നിലത്തെഴുത്തിന്റെ ‘സൂത്ര’വാക്യങ്ങൾ തുറന്നു പറഞ്ഞ് രുക്മിണി ആശാട്ടി; കാൽനൂറ്റാണ്ടിന്റെ അക്ഷരപൂർണിമ...

HIGHLIGHTS
  • 25 വർഷമായി പഠിപ്പിക്കാൻ തുടങ്ങിയിട്ട്.
  • കഥപറഞ്ഞു കൊടുത്തും മടിയിലിരുത്തി കൊഞ്ചിച്ചും അക്ഷരങ്ങളുടെ കൂട്ടുകാരാക്കും
രുക്മിണി ആശാട്ടിയും കുട്ടികളും
രുക്മിണിയാശാട്ടി കുട്ടികളെ എഴുതിക്കുന്നു. Photo Credit: Justin Jose
SHARE

കുഞ്ഞുങ്ങളെ കണികണ്ട് അവരുടെ ചിരികൾക്കും സന്തോഷത്തിനുമൊപ്പം ഒരു ദിവസം മുഴുവൻ ചെലവഴിച്ച് നിറഞ്ഞ മനസ്സോടെ ഉറങ്ങാൻ സാധിക്കുന്നത് ഭാഗ്യമാണെന്ന് രുക്മിണിയമ്മ പറയും. തന്റെ ജീവിതത്തിലെ ഓരോ ദിവസവും നിമിഷവും സന്തോഷം നിറയ്ക്കുന്നത് കുട്ടിക്കൊഞ്ചലുകളാണെന്ന് അഭിമാനത്തോടെ പറഞ്ഞുകൊണ്ടാണ് കാൽനൂറ്റാണ്ടായി നിലത്തെഴുത്താശാട്ടിയായി ജോലിചെയ്യാൻ ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും നിലത്തെഴുത്തു പഠനത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് കൊടുങ്ങൂർ സ്വദേശി രുക്മിണിയമ്മ പറയുന്നത്.

∙ കുട്ടിക്കാലം

കുട്ടിക്കാലത്ത് ഞങ്ങൾ അഞ്ചെട്ടു പിള്ളേരൊരുമിച്ച് തോടുകളും വയലുകളും കുന്നുകളും കയറിയിറങ്ങിയാണ് നിലത്തെഴുത്താശാന്റെയടുത്ത് പഠിക്കാൻ പോയിരുന്നത്. നിലത്ത് പായ വിരിച്ച് അതിൽ പൂഴിയിട്ട് ആശാൻ ഞങ്ങളെക്കൊണ്ട് എഴുതിക്കും. രണ്ടര വയസ്സു മുതൽ അഞ്ചു വയസ്സുവരെ ആശാൻ കളരിയിലാണ് പഠിച്ചത്. അഞ്ചുവയസ്സിൽ ഒന്നാം ക്ലാസിൽ ചേർന്നു. പനമറ്റം ഗവൺമെന്റ് ഹൈസ്കൂളിലാണ് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകൾ പഠിച്ചത്. എട്ടു മുതൽ 10 വരെ പഠിച്ചത് സെന്റ് മേരീസ് ഇളങ്ങുളം ഹൈസ്കൂളിലായിരുന്നു.

∙ പ്രചോദനം ഭർത്താവിന്റെ അമ്മ  

എന്റെ ഭർത്താവിന്റെ അമ്മ നിലത്തെഴുത്ത് ആശാട്ടിയായിരുന്നു. ഈ മേഖലയിലേക്ക് കടന്നു വരാൻ എനിക്ക് പ്രചോദനം അമ്മയായിരുന്നു. അങ്ങനെയാണ് 35–ാം വയസ്സിൽ നിലത്തെഴുത്താശാട്ടിയായി ഞാൻ ജോലി തുടങ്ങിയത്.

കുട്ടികൾക്ക് എഴുതാൻ എളുപ്പമുള്ള റ പോലുള്ള അക്ഷരങ്ങൾ ആദ്യം പഠിപ്പിക്കുന്ന ശൈലി ചിലർ സ്വീകരിക്കാറുണ്ട്. പക്ഷേ ഞാൻ കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് വരവേൽക്കുന്നത് ഓം ഹരിഃശ്രീ ഗണപതയേ നമഃ എന്നെഴുതിച്ചു കൊണ്ടു തന്നെയാണ്. ഒന്നര, രണ്ടു മാസമെടുക്കും കുഞ്ഞുവിരലുകൾക്ക് അത് വഴങ്ങി വരാൻ, കുട്ടികൾ അതു മിടുക്കരായി എഴുതിക്കാട്ടിയാൽ പിന്നെ സ്വരാക്ഷരങ്ങളും വ്യ‌ഞ്ജനാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും പെരുക്കങ്ങളും മുറ പോലെ അവരെ പഠിപ്പിക്കും. അക്ഷരങ്ങളോട് പിണങ്ങി നിൽക്കുന്നവരെ പാട്ടുപാടിക്കൊടുത്തും കഥപറഞ്ഞു കൊടുത്തും മടിയിലിരുത്തി കൊഞ്ചിച്ചും അക്ഷരങ്ങളുടെ കൂട്ടുകാരാക്കും. 

