ADVERTISEMENT

പൊതുജനങ്ങളുമായി വളരെ അധികം ബന്ധപ്പെടുന്ന ഒാഫിസുകളിലൊന്നാണ് അക്ഷയ കേന്ദ്രങ്ങൾ. സർക്കാർ സേവനങ്ങൾ പലതും ഒാൺലൈൻ ആയപ്പോൾ അക്ഷയ കേന്ദ്രങ്ങളുടെ പ്രസക്തി വർധിപ്പിച്ചു. പലതരത്തിലുള്ള ജനവിഭാഗങ്ങളുമായി ബന്ധപ്പെടുമ്പോൾ അക്ഷയ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാകും. അങ്ങനെയൊരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് ഡൽഹിയിൽ െഎടി കമ്പനിയിൽ ജോലി ചെയ്യുന്ന അജീഷ് കുഞ്ഞപ്പൻ...

 

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ അക്ഷയ പ്രോജക്ടില്‍ 2008 മുതല്‍ 2014 വരെ 6 വര്‍ഷം ജോലി ചെയ്യുവാനുള്ള അവസരം ലഭിച്ചു. കോട്ടയം ജില്ലാ ഓഫിസിലായിരുന്നു നിയമനം. കോട്ടയം റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായിരുന്നു ജില്ലാ ഓഫിസ്. വീട്ടിലേക്ക് ഒന്നര- രണ്ടുമണിക്കൂര്‍ യാത്രയുണ്ട്. ഓഫിസില്‍ നിന്നും വൈകി ഇറങ്ങിയാല്‍ ബസ് കിട്ടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടും ചിലപ്പോഴൊക്കെ ജോലി അധികമുള്ളതുകൊണ്ടും ഇടയ്ക്ക് ഓഫിസില്‍ തന്നെ തങ്ങാറുണ്ട്.

 

work-experience-series-ajeeshmon-kunjappan-memoir-article-image
അജീഷ് കുഞ്ഞപ്പൻ

അത്യാവശ്യം ഉടുപ്പും ബാക്കി സംവിധാനങ്ങളും ഓഫിസില്‍ കരുതി വച്ചിട്ടുണ്ട്. ഫ്ലക്സ് ബോർഡിന്റെ ഷീറ്റ് നിലത്തു വിരിച്ച് അതിന് മുകളില്‍ പായ വിരിച്ചാണ് കിടപ്പ്.  വൈകിട്ട് തട്ടുകടയിലെ ഭക്ഷണവും കഴിച്ച് ചില്ലപ്പോഴൊക്കെ സെക്കൻ‍ഡ് ഷോയും കണ്ട് ഓഫിസില്‍ കിടക്കും. പലപ്പോഴും ഒറ്റയ്ക്ക്, ചിലപ്പോ സഹപ്രവര്‍ത്തകന്‍ ഷിനു അല്ലെങ്കില്‍ മേലുദ്യോഗസ്ഥരായ ബിജു സാറോ, സുബിൻ സാറോ ഉണ്ടാകും കൂട്ടിന്.

 

അങ്ങനെയിരിക്കെയാണ് ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയെടുപ്പ് അക്ഷയ വഴി നടപ്പിലാക്കുന്നത്. അക്ഷയ സംരംഭകരുടെ കംപ്യൂട്ടറുകളില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. സംരംഭകര്‍ അവരുടെ കംപ്യൂട്ടര്‍ ജില്ലാ ഓഫിസിലെത്തിക്കും. സുബിന്‍ സാറിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ രാത്രിയിരുന്നാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഒരു കംപ്യൂട്ടറില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ബയോമെട്രിക് കോണ്‍ഫിഗര്‍ ചെയ്യാന്‍ 3 – 4  മണിക്കൂര്‍ വരെ എടുക്കും. ചിലപ്പോ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടായാല്‍ ആദ്യം മുതൽ വീണ്ടും ചെയ്യണം.

 

അതുകൊണ്ടു തന്നെ അവധി ദിവസങ്ങളുള്‍പ്പെടെ ഒരാഴ്ചയായി ഓഫീസില്‍ തന്നെയാണ് തങ്ങുന്നത്. വെളുപ്പിന് കുറച്ച് സമയമാകും ഉറങ്ങുക.

അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട് ജോലി തീര്‍ന്ന് രാത്രി തട്ടുകടയിലെ ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങള്‍ ഓഫീസിലെത്തി. കുളി കഴിഞ്ഞ് ഞാനും ഷിനുവും ഓഫീസ് മുറിയിലും സുബിൻ സര്‍ അദ്ദേഹത്തിന്റെ ക്യാബിനിലും പോയി കിടന്നു. മേലുദ്യോഗസ്ഥര്‍ രണ്ടുപേരും ഇരിക്കുന്നത് പുറത്തെ മുറിയിലാണ്, വാതിലും പുറത്തു നിന്നാണ്.

 

ആറ് മണിയോട് കൂടി ഞങ്ങളെഴുന്നേറ്റ് സുബിൻ സാറിനെ വിളിക്കാന്‍ വാതിലില്‍ മുട്ടി. വാതില്‍ തുറക്കുന്നില്ല. സാധാരണ ഞങ്ങള്‍ എഴുന്നേല്‍ക്കുന്നതിന് മുൻപ് അദ്ദേഹം എഴുന്നേറ്റ് പത്രം എടുത്ത് വായിച്ചിരിക്കാറാണ് പതിവ്. ഇന്ന് പത്രം പുറത്ത് തന്നെ കിടപ്പുണ്ട്.

