നിർദയം ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടീൽ, പറഞ്ഞു വിടുന്നതിലും വേണ്ടേ ഒരു മിനിമം മാന്യത!

HIGHLIGHTS
  • ആ മനുഷ്യത്വരഹിതമായ രീതി ഖേദകരമാണ്.
  • 75% ജീവനക്കാരെ വരെ പിരിച്ചുവിടുമെന്നു മസ്ക് പറഞ്ഞിരുന്നു.
main-image
ജസീം ആബിദ്
SHARE

ട്വിറ്റർ ലേഓഫിനെ  മറ്റു പിരിച്ചുവിടലുകളിൽ നിന്നു വേറിട്ടുനിർത്തുന്നത്  ജീവനക്കാർ നേരിട്ട നിർദയത്വമാണ്. ഇതാ ഒരു മലയാളി ആ അനുഭവം വിവരിക്കുന്നു...

നവംബർ 4നു രാവിലെ ഉറക്കമെണീറ്റ് ഫോണിൽ നോക്കിയപ്പോഴാണ് കോഴിക്കോട് സ്വദേശിയും ട്വിറ്റർ യുകെ ടീമിലെ സീനിയർ സോഫ്റ്റ്‍വെയർ എൻജിനീയറുമായ ജസീം ആബിദ് ഒരു കാര്യം ശ്രദ്ധിച്ചത്– ജോലിസംബന്ധമായ കാര്യങ്ങൾ രേഖപ്പെടുത്തുന്ന വർക് കലണ്ടർ കാണാനില്ല. കമ്പനിയുടെ ആഭ്യന്തര ആശയവിനിമയം നടക്കുന്ന സ്ലാക്കിൽ കയറിയപ്പോഴേക്കും താൻ പുറത്തായതായി കണ്ടു. ജീവനക്കാരുടെ ഒരു സിഗ്‍നൽ ഗ്രൂപ്പിൽ നിന്നാണ് ജസീമിന് കാര്യങ്ങൾ ഏറക്കുറെ വ്യക്തമായത്– താൻ ട്വിറ്ററിൽനിന്നു പുറത്താകുകയാണ്. 7.45നു പഴ്സനൽ ഇമെയിൽ ഇൻബോക്സിൽ 'Your role at Twitter' എന്ന തലക്കെട്ടോടെ ഒരു മെയിൽ വന്നു കിടപ്പുണ്ടായിരുന്നു. അയച്ചത് എച്ച്ആർ എങ്കിലും അയച്ച വ്യക്തിയുടെ പേരുണ്ടായിരുന്നില്ല. ആരെയാണ് സംബോധന ചെയ്തിരിക്കുന്നതെന്നുമില്ല.

അതിലെ വരികളിങ്ങനെ– ‘‘ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ താങ്കളുടെ ജോലിക്കും ബാധകമാണ്. അടുത്ത നടപടി അതതു രാജ്യത്തെ ആശ്രയിച്ചിരിക്കും. കമ്പനിയുടെ രഹസ്യവിവരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ട്വിറ്റർ ശൃംഖലയിലേക്കുള്ള താങ്കളുടെ ആക്സസ് റദ്ദാക്കിയിരുക്കുന്നു.’’ ആ സമയം കൊണ്ട് ലാപ്ടോപ്, സ്ലാക്, ജിമെയിൽ എന്നിവയിലേക്കുള്ള എല്ലാ ആക്സസും ജസീമിനെപ്പോലെ നൂറുകണക്കിനു ജീവനക്കാർക്കു നഷ്ടപ്പെട്ടിരുന്നു. വൈകിട്ട് 5.12നും പിറ്റേന്നുമൊക്കെയായി തുടർനടപടികളുടെ മെയിലുകൾ വന്നു, അതും അലസമായി എഴുതപ്പെട്ടവ !

