ADVERTISEMENT

ഇഷ്ടജോലി ലഭിക്കുക എന്നതൊരു സ്വപ്നമാണ്. ലഭിച്ച ജോലിയിൽ ഉറച്ചുനിൽക്കുന്നത് മികച്ച ഗുണങ്ങളിലൊന്നും. എന്നാൽ. പുതിയ കാലത്ത് ഈ കാഴ്ചപ്പാടിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഇഷ്ടജോലി ലഭിക്കുന്നത് ഇന്നും സ്വപ്നം തന്നെ. എന്നാൽ ജോലി മാറുന്നതിൽ പുതിയ തലമുറ തെറ്റൊന്നും കാണുന്നില്ല. ജോലി ചെയ്തു തുടങ്ങുമ്പോഴാ യിരിക്കും പ്രശ്നങ്ങൾ മനസ്സിലാകുക. സാധ്യതകളും. അതോടെ, രാജിവയ്ക്കുന്നവരുടെ എണ്ണവും കൂടുകയാണ്. യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിറ്റിക്സ് കണക്കു പ്രകാരം അമേരിക്കയിൽ ഒരാൾ ഒരേ ജോലിയിൽ തുടരുന്നത് ശരാശരി 4 മുതൽ 5 വർഷം വരെ മാത്രമാണ്. ജോലി മാറാൻ കാരണങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ ജോലി മാറുന്നു എന്നതാണ് യാഥാർഥ്യം. വരും വർഷങ്ങളിലും ഈ ട്രെൻഡ് തുടരുമെന്നാണ് തൊഴിൽ രംഗത്തെ വിദഗ്ധർ പറയുന്നത്.

 

പിരിച്ചുവിടുന്നത് പോരായ്മയല്ല

 

വിവിധ ജോലികൾ ചെയ്തു എന്നെഴുതുന്ന റെസ്യൂമെ സംശയ ദൃഷ്ടിയോടെ തൊഴിൽ ദാതാക്കൾ നോക്കിയിരുന്നു ഒരിക്കൽ. എന്നാലിന്ന് അതൊരു യോഗ്യതക്കുറവായി ആരും കാണുന്നില്ല. ഒരു ജോലിയിൽ നിന്നു പിരിച്ചുവിടപ്പെട്ടു എന്ന വിവരം പോലും മറച്ചുവയ്ക്കേണ്ട രഹസ്യവുമല്ല. പകരം ഉദ്യോഗാർഥിയുടെ സാഹചര്യം എന്തെന്ന് മനസ്സിലാക്കാനുള്ള മാർഗമാണ്. പരിച്ചുവിട്ട വ്യക്തി എന്നതുകൊണ്ടു മാത്രം ആരും ജോലിക്ക് എടുക്കാതിരിക്കില്ല. ജോലി ചെയ്യുന്ന വ്യക്തിയുടെ പോരായ്മകൾ കൊണ്ടു മാത്രമായിരിക്കണമെന്നില്ല പിരിച്ചുവിടുന്നത്. കുറച്ചു ജോലിക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചാലും അതു സംഭവിക്കാം. അതുകൊണ്ടു മാത്രം ഒരാളുടെ കഴിവുകൾ ഇല്ലാതാകുന്നില്ല. മറ്റൊരു ജോലിയിൽ തിളങ്ങാതിരിക്കേണ്ട കാര്യവുമില്ല. 

 

മാറാൻ തയാർ 

 

ഈ വർഷം നടത്തിയ ഒരു സർവേയിൽ വെളിപ്പെട്ടത്, 5 ശതമാനം പേർ മാത്രമാണ് അമേരിക്കയിൽ നിലവിലെ ജോലിയിൽ പിടിച്ചുനിൽക്കാൻ ആഗ്രഹിക്കുന്നത് എന്നാണ്. 86 ശതമാനം പേരും പറയുന്നത് പുതിയ ജോലിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണെന്നാണ്. 9 ശതമാനം പേർ മാറ്റത്തിന് തയാറാണെങ്കിലും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുന്നവരല്ല. 

