ADVERTISEMENT

ഒരു വ്യക്തിത്വവും ഒറ്റ രാത്രി കൊണ്ട് സൃഷ്ടിക്കപ്പെടുന്നില്ല. ആ വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്‍റെയും അധ്യാപകരുടെയും സഹപ്രവര്‍ത്തകരുടെയും മറ്റു പലരുടെയും കഠിനമായ പരിശ്രമം അതിനു പിന്നിലുണ്ടാകും. ഇരുമ്പ് ഉരുക്കിയൊഴിച്ച അച്ചിന്‍റെ രൂപം സ്വീകരിക്കുന്നതുപോലെ, ഈ പ്രക്രിയ അത്യന്തം പ്രധാനപ്പെട്ടതാണ്. സത്യത്തില്‍ അതു മാത്രമാണ് പ്രധാനം. ഒരു കുട്ടിക്ക് അവന്‍/ അവൾ വളരുന്ന സാഹചര്യങ്ങള്‍ക്കും ലഭിക്കുന്ന പിന്തുണയ്ക്കും കൗതുകത്തിന്‍റെയും സൂക്ഷ്മമായ നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലുണ്ടാകുന്ന ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് എന്‍ജിനീയറോ സാമ്പത്തിക വിദഗ്ധരോ രാഷ്ട്രീയക്കാരോ അങ്ങനെ എന്തുമാകാന്‍ സാധിക്കും. ഈ പരിണാമ പ്രക്രിയ ദീർഘവും കഠിനവും കയറ്റിറക്കങ്ങള്‍ നിറഞ്ഞതുമായ ഒരു യാത്രയാണ്. പല ഘട്ടങ്ങളിലായി പല തരത്തിലുള്ള സ്വാധീനങ്ങള്‍  ഈ യാത്രയില്‍ മാറ്റങ്ങള്‍ വരുത്താം. 

 

നിഷ്കളങ്കരായ പ്രീ-സ്കൂള്‍ കുട്ടികളോട് വലുതാകുമ്പോൾ ആരാകണമെന്നു ചോദിച്ചു നോക്കൂ. ആ സമയത്ത് അവരെ ആവേശം കൊള്ളിക്കുന്ന സംഗതികളുടെയും വ്യക്തികളുടെയും അടിസ്ഥാനത്തില്‍ വിചിത്രങ്ങളായ ഉത്തരങ്ങളായിരിക്കും ലഭിക്കുക. ബലൂണ്‍ വില്‍പനക്കാരനെന്നോ ഉയരത്തിലുള്ള ഇലക്ട്രിക് പോസ്റ്റുകളില്‍ വലിഞ്ഞു കയറുന്ന ഇലക്ട്രീഷ്യനെന്നോ ഒക്കെ മറുപടി ലഭിച്ചേക്കാം. എന്നാല്‍ കാലപ്രവാഹത്തില്‍ ആ കുട്ടി വളര്‍ന്ന് എന്നെപ്പോലെ ഒരു ഡോക്ടറായെന്നും വരാം. 

 

ഇനി എഴുതാന്‍ പോകുന്നത് ആത്മകഥാപരമായ ചിന്തകളൊന്നുമല്ലെങ്കിലും, ഞാന്‍ കടന്നു പോയിട്ടുള്ള അനുഭവങ്ങള്‍ ഇടയ്ക്കു തല പൊക്കാന്‍ സാധ്യതയുണ്ട്. അതിനാലും എഴുത്തിന്‍റെ മേഖലയിലേക്ക് പുതുതായി വന്ന ഒരാളെന്ന നിലയ്ക്കും ഉത്തമപുരുഷ സര്‍വനാമത്തില്‍ എഴുത്ത് തുടരാനുള്ള സ്വാതന്ത്ര്യം എടുക്കുന്നു. ചിന്തകള്‍ പ്രകടിപ്പിക്കാനും സന്ദേശങ്ങള്‍ കുറച്ചു കൂടി വ്യക്തമായി അവതരിപ്പിക്കാനും ഇത് സഹായിക്കും. 