∙ തൊഴിൽനിയമം രക്ഷ

യുകെയിലെ തൊഴിൽനിയമങ്ങൾ ശക്തമായതിനാൽ നിന്ന നിൽപ്പിൽ പിരിച്ചുവിടാനാകില്ല. നീണ്ട നടപടിക്രമങ്ങൾ കമ്പനി പൂർത്തിയാക്കണം. 45 ദിവസത്തോളം കൺസൽറ്റേഷൻ നടത്തണം. ആ സമയത്തു കമ്പനി ശമ്പളം നൽകണം. ജീവനക്കാർ തിരഞ്ഞെടുക്കുന്ന പ്രതിനിധിയായിരിക്കും നടപടിക്രമങ്ങൾ കമ്പനി പ്രതിനിധികളുമായി സംസാരിക്കുക. ഇതിനുശേഷം പിരിച്ചുവിടൽ പാക്കേജിന്റെ ഭാഗമായി 2 മാസത്തോളം ‘ഗാർഡനിങ് ലീവ്’ ലഭിക്കാനിടയുണ്ട്. നിയമപരമായി കമ്പനിയിൽ തുടരുമെങ്കിലും ഈ കാലയളവിൽ ശമ്പളമുണ്ടായിരിക്കില്ല. പക്ഷേ വീസയ്ക്കു പ്രശ്നമുണ്ടാകില്ല. യുകെയിൽ തന്നെ തൽക്കാലം തുടരാമെന്ന് അർഥം. രാജ്യം വിട്ട് പുറത്തുപോയശേഷം തിരിച്ചുവരികയും ചെയ്യാം. ഈ സമയം കൊണ്ട് പുതിയ ജോലി കണ്ടെത്തണം. വിഷലിപ്ത പരിതസ്ഥിതിയിൽ തുടരാതെ, പിരിച്ചുവിടൽ പാക്കേജ് വാങ്ങി പുറത്തുപോകുന്നതിൽ തൃപ്തരാണ് മിക്കവരുമെന്നു ജസീം പറയുന്നു. എന്നാൽ തൊഴിൽനിയമങ്ങൾ യുകെയിലേതുപോലെ ശക്തമല്ലാത്ത രാജ്യങ്ങളിൽ പിരിച്ചുവിടൽ ദുഃസ്വപ്നം തന്നെയാണ്.

∙ പിരിച്ചുവിടലിലെ മാന്യത

സിലിക്കൺവാലിയിലും ഇന്ത്യയിലുമൊക്കെ പിരിച്ചുവിടൽ നടക്കുന്നുണ്ടെങ്കിലും ട്വിറ്ററിന്റെ ലേ ഓഫിനെ വേറിട്ടുനിർത്തുന്നത് അതിലെ മനുഷ്യത്വവിരുദ്ധ സമീപനമാണ്. മറ്റൊരു പ്രമുഖ ടെക് കമ്പനിയായ സ്ട്രൈപ്പിലെ പിരിച്ചുവിടൽ മാന്യമായ രീതിയിലായിരുന്നുവെന്നു ജസീം പറയുന്നു. കമ്പനി സിഇഒ തന്നെയാണ് ജീവനക്കാർക്ക് കത്തയച്ചത്. ഈ അവസ്ഥയുടെ പൂർണ ഉത്തരവാദിത്തവും ഏറ്റെടുത്തായിരുന്നു മെയിൽ. പിരിച്ചുവിടൽ പാക്കേജ്, ബോണസ്, ഹെൽത്ത്കെയർ അടക്കം എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടായിരുന്നു. മുന്നറിയിപ്പില്ലാതെ ഓഫിസ് സിസ്റ്റത്തിലേക്കുള്ള ആക്സസ് റദ്ദാക്കിയതുമില്ല. ‘‘ജോലി പോകുന്നത് ആരെ സംബന്ധിച്ചും നല്ല അനുഭവമല്ല, എന്നാൽ എലോൺ ചെയ്തതിനേക്കാൾ മികച്ച രീതിയിൽ അതു ചെയ്യാമായിരുന്നു’’- ജസീം പറയുന്നു.

