ADVERTISEMENT

പാരലൽ കോളജും ട്യൂഷൻ ക്ലാസും അവിടുത്തെ രസകരങ്ങളായ അനുഭവങ്ങളും പങ്കുവച്ചുകൊണ്ടാണ് പാരലൽ കോളജ് പ്രിൻസിപ്പൽ കൂടിയായിരുന്ന അധ്യാപകനെക്കുറിച്ച് ഗുരുസ്മൃതി എന്ന പംക്തിയിൽ ടോമി വർഗീസ് പറയുന്നത്.

 

ജി. നാരായണൻ നായർ എന്ന പേരിന് ഒരുപൊടിക്ക് ഗ്രാവിറ്റി കുറവായതുകൊണ്ടോ എന്തോ, സ്വയം പരിഷ്കരിച്ച പേരായിരുന്നു ജി.എൻ.നായർ എന്നത്. ഒരു (ട്യൂട്ടോറിയൽ) കോളജ് പ്രിൻസിപ്പലിന് അതിലും ഗുമ്മു കുറഞ്ഞൊരു പേരുണ്ടാകുന്നതെങ്ങനെ? ഔവർ ആർട്സ് കോളജ് എന്ന സ്വന്തം സ്ഥാപനത്തിന്റെ നോട്ടിസിലും മറ്റും ജി.എൻ.നായർ B A (Eng.Hon) എന്നാണ് വച്ചിരുന്നതെങ്കിലും നാട്ടുകാർ ഔവർ നാറാപിള്ള എന്നും വിദ്യാർഥികൾ  നാരാപിള്ള സാർ എന്നുമാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാല്‍, ട്യൂട്ടോറിയൽ അനൗൺസ്‌മെൻറ് വാഹനത്തിൽ തന്‍റെ പേര് (സാർ തന്നെ) തെറ്റാതെ കൃത്യമായി ജി.എൻ.നായർ എന്നുതന്നെ പറഞ്ഞിരുന്നു. നാരാപിള്ള സാർ തന്‍റെ സ്ഥാപനത്തിനെ ‘പ്രസ്ഥാനം’ എന്നാണ് വിളിച്ചിരുന്നത്. ഔവർ ആർട്സ് കോളജ് പോലെതന്നെ നാരാപിള്ളസാറും ഞങ്ങള്‍ക്ക് ഒരു പ്രസ്ഥാനമായിരുന്നു. 

‘Have you heard of Sancho Panza, a friend of Don Quixote?’ സ്പാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്ന സെർവാന്റിസിന്റെ പ്രശസ്തമായ ‘Adventures of Don Quixote’ എന്ന നോവലിലെ ആദ്യവാചകമാണ് നാരാപിള്ളസാർ ആദ്യം പഠിപ്പിക്കുന്നത്. 

 

ഇവിടെ പറഞ്ഞുവരുന്നത് അന്യം നിന്നുപോയ പാരലൽ കോളജ് വിദ്യാഭ്യാസത്തെക്കുറിച്ചും ഔവർ ആർട്സ് കോളജ് എന്നപേരിൽ അതിനു മണ്ണടിയിൽ അടിസ്ഥാനമിട്ടു വിജയംകൊയ്ത നാരാപിള്ള സാറിനെക്കുറിച്ചുമാണ്.

 

