ADVERTISEMENT

സ്ഥിരമായി ബുദ്ധന്റെ പ്രസംഗം കേൾക്കാനെത്തുന്നയാൾ ഒരു ദിവസം ബുദ്ധനോടു ചോദിച്ചു: ഒരു മാസമായി ഞാൻ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കുന്നു. എന്റെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ബുദ്ധൻ ചോദിച്ചു: നിങ്ങൾ എങ്ങനെയാണു തിരിച്ചു വീട്ടിലേക്കു പോകുന്നത്? അയാൾ പറഞ്ഞു: ചില ദിവസങ്ങളിൽ നടന്ന്, ചിലപ്പോൾ കാളവണ്ടിയിൽ. ബുദ്ധൻ ചോദ്യം തുടർന്നു: നിങ്ങൾ തിരിച്ചു യാത്രചെയ്യാതെ ഇവിടെത്തന്നെ ഇരുന്നാൽ വീട്ടിലെത്തുമോ. ഇല്ല. എവിടെയാണോ എത്തിച്ചേരേണ്ടത് അങ്ങോട്ടേക്കു യാത്ര ചെയ്യണം. നിങ്ങൾ ഇത്രയും നാൾ എന്നെ കേൾക്കുക മാത്രമാണ് ചെയ്തത്. ഇനിമുതൽ പരിശീലിച്ചു തുടങ്ങൂ.

 

കേൾവിശക്തിയെക്കാൾ പ്രധാനമാണ് അനുഗമന ശേഷി. കർണപുടങ്ങളിലെ പ്രതിധ്വനികളല്ല; കർമവീഥികളിലെ നടപടിക്രമങ്ങളാണ് മെച്ചപ്പെട്ട ഫലങ്ങൾ സമ്മാനിക്കുന്നത്. ധാർമികബോധനങ്ങളും സാരോപദേശകഥകളും പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിൽ അതിനു കാരണം പ്രഭാഷകരോ ശ്രോതാക്കളോ ഇല്ലാത്തതല്ല; പിന്തുടർച്ചക്കാരില്ലാത്തതാണ്. പ്രവർത്തന സാധ്യതയില്ലാത്ത ഉദ്ധരണികൾക്ക് ആരിലും ഒരു വ്യത്യാസവും ഉണ്ടാക്കാനാകില്ല. 

 

കേൾവി നിഷ്ക്രിയമായ കർമമാണ്. ചെവിതുറന്നു വച്ചാൽ മാത്രം മതി. അതു പ്രതികരണമോ തുടർപ്രവർത്തനമോ ആവശ്യപ്പെടുന്നില്ല. പ്രവൃത്തി ശൈലി വ്യതിയാനം ആവശ്യപ്പെടും. ചിന്തകളിലും നടപ്പുവഴികളിലും പുതുമ നിർബന്ധമാകും. ഇരുന്നു കേൾക്കുന്ന പ്രഭാഷണങ്ങൾക്കു ജീവൻ വയ്ക്കണമെങ്കിൽ ആ പ്രഭാഷണങ്ങളിലൂടെ നടന്നു തുടങ്ങണം. എല്ലാ ധാർമിക പാഠങ്ങളുടെയും കാതൽ ദൂരെയെവിടെയോ ഉള്ള വിശുദ്ധ സാധ്യതകളെക്കുറിച്ചും അവ അനുഭവിക്കുമ്പോഴുള്ള ആനന്ദനിർവൃതിയെക്കുറിച്ചും അവിടെയെത്തിച്ചേരാനുള്ള മാർഗങ്ങളെക്കുറിച്ചുമായിരിക്കും. പക്ഷേ, അങ്ങോട്ടുള്ള യാത്ര ഉപേക്ഷിച്ച് ആ നന്മ സ്വന്തം വാസസ്ഥലത്ത് എത്തുന്നതും കാത്ത് സമയം കളയുകയാണ് ഭൂരിഭാഗം പേരും. എല്ലാ ഉദ്ബോധനങ്ങളുടെയും അവസാനം ഒരു കാര്യം നിർബന്ധമായും ഉൾപ്പെടുത്തണം, അനുദിന കർമങ്ങൾ.

 

Content Summary :  How to implement positive change in life 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com