ADVERTISEMENT

പാലക്കാട് ഉൾപ്പെടെ 23 ഐഐടികൾ, കോഴിക്കോട് ഉൾപ്പെടെ 31 എൻഐടികൾ, പാലാ ഉൾപ്പെടെ 26 ഐഐഐടി (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), ശിബ്പുർ ഐഐഇഎസ്ടി, മറ്റ് 33 സെൻട്രലി ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂഷൻസ് എന്നിവയടക്കം 114 മികച്ച സ്‌ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ്, 5 വർഷ എംടെക് / എംഎസ്‌സി 4 വർഷ ബിഎസ് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് അലോട്മെന്റ് ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി: https://josaa.nic.in) പ്രഖ്യാപിച്ചു. ഓൺലൈൻ റിപ്പോർട്ടിങ്, ഫീസ് അടയ്ക്കൽ, രേഖകളുടെ പരിശോധന എന്നിവ 26ന് വൈകിട്ട് 5ന് അകം പൂർത്തിയാക്കണം. പ്രവേശനാധികാരികൾ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിൽ, അവയ്ക്കു മറുപടി നൽകാൻ 27ന് വൈകിട്ട് 5 വരെ നേരമുണ്ട്.

 

https://josaa.nic.in എന്ന സൈറ്റിലെത്തി ജെഇഇ മെയിൻ അപേക്ഷാനമ്പറും പാസ്‌വേ‍ഡും സെക്യൂരിറ്റി പിന്നും നൽകി വിദ്യാർഥികൾക്ക് അലോട്മെന്റ് അറിയാം. മെയ്നിനും അഡ്വാൻസ്ഡിനും റജിസ്റ്റർ ചെയ്തവർ അഡ്വാൻസ്ഡിന്റെ പാസ്‌വേ‍ഡാണു നൽകേണ്ടത്.

 

josaa-table

∙ഓൺലൈൻ  റിപ്പോർട്ടിങ്

 

·‘ഇനിഷ്യൽ സീറ്റ് അലോട്മെന്റ് സ്ലിപ്’ ഡൗൺലോഡ് ചെയ്യുക. ഇതിൽ വിവരങ്ങളും തുടർനടപടിയുടെ സൂചനയുമുണ്ടാകും.  സീറ്റ് സ്വീകരിച്ച്, തുടർറൗണ്ടുകളിലേക്കുള്ള ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊന്നു തിരഞ്ഞെടുക്കുക. സൈറ്റിലെ ബിസിനസ് റൂൾസിന്റെ മൂന്നാം അനുബന്ധത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക. ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ 35,000 രൂപ ഓൺലൈനായി അടയ്ക്കണം. ഭിന്നശേഷി, പട്ടികവിഭാഗക്കാർ 15,000 രൂപ. രേഖകളെല്ലാം ശരിയെന്ന് ഓൺലൈനായി ഉറപ്പു വരുത്തണം. വെരിഫിക്കേഷൻ ഓഫിസർ ചോദ്യങ്ങൾ ചോദിച്ചാൽ കൃത്യസമയത്ത് കാൻഡിഡേറ്റ് പോർട്ടലിലൂടെ ഉത്തരം നൽകണം. ചോദ്യങ്ങളുണ്ടോയെന്ന് സൈറ്റിൽ ഇടയ്ക്കു നോക്കണം. ഓൺലൈൻ റിപ്പോർട്ടിങ് നടത്തിയില്ലെങ്കിൽ, അലോട്മെന്റ്‌ വ്യവസ്ഥയിൽനിന്നു പുറത്താകും. 

 

രേഖകൾ തൃപ്തികരമെങ്കിൽ, സീറ്റ് താൽക്കാലികമായി നൽകിയതിന്റെ രേഖ (പ്രൊവിഷനൽ സീറ്റ്–അലൊക്കേഷൻ െലറ്റർ) ഡൗൺലോഡ് ചെയ്യാം. സീറ്റ് അന്തിമമായി ഉറപ്പാകുന്നതു ബന്ധപ്പെട്ട സ്ഥാപനത്തിൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഫീസടച്ചു കഴിയുമ്പോഴാണ്. ഐഐടിയല്ലാത്ത സ്ഥാപനത്തിൽനിന്ന് (എൻഐടി+) ഐഐടിയിലേക്കു മാറ്റം വന്നാൽ രേഖകളെല്ലാം ശരിയെന്ന് ഐഐടിയിൽ ബോധ്യപ്പെടുത്തണം. ഐഐടിയിൽനിന്ന് എൻഐടി+ സ്ഥാപനത്തിലേക്കാണു മാറ്റമെങ്കിൽ, മാറിയെത്തുന്ന വിഭാഗത്തിലെ സ്ഥാപനത്തിൽ രേഖകളുടെ കാര്യം ഉറപ്പിക്കണം. അതായത്, ഇത്തരം മാറ്റങ്ങൾ വരുത്തുന്നവർ വ്യത്യസ്ത സ്ഥാപനങ്ങളിലായി 2 തവണ ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടി വരും.

 

ആകെ 6 റൗണ്ട് അലോട്മെന്റുണ്ട്. ഒരിക്കൽ സീറ്റ് സ്വീകരിച്ചുകഴിഞ്ഞാലും, സ്വീകരിച്ച സീറ്റിൽനിന്ന് അഞ്ചാം റൗണ്ടിൽവരെ പിന്മാറാം. ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് മുതലായവയെപ്പറ്റി സൈറ്റിലെ ‘ബിസിനസ് റൂൾസ്’ നോക്കിയിട്ടു വേണം പ്രവേശനനടപടികളിൽ പങ്കെടുക്കാൻ. സാധാരണ സംശയങ്ങൾക്കെല്ലാം മറുപടി സൈറ്റിലെ FAQ ലിങ്കിലുണ്ട്. ഐഐടി വിഭാഗത്തിന് പാലക്കാടും, എൻഐടി+ വിഭാഗത്തിന് കോഴിക്കോടും റിപ്പോർട്ടിങ് കേന്ദ്രങ്ങളായിരിക്കും. വെബ്: https://josaa.nic.in

 

Content Summary : JoSAA Seat Allotment Result 2022: First list released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com