വെളുത്തു തുടുത്ത സുമുഖന്‍, സുന്ദരൻ. കഴുത്തോളം നീളത്തിലുള്ള ചുരുണ്ടമുടി എണ്ണ/ ക്രീം തേച്ചു മിനുക്കിയിരിക്കും. ചിലപ്പോള്‍ ഒരു സിന്ദൂരക്കുറി. വെറ്റ മുറുക്കും. എൺപതുകളിൽ മലയാളം സ്‌ക്രീനിൽനിന്നിറങ്ങിവന്ന നായക കഥാപാത്രത്തെപ്പോലിരിക്കും കാണാൻ. ബെൽബോട്ടം പാന്‍റ്സ്, മൂന്നു മുൻബട്ടണുകൾ തുറന്നിട്ട നീളൻ കോളർ ഹാഫ്സ്ലീവ് ഷർട്ട്, അതിനിടയിലൂടെ സ്വര്‍ണ മണിമാല, ഷൂസ് ഇതാണ് സ്ഥിരമായി അണിയാറുള്ളത്. അക്കാലത്തെ ഒരു യുവ ഫ്രീക്കനായിരുന്നു ഞങ്ങളുടെ നാരാപിള്ള സാർ. ഔവർ ആർട്സ് കോളജിന്റെ നല്ല കാലത്ത് (അദ്ദേഹത്തിന്റെ കഷ്ടകാലത്തിന്) ഒരു പഴയ Yezdi Classic  ബൈക്ക് വാങ്ങി. അക്കാലത്ത് മണ്ണടി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന എൻ.കെ.നാരായണപിള്ള സാർ, അവിടെത്തന്നെ സാറായിരുന്ന പ്രശസ്ത കവി (അന്തരിച്ച) ശൂരനാട് രവിസാർ എന്നിവർക്കു മാത്രമേ സ്വന്തമായി സ്‌കൂട്ടർ പോലും ഉണ്ടായിരുന്നുള്ളൂവെന്നോർക്കണം. 

 

ആരോ നാരാപിള്ള സാറിനെ പറ്റിച്ചതാണെന്നു തോന്നുന്നു. അതു സ്റ്റാർട്ടാവില്ല. അദ്ദേഹം കിക്കർ അടിച്ചു കുഴയുമ്പോൾ ഞങ്ങളെ ഓരോരുത്തരെയായി വിളിക്കും. ആദ്യത്തെ അടിക്കു തന്നെ കിക്കർ കടകംതിരിഞ്ഞു നമ്മുടെ കാലിന്‍റെ കൊതുമ്പെല്ലിനുതന്നെ വന്ന് അടിക്കും. പ്രാണൻ പറിഞ്ഞുപോകുന്ന വേദനയാണ്. ട്യൂട്ടോറിയൽ കോളജിന് സ്ഥലം കൊടുത്ത ഓയെസ് കൊച്ചാട്ടന്‍റെ മകൻ പ്രശാന്ത് കിക്കറടിച്ചാൽ ഒരുപക്ഷേ രക്ഷപ്പെടും. പക്ഷേ അക്കാലത്ത് അവനെ കണ്ടുകിട്ടുക പ്രയാസമായിരുന്നു. പതിനെട്ടാമത്തെ ഒരടവുണ്ട്. അദ്ദേഹം ബൈക്കിൽ കയറി ഇരിക്കും. ഞങ്ങൾ അദ്ദേഹത്തെ വച്ചുകൊണ്ടു വണ്ടി തള്ളണം. ഒന്നൊന്നര കിലോമീറ്റർ തള്ളിയാൽ സ്റ്റാർട്ടായെങ്കിലായി. ഏതായാലും ഈ ബൈക്ക് കാരണം ആ പ്രദേശത്തെ എലിശല്യം ഗണ്യമായി കുറഞ്ഞതായി ചില കുബുദ്ധികൾ പ്രചരിപ്പിച്ചിരുന്നു.

 

1978 ലോ മറ്റോ മണ്ണടി ഹൈസ്കൂൾ തുടങ്ങിയപ്പോൾ അതിനൊപ്പം ആരംഭിച്ചതാണ് ഔവർ ആർട്സ് കോളജും. ഹൈസ്കൂൾ ക്ലാസുകാര്‍ക്ക് ട്യൂഷൻ, പത്തു തോറ്റവർക്ക് അടുത്ത ചാട്ടത്തിനെങ്കിലും ആ കടമ്പ കടക്കാനുള്ള  സെഷണല്‍ ക്ലാസ്, പത്തു ജയിച്ചാലും കോളജിലെങ്ങും അഡ്മിഷൻ കിട്ടാത്ത ഭാഗ്യഹീനർക്ക് സമാന്തര പ്രീഡിഗ്രി (തേർഡ്, ഫോർത്ത് ഗ്രൂപ്പുകൾ) കൂടാതെ, മുടിപ്പുര സുഗുണാ ഹോട്ടലിന്റെ ഫ്ലക്സ് ബോർഡിൽ ഷവർമ, കുഴിമന്തി എന്നിവയുടെ പടം വെറുതെ അച്ചടിച്ചിരിക്കുന്നതുപോലെ ഗ്രാമങ്ങളിലെ എല്ലാ ഓലപ്പാരലൽ കോളജുകളുടെ നോട്ടിസിലും BA , MA എന്നിവയ്ക്കൊക്കെ ക്ലാസ്സുകളും ഉണ്ടാകുമെന്നു കാണാമായിരുന്നു.