‘കാഷ് റൺവേ’യും പിരിച്ചുവിടലും

അധിക ഫണ്ടിങ് നേടാതെ നിലവിലുള്ള പണം ഉപയോഗപ്പെടുത്തി ഒരു കമ്പനിക്ക് എത്ര നാൾ പ്രവർത്തിക്കാനാവുമെന്നതിനെയാണ് ‘കാഷ് റൺവേ’ എന്നു വിളിക്കുന്നത്. ഈ സമയപരിധി ഉയർത്താനാണ് നിലവിൽ പല വെഞ്ച്വർ ക്യാപ്പിറ്റൽ നിക്ഷേപ കമ്പനികളും അവരുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കു നൽകുന്ന നിർദേശം. ഉദാഹരണത്തിന് 10 മാസമാണ് നിലവിലെ കാഷ് റൺവേ എങ്കിൽ ഇതു 15 മാസമായി ഉയർത്താനായിരിക്കും നിർദേശം. അതായത് 10 മാസത്തേക്കുള്ള പണം കൊണ്ട് 15 മാസം കാര്യങ്ങൾ നടത്തണം. ഇതിനു ചെലവുചുരുക്കൽ അല്ലാതെ പോംവഴിയില്ല. പല വമ്പൻ ടെക് സ്റ്റാർട്ടപ്പുകളിൽനിന്നുമുള്ള പിരിച്ചുവിടലിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ തുടർച്ചയെന്നോണം പുതിയ നിക്ഷേപങ്ങൾ കുറവാണ്.

ഇക്കൊല്ലം മാത്രം 15,708 പേർ പുറത്ത്

സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട ഇൻക്42 പോർട്ടലിന്റെ കണക്കനുസരിച്ച് ഇക്കൊല്ലം ഇതുവരെ 15,708 ജീവനക്കാരെയാണ് ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത്. ബൈജൂസ്, ചാർജ്ബീ, കാർസ്24, ഒല, മീശോ, എംപിഎൽ, ഉഡാൻ, അൺഅക്കാദമി, വേദാന്തു അടക്കം 44 കമ്പനികളാണ് ഇക്കൊല്ലം ജീവനക്കാരെ പിരിച്ചുവിട്ടത്. എഡ്യുടെക് സ്റ്റാർട്ടപ്പുകളിലാണ് ഏറ്റവും കൂടുതൽ. രാജ്യാന്തര തലത്തിൽ ട്വിറ്ററിനു പിന്നാലെ ഫെയ്സ്ബുക് അവരുടെ 15 ശതമാനത്തോളം (ഏകദേശം 12,000 പേർ) ജീവനക്കാരെ പുറത്താക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിലിക്കൺവാലിയിലും മറ്റുമായി 44,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായെന്നാണ് ക്രഞ്ച്ബേസിന്റെ കണക്ക്. മൈക്രോസോഫ്റ്റ്, നെറ്റ്‍ഫ്ലിക്സ്, ടിക്ടോക്, ഷോപ്പിഫൈ, ലിഫ്റ്റ്, വിമിയോ അടക്കമുള്ള കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടത്തി.

മനീഷ് മഹേശ്വരി
മനീഷ് മഹേശ്വരി

ട്വിറ്ററിൽ ഇങ്ങനെ !

ട്വിറ്റർ ഇന്ത്യ മുൻ മേധാവി മനീഷ് മഹേശ്വരി പറയുന്നു:

∙ ടെക് കമ്പനികൾക്ക് സംഭവിക്കുന്നതെന്താണ് ?

വൻ വളർച്ച ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇതുവരെ നാം കണ്ടത്. ഇപ്പോഴാകട്ടെ പുതിയ നിക്ഷേപങ്ങൾ ദുഷ്കരമാകുകയും മാന്ദ്യഭീതി നിലനിൽക്കുകയും ചെയ്യുന്നു. സാമ്പത്തിക ഭദ്രതയോടെ മുന്നോട്ടുപോകാനായി ജീവനക്കാരെ പുനഃക്രമീകരിക്കുന്ന ഘട്ടത്തിലാണ് കമ്പനികൾ.