രുക്മിണി ഭായി
രുക്മിണി ഭായി.Photo Credit: Justin Jose

മലയാളം അക്ഷരങ്ങൾ കുഞ്ഞുങ്ങൾ ഹൃദിസ്ഥമാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷം ഇംഗ്ലിഷ്, ഹിന്ദി അക്ഷരങ്ങൾ പഠിപ്പിക്കും. കണക്ക് 1 മുതൽ 100 വരെ മുന്‍പോട്ടും പിറകോട്ടും ചൊല്ലാനും 2, 4, 6, 8 എന്ന് എണ്ണാനും 10 വരെയുള്ള പട്ടികകളും പഠിപ്പിക്കും. ഒന്നു രണ്ടു വർഷം കൊണ്ട് കുട്ടികൾ ഇതെല്ലാം വൃത്തിയായി പഠിക്കും. 

മുതിർന്നിട്ടും ചില കുട്ടികൾക്ക് ഭാഷ നന്നായി വഴങ്ങാറില്ല. അങ്ങനെയുള്ളവരോട് പറയാനുള്ളത്

കുട്ടികളെ വീട്ടിൽപ്പോയി പഠിപ്പിക്കാറുണ്ടെന്നു പറഞ്ഞിരുന്നല്ലോ. അപ്പോൾ വീട്ടിലുള്ള മുതിർന്ന കുട്ടികളും അക്ഷരങ്ങൾ പഠിക്കാൻ കൂടാറുണ്ട്. അക്ഷരങ്ങൾ, ഗണിതം അങ്ങനെ എന്തു തന്നെയായാലും അടിസ്ഥാനം നന്നായെങ്കിലേ മിടുക്കരായി പഠിച്ചു മുന്നേറാൻ സാധിക്കുകയുള്ളൂ. എന്റെ അരികിലെത്തുന്ന കുഞ്ഞുങ്ങൾ അക്ഷരങ്ങളും പെരുക്കങ്ങളും കൃത്യമായി പഠിച്ച് നന്നായി ചൊല്ലിക്കേൾപ്പിക്കുകയും എഴുതിക്കാണിക്കുകയും ചെയ്ത ശേഷം മാത്രമേ അടുത്ത അക്ഷരം തുടങ്ങൂ. കുട്ടികൾ കാര്യങ്ങൾ പെട്ടെന്നു പഠിക്കും. വ്യ‌ഞ്ജനാക്ഷരത്തിലെ പെരുക്കങ്ങൾ നന്നായി പഠിക്കുന്ന ഒരു കുട്ടിക്ക് നല്ല കയ്യടക്കത്തോടെ മലയാളഭാഷ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സംശയമേതുമില്ലാതെ എനിക്ക് പറയാൻ കഴിയും.

∙25 വർഷം 

25 വർഷമായി പഠിപ്പിക്കാൻ തുടങ്ങിയിട്ട്. ഞാൻ പഠിപ്പിച്ച കുട്ടികൾ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളൊക്കെ ചെയ്യുകയാണ്. അവരൊക്കെ ഇപ്പോഴും കാണാൻ വരുകയും വിളിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുഞ്ഞുങ്ങളെ പഠിപ്പിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അവരുടെ വർത്തമാനങ്ങളും കൊഞ്ചലുകളും കാണുന്നതാണ് ഓരോ ദിവസവും മുന്നോട്ടു ജീവിക്കാനുള്ള പ്രചോദനം. 

രുക്മിണി ആശാട്ടിയും കുട്ടികളും
രുക്മിണി ആശാട്ടിയും കുട്ടികളും. Photo Credit: Justin Jose

രാവിലെ ഏഴിനു തുടങ്ങുന്ന അക്ഷര സഞ്ചാരം ഓരോ ദിവസവും രുക്മിണി ആശാട്ടി അവസാനിപ്പിക്കുന്നത് രാത്രി ഏഴരയോടെയാണ്. പ്രായത്തിന്റെ അവശതകൾ തന്നെ തൊടാൻ മടിക്കുന്നത് കുഞ്ഞുങ്ങളുടെ സാന്നിധ്യം തന്നിൽ നിറയ്ക്കുന്ന ഊർജം കണ്ടിട്ടാണെന്ന് നിറഞ്ഞ ചിരിയോടെ പറയുന്ന രുക്മിണി ആശാട്ടി ഇതു കൂടി കൂട്ടിച്ചേർക്കുന്നു: ‘‘ആകുന്നത്രയും കാലം കുഞ്ഞുങ്ങൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാനാവണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹവും പ്രാർഥനയും.’’

Content Summary : Navaratri Special -  An inspiring life story of Rukmini Bhai, a tutoress who has been feeding knowledge to generations since 25 years

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}