ഇന്ത്യയിൽ ദാരിദ്ര്യം ഇല്ലാതാക്കാം, നല്ല ശമ്പളത്തോടെ മികച്ച അവസരങ്ങളുണ്ടാകണം: നാരായണ മൂർത്തി

Mail This Article
ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ചും കരിയറിന്റെ തുടക്കകാലത്തെ വെല്ലുവിളികളെക്കുറിച്ചും ഒരു സംരംഭകന് വിജയിക്കാൻ വേണ്ട രണ്ടു കാര്യങ്ങളെക്കുറിച്ചും ദ് വീക്കിന് അനുവദിച്ച അഭിമുഖത്തിൽ ഇൻഫോസിസ് സ്ഥാപകനും ഇന്ത്യയിലെ ഐടി മേഖലയുടെ തലതൊട്ടപ്പന്മാരിലൊരാളുമായ എൻ.ആർ.നാരായണ മൂർത്തി പറഞ്ഞതിങ്ങനെ:
താഴ്ന്ന മധ്യവർഗ കുടുംബത്തിലാണ് ഞാൻ വളർന്നത്. ലളിതമായി ജീവിക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. അച്ചടക്കം, സത്യസന്ധത, വിദ്യാഭാസം എന്നീ മൂല്യങ്ങളെക്കുറിച്ചും കഠിനാധ്വാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അച്ഛനമ്മാർ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ജീവിച്ചു മതൃക കാണിക്കുക എന്ന മഹാത്മാഗാന്ധിയുടെ ആദർശം ഞങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ അച്ഛൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. കുടുംബത്തിൽനിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠവും അതുതന്നെയാണ്- പറയുന്നതു പ്രവർത്തിക്കുക. മുന്നിൽ നിന്നു നയിക്കുക.
വിദ്യാർഥി അറിഞ്ഞിരിക്കേണ്ട ഏറ്റവും വലിയ പാഠങ്ങളിലൊന്ന് എന്നെ പഠിപ്പിച്ചത് അച്ഛനാണ്– വീട്ടിലിരുന്ന് പഠിക്കുമ്പോൾ ടൈം ടേബിൾ തയാറാക്കുക. ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങൾ എനിക്കു പഠിക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ‘‘ആ വിഷയങ്ങൾ വീട്ടിലിരുന്ന് പഠിക്കാൻ കൃത്യമായ സമയം നീക്കിവച്ചില്ലെങ്കിൽ അതൊരിക്കലും പഠിക്കാനേ പോകുന്നില്ല’’- ഒരിക്കൽ അച്ഛൻ പറഞ്ഞു. അങ്ങനെയാണ് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ വിഷയങ്ങൾ ഉൾപ്പെടുത്തി ഞാൻ ടൈം ടേബിൾ തയാറാക്കിയത്. വിദ്യാർഥി എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ച പാഠങ്ങളിൽ ഒന്നാണിത്.
അമ്മയിൽനിന്ന് ഞാൻ പഠിച്ചത് സഹാനുഭൂതിയും ദയയും കാരുണ്യവുമാണ്. ഭാഗ്യഹീനരുമായി നമുക്കുള്ളത് പങ്കുവയ്ക്കണം എന്ന ആശയങ്ങളും പഠിപ്പിച്ചത് അമ്മ തന്നെയാണ്. സ്വന്തം സ്വത്തിനേക്കാൾ ശ്രദ്ധയോടെ വേണം പൊതു സ്വത്ത് സംരക്ഷിക്കാനെന്ന് പഠിപ്പിച്ചത് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്. നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ കൃത്യമായ കണക്കുകളും വിവരങ്ങളും കണക്കിലെടുക്കണമെന്ന് പഠിപ്പിച്ചത് ഐഐഎമ്മിലെ പ്രഫസറായ ജെ.ജി. കൃഷ്ണയ്യയാണ്. പഴയ ഇടപാടുകളുടെ ഭാരമില്ലാതെ ഓരോ ഇടപാടും പുതിയതായി കാണണമെന്നും തീരുമാനമെടുക്കുമ്പോൾ മുൻവിധികൾ പാടില്ലെന്നും കണക്കുകൾ കൃത്യമായിരിക്കണമെന്നും എല്ലാക്കാര്യത്തിലും ഉത്തരവാദിത്വം വേണമെന്നും പഠിപ്പിച്ചത് പാരിസിലെ ഒരു പ്രഫസറാണ്. അച്ഛനമ്മമാരിൽ നിന്നു തുടങ്ങി, മൈസൂരുവിലെ ഹൈസ്‌കൂൾ അധ്യാപകർ, ഇന്ത്യയിലെയും വിദേശത്തെയും മേലധികാരികൾ തുടങ്ങിയവരുടെയെല്ലാം സ്വാധീനം എന്നിലുണ്ട്.