∙ ട്വിറ്ററിലെ സാഹചര്യം?

ട്വിറ്ററിലെ പിരിച്ചുവിടൽ സാഹചര്യം തീർത്തും സവിശേഷമാണ്. മറ്റു കമ്പനികൾക്ക് ബാധകമായ പ്രശ്നങ്ങൾക്കു പുറമേ, ‘ഇലോൺ മസ്ക്’ എന്ന ഘടകം കൂടിയുണ്ടെന്നതാണ് പ്രത്യേകത.

∙  പിരിച്ചുവിടൽ രീതിയെക്കുറിച്ച് ?

ആ മനുഷ്യത്വരഹിതമായ രീതി ഖേദകരമാണ്. നേരിട്ടുള്ള ഒരു സംഭാഷണവുമില്ലാതെ വെള്ളിയാഴ്ച ഇമെയിൽ വഴി പുറത്താക്കൽ ! വ്യക്തികൾ തമ്മിലുള്ള സംഭാഷണത്തിന്റെ ഏറ്റവും വലിയ ശേഖരമെന്നു സ്വയം അഭിമാനിക്കുന്ന ട്വിറ്ററിനെ സംബന്ധിച്ച് ഇതു വലിയ വൈരുധ്യമാണ്.

റഹീൽ ഖുർഷീദ്
റഹീൽ ഖുർഷീദ്

ഇത്ര പ്രതീക്ഷിച്ചില്ല

ട്വിറ്റർ ഇന്ത്യ മുൻ ന്യൂസ് മേധാവി റഹീൽ ഖുർഷീദ് പറയുന്നു:

∙ കൂട്ടപ്പിരിച്ചുവിടൽ 

പ്രതീക്ഷിച്ചിരുന്നു ?

75% ജീവനക്കാരെ വരെ പിരിച്ചുവിടുമെന്നു മസ്ക് പറഞ്ഞിരുന്നു. ട്വിറ്റർ വാങ്ങാനായി മസ്ക് പണം സംഘടിപ്പിച്ചത് എങ്ങനെയെന്നതു (വായ്പ അടക്കം) പരിഗണിക്കുമ്പോൾ ചെലവുചുരുക്കലിന് ഈ പിരിച്ചുവിടൽ ആസന്നമായിരുന്നുവെന്നു വ്യക്തമാകും. ഇത്ര പരുക്കൻ രീതി പ്രയോഗിക്കുമെന്ന കാര്യം മാത്രമാണ് വ്യക്തമാകാതിരുന്നത്.

∙ കോവിഡിനു ശേഷം ടെക് മേഖല വളർന്നിട്ടും പിരിച്ചുവിടൽ ?

ലോകമാകെയുള്ള സാമ്പത്തികാവസ്ഥയാണ് മൂലകാരണം. പലിശനിരക്ക് ഉയർന്നുനിൽക്കുന്നു, മൂലധനം കുറവും. അധിക ഫണ്ട് ലഭിക്കാനിടയില്ലാത്തതിനാൽ കമ്പനികൾ ചെലവുചുരുക്കലിനുള്ള വഴികൾ തേടുന്നു. വൈകാതെ നമ്മൾ മാന്ദ്യത്തിലേക്കു നീങ്ങാമെന്ന സൂചനകളും വന്നുകഴിഞ്ഞു.

∙ ട്വിറ്റർ ഇന്ത്യയുടെ ഭാവി ?

ഇന്ത്യയിൽ ഏറ്റവും കുറച്ചു ജീവനക്കാരുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നു വ്യക്തം. എന്റെ പഴയ സഹപ്രവർത്തകരുടെ അവസ്ഥയിൽ ഒരുപാട് വിഷമമുണ്ട്. അവർ മെച്ചപ്പെട്ട സമീപനം അർഹിച്ചിരുന്നു. ട്വിറ്ററിൽ മുൻ ജീവനക്കാരെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്. 

Content Summary : A Malayalee Share his experience on Elon Musk's Twitter mass layoffs 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS