ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് കമ്പനിയായ മെറ്റ കഴിഞ്ഞ ദിവസമാണ് 11000 പേരെ ലേഓഫ് ചെയ്യുന്നതായി അറിയിച്ചത്. വൻ കിട ടെക് കമ്പനികളിൽ പലതും പ്രത്യേകിച്ച് ട്വിറ്റർ, മൈക്രോസോഫ്റ്റ്, സ്ട്രൈപ്പ്, ലിഫ്റ്റ് തുടങ്ങിയ കമ്പനികൾ ഇതിനു മുൻപ് തന്നെ ലേ ഓഫ് എന്നറിയപ്പെടുന്ന കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരുന്നു. ഇന്ത്യയിലും ധാരാളം ടെക് യൂണികോൺ കമ്പനികൾ ലേഓഫ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 2020ൽ കോവിഡ് മഹാമാരി തുടങ്ങിയ ശേഷം കാൽലക്ഷത്തോളം തൊഴിലാളികൾക്ക് ലേ ഓഫിങ്ങിലൂടെ ജോലി നഷ്ടമായെന്നാണു കണക്ക്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ടെക്ക് (എജ്യുടെക്) മേഖലയിലാണ് ഏറ്റവും കൂടുതൽ ആഘാതം. ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം ഉടമസ്ഥ മാറ്റമാണ് പൊടുന്നനെയുള്ള ലേഓഫിന് വഴിവച്ചത്. ഇലോൺ മസ്കിന്റെ അധീശത്വത്തിലായതോടെ ലേ ഓഫിങ് നടപടികൾ ഊർജിതമായി. ട്വിറ്ററിനെ നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു യർത്തുക എന്ന ലക്ഷ്യം മുന്നിൽവച്ചാണു ലേഓഫ് ഉൾപ്പെടെയുള്ള തന്റെ നീക്കങ്ങളെല്ലാമെന്ന് മസ്ക് ഇതിനിടെ പ്രസ്താവിച്ചിട്ടുണ്ട്.


ട്വിറ്റർ, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളിലെ ജോലി പലരുടെയും സ്വപ്നജോലിയായിരുന്നു (ഡ്രീം ജോബ്). അവിചാരിതമായ സംഭവങ്ങൾ മൂലം പെട്ടെന്നു ജോലിയിൽ നിന്നു തെറിച്ചതോടെ പല ജീവനക്കാരും ഹതാശരായി. ഇതിന്റെ പ്രതിഫലനങ്ങൾ സമൂഹമാധ്യമ പോസ്റ്റുകളായും ചിത്രങ്ങളായുമൊക്കെ ലോകം കണ്ടു.

തെറ്റിപ്പോയ നിക്ഷേപരീതികളാണു ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇപ്പോഴത്തെ ലേഓഫിന് വഴിയൊരുക്കിയത്. കോവിഡ് ലോക്ഡൗണുകൾക്കു ശേഷം ഉടലെടുത്ത ഡിജിറ്റൽ വളർച്ചയിൽ അക്രമണോ ത്സുകമായ നിക്ഷേപം മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നടത്തി. എന്നാൽ തിരിച്ചടികളും പരസ്യത്തിൽ വന്ന കുറവും ലേഓഫിലേക്കു നയിക്കുകയായിരുന്നു.

∙പിരിച്ചുവിടൽ പലതരം
ഒരു ജീവനക്കാരൻ കമ്പനിയിൽ നിന്നു പുറത്തു പോകുന്നത് പല രീതിയിലാകാം. ചിലപ്പോൾ അയാൾ ടെർമിനേറ്റ് ചെയ്യപ്പെടാം, ഡിസ്മിസൽ എന്നും ഇതറിയപ്പെടുന്നു. പലപ്പോഴും തൊഴിലാളി എന്തെങ്കിലും കുഴപ്പങ്ങൾ കാണിക്കുമ്പോഴോ അല്ലെങ്കിൽ കമ്പനിക്ക് അനഭിമതനാകുമ്പോഴോ ആണ് ഡിസ്മിസൽ നേരിടേണ്ടി വരിക. എന്നാൽ ശിക്ഷാനടപടികളല്ലാത്ത പലതരം പിരിച്ചുവിടൽ പ്രക്രിയകളുണ്ട്. ഇക്കൂട്ടത്തിലുൾപ്പെട്ടതാണ് ലേഓഫും. ഇതിലൊന്ന് ഫർലോഘ് എന്നറിയപ്പെടുന്നു. തൊഴിലാളികൾക്ക് എല്ലാ മാസവും നിശ്ചയിച്ച തുക ശമ്പളമായി കൊടുക്കാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ തൊഴിലുടമകൾ അനുവർത്തിക്കുന്ന രീതിയാണ് ഫർലോഘിങ്. ജീവനക്കാരുടെ കുറച്ച് തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ച് അവർക്ക് ലീവ് അനുവദിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

മറ്റൊരു ശിക്ഷാരഹിത പിരിച്ചുവിടൽ പ്രക്രിയയായ ലേഓഫിന് താൽക്കാലിക സ്വഭാവമുള്ളതായി കാണാം. അതായത്, തൽക്കാലം കമ്പനി പ്രതിസന്ധിയിലായതിനാൽ പിരിച്ചുവിടൽ നടക്കുന്നു. എന്നാൽ ഭാവിയിൽ പ്രതിസന്ധി മാറുമ്പോൾ ഇതു പുനസ്ഥാപിക്കും എന്നൊരു സാധ്യത ലേഓഫിങ്ങിനുണ്ട്. ശിക്ഷാരഹിത പിരിച്ചുവിടലിൽ മറ്റൊരു രീതിയാണ് റിഡക്‌ഷൻ ഇൻ ഫോഴ്സ്. ലേഓഫിങ്ങിലെ പോലെ തസ്തികകൾ പുനസ്ഥാപിക്കാൻ ഈ പ്രക്രിയ ഉദ്ദേശിക്കുന്നില്ല. റിഡക്‌ഷൻ ഇൻ ഫോഴ്സ് നടക്കുമ്പോൾ അത്രയും തസ്തികകൾ കമ്പനിയിൽ കുറയുകയാണു ചെയ്യുന്നത്.

∙ മാനസിക സംഘർഷങ്ങൾ
ലേഓഫിനു വിധേയരായവരിൽ ചിലർ കടുത്ത മാനസിക സംഘർഷങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് പഠനങ്ങളുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) പോലുള്ള മാനസിക നിലയിലേക്കും കടക്കുന്നവരുണ്ട്. ട്വിറ്ററിലും മെറ്റയിലുമൊക്കെ സംഭവിച്ചതുപോലെ വളരെ അവിചാരിതമായി ജോലിനഷ്ടം വരുന്നത് ഇതിന്റെ ആഘാതം കൂട്ടാം. ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ലേഓഫിനു ശേഷം സംഭവിക്കാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Content Summary : How Layoffs Badly Affects IT Professionals