മൂല്യങ്ങളിൽ അടിയുറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം
ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്നത്, മൂല്യങ്ങളാൽ പ്രചോദിതം എന്നതാണ് ഇൻഫോസിസിന്റെ ആപ്തവാക്യം. സർക്കാരിന്റെയും സമൂഹത്തിന്റെയും സഹപ്രവർത്തകരുടെയും ഉപഭോക്താക്കളുടെയുമൊക്കെ ബഹുമാനം നേടിയെടുക്കാൻ മൂല്യങ്ങളിൽ വിശ്വസിക്കുന്ന നേതൃത്വത്തിനു മാത്രമേ കഴിയൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പല കാര്യങ്ങളും നേടിയെടുക്കാൻ താഴ്ന്ന തലത്തിലെ സർക്കാർ ഉദ്യോഗസ്ഥർ പലപ്പോഴും ഞങ്ങളോട് കൈക്കൂലി ചോദിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്കു വേണ്ടതു തന്നാൽ നിങ്ങൾക്കു വേണ്ടതു നൽകാം എന്നവർ പറഞ്ഞു. എന്നാൽ അവരുടെ ആവശ്യങ്ങൾക്കു മുന്നിൽ കീഴടങ്ങാൻ ഞങ്ങൾ തയാറായിരുന്നില്ല. അതേത്തുടർന്ന് പല പദ്ധതികൾക്കും അനിശ്ചിതമായ കാലതാമസം നേരിട്ടു. ഒരിക്കൽ, ഒരു രീതിയിലും അംഗീകരിക്കാനാവാത്ത ഉയർന്ന നികുതിയാണ് ഞങ്ങൾക്കു മേൽ ചുമത്തിയത്. ആ പണം തിരിച്ചുകിട്ടാൻ അടുത്ത 10 വർഷം വേണ്ടിവന്നു. വളരെ വേദനാജനകമായ അനുഭവമായിരുന്നു അത്. അവസാനം ഞങ്ങൾ വിജയിച്ചു എന്നതു മാത്രമാണ് ആശ്വാസം.
തുടക്കത്തിൽ ദുരനുഭവങ്ങൾ ഉണ്ടായെങ്കിലും സത്യസന്ധത കൈവിട്ടില്ല. കൈക്കൂലി ചോദിച്ചും മറ്റും ശല്യപ്പെടുത്തിക്കൊണ്ടിരുന്ന അതേ ഉദ്യോഗസ്ഥർ തന്നെ അതോടെ ഞങ്ങളെ ബഹുമാനിക്കാനും തുടങ്ങി. സത്യമല്ലാത്ത ഒരു പ്രവൃത്തിയും ഇൻഫോസിസിന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. മോശം അനുഭവങ്ങളുണ്ടായാലും കീഴടങ്ങരുത് എന്നാണ് വളർന്നുവരുന്ന സംരംഭകരോട് എനിക്കു പറയാനുള്ളത്. അങ്ങനെയാണെങ്കിൽ നിങ്ങളോട് ആരും കൈക്കൂലി ചോദിക്കില്ല.
ജീവിതത്തിൽ പഠിച്ച പാഠങ്ങൾ
എന്റെ ജീവിതത്തെ മാറ്റിമറിച്ച ഏറ്റവും വലിയ പാഠം ഞാൻ പഠിച്ചത് ഇന്ത്യയിൽ നിന്നല്ല, ഫ്രാൻസിൽ നിന്നാണ്. അവിടെവച്ചാണ് ആശയക്കുഴപ്പമുള്ള ഇടതുപക്ഷക്കാരൻ എന്ന നിലയിൽനിന്ന് ദൃഢനിശ്ചയവും ദയയുമുള്ള സംരംഭകൻ എന്ന മനോഭാവത്തിലേക്ക് ഞാൻ മാറുന്നത്. പാരിസിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പോയതിനുശേഷമാണ് സംരഭംകനാകണം എന്ന ആഗ്രഹം ദൃഢമായത്. 1970 കളുടെ തുടക്കത്തിലായിരുന്നു അത്. മൂന്നു കാര്യങ്ങൾ പഠിച്ചതിൽ നിന്നാണ് സംരംഭകനാകണം എന്ന മോഹം എന്നിൽ വേരൂന്നിയത്.
1. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗം നല്ല ശമ്പളത്തോടുകൂടി മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്നതു മാത്രമാണ്.

