ADVERTISEMENT

സ്കൂൾ പാഠപുസ്തകങ്ങളെ ആസ്പദമാക്കിയുള്ള പഠനം പിഎസ്‌സി പരീക്ഷാ തയാറെടുപ്പിന് എങ്ങനെ  പ്രയോജനപ്പെടുത്താമെന്നു നിർദേശിക്കുന്നു, പ്രശസ്ത പരിശീലകൻ അജയൻ പ്രഗതി

 

 

പുതിയ പരിഷ്കാരങ്ങളിലൂടെ കേരള പിഎസ്‌സി ഉദ്യോഗാർഥികൾക്കു മുന്നിൽ അവതരിപ്പിച്ച വേറിട്ടൊരു ആശയമാണ് പാഠപുസ്തകങ്ങളിലെ വസ്തുതകളുടെ പരിചയം.  ചോദ്യ പേപ്പറുകളെ നേരിടാനുള്ള കരുത്ത് ആർജിക്കാൻ പാഠപുസ്തകങ്ങളിലെ വിവരങ്ങൾ ചിട്ടയോടെ സ്വായത്തമാക്കേണ്ടത് എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന സത്യം സമീപകാല പരീക്ഷകളിലൂടെ വെളിപ്പെട്ടതാണ്. വരാനിരിക്കുന്ന ഡിഗ്രി പ്രിലിമിനറി, മെയിൻസ് പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കു ഹൈസ്കൂൾ, ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളെ ആസ്പദമാക്കിയുള്ള തയാറെടുപ്പ് വളരെ നിർണായകമായിരിക്കും. 

 

 പഠനവഴി തുടങ്ങാൻ 

 

അത്യധികം ഉയർന്ന നിലവാരത്തിലുള്ള മത്സരമാണ് സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കിടയിൽ ഇപ്പോൾ നടക്കുന്നത്. സിലബസിലുള്ള കാര്യങ്ങൾ അച്ചടക്കത്തോടെ പഠിച്ചുതീർക്കുക എന്നതിനാണ് ഉദ്യോഗാർഥികൾ പ്രഥമ പരിഗണന നൽകേണ്ടത്. അതായത്, തയാറെടുപ്പിലുടനീളം സിലബസിന്റെ വ്യക്തമായ ചിത്രം മനസ്സിൽ ഉണ്ടായിരിക്കണം. പ്രസ്തുത വിഷയങ്ങൾ കടന്നുവരുന്ന മേഖലകൾ ആഴത്തിലുള്ള പഠനത്തിനു വിധേയമാക്കുന്നതിൽ സ്കൂൾ പാഠപുസ്തകങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു നമുക്കു നോക്കാം. 

Representative Image. Photo Credit: franckreporter-istock/iStock
Representative Image. Photo Credit: franckreporter-istock/iStock

 

 ഏതൊക്കെ വിഷയങ്ങൾ? 

 

സിലബസിൽ ഉൾപ്പെട്ട വസ്തുതകൾ, സ്കൂൾ പാഠപുസ്തകങ്ങളിലെ ഏതൊക്കെ വിഷയങ്ങളിലാണ് ഉള്ളതെന്നു കണ്ടെത്തി പഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്സ്, സയൻസ്, കംപ്യൂട്ടർ സയൻസ് (അടിസ്ഥാന വിവരങ്ങൾ) തുടങ്ങിയ വിഷയങ്ങളെ നിങ്ങൾ നല്ലതുപോലെ പരിചയപ്പെടേണ്ടതുണ്ട്. ഭരണഘടന എന്ന ഭാഗത്തുനിന്നു വരുന്ന പ്രസ്താവനാ രീതിയിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പൊളിറ്റിക്കൽ സയൻസ് പുസ്തകം പിന്തുടരുന്നത് ഒരു പരിധിവരെ സഹായിക്കും. സിലബസിൽ വിവരിച്ച കാര്യങ്ങൾ പാഠപുസ്തകത്തിൽനിന്ന് അരിച്ചെടുക്കണം. പുറമേ മുൻവർഷ പരീക്ഷകളിലെ ചോദ്യങ്ങളായി നിങ്ങൾ കണ്ടറിഞ്ഞതും നിലവിലെ സിലബസിൽ സ്ഥാനം പിടിക്കാത്തതുമായ ചോദ്യങ്ങളും കണ്ടെന്നുവരാം. അത്തരം ഭാഗങ്ങൾകൂടി പഠനത്തിൽ ഉൾപ്പെടുത്തിയാൽ പൊതുവിജ്ഞാന മേഖലയിലെ പാഠപുസ്തകങ്ങളുടെ സ്വാധീനം വിജയത്തെ ഊട്ടിയുറപ്പിക്കും. എന്നുകരുതി മുഴുവൻ മാർക്കിനുമുള്ള ചോദ്യങ്ങൾ പാഠപുസ്തകങ്ങളിൽനിന്നു മാത്രമേ വരൂ എന്നു നിശ്ചയിക്കാനുമാവില്ല. 