 

ഷിനു പറഞ്ഞു ‘ഇന്നലെ വൈകി കിടന്നതല്ലേ? എഴുന്നേറ്റു കാണില്ല കുറച്ച് കഴിഞ്ഞ് വിളിക്കാം...’ അങ്ങനെ പ്രഭാതകൃതങ്ങളൊക്കെ കഴിഞ്ഞ് വീണ്ടും വാതില്‍ മുട്ടി ഒരനക്കവും ഇല്ല അകത്ത്.

 

ഫോണെടുത്ത് വിളിച്ച് നോക്കി. റിങ് പോകുന്നുണ്ട്, പക്ഷേ എടുക്കുന്നില്ല. അകത്ത് ബെല്ലടിക്കുന്ന ശബ്ദം ഒന്നും കേള്‍ക്കുന്നില്ല. ഉറങ്ങാന്‍ നേരം ഫോണ്‍ സൈലന്റ് മോഡിലാക്കിയാതാവും. ലാന്‍ഡ് ഫോണിന്റെ എക്സ്റ്റെന്‍ഷന്‍ അകത്തുണ്ട്, അതിലേക്കും വിളിച്ചു. ബെല്ലടിക്കുന്ന ശബ്ദം കേള്‍ക്കാം, പക്ഷേ എടുക്കുന്നില്ല. 

 

ഞങ്ങള്‍ രണ്ടു പേരും മാറി മാറി ഫോണ്‍ വിളിക്കുന്നു, വാതിലിലും ജനലിലും ചെന്ന് മുട്ടി വിളിക്കുന്നു, അകത്ത് നിന്ന് ഒരു പ്രതികരണവും ഇല്ല.

 

ആകെപ്പാടെ പരിഭ്രമമായി, ഇനിയെന്ത് ചെയ്യും?

 

സാറിന് എന്തെങ്കിലും സംഭവിച്ചു കാണുമോ ?

 

സാറിന്റെ വീട്ടില്‍ അറിയിച്ചാലോ?

അതുമല്ലെങ്കില്‍ പോലീസില്‍ അറിയിച്ചാലോ?

 

വേണ്ട ഫയര്‍ ഫോഴ്സിനെ വിളിച്ച് വാതില്‍ തുറക്കാം. അല്ലെങ്കില്‍ കെട്ടിട ഉടമസ്ഥൻ അടുത്തു തന്നെ താമസിക്കുന്നുണ്ട്, അവരെ അറിയിക്കാം, 

ഞങ്ങള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഓരോ വഴികള്‍ ആലോചിച്ചു.

work-experience-series-ajeeshmon-kunjappan-memoir-author-image
അജീഷ് കുഞ്ഞപ്പൻ

 

ഇത്രയൊക്കെ ആയപ്പോഴേക്കും ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞു.

 

ഏതായാലും നമുക്ക് ബിജു സാറിനെ വിവരം അറിയിക്കാം. ഒപ്പം ഡ്രൈവര്‍ രാജു ചേട്ടനെയും വിളിച്ച് വരുത്താം. ബാക്കിയൊക്കെ പിന്നെ.

 

അങ്ങനെ രണ്ടു പേരെയും വിളിച്ചു. ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു ‘പത്തു മിനിറ്റിനകം ഞാന്‍ വരാം..’

ബിജു സാറിനും ആകെപ്പാടെ പരിഭ്രമം –  ‘നിങ്ങള്‍ ഒന്നു കൂടി വിളിച്ച് നോക്ക്, ഞാന്‍ പെട്ടെന്ന് വരാം..’

അങ്ങനെ രണ്ടും കൽപ്പിച്ച് ഞങ്ങള്‍ വാതില്‍ മുട്ടി.

 

അകത്തു നിന്ന് അനക്കം ഒന്നും ഇല്ല. മൊബൈലില്‍ ഒന്നു കൂടി വിളിച്ചു. ഇത്തവണ ഫോണ്‍ എടുത്തു.

 

ഷിനു അൽപം ദേഷ്യത്തോടെ ചോദിച്ചു :  ‘സാറ് ഇതെന്തൊരൊറക്കമാണ്... വാതില്‍ തുറക്കുന്നുണ്ടോ?’

 

അപ്പുറത്തു നിന്നും പതിഞ്ഞ സ്വരത്തില്‍ മറുപടി : ‘ഞാന്‍ ഓഫീസിലില്ല, പള്ളിയിലാണ് പതിനഞ്ച് മിനിറ്റിനകം വരാം...’

 

ഞായറാഴ്ച ആയതുകൊണ്ട് വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് റെഡിയായി വാതിലും പൂട്ടി പള്ളിയില്‍ പോയതാണ് കക്ഷി. അകത്തു കിടന്നുറങ്ങിയ ഞങ്ങളുണ്ടോ അറിയുന്നു !

 

പാതി വഴിയെത്തിയ ഡ്രൈവറു ചേട്ടനെയും ഓഫിസിലേക്ക് വരാനിറങ്ങിയ ബിജുസാറിനെയും വിളിച്ചു വിവരം പറഞ്ഞു.

 

പള്ളിയിൽ പോയി തിരിച്ചുവന്ന സാറ് ഞങ്ങള്‍ ഓരോന്ന് ആലോചിച്ച് കാട്ടികൂട്ടിയ അബദ്ധങ്ങള്‍ കേട്ട് ഭയങ്കര ചിരി.

 

പിറ്റേദിവസം തിങ്കളാഴ്ച ഓഫിസിലെത്തിയ മറ്റു സ്റ്റാഫും ഇതൊക്കെ കേട്ട് ചിരിയോ ചിരി. ഞങ്ങള്‍ക്കാകട്ടെ സാറിനൊന്നും സംഭവിക്കാത്തതിലുള്ള സമാധാനവും.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Ajeeshmon Kunjappan Memoir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com