ADVERTISEMENT

എംഎ ഇംഗ്ലിഷ് കഴിഞ്ഞ് ഐഎഎസിൽ പ്രവേശിച്ചപ്പോൾപോലും എന്റെ ഇംഗ്ലിഷ് ഭാഷാസമ്പത്തിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. പേരെടുത്ത യൂണിവേഴ്സിറ്റികളിൽനിന്നും വൻ നഗരങ്ങളിൽനിന്നും വന്ന യുവതീയുവാക്കൾക്കൊപ്പം നിൽക്കാൻ എന്റെ ‘നാടൻ ഇംഗ്ലിഷ്’ പര്യാപ്തമാകുമോ എന്നു ഞാൻ ശങ്കിച്ചു. പക്ഷേ, ആ സന്ദേഹം വൈകാതെ മാറി. അതിനു കാരണം ഈ ഭയത്തെ ഞാൻ നേരത്തെ മെരുക്കിയിരുന്നു എന്നതാണ്.

 

എംഎ പഠനം ആരംഭിച്ചപ്പോഴേ എന്റെ ഇംഗ്ലിഷ് മോശമാണെന്നു ഞാൻ മനസ്സിലാക്കി. ആദ്യം ഞാനൊരു ചെറിയ ഡിക്ഷ്നറി വാങ്ങി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു സുഹൃത്ത് വെബ്സ്റ്റേഴ്സ് ഡിക്ഷനറി സമ്മാനിച്ചു. അതായി അന്നു മുതൽ എന്റെ അഭയം. അറിഞ്ഞുകൂടാത്ത ഒരു വാക്കു വായിച്ചാൽ അപ്പോൾത്തന്നെ നിഘണ്ടു തുറക്കുക ശീലമാക്കി. (ഈ ശീലം ഇപ്പോഴും തുടരുന്നുണ്ട്). വാക്കുകളുടെ അർഥം മാത്രമല്ല ഉച്ചാരണവും പഠിച്ചു. ആകാശവാണി ഇംഗ്ലിഷ് വാർത്ത കേൾക്കുക നിർബന്ധമാക്കി. വാർത്ത വായിക്കുന്നവരുടെ ഉച്ചാരണം ഞാൻ അനുകരിച്ചു. എത്രയെത്ര വാക്കുകൾ തെറ്റായിട്ടാണു ഞാൻ ഉച്ചരിക്കുന്നതെന്ന് ഓരോ ദിവസവും തിരിച്ചറിഞ്ഞു. അങ്ങനെ രണ്ടു വർഷംകൊണ്ട് എന്റെ ഭയം മാറി. ഏതു വേദിയിലും ആരോടും തെറ്റില്ലാത്ത ഇംഗ്ലിഷിൽ സംസാരിക്കാൻ ധൈര്യമായി. ആ അധ്വാനം ജീവിതത്തിലുടനീളം എനിക്കു തുണയായി.

 

ഇംഗ്ലിഷ് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരുപാടു പേരുണ്ട്. പലപ്പോഴും അവർ സംസാരിക്കുന്നതു മലയാളം പോലെയിരിക്കും. മാതൃഭാഷയുടെ സ്വാധീനം ഇംഗ്ലിഷ് ഉച്ചാരണത്തിൽ വരുന്നത് അപരാധമല്ല. എങ്കിലും നല്ല ഇംഗ്ലിഷ് സംസാരിക്കുക തനിക്ക് അപ്രാപ്യമാണെന്നു കരുതുന്ന ധാരാളം പേരുണ്ട്. അവർക്ക് ഇംഗ്ലിഷ് അറിയാഞ്ഞിട്ടല്ല, ഗ്രാമർ വശമില്ലാഞ്ഞിട്ടല്ല. പക്ഷേ, മറ്റുള്ളവരോട് ഇംഗ്ലിഷിൽ ആശയവിനിമയം നടത്താൻ പലർക്കും മടിയാണ്. ഗ്രാമർ തെറ്റുമോ ഉച്ചാരണം നന്നാവുമോ എന്നീ ഭയങ്ങളാണ് ഇവരെ പിന്നോട്ടു വലിക്കുന്നത്. ഇനിയുമുണ്ട് കുഴപ്പങ്ങൾ. മലയാളത്തിൽ ചിന്തിച്ച് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി സംസാരിക്കുമ്പോൾ ഭാഷ യാന്ത്രികമായിപ്പോകും. വാക്യഘടന കൃത്രിമമാകും.

 

നിരന്തര നവീകരണത്തിലൂടെയും നിത്യാധ്വാനത്തിലൂടെയും മാത്രമേ ഏതു പരിമിതിയെയും അതിജീവിക്കാനാവൂ. ഇംഗ്ലിഷ് ഭാഷപ്രശ്നം ഒരു ഉദാഹരണം മാത്രം. പരിമിതികൾ ധാരാളമുണ്ട്. ചിലർക്കു പെട്ടെന്നു ദേഷ്യം വരും, ചിലർ പരദൂഷണം പറയും, ചിലർക്കു പൊതുസഭയിൽ സംസാരിക്കാൻ സങ്കോചമായിരിക്കും, ചിലർക്കു മറ്റുള്ളവരെ ഭയമായിരിക്കും... ഇവയെല്ലാം ഓരോ തരത്തിലുള്ള ‘അസുഖ’ങ്ങളാണ്. പലതും സ്വയം ചികിത്സിച്ചു ഭേദമാക്കാം. ഭേദമാക്കാമെന്ന വിശ്വാസവും ആഗ്രഹവും മാത്രം മതി. ദിവസവും ‘ചികിത്സ’ തുടരണം. സാവധാനമാണെങ്കിലും നമ്മുടെ ഭയങ്ങളും പോരായ്മകളും മെരുങ്ങിവരും.

 

‘കുറ്റം കൂടാതുള്ള നരന്മാർ കുറയും ഭൂമിയിൽ’ എന്നു രുഗ്മിണീസ്വയംവരത്തിൽ കുഞ്ചൻ നമ്പ്യാർ നടത്തിയ സാമാന്യപ്രസ്താവം എത്ര ശരി! അത്രതന്നെ ശരിയാണ് ‘ക്ഷമയുണ്ടെങ്കിൽ കുറ്റവും കുറവുകളും മാറ്റിയെടുക്കാൻ സാധിക്കും’ എന്ന വിശ്വാസം. 

 

Content Summary : Vazhivilakku - Column K. Jayakumar Talks About English Fluency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com