ADVERTISEMENT

വീണ്ടും പഠിക്കാൻ ആഗ്രഹിക്കുന്ന യുവ പ്രഫഷനലുകളുടെ സ്വപ്നമാണ് ബ്രിട്ടിഷ് സർക്കാരിന്റെ ചീവ്നിങ് (Chevening) സ്കോളർഷിപ്. ഓരോ രാജ്യത്തുനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന അസുലഭാവസരം ദമ്പതികൾക്ക് ഒരുമിച്ചു കിട്ടിയാലോ ? അങ്ങനെ യുകെയിലെ പ്രശസ്തമായ റെഡിങ് (Reading) സർവകലാശാലയിൽ പോയി പഠിച്ചുവന്നിരിക്കുകയാണ് ഐഎഎസ് ദമ്പതികളായ ഡോ.കെ.വാസുകിയും ഡോ.എസ്.കാർത്തികേയനും. മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതല വഹിക്കുന്ന ഡോ. കാർത്തികേയനും ലേബർ കമ്മിഷണറായ വാസുകിയും ആ പഠനാനുഭവം പങ്കുവയ്ക്കുന്നു.

 

 

രണ്ടു പേരുടെയും പഠന വിഷയങ്ങളിൽനിന്നു തുടങ്ങാം 

 

വാസുകി: എംഎസ്‌‌സി സൈക്കോളജി കൺവേർഷൻ കോഴ്സ് ആണ് ഞാൻ പഠിച്ചത്. വിദേശത്ത് വളരെ ഡിമാൻഡ് ഉള്ള വിഷയമാണ് സൈക്കോളജി. റെഡിങ്ങിലും ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലൊന്നാണിത്.

ഇന്ത്യയിലും സർക്കാർ തലത്തിൽ മാനസികാരോഗ്യപദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നതിനാൽ ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന മേഖലയായി ഇതു മാറും. ബിഹേവിയർ ചേഞ്ച് ഫോർ ക്ലൈമറ്റ് ചേഞ്ച് (കാലാവസ്ഥാമാറ്റം നേരിടാൻ മനോഭാവ മാറ്റം) എന്നതിലായിരുന്നു എന്റെ റിസർച്.

 

കാർത്തികേയൻ: എംഎസ്‍സി ഇൻ ഫുഡ് സെക്യൂരിറ്റി ആൻഡ് ഫുഡ് ടെക്നോളജി ആണ് ഞാൻ പഠിച്ചത്. ഭക്ഷ്യസുരക്ഷ ഇപ്പോൾ വലിയ പ്രാധാന്യമുള്ള വിഷയമാണ്. മത്സ്യ മേഖലയിലും മറ്റും ഭക്ഷ്യ സംസ്കരണത്തിലൂടെ വൈവിധ്യവൽക്കരണം നടപ്പാക്കിയാൽ തൊഴിലവസരങ്ങളേറും. മത്സ്യത്തൊഴിലാളികൾക്കും മറ്റും വരുമാനവും കൂടും.

 

കാലാവസ്ഥാ വ്യതിയാനത്തിൽ മനസ്സിനെന്തു പങ്ക്

വാസുകി: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ അടിസ്ഥാനപരമായി മനുഷ്യരുടെ മാനസികാവസ്ഥയും ജീവിതശൈലിയും മാറേണ്ടതുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. റെഡിങ്ങിലെ കാലാ‍വസ്ഥാ വിഭാഗവും പ്രശസ്തമാണ്.

 

സ്കോളർഷിപ് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിച്ചു?

 

കാർത്തികേയൻ, വാസുകി: യുകെയിൽ ഒരു വർഷത്തെ ഫുൾടൈം കോഴ്സിനുള്ള പഠന, ജീവിത ചെലവുകൾക്കുള്ള പണം കിട്ടും. ആദ്യം ചീവ്നിങ് സ്കോളർഷിപ്പിലൂടെ പഠിക്കാവുന്ന സർവകലാശാലകളും കോഴ്സുകളും കണ്ടെത്തി അപേക്ഷ നൽകണം. പ്രവേശനം ലഭിച്ച ശേഷം ആ ഓഫർ ലെറ്ററുമായാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.

