റോഡിലും ജോലിയിലും ഈഗോ കാട്ടുന്നവരോട്; വഴങ്ങിക്കൊടുക്കൽ ദൗർബല്യമല്ല, വകതിരിവാണ്...

HIGHLIGHTS
  • വഴങ്ങിക്കൊടുക്കുക എന്ന ശീലത്തിനു റോഡില്‍ മാത്രമല്ല, ജീവിതത്തിലും വലിയ പ്രാധാന്യമുണ്ട്.
  • വഴങ്ങാത്ത വ്യക്തികൾ ഏതു സ്ഥാപനത്തിനും തലവേദനയാണ്.
vazhivilakku-traffic-001
Representative Image. Photo Credit: dragana991/iStock
SHARE

കുറേക്കാലമായി അമേരിക്കയില്‍ താമസമാക്കിയ ഒരു സുഹൃത്ത് കേരളത്തിൽ വന്നപ്പോൾ ഞങ്ങൾ ഒന്നിച്ചൊരു കാർ യാത്ര നടത്തി. രണ്ടു മണിക്കൂർ യാത്രയിൽ അഞ്ചു മിനിറ്റ് പോലും അയാൾ മനസ്സമാധാനത്തോടെയല്ല കാറിലിരുന്നത്. അമേരിക്കയിൽ സ്ഥിരമായി കാർ ഓടിക്കുന്ന സുഹൃത്ത്, ഓരോ വാഹനം ഓവർടേക്ക് ചെയ്യുമ്പോഴും ഓരോ ജംക്ഷൻ കടക്കുമ്പോഴും ഞെട്ടി. 

എന്താണ് ഇവിടത്തെ ട്രാഫിക്കിന്റെ കുഴപ്പമെന്നു ഞാൻ സുഹൃത്തിനോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു: ‘Yield അഥവാ വഴങ്ങുക എന്നതാണ് അംഗീകൃത രീതി, സ്കൂൾ പരിസരത്തു വേഗപരിധി 30 കിലോമീറ്ററെന്നു ബോർഡ് സ്ഥാപിച്ചാൽ അത് അക്ഷരാർഥത്തിൽ അനുസരിക്കണം. കാൽനടക്കാർക്കായി വാഹനം നിർത്തിക്കൊടുക്കണം. മറ്റൊരു വാഹനത്തെ പോകാൻ അനുവദിക്കണം’. വടക്കഞ്ചേരിക്കടുത്തു ബസ് അപകടത്തിൽ സ്കൂൾ കുട്ടികളടക്കമുള്ളവരുെട മരണമുണ്ടാക്കിയ ദുരന്തം. ഈ വാക്കുകൾ എന്റെ മനസ്സിൽ വീണ്ടും തെളിച്ചു. 

yield
Representative Image. Photo Credit: LordRunar/iStock

റോഡിൽ മറ്റൊരു വാഹനത്തിനോ കാൽനടക്കാർക്കോ വഴങ്ങിക്കൊടുക്കുക എന്ന കീഴ്‌വഴക്കമാണ് പരിഷ്കൃത നഗരങ്ങളിലെ ഡ്രൈവിങ്ങിനെ നമ്മുടെ റോഡുകളിലെ കിരാതശീലങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാണ് അമേരിക്കൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ലോകത്തെ മിക്ക രാജ്യങ്ങളിലും വാഹനം ഓടിക്കാൻ അനുവാദമുള്ളത്. അത്ര ജാഗ്രതയോടെയേ അവിടെ ലൈസൻസ് കൊടുക്കാറുള്ളൂ. അധികാരഗർവോ ശുപാർശയോ അഴിമതിയോ അതിനു പിന്നിലില്ലെന്ന് ലോകമെങ്ങുമറിയാം. 