2. സ്വകാര്യമേഖലയിൽ സംരംഭകരെ സ്വാഗതം ചെയ്യുന്നതിലൂടെ മാത്രമേ ജോലി അവസരങ്ങൾ സൃഷ്ടിക്കാനാകൂ. മികച്ച ആശയങ്ങൾ നടപ്പാക്കുന്നതിലൂടെ ഉൽപാദനം വർധിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനും കഴിയും. അങ്ങനെ സംരംഭകർ സ്വന്തം നിലയിൽ വരുമാനം നേടുകയും മറ്റുള്ളവർക്കും ജോലി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
3. മികച്ച ജോലി അവസരങ്ങൾ സൃഷ്ടിക്കുന്ന സംരഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏതൊരു രാജ്യത്തെയും സർക്കാരിനു ചെയ്യാനുള്ളത്. സംരഭകർക്കു മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കി നിക്ഷേപാനുകൂല സാഹചര്യം സൃഷ്ടിക്കണം.
പാരിസിൽ ആയിരുന്നപ്പോൾ ഇടത്, വലത് കക്ഷികളിൽപ്പെട്ടവരുമായി ശനിയും ഞായറും നടത്തിയ ചർച്ചകളിലൂടെയാണ് ഈ മൂന്നു പാഠങ്ങളും ഞാൻ പഠിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങൾ സ്വതന്ത്ര കമ്പോള വ്യവസ്ഥ നടപ്പാക്കുന്നതും എന്നെ വളരെയധികം ആകർഷിച്ചു. ജോലിയവസരങ്ങളും സമ്പത്തും സൃഷ്ടിക്കുന്നതിലൂടെ ആ രാജ്യങ്ങൾ ദാരിദ്ര്യം എന്ന വലിയ പ്രശ്‌നം പരിഹരിക്കുന്നതും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതും ഞാൻ കണ്ടു. അടിസ്ഥാന നിർമാണ മേഖലയുടെ വളർച്ച, ശുചിത്വം, അഴിമതി രഹിത വ്യവസ്ഥ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ അവർക്കു കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞു. നെഹ്‌റുവിന്റെ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള എന്റെ സോഷ്യലിസ്റ്റ് ചിന്താഗതിക്ക് ഇളക്കം തട്ടി. സമ്പന്നമായ യൂറോപ്യൻ രാജ്യങ്ങളെപ്പോലെ എന്റെ രാജ്യവും എന്നു മാറും എന്നോർത്ത് ഞാൻ അതിശയിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പാരിസിൽനിന്നു മൈസൂരുവിലേക്കു നടത്തിയ മടക്കയാത്രയിലും പുതിയ ആശയങ്ങൾ മനസ്സിൽ രൂപപ്പെടുകയായിരുന്നു.
1970 കളിൽ തന്നെ ഏതാണ്ടെല്ലാ യൂറോപ്യൻ രാജ്യങ്ങളും, ഇസ്രയേൽ, ഇറാഖ്, സോവിയറ്റ് യൂണിയൻ, ഗൾഫ്, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഞാൻ സന്ദർശിച്ചു. സെർബിയയിൽ വച്ച് എന്റേതല്ലാത്ത തെറ്റിന്റെ പേരിൽ പൊലീസുമായുണ്ടായ അസുഖകരമായ സാഹചര്യത്തോടെ, ഇടതുചിന്താഗതിയുള്ള വ്യക്തിയിൽനിന്ന് ഞാൻ ഇച്ഛാശക്തിയുള്ള സംരംഭകനിലേക്ക് പൂർണമായും മാറി.
മുന്നിൽനിന്നു നയിക്കുക, പറയുന്നതെല്ലാം പ്രവർത്തിച്ചു കാണിക്കുക. ഇവയിലൂടെ മാത്രമേ, ഒരാൾക്ക് സഹപ്രവർത്തകരുടെ ബഹുമാനവും ആദരവും നേടിയെടുക്കാൻ കഴിയൂ. ഏതു മനുഷ്യന്റെയും വിജയത്തിൽ ഭാഗ്യം നിർണായക പങ്ക് വഹിക്കും. വിജയം തലയ്ക്കു പിടിക്കാതിരിക്കാൻ നിരന്തരം ശ്രമിക്കണം. വിനയവും താഴ്മയും എന്നും വേണം.
നന്നായി പ്രവർത്തിച്ചാൽ അംഗീകാരം നേടാൻ കഴിയും
അംഗീകരിക്കപ്പെടുന്നതോടെ ബഹുമാനം കിട്ടും; ബഹുമാനം ലഭിക്കുമ്പോൾ അധികാരവും. നന്നായി പ്രവർത്തിച്ചു വിജയം നേടിയെടുത്താൽ മാത്രമേ ഇന്ത്യയ്ക്കും സാമ്പത്തികമായി ശക്തമാകാൻ കഴിയൂ. മികച്ച ആശയങ്ങളും വേണം. മുകളിലേക്കു പോകുമ്പോഴും വ്യക്തികൾ എന്ന നിലയിൽ മര്യാദയും വിനയവും വിടാതെ സൂക്ഷിക്കണം. സംശുദ്ധമായ മനഃസാക്ഷിയാണ് ഏറ്റവും മൃദുവായ തലയണ. ഏതു സാഹചര്യത്തിലും ഏറ്റവും നല്ല മൂല്യങ്ങളെ വിടാതെ കാക്കുക.