മുൻപു പഠിച്ച സർവകലാശാല, വിഷയം, മാർക്ക് എന്നിവയെല്ലാം പരിശോധിക്കും. സർവകലാശാലാ പ്രവേശനത്തിന് 600 വാക്കുകളിൽ പഴ്സനൽ സ്റ്റേറ്റ്മെന്റ് നൽകണം. ഈ സർവകലാശാലയും കോഴ്സും തിരഞ്ഞെടുക്കാനുള്ള കാരണം, നമ്മുടെ ലക്ഷ്യം, മുൻകാല നേട്ടങ്ങൾ തുടങ്ങിയവ വിശദമാക്കണം. സ്കോളർഷിപ്പിനെക്കുറിച്ചും യുകെ സർവകലാശാലകളിലെ അപേക്ഷാരീതികളെക്കുറിച്ചും യൂട്യൂബ് ട്യൂട്ടോറിയലുകളുണ്ട്. സർവകലാശാലാ വെബ്സൈറ്റുകളിലും മാർഗനിർദേശങ്ങൾ ലഭിക്കും.

 

റെഡിങ്ങിലെ പ്രത്യേകതകൾ 

 

വാസുകി: കൃഷി ഡയറക്ടറായിരുന്ന കാലത്താണ് റെഡിങ്ങിനെക്കുറിച്ച് അറിഞ്ഞതും അവിടെ പഠിക്കാൻ തീരുമാനിച്ചതും. മുൻപ് ഇത് ഓക്സ്ഫഡിന്റെ ഭാഗമായിരുന്നു. സ്വതന്ത്ര സർവകലാശാലയായതോടെ, ഓക്സ്ഫഡിൽ അത്ര വിശദമായി കൈകാര്യം ചെയ്യാത്ത വിഷയങ്ങൾക്കു മുൻതൂക്കം നൽകി. മീറ്റിയറോളജി (അന്തരീക്ഷശാസ്ത്രം), ക്ലൈമറ്റോളജി (കാലാവസ്ഥാവ്യതിയാന പഠനം), ഫുഡ് സയൻസ്, കൃഷി അനുബന്ധ വിഷയങ്ങൾ തുടങ്ങിയവ ശ്രദ്ധേയം. യുഎസിൽ എംഎസ്‍സി രണ്ടു വർ‍ഷ കോഴ്സാണ്. യുകെയിൽ ഒരു വർഷം കൊണ്ട് ആ പാഠഭാഗങ്ങളെല്ലാം തീർക്കും.

 

ചീവ്നിങ്: അപേക്ഷ നവംബർ 1 വരെ

 

ബ്രിട്ടിഷ് സർക്കാരിന്റെ രാജ്യാന്തര സ്കോളർഷിപ് പദ്ധതിയാണ് ചീവ്നിങ്. രണ്ടുവർഷം ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ഉൾപ്പെടെ ഒരു മാനദണ്ഡവും തടസ്സമല്ല. യുകെയിലെ അംഗീകൃത സർവകലാശാലകളിൽ 9- 12 മാസം ദൈർഘ്യമുള്ള ബിരുദാനന്തര ബിരുദ കോഴ്സിന് അഡ്മിഷൻ ലഭിച്ചവരായിരിക്കണം അപേക്ഷകർ. സർവകലാശാലകളുടെയും കോഴ്സുകളുടെയും വിശദ വിവരങ്ങൾ ചീവ്നിങ് സ്കോളർഷിപ് വെബ്സൈറ്റിൽ ലഭിക്കും. ഇത്തവണ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 1 അപേക്ഷിക്കേണ്ട ലിങ്ക് : https://www.chevening.org/scholarship/india/

 

Content Summary : IAS Couple Dr. Vasuki And Dr. Karthikeyan bagged Chevening Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com