 

പാരലൽ കോളജുകൾക്ക് അക്കാലത്ത് വലിയ സാമൂഹിക പ്രസക്തി കൂടിയുണ്ടായിരുന്നു. കേവലം ഇരുപതു ശതമാനത്തിൽത്താഴെ കുട്ടികൾ മാത്രം ജയിക്കുന്ന എസ്എസ്എൽസി പരീക്ഷയെന്ന കടമ്പ കടക്കുന്നതുതന്നെ ദുഷ്കരം. അതിൽത്തന്നെ വളരെക്കുറച്ചു മിടുക്കന്മാർക്കേ പ്രീ-ഡിഗ്രിക്ക് അഡ്മിഷൻ കിട്ടൂ. ബാക്കിയുള്ളവർക്ക് പാരലൽ കോളജു തന്നെ ശരണം. എസ്എസ്എൽസി തോൽക്കുന്നവർക്കും പാരലൽ കോളജുകളായിരുന്നു അഭയം. അവിടെയും മൂന്നാലു തവണ തോൽക്കുമ്പോഴേക്കും പെണ്ണുങ്ങളെയൊക്കെ കെട്ടിച്ചുവിടും. ആണുങ്ങൾ അപ്പോഴേക്കും തടിമാടന്മാരായി വളർന്നു സ്വന്തം കാലിൽ നിൽക്കാറായിട്ടുണ്ടാകും.

 

നോൺ മെട്രിക് എൻട്രിയായി പട്ടാളത്തിലേക്ക് അല്ലെങ്കിൽ മദ്രാസ്/ബോംബെ/ഡൽഹി എന്നിവിടങ്ങളിലേക്ക് ഉപജീവനാർഥം വണ്ടി കയറാറായിട്ടുണ്ടാകും. ‘ബോബനും മോളിയും’ എന്ന മാഗസിൻ പരമ്പരയിലെ അപ്പിഹിപ്പി ഒരു ആജീവനാന്ത ട്യൂട്ടോറിയൽ കോളജ് വിദ്യാർഥിയായിരുന്നു. തുടരെത്തുടരെ തോല്‍ക്കുന്ന അപ്പിഹിപ്പിയെ ആശ്വസിപ്പിക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇട്ടുണ്ണനോട്‌ “പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെങ്കിൽ ഇതിനകം ഞാൻ പതിനെട്ടു പടിയും കയറിക്കഴിഞ്ഞു. ഇനി എത്ര പടികൾ കൂടി ഉണ്ടെന്നു പറയണം” എന്ന് തിരിച്ചു ചോദിക്കുന്നുണ്ട്.

 

ഉഗ്രപ്രതാപിയായ എൻ.കെ.നാരായണപിള്ള സാറായിരുന്നു അക്കാലത്തെ മണ്ണടി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന് പാരലൽ/ ട്യൂട്ടോറിയൽ കോളജുകളോട് അത്ര താൽപര്യമില്ലായിരുന്നു. ‘തോറ്റോറിയല്‍ കാളേജ്’ എന്നാണ് അദ്ദേഹം ട്യൂട്ടോറിയൽ കോളജുകളെപ്പറ്റി പരാമര്‍ശിച്ചിരുന്നത്. ‘അദ്ദേഹം ഹെഡ്മാസ്റ്റർ ആണെങ്കിൽ ഞാൻ പ്രിൻസിപ്പലാണ്’ എന്നായിരുന്നു ഔവര്‍ നാരാപിള്ള സാർ പാതി കളിയായി അതിനെ പ്രതിരോധിച്ചിരുന്നത്. 

 

രാവിലെ എട്ടുമണി മുതൽ സ്‌കൂളിൽ ഫസ്റ്റ്ബെൽ അടിക്കുന്നതുവരെയും വൈകിട്ട് സ്‌കൂൾ വിട്ടുകഴിഞ്ഞാൽ നാലരയ്ക്ക് തുടങ്ങി ആറുമണി വരെയുമാണ് ട്യൂഷൻ. പത്തു മുതൽ നാലുവരെ എസ്എസ്എൽസി തോറ്റവർക്കുള്ള സെഷൻ ക്ലാസ്സുകളാണ്.