dr-s-narayanan-potti-medical-superintendent-amala-institute-of-medical-sciences
ഡോ.എസ്.നാരായണന്‍ പോറ്റി എംഡി

 

ഒരു കുട്ടി മെഡിക്കല്‍ പ്രഫഷനിലേക്ക് എത്തിച്ചേരുന്നതിന് രണ്ടു വഴികളുണ്ട്. ഒന്ന്, ഇതൊരു കുലീനമായ തൊഴിലാണെന്നു തിരിച്ചറിയുന്ന മാതാപിതാക്കള്‍ കുട്ടി ഡോക്ടറാകണമെന്നു തീരുമാനിച്ച് അത് അവരില്‍ അടിച്ചേല്‍പിക്കുന്നു. രണ്ട്, ഒരു ഡോക്ടറാകണമെന്ന ഉത്കടമായ ആഗ്രഹം കുട്ടിയില്‍ ഉണ്ടാകുകയും അവന്‍/അവള്‍ അതിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഓരോ കുട്ടിയുടെ ഉള്ളിലും ജിജ്ഞാസയും സ്ഥിരോത്സാഹവും അപരിമിതമായ ഊര്‍ജവുമൊക്കെ നൈസര്‍ഗികമായി ഉണ്ടാകും. ആവശ്യമായ പിന്തുണയും പ്രോത്സാഹനവും കൊടുത്താല്‍ അവയെ വ്യക്തമായി വഴി തിരിച്ച് വിടാന്‍ സാധിക്കും. വൈദ്യശാസ്ത്രത്തോടുള്ള അവരുടെ അഭിനിവേശം ചിലപ്പോള്‍ പ്രിയപ്പെട്ട ഒരാളിന്‍റെ അകാല മരണത്തെ തുടര്‍ന്ന് ഉണ്ടാകുന്നതാകാം. അവരുടെ നിഷ്കളങ്കത വച്ച്, താനൊരു ഡോക്ടറായിരുന്നെങ്കില്‍ ഈ മരണം തടയാന്‍ സാധിക്കുമായിരുന്നു എന്നവര്‍ക്ക് തോന്നാം. ഇല്ലെങ്കില്‍ ഡോക്ടര്‍മാരെ അടുത്തുനിന്ന് കാണാനും നിരീക്ഷിക്കാനുമുള്ള അവസരം ലഭിച്ചതിനെ തുടര്‍ന്ന് ഉള്ളിലുണ്ടാകുന്ന അഭിനിവേശമാകാം. 

 

ഞാന്‍ എങ്ങനെ ഈ രംഗത്തേക്ക് കടന്നുവന്നു എന്നതിനെ കുറിച്ച് കൃത്യമായി പറയാന്‍ കഴിയുന്നില്ലെങ്കിലും എനിക്ക് വൈദ്യശാസ്ത്രത്തോട് അത്യധികമായ അഭിനിവേശം തോന്നിയത് മെഡിക്കല്‍ സ്കൂളില്‍ എത്തിയതിനു ശേഷമാണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ഉളളിലുള്ള ഈ തീ ഇടയ്ക്കിടെ ആളിക്കത്തിക്കേണ്ടത് ഒരു സമ്പൂര്‍ണ ഡോക്ടറിലേക്കുള്ള പരിവര്‍ത്തനത്തിന് ആവശ്യമാണ്. എന്നാല്‍ ഈ പ്രക്രിയയ്ക്ക് ഒരു അവസാനവുമില്ല എന്നതിനാല്‍ സമ്പൂര്‍ണ ഡോക്ടര്‍ എന്നത് ഒരു ഉട്ടോപ്പിയന്‍ സ്വപ്നമായി അവശേഷിക്കും.

