്, ഒരേ ദിശയിലേക്കു മാത്രം നോക്കിയാൽ ഒരേതരം കാഴ്ചകളേ കാണൂ. വലപ്പോഴുമെങ്കിലും ഇരിപ്പിടം മാറുകയും ചുറ്റും കണ്ണോടിക്കുകയും വേണം. സമാനാനുഭവങ്ങളിലൂടെ സഞ്ചരിച്ചവരോടും മുൻപേ നടന്നവരോടും സംശയനിവൃത്തി വരുത്തുന്നതും നല്ലതാണ്.

 

Content Summary : Learn From Others Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com