 

നമ്മൾ പത്താംക്ലാസ്സിലെത്തുമ്പോൾ ശനിയാഴ്ച ഫുൾഡേ ട്യൂഷനാണ്. വർഷാവർഷം ശബരിമലയ്ക്കു പോകുന്നതുപോലെ പരീക്ഷയെഴുതി പരിണിതപ്രജ്ഞരായ ഘടാഘടിയന്മാരുടെ കൂടെയാണ് ആ ദിവസങ്ങളിൽ നമ്മുടെ ക്ലാസ്. പൊടിമീശ, പഴുതാരമീശ തുടങ്ങി കൊമ്പൻമീശക്കാർ വരെ ആ കൂട്ടത്തിലുണ്ട്. ആ ക്ലാസുകളിൽ ‘വെളിക്കുവിട്ടു’ വരുമ്പോൾ (ഇന്റ‍ർ‌വെല്ലിന്റെ നാടൻ പേരാണത്) ബീഡിപ്പുകയുടെയും വിയർപ്പിന്റെയും രൂക്ഷഗന്ധമാണ്. അതിനിടയിൽ തിങ്ങിഞെരുങ്ങി നമ്മളും ഇരിക്കണം. ട്യൂഷന് വരുന്ന പെൺകുട്ടികളുടെ കാര്യമാണ് കഷ്ടം. ഉമ്മറിന്റെയും ജോസ്‌പ്രകാശിന്റെയും ബാലൻ കെ.നായരുടെയും മുറിയിലകപ്പെട്ട ഉണ്ണിമേരിയുടെ ഗതിയാണ്.

 

ഔവർ ആർട്സ് കോളജിന്റെയും നാരാപിള്ള സാറിന്‍റെയും പുഷ്കല കാലത്താണ് അവിടെ പഠിക്കാൻ അവസരം കിട്ടിയതെന്നോർക്കുന്നു. ഒരു സ്കൂളവധിക്കാലത്താണ് പതിവുപോലെ നമ്മളും അവിടെ ചേരുന്നത്. പ്രിപ്പറേഷൻ ക്ലാസ് എന്നപേരിൽ സ്‌കൂൾ അടയ്ക്കുമ്പോഴേക്കും ട്യൂട്ടോറിയൽ കോളജ് അധ്യാപകർ പിള്ളേരെ പിടിക്കാൻ ഇറങ്ങും. നട്ട്സ് (പറങ്കിയണ്ടി/കശുവണ്ടി) ധാരാളം ഉള്ള കാലമാണ്.

 

മധ്യവേനലവധിക്കാലത്താണ് ട്യൂഷന് ചേരുന്നതെന്നു പറഞ്ഞല്ലോ. പോകുന്ന വഴിയിലെ സകല മാങ്ങയും കശുമാങ്ങയും എറിഞ്ഞിട്ടാണ് സംഘയാത്ര. കൂട്ടത്തിൽ ഒന്നും രണ്ടും പറഞ്ഞ് അടിയുമുണ്ടാകും. തിരിച്ചുവരുന്ന വഴിയിൽ മുളയാംകോട്ട് അമ്പലത്തിനുമുമ്പിൽ എത്തുമ്പോൾ സ്ഥിരമായി അടിയുണ്ടാക്കിയിരുന്ന രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കൃത്യം അഞ്ചു മിനിറ്റ് അടി; ഉടുപ്പും ബട്ടണും വലിച്ചുകീറൽ എന്നിവ നടത്തിയിട്ട് അവർ ഒന്നിച്ചു നടന്നുപോകും. പിറ്റേന്നും ഇതാവർത്തിക്കും... അതിൽ ഒരാൾ ജീവിതഛായാചിത്രത്തിൽനിന്ന് മാഞ്ഞുപോയി.. മറ്റെയാൾ ജില്ലാക്കോടതിയിലും ഹൈക്കോടതിയിലും തായംകളിക്കുന്ന വലിയ വക്കീൽ. (മാനനഷ്ടക്കേസ് പേടിച്ച് ആളെ ഇവിടെ പരാമർശിക്കുന്നില്ല!) 