 

മെഡിക്കല്‍ സ്കൂളിലെത്തുമ്പോൾ  മൃതദേഹങ്ങള്‍ ഉള്‍പ്പെടെ പലതുമായും ഒരു കൗമാരക്കാരന് പൊരുത്തപ്പെടേണ്ടി വരും. പലരും ശവശരീരങ്ങള്‍ കാണുമ്പോൾത്തന്നെ ബോധം കെട്ടു വീഴാറുണ്ട്. ഫോര്‍മാലിന്‍ മണമുള്ള കോട്ട് പിന്നാമ്പുറത്ത് എവിടെയെങ്കിലും ഒരു മൂലയ്ക്ക് കൊണ്ടു പോയി തൂക്കിയിടാന്‍ എന്നോടു നിര്‍ദ്ദേശിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. വല്ല വിധേനയും തട്ടുകേടൊന്നും കൂടാതെ ഒന്നാം വര്‍ഷം കടന്നുകിട്ടിയാല്‍ (അതുതന്നെ വലിയൊരു നേട്ടമാണ്) ഭാവി ഡോക്ടര്‍ പിന്നെ പ്രവേശിക്കുന്നത് വാര്‍ഡുകളിലെ രോഗികളുമായി നേരിട്ടുള്ള കൂടിക്കാഴ്ചകളിലേക്കാണ്. 

 

ഇവിടെ വച്ചാണ് നിങ്ങള്‍ ഗ്രൗണ്ടിലിറങ്ങി കളിയാരംഭിക്കുന്നതും അത്യാവശ്യമായ നൈപുണ്യങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങുന്നതും. രോഗികളുമായി നല്ല സൗഹൃദം സ്ഥാപിക്കുന്നത് ഒരു കലയാണ്. ചിലര്‍ക്കു മാത്രമേ അതിനു സ്വതസിദ്ധമായ കഴിവ് ഉണ്ടായെന്നു വരൂ. മറ്റുള്ളവര്‍ നിരവധി രോഗികളുമായി സംസാരിച്ച്, കഷ്ടപ്പെട്ട് ആ കഴിവ് ആര്‍ജ്ജിച്ചെടുക്കുക മാത്രമേ നിവൃത്തിയുള്ളൂ. ഇതിന് ഒരേയൊരു ഫോര്‍മുല മാത്രമല്ല ഉള്ളത്. 

 

സമൂഹത്തിലെ പല തരത്തിലുള്ള ആളുകളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചവരും തുറന്ന മനഃസ്ഥിതിയുള്ളവരുമായ കുട്ടികള്‍ക്ക് ഇത് ഒരു പക്ഷേ എളുപ്പമായിരിക്കാം. രോഗത്തിന്‍റെ ഗതിവിഗതികള്‍ വേര്‍തിരിച്ചെടുക്കാന്‍ രോഗിയെ ശ്രദ്ധയോടെ കേള്‍ക്കുകയെന്നത് അതിപ്രധാനമാണ്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിരവധി രോഗികളുമായുള്ള നിരന്തര സമ്പര്‍ക്കം വഴി നാം തന്നെ അറിയാതെ നേടിയെടുക്കുന്ന ശേഷിയാണ് ഇത്. 

 

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിഷാദാത്മകമായ നിമിഷങ്ങളിലിരുന്നാകാം ഒരു രോഗി ഡോക്ടറോടു സംസാരിക്കുന്നത്. ഈ സമയത്ത് അവരോടു സംസാരിക്കാന്‍ ഡോക്ടര്‍ക്ക് ക്ഷമയും നയചാതുരിയും ആത്മാർഥതയും ആവശ്യമാണ്. മെഡിക്കല്‍ വിദ്യാര്‍ഥിയും അധ്യാപകരും തമ്മിലും മെഡിക്കല്‍ വിദ്യാര്‍ഥിയും രോഗികളും തമ്മിലുമുള്ള മണിക്കൂറുകള്‍ നീളുന്ന പരസ്പര വിനിമയം വഴി മാത്രമേ ഈ ആശയവിനിമയ നൈപുണ്യം സ്വന്തമാക്കാന്‍ കഴിയൂ. കുറേക്കാലമെടുത്ത് വളരെ പതിയെ, ക്രമമായി വിദ്യാര്‍ഥി ഈ പ്രക്രിയയുമായി പൊരുത്തപ്പെടുന്നു.

