നല്ലൊരു ജോലി കിട്ടിയാൽ മാത്രം പോരാ, സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കാൻ നിർബന്ധബുദ്ധിയോടെ പാലിക്കണം ചില ശീലങ്ങൾ...

HIGHLIGHTS
  • ചെറുപ്പത്തിലേ ശീലിക്കാത്തവർക്കു സമയനിഷ്ഠ പാലിക്കൽ കഠിനശ്രമമാണ്.
  • വികസിത രാജ്യങ്ങളിലൊന്നും 10 മണിയെന്നാൽ 10.15 എന്നർഥമില്ല.
punctuality-at-work-place-is-priceless
Representative Image. Photo Credit: fizkes/ Shutterstock
SHARE

കുറേക്കാലം മുൻപ് ഞാൻ മേധാവിയായിരുന്ന സ്ഥാപനത്തിൽ കരാര്‍ വ്യവസ്ഥയിൽ ജോലി ചെയ്ത 3 ചെറുപ്പക്കാരുണ്ടായിരുന്നു. കരാർ പുതുക്കാൻ ഫയൽ വന്നപ്പോൾ രണ്ടു പേരുടേതു ഞാൻ പുതുക്കി. മൂന്നാമന്റെ കാര്യം പിന്നീടു തീരുമാനിക്കാമെന്നു ഫയലിൽ എഴുതി. 

അയാൾ എന്നെ കാണാൻ വന്നു. ഉള്ളിലെ അമർഷം ശരീരഭാഷയിലുണ്ട്. ഞാൻ ചോദിച്ചു: ‘‘നിങ്ങൾ മൂന്നു പേർക്കും ഒരുപാട് സമാനതകളുണ്ടല്ലേ?’’. ‘അതെ’ എന്നയാൾ തലകുലുക്കി. ‘പക്ഷേ, നിങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?– ആ ചോദ്യം അയാൾ പ്രതീക്ഷിച്ചില്ല. അങ്ങനെ അയാൾക്കു തോന്നിയിട്ടുമില്ല. ഞാൻ പറഞ്ഞു: ‘മീറ്റിങ്ങുകൾക്കും പൊതുപരിപാടികൾക്കും ചർച്ചകൾക്കുമെല്ലാം അവർ 15 മിനിറ്റ് നേരത്തേ വരും. ‘നിങ്ങൾ എപ്പോഴും 20 മിനിറ്റ് വൈകും. ഓർത്തു നോക്കൂ’. പെട്ടെന്ന് അതു ബോധ്യമായ ഖേദത്തോടെ അയാള്‍ ക്ഷമ പറഞ്ഞു. ഞാൻ പറഞ്ഞു: ‘മറ്റുകാര്യത്തിലെല്ലാം നിങ്ങൾ അവർക്കൊപ്പമാണ്. പക്ഷേ, ഇക്കാര്യം മതി നിങ്ങളുടെ സ്ഥാനം താഴാൻ. അതു ശ്രദ്ധയിൽപ്പെടുത്താനും തിരുത്താനുമാണു കരാർ വൈകിപ്പിച്ചത്. ഇനി കരാർ നീട്ടാൻ എനിക്കു ബുദ്ധിമുട്ടില്ല’. അതിനു ശേഷം സമയനിഷ്ഠ പാലിക്കാൻ അയാൾ ശ്രമിച്ചു. കുറച്ചു മാസംകൊണ്ടു പൂർണമായി വിജയിക്കുകയും ചെയ്തു. 