 

അവധിക്കാലം  ചില ഓർമകളുടെയും കാലമാണ്. റബർ വരുന്നതിനുമുമ്പ് ഉണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു നാണ്യവിളയായിരുന്നു കശുവണ്ടി. വെളുപ്പാൻകാലത്ത്, വെട്ടം വീഴും മുമ്പേ നമ്മുടെ ഏരിയയിൽ ഉള്ള എല്ലാ കശുമാവിൻ ചുവടുകളും റെയ്‌ഡ്‌ ചെയ്തിരിക്കും. അതുകൊണ്ട് പിള്ളേരുടെ കയ്യില്‍ അത്യാവശ്യം കാശുള്ള കാലംകൂടിയാണ്‌ അത്. 

ആദ്യ രണ്ടുമാസം ഫീസ്‌ കൊടുക്കാന്‍ പിള്ളേരുടെതന്നെ കയ്യിൽ കാശുണ്ടാവും. ആദ്യ മാസങ്ങളിൽ ഒരു ക്ലാസ്സില്‍ പത്തുനൂറ് കുട്ടികൾ വരെയുണ്ടാകും. ഒന്നോ രണ്ടോ മാസം ഫീസ് വീട്ടിൽനിന്നു കൊടുക്കും. പോകെപ്പോകെ ഫീസില്ലാതെയായി ട്യൂഷൻ ക്ലാസിലെ അംഗസംഖ്യ കുറഞ്ഞ് ഓണാവധിയാകുമ്പോഴേക്കും പത്തോ ഇരുപതോ ആയി ചുരുങ്ങും. ഫീസു ചോദിച്ചു ചോദിച്ചു സാര്‍ നാണംകെടും. പിന്നെ കുട്ടിയുടെ വീട്ടിൽപ്പോയാകും ചോദ്യം. ആറേഴുമാസം കുടിശ്ശികയാകുമ്പോള്‍ കുട്ടികള്‍ നിര്‍ത്തിപ്പോകും; അല്ലാതെ നാരാപിള്ളസാറായിട്ട് ആരെയും ഇറക്കിവിട്ടിട്ടില്ല.

 

ഒമ്പതാംക്ലാസ് വരെ നിക്കറിട്ടുപോകുന്നവനൊക്കെ മുണ്ടുടുക്കാൻ ട്രെയിനിങ് നേടുന്ന കാലം കൂടിയാണ് മധ്യവേനലവധിക്കാലത്തെ ട്യൂഷൻ ക്ലാസുകൾ. അതുവരെ ഇട്ടുകൊണ്ടുപോയ നിക്കറിനുമേൽ ഒരു ഒറ്റമുണ്ട്. വേറെ ഡെക്കറേഷനൊന്നുമില്ല. ഹൈസ്കൂൾ ക്ലാസിൽ ആൺ-പെൺ സമ്പർക്കങ്ങൾ അനുവദിക്കാതെ, ഋഷ്യശൃംഗൻമാരെപ്പോലെയാണ് എൻ.കെ നാരായണപിള്ളസാർ ഞങ്ങളെ വളർത്തിയത്.

 

ട്യൂഷൻക്ലാസ്സിലാകട്ടെ മുക്കാലും പെൺകുട്ടികൾ. അതിനാൽത്തന്നെ സ്‌കൂളിൽ ആബ്സെന്റ്‌ ആകുന്നവനും ട്യൂഷൻക്ലാസ് മുടക്കത്തില്ല. മുന്‍ബെഞ്ചുകാരനായ ഞങ്ങളുടെ ക്ലാസ്സിലെ ഒരു സുന്ദരനായ മിടുക്കൻ, ഷൈ ന്‍ചെയ്യാനായി സർ വരുന്നതിനു മുന്‍പുള്ള ഇടവേളയിൽ എഴുന്നേറ്റ് പെൺകുട്ടികളുമായി എന്തോ തമാശപറഞ്ഞു. അതിനിടയിൽ അറിയാതെ മുണ്ടു ഊർന്നു താഴെപ്പോയി. കുട്ടികൾ ആർത്തുചിരിച്ചു. തന്‍റെ തമാശ കേട്ട് ചിരിക്കുകയാണെന്നാണ് മിടുക്കൻ വിചാരിച്ചത്. അടിയിൽ, തലേദിവസം വരെയിട്ടിരുന്ന നിക്കർ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പയ്യൻ അല്പം പരിഷ്കാരിയായതിനാൽ ചന്തപ്പുറത്ത് ജോഡിക്ക് അഞ്ചുരൂപക്കണക്കിനു കൂട്ടിയിട്ടു വിൽക്കുന്ന ഒരു ചുവന്ന അടിവസ്ത്രമായിരുന്നു ഇട്ടിരുന്നത്. 