 

മാറണമെങ്കിൽ പഠിക്കണം

 

പുതിയ കഴിവുകൾ പഠിക്കുന്നവർക്കു മാത്രമേ ഇടയ്ക്കിടെ ജോലി മാറാനാകൂ. പുതിയ ജോലിയിൽ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളികളായിരിക്കും. സാഹചര്യത്തിനൊത്ത് മാറേണ്ടതുമുണ്ട്. ഇതിനെല്ലാം കഴിയുന്നവർക്കു മാത്രമേ മാറാനും മാറ്റത്തിനനുസരിച്ച് പദവി നിലനിർത്താനും കഴിയൂ. 21 മുതൽ 31 വയസ്സുവരെ പ്രായക്കാരാണ് ഇക്കാര്യത്തിൽ മുന്നിൽ. പുതിയ ജോലി പഠിക്കുന്നത് ഈ പ്രായത്തിലുള്ളവർക്ക് വെല്ലുവിളിയേ അല്ല. കരിയർ അഡ്‌വൈസറി ബോഡി നടത്തിയ  സർവേയിൽ പറയുന്നത്, 1000 പേരിൽ 27 ശതമാനം പേർ മാത്രമാണ് വ്യത്യസ്ത ജോലികൾക്ക് സന്നദ്ധരായിട്ടുള്ളൂ എന്നാണ്. 

 

സത്യം പറഞ്ഞാലും ജോലി ലഭിക്കും 

 

ഒട്ടേറെപ്പേർ പുതിയ കാലത്ത് താൽക്കാലിക ജോലികൾ ചെയ്താണു ജീവിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാർ എപ്പോഴും സ്വാതന്ത്ര്യമുള്ളവരായിരിക്കും. ജോലി മാറുന്നകാര്യത്തിൽ തുറന്ന മനസ്സുമായിരിക്കും. ഔദ്യോഗികമായി മാത്രമല്ല, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും ജോലി മാറേണ്ടിവരാറുണ്ട്. പ്രമോഷൻ ലഭിക്കുമ്പോൾ വിദൂരമായ സ്ഥലത്തേക്ക് പോകേണ്ടിവരാറുണ്ട് ചില ജോലിക്കാർക്കെങ്കിലും. കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്റെ അസുഖമായും മറ്റും ബന്ധപ്പെട്ട് ദൂരെ സ്ഥലത്തേക്ക് പോകാൻ കഴിയാറില്ല. ഇക്കാര്യങ്ങൾ റെസ്യൂമെയിൽ തന്നെ വ്യക്തമാക്കിയാൽ തൊഴിൽ ദാതാക്കൾക്ക് ഉദ്യോഗാർഥികളെക്കുറിച്ച് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയും. സത്യസന്ധരായിരിക്കുക എന്നതാണ് പ്രധാനം. പ്രധാന വിവരങ്ങൾ മറച്ചുവയ്ക്കാതിരിക്കുക എന്നതും. ആത്മാർഥത ഇന്നല്ലെങ്കിൽ നാളെ സ്വാഗതം ചെയ്യപ്പെടും. അംഗീകാരവും ലഭിക്കും. 

 

ആത്മാർഥതയ്ക്കും മൂല്യമുണ്ട് 

 

എത്ര തവണ ജോലി മാറി എന്നതിനേക്കാൾ എത്രമാത്രം ആത്മാർഥത പുലർത്തി എന്നതായിരിക്കും വ്യക്തികളെ വേറിട്ടുനിർത്തുന്നതും പുതിയൊരു ജോലിക്ക് യോഗ്യതയുള്ളവരാക്കുന്നതും. മുൻ ജോലിയിൽ ആത്മാർഥത പുലർത്തിയെന്നത് ഒരിക്കലും അയോഗ്യതയല്ല. പുതിയ ജോലിക്കുതക്ക പ്രാപ്തിയുണ്ടെന്നുതന്നെയാണ് അർഥം. സൗഹൃദം നിറഞ്ഞ പെരുമാറ്റവും തുറന്ന മനസ്സും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിവുമുണ്ടെങ്കിൽ തീർ‌ച്ചയായും പുതിയൊരു ജോലിക്ക് ഏതു വ്യക്തിയും അർഹനാണ്. അവസരം ലഭിച്ചാൽ അത്തരക്കാർക്ക് കഴിവ് തെളിയിക്കാൻ കഴിയും. ജോലി മാറുന്നത് ചിലപ്പോഴെങ്കിലും ഇത്തരമൊരു സാഹചര്യത്തിലായിരിക്കും. ഏതു ജോലി എത്ര നാളത്തേക്കെങ്കിലുമാകട്ടെ. ആത്മാർഥതയും അർപ്പണബോധവുമാണ് പ്രധാനം. ജോലി മാറിയോ ഇല്ലയോ എന്നതല്ല പുതിയ കാലം ഒരു തൊഴിലാളിയോട് ചോദിക്കുന്നത്. ജോലിക്കെടുത്താൽ പൂർണ ആത്മാർഥതയോടെ പ്രവർത്തിക്കാനാവുമോ എന്നാണ്. ആ ചോദ്യത്തിന് പോസിറ്റീവ് മറുപടി പറ‍ഞ്ഞാൽ, ജോലി ഉറപ്പ്. 

 

Content Summary : Dismissed employee is eligible for join in any other Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com