കഷ്ടപ്പാടുകളുമായി മുഖാമുഖം
1981 ൽ ഇൻഫോസിസ് സ്ഥാപിച്ച വർഷങ്ങളിൽ എന്റെ സഹപ്രവർത്തകരെല്ലാം യുഎസിൽ ആയിരുന്നു. ഞാൻ മാത്രമായിരുന്നു അന്ന് ഇന്ത്യയിൽ. തുടക്കത്തിലുള്ള കഷ്ടപ്പാടുകളെല്ലാം നേരിടുന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. സർക്കാർ സംവിധാനം ഉയർത്തുന്ന അടിസ്ഥാനമില്ലാത്ത തടസ്സങ്ങളായിരുന്നു ഏറ്റവും പ്രധാന വെല്ലുവിളി. ടെലിഫോൺ കണക്‌ഷൻ, ലൈസൻസുകൾ, ബാങ്ക് ലോൺ തുടങ്ങിയവ നേടിയെടുക്കാൻ ബുദ്ധിമുട്ടേണ്ടിവന്നു.
7 വർഷം വേണ്ടിവന്നു ടെലിഫോൺ കണക്‌ഷൻ ലഭിക്കാൻ. കംപ്യൂട്ടർ ഇറക്കുമതി ചെയ്യാൻ രണ്ടു വർഷം എടുത്തു. അതിനുവേണ്ടി മാത്രം 30 തവണ ഡൽഹി സന്ദർശിച്ചു. ഒരു ദിവസത്തെ ബിസിനസ് ആവശ്യത്തിനുവേണ്ടി ഏതെങ്കിലും രാജ്യം സന്ദർശിക്കാനുള്ള വിദേശനാണ്യത്തിനു വേണ്ടി മിനിമം രണ്ടാഴ്ചയാണ് വേണ്ടിയിരുന്നത്. മാർക്കറ്റ് എന്താണെന്നോ മാർക്കറ്റിന്റെ ഗതിവിഗതികൾ എങ്ങനെയാണെന്നോ ഓഹരി വിപണിയുടെ പ്രവർത്തനം എന്താണെന്നോ പോലും മനസ്സിലാക്കുന്ന ഉദ്യോഗസ്ഥർ കുറവായിരുന്നു. ഗുണപരമായ ഒരേയൊരു കാര്യം യുഎസിൽ സാഹചര്യം അനുകൂലമായിരുന്നു എന്നതു മാത്രമാണ്. അക്കാലത്ത് ഇന്ത്യയിലും യുഎസിലും ഞങ്ങൾക്ക് എതിരാളികൾ കുറവായിരുന്നു എന്ന കാര്യം മറക്കുന്നില്ല. കഴിവുള്ള എൻജിനീയർമാരെയും ഞങ്ങൾക്കു ലഭിച്ചിരുന്നു.
ഇന്ന് മത്സരം എല്ലാ രംഗത്തും അതിശക്തമായതിനാൽ കൂടുതൽ കഴിവുണ്ടെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാനും വിജയിക്കാനും കഴിയൂ. കഴിവുള്ള സംരംഭകർ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ആശയങ്ങൾക്കും ഒരു കുറവുമില്ല. ഏറ്റവും കഴിവുള്ള 10 ശതമാനത്തെ മാറ്റിനിർത്തിയാൽ ഇന്ത്യയിൽ കഴിവുള്ളവരുടെ എണ്ണം കൂടുതലാണ് എന്നു പറയാൻ കഴിയില്ല. മാർക്കറ്റ് മനസ്സിലാക്കാനും കഴിവുള്ളവരെ വാർത്തെടുക്കാനും കഴിഞ്ഞാൽ മാത്രമ വിജയം വരിക്കാനാകൂ. പഴയ കാലത്തെക്കാളും ഇന്നാണ് വിജയം വരിക്കാൻ ബുദ്ധിമുട്ട് എന്നാണെന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഒരുകാലത്ത് ഞാൻ ആരായിരുന്നോ, അതിനേക്കാൾ കഴിവുള്ളവരാണ് ഇന്നത്തെ സംരഭകർ. അവരുടെ ആരാധകനാണ് ഞാനും.
Content Summary : Narayana Murthy Explains why it is more difficult to succeed now than during his time