 

ട്യൂട്ടോറിയൽ നടത്തിപ്പ് ഒരു ചില്ലറക്കളിയല്ല. അടക്കാമരത്തിന്റെ തൂണുകളാൽ പന്തൽ പോലെയൊരു സ്ട്രക്ച്ചർ ഉണ്ടാക്കും. അതിനെ ഓലകൊണ്ട് ഒന്ന് കെട്ടി മേഞ്ഞതുപോലെയാക്കും. ഇലവിന്റെയോ വട്ടമരത്തിന്റെയോ തടി നെടുകെ കീറി ചുമരുണ്ടാകും. ചിതൽ കയറാതിരിക്കാൻ ഓരോ തൂണിൻചുവട്ടിലും കീൽ അല്ലെങ്കിൽ കരിയോയിൽ അടിക്കും. മാവിൻ പലകകൾ കൊണ്ടാണ് ഡെസ്കും ബെഞ്ചും. അതിനൊക്കെ പുറമെ കുട്ടികളെ എതിര്‍ സ്ഥാപനം തട്ടിയെടുക്കുന്നതിനുമുമ്പേ ചെന്ന് ക്യാൻവാസ് ചെയ്ത് നമ്മുടെ സ്ഥാപനത്തിൽ വരുത്തണം. അധ്യാപകരെ കണ്ടെത്തണം. 

 

ട്യൂട്ടോറിയൽ രംഗത്ത് ചില താര അധ്യാപകരുണ്ടായിരുന്നു. പ്രത്യേകിച്ച് ഇംഗ്ലിഷിനും കണക്കിനും. അവർക്ക് വൻ ഡിമാൻഡാണ്. മറ്റാർക്കും കൊടുത്തില്ലെങ്കിലും അവർക്ക് ശമ്പളം കൃത്യമായി കൊടുക്കണം.ഈ താരങ്ങൾ ചില കണ്‍സള്‍റ്റന്റ്റ് ഡോക്ടർമാരെപ്പോലെയാണ്. തിങ്കൾ, വ്യാഴം ഒരിടത്താണെങ്കിൽ ചൊവ്വ, വെള്ളി മറ്റൊരിടത്ത്, ബുധൻ ശനി വേറെ, ഞായർ പ്രൈവറ്റ് ട്യൂഷൻ..

 

ട്യൂട്ടോറിയലുകൾ തമ്മിൽ കിടമത്സരവും അക്കാലത്തു പതിവായിരുന്നു.ഒരേ സ്കൂളിന്റെ ‘ക്യാച്മെന്റ് ഏരിയ’യിൽ പല ട്യൂട്ടോറിയല്‍ വരുന്നതായിരുന്നു കാരണം. എസ്എസ്എൽസി റിസൾട്ട് വരുന്ന കാലത്താണ് ട്യൂട്ടോറിയൽ കോളജുകളുടെ സാംഗത്യം ഏറെ ബോധ്യമാകുന്നത്. ആറുദിവസം കൊണ്ട് പരീക്ഷ തീരും.പിന്നെ ഫലം കാത്ത് രണ്ടുമാസം. ട്യൂട്ടോറിയൽകാർ തിരുവനന്തപുരത്ത് പരീക്ഷാഭവനെ ചുറ്റിപ്പറ്റിനിന്ന് ഔദ്യോഗിക പ്രഖ്യാപനത്തിനു രണ്ടു ദിവസം മുമ്പ് ഫലം കൊണ്ടുവരും. ആണവ രഹസ്യം കടത്തുന്നതിനേക്കാൾ ഗോപ്യമായാണ് രായ്ക്കുരാമാനം റിസൽറ്റ് കൊണ്ടുവരുന്നത്. അക്കാലത്ത് ഒരേ സ്കൂളിന്റെ പരിധിയിൽ വരുന്ന ട്യൂട്ടോറിയൽ പ്രിൻസിപ്പൽ കം മുതലാളിമാർ തമ്മിൽ യുക്രെയ്ൻ - റഷ്യ, ഇന്ത്യ - പാക്കിസ്ഥാൻ പോലെയുള്ള ഒരു സൗഹൃദമാണ് ഉണ്ടായിരുന്നത്. 

