ADVERTISEMENT

അനാവശ്യ ചിന്തകൾ അലട്ടുന്നു എന്ന പ്രശ്നവുമായി കാണാനെത്തിയ യുവാവിനോട് ആശ്രമത്തിലെ വയോധികനായ സന്യാസിയുടെ കൂടെ ഒരു മാസം ചെലവഴിക്കാൻ ഗുരു ആവശ്യപ്പെട്ടു. കുറച്ചുനാൾ കൂടെ നിന്നെങ്കിലും പ്രത്യേകിച്ചൊന്നും അദ്ദേഹത്തിൽനിന്നു പഠിക്കാനുള്ളതായി യുവാവിനു തോന്നിയില്ല. സാധാരണ ജീവിതമായിരുന്നു സന്യാസിയുടേത്. ഒരു ദിവസം സന്യാസി എല്ലാ പാത്രങ്ങളും കഴുകിവയ്ക്കുന്നതു യുവാവ് കണ്ടു. പിറ്റേന്നു രാവിലെ അവ വീണ്ടും കഴുകുന്നതു കണ്ട് അയാൾ ചോദിച്ചു: ഇന്നലെ വൃത്തിയാക്കിയവ വീണ്ടും എന്തിനാണു കഴുകുന്നത്? ആരും അതുപയോഗിച്ചില്ലല്ലോ?  സന്യാസി പറഞ്ഞു. രാത്രി പൊടിപടലങ്ങൾ വീഴാൻ സാധ്യതയുണ്ടല്ലോ. നിന്റെ മനസ്സും രാത്രിയിലും രാവിലെയും വൃത്തിയാക്കിയാൽ നിനക്കു സന്തോഷത്തോടെ ജീവിക്കാം. 

 

സാധാരണപോലെ ജീവിച്ചാലും നന്നായി ജീവിക്കാം. തിരക്കുപിടിച്ച് ഓടിനടന്നാലേ ജീവിതം മഹനീയമാകൂ എന്ന തെറ്റിദ്ധാരണ എന്തിനാണ്? അസ്വസ്ഥതയും ആകുലതയും നിർബന്ധപൂർവം അടിസ്ഥാനഭാവമാക്കുന്നത് എന്തിനാണ്? എല്ലാ ജീവിതങ്ങളും ഒരുപോലെയല്ല, എല്ലാ ദിവസങ്ങളും ഒരുപോലെയല്ല. ചിലർ ഓടും, ചിലർ നടക്കും, ചിലർ ഇരുന്നു പ്രവർത്തിക്കും. ഞാൻ അവരെപ്പോലെയാകാത്തത് എന്റെ വൈകല്യംകൊണ്ടാണെന്നോ കൊട്ടിഘോഷിക്കപ്പെടുന്ന ചിലരുടെ ജീവിതംപോലെ എന്റെ ജീവിതം സംഭവബഹുലമാകാത്തത് എന്റെ കഴിവുകേടുകൊണ്ടാണെന്നോ കരുതി സ്വയം അസ്വസ്ഥനാകുമ്പോഴല്ലേ ജീവിതം ആസ്വദിക്കാനാകാതെ വരുന്നത്. 

 

വിപ്ലവം സൃഷ്ടിക്കുകയും ചരിത്രം മാറ്റിമറിക്കുകയും ചെയ്തിട്ടുള്ളവർ മാത്രമല്ല ഭൂമിയിൽ ജീവിച്ചിട്ടുള്ളത്. എണ്ണപ്പെട്ട ദിനങ്ങൾ മനസ്സമാധാനത്തോടെ ചെലവഴിച്ചവരുടെ ജീവിതവും സംതൃപ്തമായിരുന്നു. ആയുസ്സ് മുഴുവൻ ഭാണ്ഡവും പേറി, മരിക്കുമ്പോൾ മാത്രം അവ താഴെവച്ച് സ്വതന്ത്രമാകേണ്ട റോബട്ടിക് ചലനങ്ങളാണ് ജീവിതത്തിന്റെ കാര്യക്ഷമത തീരുമാനിക്കുന്നത് എന്ന ധാരണ തിരുത്തണം. 

 

വിശ്രമിക്കണം, സന്തോഷിക്കണം, ഉല്ലസിക്കണം, ഒന്നിനെക്കുറിച്ചും ആലോചിക്കാതെ കുറച്ചുസമയമെങ്കിലും ചെലവഴിക്കണം. നിശ്ശബ്ദമാകാനും വെറുതെയിരിക്കാനും പഠിച്ചാൽ ഒരിക്കലും കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കാനും കാണാത്ത കാഴ്ചകൾ കാണാനും പഠിക്കാത്ത പാഠങ്ങൾ പഠിക്കാനും കഴിയും.

 

Content Summary : How to Live A Happy Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com