 

 

 എന്തൊക്കെയാണു കഠിനം? 

 

മറ്റു വിഷയങ്ങളെ അപേക്ഷിച്ച് താരതമ്യേന കഠിനമാണു സയൻസ് വിഷയങ്ങൾ. അതുകൊണ്ടുതന്നെ ഈ മേഖല നന്നായി മനസ്സിലാക്കി പഠിച്ചു പ്രയോജനപ്പെടുത്തുന്നവർക്കു റാങ്ക് ലിസ്റ്റിൽ മുന്നിലൊരിടം ഉറപ്പിക്കാം. അതേ സമയം, സയൻസിൽ അൽപം പിന്നാക്കമായവർ തളരുകയും വേണ്ട. ‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്ന തത്വം മനസ്സിൽ വച്ച് തയാറെടുപ്പ് സജീവമാക്കുക. 

 

യൂണിഫോം തസ്തികകളിലേക്കു നടന്ന മുഖ്യ പരീക്ഷകളിൽ ഗണിതവിഭാഗത്തിലും ഹയർ സെക്കൻഡറി മേഖലയിൽനിന്നുള്ള ചോദ്യങ്ങൾ കടന്നുവന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനർഥം പൊതുവിജ്ഞാന മേഖലയിൽനിന്നു മാത്രമല്ല ഗണിതം, ഇംഗ്ലിഷ്, മലയാളം എന്നിവകൂടി പഠനക്രമത്തിൽ ഉൾപ്പെടുത്തണം എന്നാണ്. ഈ വിഷയങ്ങൾ ആദ്യമായി പഠിക്കുന്നയാൾക്ക് ഇതൊരു ബാലികേറാമലയാകാം. പക്ഷേ, പാഠപുസ്തകം നന്നായി പിന്തുടരുന്നവർക്കു വലിയ പരിധിവരെ ഈ പ്രശ്നം മറികടക്കാം. 

 

 ആനുകാലികം എങ്ങനെ? 

മറ്റുള്ള പരീക്ഷകളിൽനിന്നു വ്യത്യസ്തമായി ഡിഗ്രി ലെവൽ പരീക്ഷകളിൽ ആനുകാലികത്തിനുള്ള പ്രാധാന്യം, സിലബസിലെ എല്ലാ പൊതുവിജ്ഞാന മേഖലയുമായും ബന്ധപ്പെട്ട ആനുകാലിക കാര്യങ്ങൾ പഠിക്കണം എന്നതാണ്. 

പിഎസ്‌സി വ്യക്തമാക്കിയതുപോലെ പത്രങ്ങളിൽനിന്നുള്ള വിവരങ്ങളാകും വരുംപരീക്ഷകളിൽ ഈ മേഖലകളിൽ കടന്നുവരാൻ പോകുന്നത്. അതിനാൽ, പാഠപുസ്തക പഠനത്തിനൊപ്പം നിരന്തര പത്രവായനയും ആനുകാലിക വിഷയങ്ങളിലെ തയാറെടുപ്പിന് അനിവാര്യമാണ്. പുസ്തകവും പത്രവും വായിച്ച് കുറിച്ചുവയ്ക്കുന്ന വിവരങ്ങൾ ഇടയ്ക്കിടയ്ക്കു റിവിഷൻ നടത്തുകയും ചെയ്യുക. 

 

(കണ്ണൂർ ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസ് മേധാവിയാണു ലേഖകൻ) 

 

Content Summary : How to Cover the Syllabus for the PSC Exam from school textbooks, newspapers, and magazines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com