 

ഒരു അമ്പാസിഡർ കാറിൽ ട്യൂട്ടോറിയൽ പ്രിൻസിപ്പലും ഘടാഘടിയന്മാരായ ഒരു ഡസൻ അധ്യാപകരും ചേർന്നാണ് രഹസ്യം ചോർത്താൻ തിരുവനന്തപുരത്ത് പോകുന്നത്. അന്നത്തെ ചായ, കടി, കുടി, ബീഡി, മുറക്കാൻ, ഊണ് തുടങ്ങിയവയെല്ലാം പ്രിൻസിപ്പാൾ വക. പരീക്ഷാ ഭവനിൽ റിസൽറ്റ് ചോർത്തിക്കൊടുക്കാൻ ചാരന്മാരുണ്ടാകും. ടൈപ്പ് റൈറ്ററിൽ അടിക്കുന്ന ഒറിജിനൽ റിസൽറ്റിന്റെ അടിയിൽ അടുക്കുകണക്കിന് കാർബൺ പേപ്പർ വച്ചെടുക്കുന്ന പകർപ്പുകൾ പൂജപ്പുരയിലെ പരീക്ഷാഭവന്റെ രണ്ടാം നിലയിൽനിന്ന് നമ്മുടെ പ്രിൻസിപ്പൽ നിൽക്കുന്ന പൊന്തച്ചെടികളിലേക്ക് എറിഞ്ഞു കൊടുക്കും. പല അടുക്കുകൾ കടന്നവയായതു കൊണ്ട് നമ്പരുകൾ ഒന്നും വ്യക്തമാവില്ല. ഗണിച്ചെടുക്കാനേ കഴിയൂ; അതുകൊണ്ട് അത് ഒരു ഏറെക്കുറെ കണക്കാവാനേ സാധ്യതയുള്ളൂ.

 

യഥാർഥത്തിൽ തോറ്റവൻ ജയിക്കും: ജയിച്ചവൻ തോൽക്കും. ഒറിജിനൽ ഷീറ്റ് സ്കൂൾ ഭിത്തിയിൽ ഒട്ടിക്കുമ്പോഴേ തോറ്റതാരെന്നും ജയിച്ചതാരെന്നും അറിയൂ. സ്കൂൾവൈസ് റിസൽറ്റായതുകൊണ്ട് എതിർ ട്യൂട്ടോറിയലുകാരന്റെ കുട്ടികളുടെ നമ്പരും ഒരേ റിസൽറ്റ് ഷീറ്റിൽ ഉണ്ടാകും. അവരിൽച്ചിലർ ഏതെങ്കിലും കാലത്ത് നമ്മുടെ ട്യൂട്ടോറിയലിൽ പഠിച്ചിട്ട് ഫീസു കൊടുക്കാതെ മുങ്ങി എതിരാളിയുടെ ട്യൂട്ടോറിയലിൽ ചേർന്ന രാജ്യദ്രോഹിയാകും. ആ രാത്രി പ്രിൻസിപ്പലും ശിങ്കിടികളും കൂടി അവനെ തേടിച്ചെന്ന് അവന്റെ സമസ്താപരാധങ്ങളും പൊറുത്ത് കടങ്ങളെല്ലാം എഴുതിത്തള്ളി തങ്ങളുടെ ലിസ്റ്റിലാക്കും. പിറ്റേന്നത്തെ നോട്ടിസിൽ അവന്റെ പേരുമുണ്ടാകും.

