ADVERTISEMENT

പരീക്ഷയും കോപ്പിയടിയും തമ്മിൽ അപാര കൂട്ടാണെന്നു പറയും അനുഭവസമ്പത്തുള്ളവർ.‌ സ്കൂൾ കാലത്ത് കോപ്പിയടി പിടിച്ച ഒരുപാടു കഥകൾ പലർക്കും പങ്കുവയ്ക്കാനുമുണ്ടാകും. അത്തരമൊരു കഥയാണ് പ്രവാസിയായ ഗോകുൽ പങ്കുവയ്ക്കുന്നത്. ഏഴാം ക്ലാസിലെ ഓണപ്പരീക്ഷയിൽ ഹിന്ദി പരീക്ഷയ്ക്ക് കോപ്പിയടിച്ചത് ഏറ്റവുമടുത്ത കൂട്ടുകാരൻ അധ്യാപകന് കാട്ടിക്കൊടുത്ത അനുഭവമാണ് ഗുരു സ്മൃതി എന്ന പംക്തിയിലൂടെ ഗോകുൽ പങ്കുവയ്ക്കുന്നത്. തന്റെ പ്രിയഗുരുനാഥനായ രാഘവൻ മാഷിനെക്കുറിച്ച് ഗോകുൽ പറയുന്നതിങ്ങനെ... 

 

guru-smrithi-raghavan-master
രാഘവൻ മാസ്റ്റർ

നിങ്ങള്‍ പരീക്ഷക്ക് കോപ്പിയടിച്ചിട്ടുണ്ടോ? ഇല്ല എന്നു പറയുന്നവർ വിരളമായിരിക്കും. ഞാനും കോപ്പിയടിച്ചിട്ടുണ്ട്. ‘പലനാൾ കള്ളൻ ഒരു നാൾ പിടിയില്‍’ എന്നാണല്ലോ. കടമ്പേരി യുപി സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അന്ന് പരീക്ഷ ഒരു പരീക്ഷണം തന്നെയാണ്. മിക്കവാറും മാര്‍ക്ക് കഷ്ടിച്ച് രണ്ടക്കം കടന്നാൽ കടന്നു. ഓണപ്പരീക്ഷ നടക്കുകയാണ്. അന്ന് പരീക്ഷ ഹിന്ദിയാണ്. എത്ര ശ്രമിച്ചിട്ടും ഒന്നും മനസ്സിലാവാതിരിക്കുമ്പോഴാണ് കാഞ്ഞ ബുദ്ധി മനസ്സിൽ തോന്നിയത്. അന്ന് ഏറ്റവും പിൻബെഞ്ചിലാണ് എന്റെ സ്ഥാനം. ഡെസ്ക്കിന്റെ അടിയിൽ പുസ്തകം വയ്ക്കാൻ സൗകര്യമുണ്ട്. ആരും കാണാതെ ഒരു വിധം അതിനുള്ളില്‍ ഹിന്ദി ടെക്സ്റ്റ് ഒളിപ്പിച്ചു പരീക്ഷ അസ്സലായി എഴുതി. 

 

പരീക്ഷ കഴിയാന്‍ നിമിഷങ്ങൾ മാത്രം ബാക്കി നില്‍ക്കെ എന്റെ കൂട്ടുകാരൻ അനൂപ് അതു കണ്ടു. അവൻ ശരിക്കും ഒരു പണി തന്നു. ക്ലാസില്‍ ഉണ്ടായിരുന്ന രാഘവൻ മാഷോടു പറഞ്ഞ് കൈയോടെ എന്നെ പിടികൂടി. മാഷ് പുസ്തകം വാങ്ങിവച്ച് വഴക്കും രണ്ടടിയും തന്നു. മാസ്റ്റർ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു കുട്ടിയെ തല്ലുന്നത്. അച്ഛനെ വിളിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന കർശന നിർദേശവും തന്നു. ഇതിൽനിന്ന് രക്ഷപ്പെടാൻ അവസാനം പതിനെട്ടാമത്തെ അടവ് പ്രയോഗിച്ചു. കരച്ചിൽ, കണ്ണീർ, ക്ഷമ ചോദിക്കല്‍ അങ്ങനെയങ്ങനെ...  വര്‍ഷങ്ങള്‍ പലത് പിന്നിട്ടു. ആ കോപ്പിയടി ശീലം പിന്നെയും തുടര്‍ന്നു. എങ്കിലും ജീവിതത്തിൽ ആദ്യമായും അവസാനമായും പരീക്ഷയിൽ എന്റെ കോപ്പിയടി പിടിച്ചത് അന്നു മാത്രമായിരുന്നു.

 

Content Summary : Career Guru Smrithi Gokul P.K Talks About His Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com