കൊതിച്ചത് അധ്യാപകനാകാൻ, ലഭിച്ചത് കംപ്യൂട്ടർ എൻജിനീയർ ജോലി; കണക്കിനോടുള്ള ഇഷ്ടം ജീവിതം മാറ്റി മറിച്ചു...

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം.
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക.
career-work-experience-prasanna-kumar
പ്രസന്ന കുമാർ
SHARE

അധ്യാപകൻ ആകണം എന്ന സ്വപ്നം പൂവണിയുന്നതിന് തൊട്ടുമുൻപ് കംപ്യൂട്ടർ എൻജിനീയറായി വിദേശത്തേക്കു പറക്കേണ്ടി വന്നതിന്റെയും അതിനുമെത്രയോ മുൻപ് വിധി അനൗദ്യോഗികമായി അധ്യാപകനാക്കിയതിന്റെയും കഥയാണ് ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പ്രസന്ന കുമാർ പങ്കുവയ്ക്കുന്നത്. വിദ്യാർഥിയായിരിക്കുന്ന സമയത്ത് തന്നെ അധ്യാപകനാക്കിയ വിനയൻ എന്ന ശിഷ്യനെക്കുറിച്ചും പ്രസന്നകുമാർ ഓർക്കുന്നു.

ഒരധ്യാപകനോട് അല്ലെങ്കിൽ അധ്യാപികയോട് അവരുടെ ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ചോദിച്ചാൽ. അവരുടെ ശിക്ഷണത്തിൽ പഠിച്ച് ജീവിതം തേടി പറന്നു പോയ ആയിരക്കണക്കിന് കുട്ടികളുടെ മുഖങ്ങളാവും ഓർമയിലെത്തുക. മുഖങ്ങളും പേരുകളുമൊന്നും കൃത്യമായി തെളിഞ്ഞു വരില്ലെങ്കിലും. ഓരോവർഷവും കുട്ടികളെ പഠിപ്പിക്കുന്തോറും പഠിപ്പിക്കുന്നയാൾക്കും പഠിക്കുന്നവർക്കും അറിവു കൂടുന്നു, ജീവിതത്തിന്റെ മൂല്യവും (value) കൂടുന്നു. അച്ഛനുമമ്മയും അധ്യാപകരായതുകൊണ്ടല്ല എനിക്ക് ആദ്യം സ്കൂൾ അധ്യാപകനാവണം, കോളജ് അധ്യാപകനാകണം എന്നൊക്കെ ഒരുകാലത്ത് ആഗ്രഹം വന്നത്. പയ്യന്നൂർ കോളജിൽ ഗണിതശാസ്ത്രം പഠിക്കുമ്പോഴേ ആഗ്രഹമുണ്ടായിരുന്നു.

അടുത്തിലയിലെ എന്റെ വീട്ടിലേക്ക് ഏഴോം എന്ന അധികം ദൂരെയല്ലാത്ത ഒരിടത്തുനിന്നും ഒരു കുട്ടി എന്നെ കാണാൻ വന്നു. അവനെ കണക്കിലെ പുതിയ ചില ഭാഗങ്ങൾ പഠിപ്പിക്കണമെന്ന അപേക്ഷയുമായി. എനിക്ക് ഒരാളെയും പഠിപ്പിച്ച ശീലമില്ലായിരുന്നു അതുവരെ. ആ കുട്ടിയുടെ പേര് വിനയൻ. ഒരു മാഷിന്റെ മകൻ. എനിക്ക് ഗണിതശാസ്ത്രത്തിൽ നല്ല അറിവുണ്ടെന്നൊ മറ്റോ എന്റെ പഴയൊരു കണക്കുമാഷ് പറഞ്ഞിട്ട് എന്നെയന്വേഷിച്ച് വന്നതാണ്. എനിക്കാണെങ്കിൽ പഠിപ്പിക്കാൻ ഒട്ടും താൽപ്പര്യമില്ല. അവന് പക്ഷേ പഠിച്ചേ പറ്റൂ. എന്റടുത്ത് നിന്ന് തന്നെ പഠിക്കുകയും വേണം. 