 

രോഗികളാണ് നിങ്ങളുടെ ശരിക്കുമുള്ള അധ്യാപകരെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്. ഇത് സത്യമാണ്. കാരണം രോഗിയുടെ രോഗത്തിനൊപ്പം സഞ്ചരിച്ചാല്‍ മാത്രമേ എന്താണ് കുഴപ്പം എന്നു മനസ്സിലാക്കാന്‍ കഴിയൂ. അനുഭവകഥകള്‍ നൈപുണ്യം ആര്‍ജിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കും. കൂടുതല്‍ കേസുകള്‍ അഭിമുഖീകരിക്കുന്നതോടെ ഒരു ഡോക്ടര്‍ കൂടുതല്‍ മെച്ചപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ രോഗികളെ തങ്ങള്‍ക്കു പഠിക്കാനുള്ള കേസുകളായി മാത്രം കാണാനുള്ള പ്രവണത വിദ്യാര്‍ഥികള്‍ക്കിടയിലുണ്ട്. ശരിയായ ഡോക്ടര്‍ ചികിത്സിക്കുന്നത് രോഗിയെയാണ്. മുന്നിലിരിക്കുന്ന രോഗിയെ തന്‍റെ നൈപുണ്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള കേസുകളായി മാത്രം  കാണാതെ, ബുദ്ധിമുട്ടിലായിരിക്കുന്ന ഒരു മനുഷ്യജീവിയായി കാണണം. ഒരു ഡോക്ടര്‍ക്ക് ഏറ്റവും ആവശ്യമുള്ള സഹാനുഭൂതിയും തന്മയീഭാവവും വളര്‍ത്തുന്നതില്‍ ഇത് അത്യന്തം പ്രധാനമാണ്. 

 

ഒരു ഘട്ടത്തില്‍ വിദ്യാര്‍ഥിയുടെ മനോഭാവം താനൊരു വിദ്യാര്‍ഥി എന്ന നിലയില്‍നിന്ന് രോഗികള്‍ക്കു ചികിത്സ നല്‍കുന്ന ആരോഗ്യദായകന്‍ എന്ന നിലയിലേക്കു മാറണം. അപ്പോഴാണ് താനൊരു ഡോക്ടറായി എന്ന ആത്മവിശ്വാസം മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ഉണ്ടാവുക. രോഗത്തിന്‍റെ അനേകമായ അവതരങ്ങള്‍ കേട്ട് പരിചയിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ആറാം ഇന്ദ്രിയം ഉണരുന്നതും വേഗത്തില്‍ രോഗനിര്‍ണയത്തിലേക്ക് എത്താന്‍ സാധിക്കുന്നതുമൊക്കെ ഈ ഘട്ടത്തിലാണ്.

 

തങ്ങളുടെ അനുഭവസമ്പത്തിനെ അടിസ്ഥാനമാക്കിയും തെറ്റു തിരുത്തിയും പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണ് പ്രഫഷനല്‍ ഡോക്ടര്‍മാര്‍ അനുവര്‍ത്തിക്കുന്നത്. ശരിയായ ചോദ്യങ്ങളിലൂടെ ശരിയായ ഉത്തരങ്ങളിലേക്ക് എത്തിച്ചേര്‍ന്ന് രോഗിക്ക് ശരിയായ പരിചരണം കൃത്യ സമയത്ത് നല്‍കുന്നതിലുള്ള ഇവരുടെ വൈദഗ്ധ്യം പലപ്പോഴും ഇവരെ മെന്‍റര്‍മാരായി കാണുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ അതിശയിപ്പിക്കാറുണ്ട്. ഇത് സംഭവിക്കണമെങ്കില്‍ നിങ്ങളുടെ കംഫര്‍ട്ട് സോണ്‍ വീടുകളില്‍നിന്ന് ആശുപത്രി ചുറ്റുപാടുകളിലേക്കു മാറേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