ചെറുപ്പത്തിലേ ശീലിക്കാത്തവർക്കു സമയനിഷ്ഠ പാലിക്കൽ കഠിനശ്രമമാണ്. ട്രാഫിക് ബ്ലോക്ക് എപ്പോഴുമുണ്ടാകാം, അപകടം സംഭവിക്കാം, വണ്ടി തകരാറിലാകാം, രാവിലെ പത്രവായന ഇത്തിരി നീണ്ടുപോയാൽ മീറ്റിങ്ങിനു വൈകാം. അപ്രതീക്ഷിതമായി വീട്ടിൽ ഒരതിഥി വരാം, വഴി തെറ്റിപ്പോകാം...വൈകി എത്തുന്നവർ എപ്പോഴും കാരണമായി പറയുന്നത്, തെറ്റിപ്പോകാവുന്ന ഇത്തരം കണക്കുകൂട്ടലുകളെക്കുറിച്ചാണ്. എപ്പോഴും വൈകുന്നതിനു പിന്നിൽ പല ശീലങ്ങളുടെയും സ്വാധീനമുണ്ട്. ഇവ കണ്ടെത്തി മാറ്റുകയും അര മണിക്കൂർ മുൻപേ എത്തണമെന്ന നിർബന്ധബുദ്ധിയോടെ ആസൂത്രണം ചെയ്യുകയുമാണു വേണ്ടത്. 

നല്ലൊരു ജോലി കിട്ടിയാൽ മാത്രം പോരാ, അവിടെ അംഗീകരിക്കപ്പെടുന്നതും എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഉയർന്ന തസ്തികകളിലേക്കു പരിഗണിക്കപ്പെടുന്നവർക്കിടയിൽ അറിവിലും കഴിവിലും വലിയ അന്തരമുണ്ടാവില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ സമയനിഷ്ഠയിലെ പോരായ്മ, കോപം നിയന്ത്രിക്കാനുള്ള കഴിവുകേട്, സഹപ്രവർത്തകരോടുള്ള പെരുമാറ്റത്തിലെ ഹൃദ്യത/കാർക്കശ്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ നിർണായകമാകും. 

വികസിത രാജ്യങ്ങളിലൊന്നും 10 മണിയെന്നാൽ 10.15 എന്നർഥമില്ല. എത്ര തിരക്കുണ്ടെങ്കിലും സമയം പാലിക്കുന്നതിൽ ഗാന്ധിജിയും നെഹ്റുവും മാതൃകകളായി. കെ.പി. കേശവമേനോനും ഡിസി കിഴക്കേമുറിയും സമയനിഷ്ഠയിൽ കർക്കശക്കാരായിരുന്നു. വിശിഷ്ടാതിഥികൾ വന്നില്ലെങ്കിലും നോട്ടീസിൽ പറഞ്ഞ സമയത്തു ഡിസി യോഗം തുടങ്ങുമായിരുന്നു. വൈകിയ മുഖ്യാതിഥി എത്തിച്ചേർന്നപ്പോഴേക്കും യോഗം അവസാനിച്ച സംഭവങ്ങളുമുണ്ട്!

പല സംഘാടകരും 5 മണി എന്നു സമയം വയ്ക്കുന്നത് 6 മണിക്കു തുടങ്ങാനാണ്. താമസിച്ചു വന്നാലും കുഴപ്പമില്ല എന്നല്ലേ അതിന്റെ സന്ദേശം? കൃത്യസമയത്തെത്തുന്നവർ പരിഹാസ്യരാവുന്നു. ‘പരിശ്രമം ചെയ്യുകയില്‍ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള’വരാണു നാമെല്ലാം. നിർഭാഗ്യവശാൽ സമയനിഷ്ഠ പരിശീലിക്കാനുള്ള ബോധപൂർവശ്രമം എവിടെയുമില്ല. ജോലിയിലെ പ്രഫഷനലിസം ഇല്ലാതാക്കാൻ സമയനിഷ്ഠയില്ലായ്മ വലിയ ഘടകമാകും. യുദ്ധം തോൽക്കാൻ കുതിരക്കുളമ്പിലെ ലോഹച്ചട്ടയിലെ മോശപ്പെട്ട ഒറ്റ ആണി മതി എന്നു പറയാറില്ലേ?!

Content Summary : Vazhivilakku - Column By K Jayakumar why punctuality at the workplace is priceless

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}