കാര്യം വീട്ടിൽ അറിഞ്ഞപ്പോൾ  അച്ഛനും അമ്മയും പറഞ്ഞു. ‘‘ അവൻ  ഇത്രയും ദൂരം നടന്നു വന്നതല്ലേ?,  നിന്നെപ്പറ്റി മാഷ്  പറഞ്ഞിട്ടു വന്നതല്ലേ?. നിനക്ക് അവനെ സഹായിച്ചാലെന്താ?’’.  എന്നിട്ടും പഠിപ്പിക്കാൻ പറ്റില്ലെന്നു പറഞ്ഞ് പലതവണ അവനെ പറഞ്ഞു വിട്ടെങ്കിലും വിനയൻ പിന്നെയും പിന്നെയും എന്റെ വീട്ടിൽ വന്നു.  കണക്കിലെ ചോദ്യങ്ങളുമായി.  ചോദ്യം കേട്ടാൽ അറിയുന്നഉത്തരം ആരായാലും പറഞ്ഞു കൊടുത്തു പോവുമല്ലോ. അങ്ങനെ സ്ഥിരോൽസാഹം കൊണ്ട് വിനയൻ എന്റെ ശിഷ്യനായി. മിക്കദിവസങ്ങളിലും കോളജ് വിട്ടശേഷം ഏഴോത്തെ വീട്ടിൽ പോകുന്നതിനു പകരം വിനയൻ അടുത്തില ഇസിഎൽപി സ്കൂളിനു പുറകിലെ എന്റെ വീട്ടിലെത്തും. വീടിന്റെ പുമുഖത്തിരുന്ന് ഞാനവനെ പഠിപ്പിക്കും. 

അന്ന് വീട്ടിൽ ഇലക്‌ട്രിസിറ്റിയില്ല. സന്ധ്യയായാൽ പുകവിടുന്ന മണ്ണെണ്ണ വിളക്ക്, കൊതുകുകടി എന്നിവയുടെ അകമ്പടിയോടെയുള്ള പഠനം ക്രമേണ ശിഷ്യനേക്കാൾ “ഗുരു” ആസ്വദിച്ചു തുടങ്ങി. വിനയൻ ആഴത്തിലുള്ള പലചോദ്യങ്ങളുമായിവന്നത് ആദ്യമൊക്കെ അലോസരമായിതോന്നിയിരുന്നു. പക്ഷേ പിന്നീട് കണക്കിലെ കളികളും കരുക്കുകളും കൂടുതൽ മനസ്സിലാക്കാനും കൂടുതൽ സ്വയം പഠിക്കാനും പ്രേരിപ്പിച്ചു. അവന്റെ ചോദ്യങ്ങൾക്ക് വ്യക്തമായും കൃത്യമായും മറുപടിപറയാൻ എനിക്ക് താൽപര്യം കൂടി.

കണക്കു പഠനമെന്നാൽ ഒരുകടലിനെയറിയുന്നതുപോലെയായിരുന്നു. കൂടുതൽ അടുത്തേക്ക് പോകുമ്പോൾ അതിന്റെ വലുപ്പം പിന്നെയും കൂടുന്നു. കൂടുതൽ ആഴത്തിൽ പോകുമ്പോൾ അതിന്റെ ആഴം പിന്നെയും കൂടുന്നു. കോളജിൽ നിന്ന് എല്ലാം പഠിച്ചുവെന്ന് വിശ്വസിച്ചിരുന്നെങ്കിലും അതിനപ്പുറവും പഠിക്കാനുണ്ടെന്ന് വിനയനെ കണക്കു പഠിപ്പിക്കുമ്പോൾ ഞാനറിഞ്ഞു. പഠിപ്പിക്കുന്നയാളാണ് കൂടുതൽ പഠിക്കുന്നത്.

ആകാലയളവിൽ പലതവണ വിനയൻ എനിക്ക് ഫീസ് തരാൻ ശ്രമിച്ചെങ്കിലും ഞാൻ വാങ്ങിയില്ല. എന്റെ എല്ലാ കാര്യങ്ങളും അച്ഛനുമമ്മയും നോക്കുന്നുണ്ട്. എനിക്കെന്തിനാണ് പണം? പഠിപ്പിക്കുന്ന അനുഭവവും അതിൽ നിന്ന് കിട്ടുന്ന സന്തോഷവും തന്നെയല്ലേ എനിക്കുള്ള ഗുരുദക്ഷിണ? അത് ആവോളം കിട്ടുന്നുമുണ്ട്.

