ബിരുദം യോഗ്യതയായുള്ള തസ്തികകളിലേക്കു പിഎസ്‌സി നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെ ഒരു ഘട്ടംകൂടി കഴിഞ്ഞു. ഒന്നാം ഘട്ടത്തെപ്പോലെ അത്ര കടുപ്പമായിരുന്നില്ലെന്നു പറയാം. എങ്കിലും ചില ഭാഗങ്ങൾ ഉദ്യോഗാർഥികളെ ശരിക്കും വെള്ളം കുടിപ്പിച്ചു. സാമ്പത്തികശാസ്ത്ര ചോദ്യങ്ങൾ അതികഠിനം. പലതും യുപിഎസ്‍സി പരീക്ഷകളുടെ നിലവാരത്തിലുള്ളതായിരുന്നു.
ഒരിക്കൽപോലും വായിച്ചു പരിചയമില്ലാത്ത ചോദ്യങ്ങളെ പൂർണമായും വിട്ടുകളയുകയായിരുന്നു അഭികാമ്യം. ഇക്കണോമിക്സ്, മലയാളം, കണക്ക് എന്നീ വിഷയങ്ങളിലെ ചിലത് ഉൾപ്പെടെ 20 മാർക്കിന്റെ ചോദ്യങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു. ഇവ എഴുതാൻ പോയാൽ ഉത്തരം ശരിയായി കിട്ടണമെന്നില്ല, സമയം പാഴാകുകയും ചെയ്യും. ഇവ ഒഴിവാക്കി ബാക്കിയുള്ളവ നന്നായി വായിച്ചു മനസ്സിലാക്കി ഉത്തരം എഴുതിയാൽ തന്നെ നല്ല മാർക്ക് ഉറപ്പ്.
മലയാളത്തിൽ 5 മാർക്ക് ഉറപ്പായും നേടാം. കണക്കും പകുതി എളുപ്പമായിരുന്നു. ഐടി ആൻഡ് സൈബർ ലോ താരതമ്യേന എളുപ്പമായിരുന്നു. ഹയർ സെക്കൻഡറി പാഠഭാഗങ്ങളിൽനിന്ന് ഏറെ ചോദ്യങ്ങൾ വന്നിട്ടുണ്ട്. കറന്റ് അഫയേഴ്സ് വിഭാഗത്തിൽ 2018ലെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രധാന പുരസ്കാരങ്ങൾ സംബന്ധിച്ച പഴയ വിവരങ്ങളും പഠിക്കണമെന്നതിന് ഉദാഹരണമാണ് എം.ടി.വാസുദേവൻ നായർക്കു ജ്ഞാനപീഠം കിട്ടിയ വർഷം ഏതെന്ന ചോദ്യം.
സിലബസ് ഏകദേശം പഠിച്ചു പരീക്ഷയ്ക്കു പോയ ശരാശരി ഉദ്യോഗാർഥികൾക്ക് 56 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കഴിയും. മറ്റുള്ള ചോദ്യങ്ങൾക്കു കൂടി ഉത്തരമെഴുതാൻ കഴിഞ്ഞാൽ മികച്ച റാങ്ക് നേടാം.
മൂന്നാം ഘട്ടത്തിൽ പരീക്ഷയുള്ളവർ കഴിഞ്ഞ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ഉപയോഗിച്ചു പരിശീലനം നടത്തണം. ഓരോ ചോദ്യത്തിന്റെയും ഓപ്ഷനുകളും അവയുമായി ബന്ധപ്പെട്ട വിവരങ്ങളും പഠിച്ചെടുക്കണം. യുപിഎസ്‍സി ഇക്കണോമിക്സ് പരീക്ഷകൾക്കുള്ള കുറിപ്പുകൾ വായിച്ചുനോക്കുന്നതു നന്നായിരിക്കും. ഇന്ത്യയും കേരളവും പങ്കെടുക്കുന്ന പ്രധാന കായികമേളകൾ കൃത്യമായി വായിച്ചു പഠിക്കണം. അവയിലെ പഴയ കാര്യങ്ങളും ചോദിച്ചേക്കും.
Content Summary : Degree level prelims Second Phase Exam Observations