വഴങ്ങിക്കൊടുക്കുക എന്ന ശീലത്തിനു റോഡില്‍ മാത്രമല്ല, ജീവിതത്തിലും വലിയ പ്രാധാന്യമുണ്ട്. നിലപാടുകളിലും അഭിപ്രായങ്ങളിലും തീരുമാനങ്ങളിലും ഉറച്ചു നിൽക്കുന്നതു നല്ലതാണെങ്കിലും പല സന്ദർഭങ്ങളിലും ഇതു യുക്തിരഹിതമാകാറുണ്ട്. ‘ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന തരത്തിലുള്ള അഭിപ്രായ സ്ഥിരത ദോഷമേ െചയ്യൂ. രണ്ടു വ്യക്തികൾ അവരുടെ നിലപാടുകളിൽ ‘ഉറച്ചു’ നിൽക്കുമ്പോഴാണ് അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നത്. പരിഹാരമുണ്ടാകുന്നത്, ഒരാൾ മറ്റൊരാൾക്കോ ഇരു കൂട്ടരും പരസ്പരമോ വഴങ്ങിക്കൊടുക്കുന്നതു കൊണ്ടും. പരിഹാരങ്ങളുടെ ഭാഗമാകുന്നതുവരെ മറ്റുള്ളവർ സഹിക്കുകയല്ല, സ്നേഹിക്കുകയാണ്, വിലമതിക്കുകയാണ്.

വഴങ്ങാത്ത വ്യക്തികൾ ഏതു സ്ഥാപനത്തിനും തലവേദനയാണ്. വഴങ്ങിക്കൊടുക്കൽ ദൗർബല്യമല്ലെന്നും വിശാലമായ അർഥം അംഗീകരിക്കാനുള്ള വകതിരിവാണെന്നും അറിയാത്തവരാണവർ. വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും വിവാഹബന്ധത്തിലുമെല്ലാം വഴങ്ങിക്കൊടുക്കൽ മനോഭാവത്തിനു വലിയ സ്ഥാനമുണ്ട്. 

ego
Representative Image. Photo Credit: Gajus/iStock

എന്തുകൊണ്ടാണ് വഴങ്ങാൻ എല്ലാവർക്കും സാധിക്കാത്തത്? ഊതിപ്പെരുപ്പിച്ച ‘ഈഗോ’ അഥവാ അഹംഭാവമാണു തടസ്സം. എന്റെ നിലപാടില്‍ നിന്നു ഞാൻ മാറിയാൽ, വിട്ടുവീഴ്ച ചെയ്താൽ, അതു ദൗർബല്യമായി മറ്റുള്ളവർ കാണില്ലേ എന്നാണ് ഈഗോയുള്ളവരുടെ ആശങ്ക. താനൊരു വലിയ ആളായതുകൊണ്ട് വഴങ്ങുന്ന പ്രശ്നമില്ല. എന്നവർ വിചാരിക്കുന്നു. ഈ ചെറിയ ഈഗോയെ തൽക്കാലം മാറ്റി നിർത്തി, പൊതുവായ ക്ഷേമത്തിനു വേണ്ടി വഴങ്ങിക്കൊടുക്കണമെങ്കിൽ കാഴ്ചയുടെ വിസ്തൃതി വർധിക്കണം. തന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നവർക്ക് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. വഴങ്ങിക്കൊടുക്കൽ കീഴടങ്ങലല്ല, പൊതുനൻമയ്ക്കും പൊതുസുരക്ഷയ്ക്കും വേണ്ടിയുള്ള നമ്മുടെ സംഭാവനയാണ്. പൗരബോധത്തിന്റെ അടിസ്ഥാനമൂലകമാണത്. നാം അനുഭവിക്കുന്ന സകല ആനുകൂല്യങ്ങൾക്കും പിന്നിൽ ആരുടെയോ ഒക്കെ വിട്ടുവീഴ്ചകളുണ്ട്. സൈഡ് ചോദിക്കുന്ന വാഹനത്തിനു മാത്രമല്ല, ഓവർടേക് ചെയ്യാനാഗ്രഹിക്കുന്ന വ്യക്തിക്കും ആശയത്തിനും പൊതുനൻമയെ മുൻനിർത്തി വഴങ്ങിക്കൊടുത്താൽ നിരത്തുകൾ മാത്രമല്ല, ജീവിതവും സുരക്ഷിതമാകും.

Content Summary : Vazhivilakku Column K.Jayakumar – Don't Let Your Ego Take Control Of Your Life

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS