ടീ ടെസ്റ്റ൪, കോഫി ടെസ്റ്റ൪ തുടങ്ങിയ ജോലികൾ കേട്ടിട്ടില്ലേ.. ഇവ ആദ്യം കേട്ടപ്പോൾ കൗതുകം തോന്നിയിട്ടുമുണ്ടാകും. പക്ഷേ, ഇവയെ ഒക്കെ വെല്ലുന്ന കിടിലൻ ജോലികൾ ഇന്നു ലോകത്തെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്നുണ്ട്. വേണമെങ്കിൽ ഒന്ന് അപേക്ഷിക്കുകയും ആവാം. ഇതിലെ പല ജോലികൾക്കും നല്ല ശമ്പളവും കിട്ടും.
∙തള്ളലാണ് ജോലി
കഷ്ടപ്പെട്ടു പണിയെടുക്കുന്നതിനെ ഇഷ്ടപ്പെടുന്നവരാണ് ജപ്പാൻകാർ. അതുകൊണ്ടുതന്നെ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ട്രെയിൻ ഒരെണ്ണം കിട്ടാതെ പോയാൽ കാര്യങ്ങൾ കഷ്ടത്തിലാകും. ഈ ജോലി ഇത്രയേ ഉള്ളൂ. തീവണ്ടി അടുത്തെത്തുമ്പോൾ യാത്രക്കാരെ കൈമുട്ടുകൊണ്ട് ഒരു തട്ട്, ചെറിയൊരു തള്ള്.. അതായത് അവരെ തീവണ്ടിക്കുള്ളിലാക്കുക. അത്രമാത്രം.
∙ ചിക്കൻ Sexer
മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങൾ ആണോ പെണ്ണോ എന്നു പരിശോധിക്കലാണ് പ്രധാന ഡ്യൂട്ടി. ഈ പണിയൊക്കെ നമ്മുടെ നാട്ടിലുണ്ടോ എന്നായിരിക്കും അല്ലേ ചിന്ത.. കേരള സർക്കാർ, അനിമൽ ഹസ്ബൻഡറി വകുപ്പിലേക്ക് ഈ ജോലിയിലേക്ക് ആളുകളെ എടുക്കുന്നുണ്ട്, പിഎസ് സി വഴി. ഏഷ്യയിലെ ചില രാജ്യങ്ങളിലും ഈ ആചാരം നിലവിലുണ്ട്.
∙ കടലിന്റെ അടിയിൽ പീത്‌സ ഡെലിവറി
ആഴക്കടലിൽ നീന്താൻ പോകുന്ന ടൂറിസ്റ്റുകൾക്ക് വെള്ളത്തിനടിയിൽ വച്ചൊരു പീത്‌സ കഴിക്കണം എന്ന ആഗ്രഹമുണ്ടായാൽ, ടെൻഷനടിക്കേണ്ട. ഫ്ലോറിഡയിൽ വെള്ളത്തിനടിയിലൊരു ഹോട്ടലുണ്ട്. ഓർഡർ കിട്ടിയാൽ തിമിംഗലത്തിനു പോലും പീത്‌സ കൊടുക്കുന്ന ഒരു ഡെലിവറി ബോയിയുമുണ്ട്.
∙ നോക്കുകൂലി വേണം ഹേ...
ചുമ്മാ ഒരു കാർഡ്ബോഡ് എടുത്ത് അതിൽ പെയിന്റ് അടിച്ചിട്ട് അത് ഉണങ്ങുന്നത് നോക്കി നിന്നിട്ടുണ്ടോ?. എന്നാൽ അതൊരു തൊഴിലായി സ്വീകരിച്ചവരുണ്ട്. പെയിന്റ് അടിച്ചിട്ട് ഉണങ്ങുന്ന സമയം, നിറ വ്യത്യാസം എന്നിവയൊക്കെ നോക്കി മനസ്സിലാക്കണം, അതാണ് ജോലി.
∙ പ്രഫഷനൽ ഉറക്കക്കാരൻ
ഫിൻലാൻഡിലെ ഒരു ഹോട്ടൽ അവരുടെ കിടക്കകളുടെ സുഖസൗകര്യങ്ങൾ പരീക്ഷിക്കാൻ ഒരു ‘പ്രഫഷണൽ സ്ലീപ്പർ’ ആയി സ്റ്റാഫിലെ ഒരു അംഗത്തെ നിയമിച്ചു. ഓരോ രാത്രിയും ഹോട്ടലിലെ ബെഡുകളിൽ കിടന്ന് അതിലെ സുഖം പരീക്ഷിക്കണം. എത്ര സുഖമായി ഉറങ്ങിയെന്നു റിപ്പോ൪ട്ടും തയാറാക്കണം.
∙ പാമ്പിന് പാലുകൊടുക്കണം പറ്റുവോ?
സ്‌നേക് മിൽക്കർ എന്നാണു പണിയുടെ പേര്. വിഷം ഉള്ള പാമ്പുകളിൽ നിന്നു വിഷം ശേഖരിക്കലാണ് ജോലി. ഈ വിഷം ഉപയോഗിച്ചാണ് അതേ വിഷം ഏറ്റാലുള്ള മരുന്നുണ്ടാക്കുന്നത്. പാലൊക്കെ കൊടുത്തു പാമ്പിനെ സോപ്പിട്ട് നിർത്തേണ്ടത് അനിവാര്യമായതിനാലാകാം ഈ പേരു വന്നത്.
Content Summary : High Paying Variety Jobs