 

നാരാപിള്ളസാർ ഔവർ ആർട്സ് കോളജ് തുടങ്ങുമ്പോൾ ട്യൂട്ടോറിയൽ രംഗത്തെ പ്രഗത്ഭരെ വച്ചാണ് തുടങ്ങിയത്. ഇംഗ്ലിഷ് നാരാപിള്ള സാർ തന്നെ എടുക്കും. അദ്ദേഹത്തിന്റെ IS, WAS എന്നിവയുടെ ഉച്ചാരണം പ്രസിദ്ധമായിരുന്നു. കണക്കു പഠിപ്പിക്കാന്‍ (അന്തരിച്ച) തറയിൽ സുധാകരൻ സാർ, മലയാളം പഠിപ്പിക്കുന്നത് മണ്ണടിയമ്പലത്തിനു സമീപം താമസിക്കുന്ന, അംഗപരിമിതിയുള്ള സോമൻസാർ, ഹിസ്റ്ററി-ജ്യോഗ്രഫി എന്നിവയ്ക്കു പുറമേ പത്താം ക്ലാസിലെ ബയോളജിയും സരസമായി പഠിപ്പിക്കുന്ന നീലാണിയേത്തു രാജന്‍സാര്‍, കന്നിമലയില്‍നിന്നു വരുന്ന ഒരു ജോണ്‍സാര്‍.

 

സെഷൻ ക്ലാസുകൾക്കുപോലും രണ്ടു ബാച്ചുകൾ, ഉന്നതവിജയം എന്നിവ തുടർച്ചയായ വർഷങ്ങൾ ഉണ്ടായിരുന്നു. ആ സുവര്‍ണകാലത്ത് സമീപത്തെ ഹൈസ്കൂളിനെയും വെല്ലുന്ന രീതിയിൽ മൂന്നുദിവസം വരെ നീളുന്ന വാർഷികാഘോഷം നടത്തിയിരുന്നു. കാലത്തിന്റെ ഒഴുക്കിൽ മറ്റെല്ലാ പാരലൽ കോളജുകൾക്കുമൊപ്പം ഔവർ ആർട്സ് കോളജിന്റെയും ഗ്രാഫ് താഴാൻ തുടങ്ങി. മറ്റു കാരണങ്ങളുമുണ്ടാകാം. തൊണ്ണൂറുകളിൽ ഔവർ ആർട്സ് കോളജിനു താഴുവീണു. അതിൽനിന്നു പുതിയ ചില പ്രസ്ഥാനങ്ങളുണ്ടായി.

 

എസ്എസ്എൽസി പാസ്സായപ്പോൾ ‘ഫഷ്’ ക്ലാസ്സുകാരായ ഞങ്ങള്‍ക്ക് ഉപഹാരങ്ങള്‍ തന്നതും നോട്ടിസില്‍ പേരച്ചടിച്ചുവന്നതും നന്ദിപൂര്‍വം ഓര്‍ക്കുന്നു. ആദ്യമായി എന്‍റെ പേരച്ചടിച്ചുവന്ന ആ നോട്ടിസ് ഏറെക്കാലം സൂക്ഷിച്ചിരുന്നു. ഒരുപാടുകാലമായി നാരാപിള്ള സാറിനെ ഒന്നു കാണണമെന്നാഗ്രഹിക്കുന്നു. മണ്ണടി ഉച്ചബലിയുടെ ഒരവകാശിസ്ഥാനത്ത് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഉച്ചബലി തിരുമുടി വയ്ക്കുന്ന പീഠം അദ്ദേഹത്തിന്‍റെ വീട്ടിലേതാണ്. ഇത്തവണ ഉച്ചബലി കൊടിയേറ്റിന്‍റന്ന് അദ്ദേഹത്തെ നേരില്‍ കണ്ടു. എന്റെ ഇക്കൊല്ലത്തെ ഉച്ചബലിയോര്‍മകളില്‍ ഏറ്റവും സന്തോഷാര്‍ദ്രമായ ഒരു നിമിഷം. നാരായണീയത്തിലെ ഈ ശ്ലോകം പ്രിയ ഗുരുനാഥനായി സമര്‍പ്പിക്കുന്നു:

 

‘ഹൃത്വാനിഃശേഷതാപാൻ പ്രദിശതുപരമാനന്ദസന്ദോഹലക്ഷ്മീം

സ്ഫീതം ലീലാവതാരൈ രിദമിഹ കുരുതാമായുരാരോഗ്യസൗഖ്യം....’

 

Content Summary : Career Guru Smrithi Tom Varghese Talks About His Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com