ADVERTISEMENT

ബിരുദ യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷ നടക്കാനിരിക്കുകയാണ്. പരീക്ഷയിലെ മിക്ക ഭാഗങ്ങളും പത്താം ക്ലാസ്, പ്ലസ്ടു തല പരീക്ഷകളിലെ അതേ വിഷയങ്ങളാണ്. എന്നാൽ ബിരുദതല പരീക്ഷാ സിലബസിൽ കല, സാംസ്കാരികം, സാഹിത്യം എന്ന പേരിൽ 5 മാർക്കിന്റെ ഒരു ഭാഗമുണ്ട്. വളരെ പരന്നുകിടക്കുന്ന മേഖലയാണിത്.

 

മറ്റു വിഷയങ്ങൾക്ക് സ്കൂൾ പാഠപുസ്തകങ്ങളെ ആശ്രയിക്കാമെങ്കിലും കലകളെക്കുറിച്ചു പാഠപുസ്തകങ്ങളിൽ അത്രത്തോളം പ്രതിപാദിക്കുന്നില്ല. പകരം പിഎസ്‌സി ബുള്ളറ്റിനെ ആശ്രയിക്കാവുന്നതാണ്. ഓരോ കലാരൂപത്തെക്കുറിച്ചും പിഎസ്‌സി ബുള്ളറ്റിന്റെ വിവിധ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പുകൾ ശേഖരിച്ചുപഠിക്കാവുന്നതാണ്.

 

കേരളത്തിലെ വിവിധ കലാരൂപങ്ങൾ, ഒരു കലാരൂപത്തിൽനിന്ന് ഉരുത്തിരിഞ്ഞ മറ്റു കലാരൂപങ്ങൾ, വേഷങ്ങൾ, ഉപജ്ഞാതാക്കാൾ, കലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മേധാവികൾ, അവാർഡുകൾ, എന്നിവയെല്ലാം ചോദിക്കാം. ഉദാഹരണത്തിന് കഥകളിയെക്കുറിച്ചു മാത്രമല്ല, കേരള കലാമണ്ഡലത്തെക്കുറിച്ചും  സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വൈസ് ചാൻസലറെക്കുറിച്ചും ചോദ്യം വന്നേക്കാം.

 

സാംസ്കാരിക മേഖലയിലെ വിവിധ സ്ഥാപനങ്ങൾ, അവയുടെ മേധാവികൾ, അവയുടെ പ്രസിദ്ധീകരണങ്ങൾ എന്നിവയും ചോദിക്കും. സാഹിത്യ മേഖലയെക്കുറിച്ചു പഠിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളെ കൂടുതലായി ആശ്രയിക്കാം. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും നല്ല ധാരണ വേണം. ജ്ഞാനപീഠം, കേന്ദ്ര–കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് ഉൾപ്പെടെ മറ്റു പ്രധാന പുരസ്കാരങ്ങൾ, മലയാളത്തിൽനിന്നു വിവർത്തനങ്ങൾക്കു ലഭിച്ച അവാർഡുകൾ തുടങ്ങിയവ ഏറ്റവുമാദ്യം മുതൽ ഇതുവരെ ലഭിച്ചവരുടെ പട്ടിക നോക്കണം.

 

ചില സാംപിൾ ചോദ്യങ്ങൾ നോക്കാം:

 

1) സംസ്ഥാന ആഘോഷമായി ഓണത്തെ പ്രഖ്യാപിച്ച വർഷം ?

1961

 

2) ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാലകൃതി ?

മധുരൈകാഞ്ചി

 

3) നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ?

പുന്നമടക്കായൽ

 

4) കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രസിദ്ധീകരണം?

തളിര്

 

5) കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ ?

യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്രഗതി

 

6) കൂത്തും കൂടിയാട്ടവും നടത്താനുള്ള ക്ഷേത്രങ്ങളിലെ പ്രത്യേക അരങ്ങ് ?

കൂത്തമ്പലം

 

7) കൂടിയാട്ടത്തെ ആസ്പദമാക്കി ‘നാട്യകൽപദ്രുമം’ എന്ന ഗ്രന്ഥം രചിച്ചതാര് ?

മാണി മാധവ ചാക്യാർ

 

8) കേരള ലളിതകലാ അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?

തൃശൂർ

 

9) വൈലോപ്പിള്ളി സംസ്കൃതി ഭവൻ സ്ഥിതി ചെയ്യുന്നതെവിടെ?

തിരുവനന്തപുരം

 

10) കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും കൂടിയാട്ടത്തിൽനിന്നു വേറിട്ടും ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപം ?

കൂത്ത്

 

Content Summary : PSC Degree Level Preliminary Art & Culture Questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com