ADVERTISEMENT

ഗവേഷണ വിദ്യാർഥികൾ കഴിഞ്ഞയാഴ്ച യുജിസിയുടെ ഒരു പുതിയ തീരുമാനം അറിഞ്ഞിരിക്കും - തീസിസ് സമർപ്പിക്കുംമുൻപ് സ്വന്തം കണ്ടെത്തലുകൾ ജേണലുകളിൽ പ്രസിദ്ധീകരിച്ചിരിക്കണമെന്ന വ്യവസ്ഥ നിർബന്ധമല്ലാതാക്കുന്നു. കാരണമുണ്ട്. യുജിസി നടത്തിയ പഠനമനുസരിച്ച് ഈ നിർബന്ധിത വ്യവസ്ഥ കാരണം 75% ഗവേഷണ വിദ്യാർഥികളും നിലവാരം കുറഞ്ഞ ജേണലുകളിലാണു ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ‘പ്രിഡേറ്ററി ജേണലു’കളുടെ കെണിയിൽപ്പെടുകയാണു പലരും. 

 

അറിയാതെ കുടുങ്ങുന്നവരും

predatory-journals-01

യുഎസിലെ കൊളറാഡോ സർവകലാശാലയിൽ ലൈബ്രേറിയനായ ഡോ. ജെഫ്രി ബീലിന്റേതാണ് ‘പ്രിഡേറ്ററി ജേണൽ' എന്ന പ്രയോഗം. അക്കാദമിക് രചനയിൽ അത്ര അവഗാഹമില്ലാത്തവരിൽനിന്നു പണം വാങ്ങി, അവരുടെ രചനകൾ തത്വദീക്ഷയോ സത്യസന്ധതയോ സുതാര്യതയോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന വ്യാജ ജേണലുകളാണിവ. 

യുജിസി ഇളവ് അനുവദിച്ചെങ്കിലും ഇത്തരം ഇരപിടിയൻ ജേണലുകളെക്കുറിച്ച് അറിഞ്ഞുവയ്ക്കുക തന്നെ വേണം. വിദേശത്തു ഗവേഷണം നടത്തുന്നവരുടെ എണ്ണമേറുന്നു. അക്കാദമിക് മേഖലയിലുള്ളവർക്ക് പ്രമോഷനു ജേണലുകളിൽ പ്രസിദ്ധീകരിച്ച പേപ്പറുകളുടെ എണ്ണം കണക്കിലെടുക്കുന്നുമുണ്ട്.

 

അപകടങ്ങളേറെ

പ്രശസ്തമായ പല അവലംബ ഡേറ്റാബേസുകളും ഗുണനിലവാരം കുറഞ്ഞ ജേണലുകളെ തങ്ങളുടെ ഗ്രന്ഥസൂചികയിൽ ഉൾപ്പെടുത്താറില്ല. അതിനാൽ ഇത്തരം ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണ ലേഖനങ്ങൾ മറ്റു ഗവേഷകർ കാണാനുള്ള സാധ്യത കുറയുന്നു. രചയിതാവിനു കിട്ടാവുന്ന അവലംബ പരാമർശങ്ങൾ (Citations) അങ്ങനെ കിട്ടാതെ പോകുന്നു. ഓൺലൈനായി പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾക്ക് സ്ഥിരമായ DOI (Digital Object Identifier) ലഭിക്കാത്തതുമൂലം അവ വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെടുകയും ചെയ്യും. സ്വന്തം മൗലിക രചനകൾ പിന്നീട് മറ്റുള്ളവരുടെ പേരിൽ പ്രത്യക്ഷപ്പെട്ടേക്കാമെന്ന അപകടവുമുണ്ട്.

 

ടോമി വർഗീസ് മണ്ണടി
ടോമി വർഗീസ് മണ്ണടി

ഇക്കാര്യങ്ങൾ സൂക്ഷിക്കുക

പ്രിഡേറ്ററി ജേണലുകളുടെ പൊതുവായ ചില (കള്ള) ലക്ഷണങ്ങൾ:

∙ അക്കാദമിക് ജേണലുകൾ മിക്കതും പ്രസിദ്ധീകരിക്കുന്നത് അതതുരംഗത്തെ ദേശീയ, രാജ്യാന്തര പ്രശസ്തമായ പണ്ഡിതസംഘടനകളും (Scholarly bodies) പ്രഫഷനൽ അസോസിയേഷനുകളും (ഉദാ: IEEE, ASCE, APA, ASIS&T) ആണ്. വില കൽപിക്കപ്പെടുന്ന മുൻനിര പ്രസാധകരായ Elsevier, Springer, Blackwell Publishing, Wiley, Taylor & Francis, Routledge, Sage Publications തുടങ്ങിയവരുടെ സൈറ്റുകളിൽ പ്രസിദ്ധീകരണം സംബന്ധിച്ച നയപ്രസ്താവന ലഭ്യമാണ്. ഇവയുമായി പേരിലുള്ള സാമ്യത്തിലൂടെയാകും മിക്ക പ്രിഡേറ്ററി ജേണലുകളും നമ്മെ കുടുക്കുക.

∙ നമ്മൾ ആവശ്യപ്പെടുന്ന തീയതിയിൽ (മുൻ തീയതികൾ വച്ചുപോലും!) ലേഖനം പ്രസിദ്ധീകരിക്കാമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു.

∙ പ്രസിദ്ധീകരണത്തിനായി ആർട്ടിക്കിൾ പ്രോസസിങ് ചാർജ് (APC) ഈടാക്കുന്നു.

∙ പിയർ അവലോകനം (Peer review) ചെയ്ത പ്രസിദ്ധീകരണമെന്ന് അവകാശപ്പെടുന്നു; എന്നാൽ കാര്യമായ അവലോകനമൊന്നും നടത്തുന്നില്ല.

∙ വെബ്‌സൈറ്റിൽ തെറ്റായതോ പരിശോധിക്കാൻ കഴിയാത്തതോ ആയ ജേണൽ ഇംപാക്ട് ഫാക്ടർ കാണിക്കുന്നു.

 

(തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) അക്കാദമിക് ലൈബ്രേറിയനാണു ലേഖകൻ)

 

Content Summary : Predatory Journals: What They Are and How to Avoid Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com