ഒടുവിൽ പഠനം കഴിഞ്ഞപ്പോൾ വിനയൻ നന്ദി പറയാനായി വീട്ടിൽ വന്നു. അവന്റെ കയ്യിൽ ഒരു കവറുണ്ടായിരുന്നു. നിറയെ നോട്ടുകൾ. ഞാൻ പതിവ് പോലെ നിരസിച്ചു. പക്ഷേ ഇത്തവണ എന്റെ നിരസിക്കൽ വകവെക്കാതെ നന്ദി പറഞ്ഞ ശേഷം ആകവർ പൂമുഖത്ത് വച്ച് അവൻ തിരിഞ്ഞ് ഒറ്റ നടത്തം. ഞാനത് നോക്കി വിഷമത്തോടെയിരുന്നു. എനിക്ക് സത്യമായും കരച്ചിൽ വന്നു. അവന്റെ പണത്തിനു വേണ്ടിയല്ല ഞാനവനെ പഠിപ്പിച്ചത്. എന്റെ സമയം അത്രയും കാലം ഉപയോഗിച്ചതിന് എന്തെങ്കിലും പാരിതോഷികം തന്നില്ലെങ്കിൽ അവന് മനസ്സമാധാനം കിട്ടില്ല. അതായിരിക്കും പാവം അതവിടെ വച്ചു പോയത് എന്ന് അമ്മ പറഞ്ഞു.

എം എസ് സി യും  ബി എഡും ഉണ്ടായിട്ടും കോഴ കൊടുക്കാൻ തയാറല്ലാത്തതുകൊണ്ട് ജോലിയൊന്നും ശരിയായില്ല. കോളജ് ലക്ചററാകാൻ പലയിടത്തും ഇന്റർവ്യൂവിന് പോയി. പാനലിന്റെ ചോദ്യങ്ങൾക്കൊക്കെ നന്നായി ഉത്തരം പറഞ്ഞു. മാനേജ്മെന്റിന്റെ ചോദ്യത്തിന് എന്റെ ഉത്തരം പൂജ്യം എന്നായതു കാരണം ആരും ജോലിതന്നില്ല. ഗണിതം പഠിപ്പിക്കുന്നത് ഭയങ്കരപാഷൻ ആണെന്ന് പറഞ്ഞതാണ്. പിന്നീട് കോളജ് അധ്യാപക ജോലിക്ക് പിഎസ്‌സി പരീക്ഷ എഴുതി പാസ്സായി. ഇന്റർവ്യുവിനു വിളിച്ചു. അതും പാസ്സായി. റാങ്ക് ലിസ്റ്റിൽ വന്നു. കാത്തിരുന്നു. വിളി വരുമ്പോഴേക്കും കമ്പ്യൂട്ടർ എൻജിനീയറായി അമേരിക്കയിലെത്തി.

പക്ഷേ ഗണിതം പഠിപ്പിക്കാനുള്ള അഭിനിവേശം ഉള്ളിൽ കിടന്ന് കറങ്ങി. മകനും മകളും സ്കൂളിൽ ചേർന്നപ്പോൾ വാരാന്ത്യങ്ങളിൽ കണക്കുമാഷായി മക്കളെയും അവരുടെ കൂട്ടുകാരെയും ഗണിതം പഠിപ്പിച്ച് സന്തോഷം കണ്ടെത്തി. പിന്നീട് ന്യുജഴ്സിയിൽ  ഗണിതശാസ്ത്ര സ്ഥാപനം ആരംഭിക്കാൻ സാധിച്ചു. സ്ഥാപനത്തിലൂടെ ഒരുപാട് വിനയന്മാർ മിടുക്കരായി പഠിച്ചിറങ്ങിയിട്ടുണ്ട്. 

എന്റെ ജീവിതത്തിന്റെ മൂല്യമെത്ര എന്നചോദ്യത്തിന് എന്റെയുത്തരം?

1,000 and counting.

Content Summary : Career Work Experience Prasannakumar Talks About His Teaching Experience

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}