രാജാവ് എന്നും ഈശ്വരനോടു പ്രാർഥിക്കും, തന്റെയും ജനങ്ങളുടെയും മുന്നിൽ ഒരു ദിവസം പ്രത്യക്ഷപ്പെടണം. നിർബന്ധത്തിനു വഴങ്ങി ദൈവം പറഞ്ഞു: രാജ്യത്തെ ഏറ്റവും ഉയരംകൂടിയ മലമുകളിൽ ഞാൻ നാളെ ദർശനം നൽകാം. രാജാവ് ജനങ്ങളെ മുഴുവൻ കൂട്ടി മലകയറാൻ തുടങ്ങി. കുറച്ചുചെന്നപ്പോൾ ഒരു പ്രദേശം മുഴുവൻ ചെമ്പുനാണയങ്ങൾ കിടക്കുന്നു. കുറെപ്പേർ നാണയം പെറുക്കാനോടി. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ അവിടെ മുഴുവൻ വെള്ളിനാണയങ്ങൾ. അവ വാരാൻ പോകരുതെന്നു രാജാവ് മുന്നറിയിപ്പു നൽകിയെങ്കിലും അവർ പറഞ്ഞു: നാണയം ഇപ്പോഴേ കിട്ടൂ. ദൈവത്തെ പിന്നൊരു ദിവസം കാണാം. അടുത്ത സ്ഥലത്തെ സ്വർണനാണയശേഖരത്തിനു പിന്നാലെ ബാക്കിയുള്ളവരും പോയി. രാജാവ് മാത്രം മലമുകളിലെത്തി. ദൈവം ചോദിച്ചു: മറ്റുള്ളവരെവിടെ? നടന്നതെല്ലാം വിവരിച്ച രാജാവിനോടു ദൈവം പറഞ്ഞു: സുഖാനുഭവങ്ങളുടെ പിറകെപോകുന്ന ഒരാൾക്കും എന്നെ കാണാനാകില്ല.
ലൗകികസുഖങ്ങളുടെ പരകോടിയിൽ ഈശ്വരനെ പ്രതിഷ്ഠിക്കുന്നതാണ് ആത്മീയതയിലെ അബദ്ധം. അഭിലാഷ പൂർത്തീകരണത്തിന്റെ ഏജന്റായി ദൈവത്തെ അവതരിപ്പിക്കുന്നതാണ് ഈശ്വരധ്യാനത്തിലെ അപകടം. എല്ലാമുപേക്ഷിച്ച് ഈശ്വരസന്നിധിയിലെത്തുന്നവരും എല്ലാം നേടാൻ അവിടെയെത്തുന്നവരുമുണ്ട്. എല്ലാമുപേക്ഷിച്ചു വരുന്നവരുടെയുള്ളിൽ പ്രലോഭനസാധ്യതകളോ ദുരാഗ്രഹങ്ങളോ ഇല്ലാത്തതുകൊണ്ട് ദർശനം നൽകാൻ ദൈവത്തിനു മടിയുണ്ടാകില്ല. കാര്യം കാണാൻ മാത്രം തന്നെ സ്വീകരിക്കുന്നവരോട് ആർക്കാണു താൽപര്യമുണ്ടാകുക.
ഈശ്വരൻ ഒരു പകരം സംവിധാനമല്ല. ആഗ്രഹങ്ങൾക്കനുസരിച്ച് എല്ലാം നടക്കുമ്പോൾ മറന്നുകളയാനും അനിഷ്ടങ്ങളെന്തെങ്കിലും സംഭവിച്ചാൽ ആലിംഗനം ചെയ്യാനുമുള്ള പ്രതിഭാസമായി ഈശ്വരനെ കാണുന്നതിൽ ദൈവികതയുടെ കണികപോലുമില്ല. കുടിലത നിറഞ്ഞ മാനുഷിക പ്രവൃത്തി മാത്രമാണത്. ഭൗതികമായ വ്യവസ്ഥകളിലൂടെ ആത്മീയത തേടുന്ന ഒരാളും യഥാർഥ ഈശ്വരദർശനത്തിലേക്കെത്തില്ല. നിബന്ധനകൾക്കു വിധേയമായിരിക്കും അവർക്ക് ഈശ്വരാന്വേഷണം. അഭീഷ്ടനിവൃത്തിക്കുപകരിക്കുന്ന ദൈവത്തെ അവർ എപ്പോഴും തേടിക്കൊണ്ടിരിക്കും.
Content Summary : Does God answer selfish prayers