ADVERTISEMENT

ജീവിതം വഴിതിരിച്ചു വിടാൻ കാരണക്കാരനായ ഗുരുവിനെക്കുറിച്ചും അദ്ദേഹത്തിനായി ഇന്നും തുടരുന്ന അന്വേഷണത്തെക്കുറിച്ചുമാണ് പ്രവാസിയായ അബ്ദുൽ നസീർ ചെന്ത്രാപ്പിന്നി ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പറയുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്കു മുൻപ് മാഷ് നൽകിയ ഉപദേശം തന്റെ ജീവിതം മാറ്റി മറിച്ചുവെന്നും മാഷിനെ നേരിട്ട് കാണുമ്പോൾ നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് പ്രിയ അധ്യാപകനെക്കുറിച്ച് അബ്ദുൽ നസീർ ചെന്ത്രാപ്പിന്നി പറയുന്നതിങ്ങനെ:- 

 

ഓരോരുത്തരുടെയും ജീവിതത്തിൽ പഠനകാലത്ത് ഓർക്കാൻ ഓരോ കാര്യം ഉണ്ടാകും. ഞാൻ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ഒരുപാട് അധ്യാപകരുടെ മുഖങ്ങൾ മനസ്സിൽ ഇടയ്ക്കിടെ മിന്നി മറയാറുണ്ട്. പ്രവാസ ജീവിതത്തിനിടയിൽ വീണു കിട്ടുന്ന അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ ഞാൻ അന്വേഷിക്കുന്ന ഒരു അധ്യാപകനുണ്ട്. അദ്ദേഹം ഇന്നും കാണാമറയാത്താണ് എന്നതാണ് ഏറ്റവും വലിയ സങ്കടം.

 

ഞാൻ അഞ്ചാം ക്ലാസ് മുതൽ പത്തു വരെ ചെന്ത്രാപ്പിന്നി ഹൈസ്കൂളിലാണ് പഠിച്ചത്. എൺപത്തിരണ്ടിലാണ് ഞാൻ പത്താംതരം പരീക്ഷ എഴുതുന്നത്. ജീവിതത്തിൽ എല്ലാവരുടെയും നിർണായക സമയം. പക്ഷേ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. കാരണം എന്റെ മാർക്കിനെപ്പറ്റിയോ പഠിപ്പിനെപ്പറ്റിയോ കാര്യമായി ആരും ചോദിക്കാറില്ലായിരുന്നു. ഒരുപക്ഷേ അവർക്ക് അതിനുള്ള വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടോ അതോ ഞാൻ നന്നായി പഠിക്കുന്ന ഒരു കുട്ടിയാണെന്ന അവരുടെ ധാരണ കൊണ്ടോ ആയിരിക്കാം അങ്ങനെ സംഭവിച്ചത്. 

 

ഞാൻ പൊതുവെ അധ്യാപകരുമായി അടുപ്പം ഇല്ലാത്ത കുട്ടിയായിരുന്നു. കാരണം എന്നേക്കാൾ നന്നായി പഠിക്കുന്ന കുട്ടികൾ ഉള്ളതുകൊണ്ട് അവരുമായാണ് അധ്യാപകർ കൂടുതൽ  ഇടപഴകുന്നത്. എനിക്ക് കണക്കിൽ അൽപം താൽപര്യം ഉണ്ടായിരുന്നതിനാൽ കണക്കുമാഷ് മാത്രം എന്നെ ശ്രദ്ധിക്കുമായിരുന്നു. 

 

എന്റെ ഉപ്പയുടെ സഹോദരൻ ആ സ്‌കൂളിലെ അധ്യാപകനായിരുന്നു. അത് പല അധ്യാപകർക്കും അറിയില്ലായിരുന്നു. പക്ഷേ ഞങ്ങളുടെ ക്ലാസ് ടീച്ചർ ഗംഗാധരൻ മാസ്റ്റർക്ക് അറിയാമായിരുന്നെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഒരു ചേതക് സ്‌കൂട്ടറിലാണ് മാഷ് വരാറ്. കാഴ്ചയിൽ ഒരു കൈക്ക് അൽപ്പം സ്വാധീനക്കുറവ് തോന്നുമായിരുന്നു. എല്ലാ കുട്ടികളോടും സൗഹൃദത്തോടെ പെരുമാറും. എന്നോട് അങ്ങനെ അടുപ്പം ഒന്നും കാണിക്കാറില്ല.

 

പത്താം ക്ലാസ് പരീക്ഷ അടുക്കാറായി. ഒരുദിവസം മാഷ് എന്നോട് സ്റ്റാഫ് റൂമിലേക്കു വരാൻ പറഞ്ഞു.  ഞാൻ മടിച്ചുമടിച്ചാണ് പോയത്. അവിടെ എത്തിയപ്പോൾ മാഷ് ഒറ്റയ്ക്കേയുള്ളൂ. എന്നോട് ഇരിക്കാൻ പറഞ്ഞു വീട്ടിലെ കാര്യങ്ങൾ ചോദിച്ചു. എന്നിട്ടു പറഞ്ഞു: ‘‘നമ്മുടെ ക്ലാസിൽ അഞ്ചു കുട്ടികളേ ഈ വർഷം പാസാകാൻ സാധ്യതയുള്ളൂ. മനസ്സ് വച്ചാൽ നസീറിനുകൂടി ആ ലിസ്റ്റിൽ ഇടം നേടാം.’’

 

സത്യത്തിൽ അപ്പോഴാണ് എനിക്ക് പരീക്ഷയെക്കുറിച്ചുള്ള ബോധം വന്നത്. മാത്രമല്ല നാം അറിയാതെ നമ്മുടെ അധ്യാപകർ നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യവും. ആ കൂടിക്കാഴ്ചയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നു ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ എന്റെ ജീവിതം മറ്റൊരുവഴിയിലേക്ക് മാറിപ്പോയേനെ.

 

പിന്നീട് ഞാൻ ഗൾഫിലേക്ക് പോന്നു. ആദ്യത്തെ ലീവിന് നാട്ടിൽ എത്തിയപ്പോൾ ഞാൻ മാഷിനെ കാണാൻ ശ്രമിച്ചു. അന്നുകാണാൻ കഴിഞ്ഞില്ല. മാഷിന്റെ വീടിനടുത്തുനിന്നാണ് ഞാൻ കല്യാണം കഴിച്ചത്. ആ വഴിക്ക് പോകുമ്പോഴെല്ലാം മാഷിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. പക്ഷേ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഒരു ദിവസം എന്റെ എളാപ്പയോട് ഗംഗാധരൻ മാഷെപ്പറ്റി ചോദിച്ചു. അദ്ദേഹത്തെ കാണാനില്ലെന്ന വിവരം  അപ്പോഴാണ് ഞാനറിഞ്ഞത്. കഴിഞ്ഞ ലീവിന് നാട്ടിലെത്തിയപ്പോൾ മാഷിന്റെ വീടുകണ്ട്‌ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കാടുകയറി ആൾപ്പെരുമാറ്റം ഇല്ലാതെ ഒരു പ്രേത ഭവനം. മാഷ് ഒരുദിവസം തിരിച്ചുവരും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ആ നല്ല ദിനത്തിനായി ഞാൻ കാത്തിരിക്കുന്നു. മാഷിനോട് എന്റെ ഹൃദയത്തിൽ നിന്നുള്ള ഒരു നന്ദി പറയാൻ...

 

Content Summary : Career Guru Smrithi Abdul Nazeer Talks About His Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com