 

ഒരു ഡോക്ടറെ സംബന്ധിച്ച് ജീവിതാനുഭവങ്ങള്‍ വളരെ അമൂല്യമാണ്. ഏതൊരു വലിയ ഡോക്ടറും അവരുടെ തെറ്റുകളില്‍നിന്നോ മറ്റുള്ളവരുടെ മോശം അനുഭവങ്ങളില്‍നിന്നോ പാഠം പഠിച്ചവരായിരിക്കും. അഹംബോധം മാറ്റി വച്ച് തെറ്റുകളെ അംഗീകരിക്കാനുള്ള വിനയം കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ മനസ്സിനെയും ബുദ്ധിയെയും സജ്ജമാക്കും. കൂടുതല്‍ അറിയും തോറും അറിയാന്‍ ഇനിയും ഏറെയുണ്ടെന്ന് മനസ്സിലാക്കുമെന്ന് ഒരു ചൊല്ലുണ്ട്.

 

ഈ ഒരു കൊടുമുടിയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞാല്‍  വ്യത്യസ്തമായ ഓരോ രോഗാവതരണവും പുതിയത് എന്തോ പഠിക്കാനുള്ള അവസരമായി കണ്ട് നിങ്ങളെ ആവേശം കൊള്ളിക്കും. ഒടുവില്‍ ഒരു ഡോക്ടര്‍ ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും. 

 

എന്നാല്‍ ഈ ഒരു സന്തോഷവും അധികം  നീണ്ടുനില്‍ക്കില്ല. അതിവേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം. ഈ ഓട്ടപ്പാച്ചിലിൽ പിന്നിലാകാതെയും അപ്രസക്തരാകാതെയും ഇരിക്കാൻ  ഉന്നത നിലയിലുള്ള ആത്മസമര്‍പ്പണവും സ്ഥിരോത്സാഹവും ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ ഈ അത്യന്താധുനിക കാലത്ത് ഏതൊരു രോഗത്തെയും പറ്റിയുള്ള വിവരങ്ങള്‍ ഞൊടിയിടയില്‍ ഏതു സാധാരണക്കാരനും ഇന്ന് ലഭിക്കും. തങ്ങള്‍ക്ക് സമൂഹം കല്‍പിച്ചു നല്‍കിയിരിക്കുന്ന ആദരണീയമായ സ്ഥാനം ഇതേ പടി നിലനിര്‍ത്തുന്നതിന് ഡോക്ടര്‍ക്ക് ‘അദൃശ്യമായ ആ ദൈവിക ശക്തി’ ആവശ്യമുണ്ട്. വിസ്ഫോടനാത്മകമായ വിജ്ഞാന പുരോഗതിക്കും രോഗികളുടെ സമൂഹത്തിന്‍റെ പ്രതീക്ഷകള്‍ക്കും അനുസരിച്ച് യഥാർഥ ഡോക്ടര്‍മാരും ഇന്ന് നിരന്തരം പരിണമിച്ചു കൊണ്ടേയിരിക്കുകയാണ്.

 

 

 

(തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപന പരിചയമുള്ള മെഡിസിന്‍ പ്രഫസറായ ലേഖകന്‍ വൈദ്യശാസ്ത്ര രംഗത്തെ അധ്യാപന-പഠന പ്രക്രിയയില്‍ സജീവ താത്പര്യം പുലര്‍ത്തുന്നു.)

 

Content Summary : How to mould a good doctor from life experience 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com